കുറച്ചു ദിവസങ്ങളായി ബോളിവുഡിൽ നിന്നുള്ള പ്രണയകഥകളുടെ വാർത്തകളും ദൃശ്യങ്ങളുമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. സിദ്ധാർത്ഥ് മൽഹോത്ര- കിയാര, തമന്ന- വിജയ് വർമ എന്നിവരുടെ ചിത്രങ്ങളും വീഡിയോയുമൊക്കെയാണ് പ്രചരിച്ചത്. ബോളിവുഡിലെ താര സുന്ദരി ജാൻവി കപൂറിന്റെ പ്രണയമാണ് ഇപ്പോൾ ആരാധകർക്കിടയിലെ ചർച്ചാവിഷയം. ജാൻവിയുടെ പ്രണയിതാവെന്ന് പറയപ്പെടുന്ന ശിഖർ പഹരിയയ്‌ക്കൊപ്പമാണ് റിയ കപൂർ സംഘടിപ്പിച്ച ഭക്ഷണവിരുന്നിന് താരമെത്തിയത്. മാധ്യമങ്ങൾ ചിത്രം പകർത്തുമ്പോൾ മുഖം മറയ്ക്കാനൊരുങ്ങുന്നയാണ് ജാൻവി.
ഇരുവരും ഒന്നിച്ച് വിരുന്നിനെത്തുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.വളരെ ലളിതമായ വസ്ത്രമാണ് രണ്ടു പേരും അണിഞ്ഞിരിക്കുന്നത്. ജാൻവിയുടെ ആരാധകർ ഹൃദയത്തിന്റെ ആകൃതിയിലുള്ള ഇമോജികൾ വീഡിയോയ്ക്കു താഴെ കുറിച്ചപ്പോൾ അവർക്ക് സ്വകാര്യത നൽകൂ എന്നാണ് മറ്റൊരു ആരാധകൻ കുറിച്ചത്.
മലൈക അറോറ, അർജുൻ കപൂർ, ഹർഷ്‌വർധൻ കപൂർ, ഖുശി കപൂർ, അൻശുല കപൂർ എന്നിവരും വിരുന്നിനായി എത്തിയിരുന്നു. കരൺ ജോഹർ അവതരിപ്പിക്കുന്ന കോഫി വിത്ത് കരണിലെത്തിയ ജാൻവി തന്റെ പ്രണയത്തെക്കുറിച്ച് ചെറിയൊരു വെളിപ്പെടുത്തൽ നടത്തിയിരുന്നു. സാറാ അലി ഖാനൊപ്പമാണ് താരമെത്തിയത്. സുഹൃത്തുക്കളായ തങ്ങൾ ഒരേ സമയം പഹരിയ സഹോദരന്മാരെ പ്രണയച്ചിട്ടുണ്ടെന്നാണ് താരങ്ങൾ ഷോയിൽ പറഞ്ഞത്.
അനിൽ കപൂറിന്റെ 66-ാം പിറന്നാളാഘോഷത്തിൽ ശിഖർ പങ്കെടുത്തിരുന്നു. ബോണി കപൂറിനും ജാൻവിയ്ക്കുമൊപ്പം ചിത്രങ്ങളും ആഘോഷത്തിനിടെ ശിഖർ പകർത്തി. ജാൻവിയ്ക്കൊപ്പമാണ് ശിഖർ അന്ന് പാർട്ടി കഴിഞ്ഞ് മടങ്ങിയത്. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി സുശീൽ കുമാർ ഷിൻഡെയുടെ കൊച്ചു മകനാണ് ശിഖർ.
ജാൻവിയുടെ അവസാനമായി തിയേറ്ററുകളിലെത്തിയ ചിത്രം ‘മിലി’യാണ്. മലയാള ചിത്രം ‘ഹെലനി’ന്റെ ഹിന്ദി പതിപ്പാണ് മിലി.വരുൺ ധവാനൊപ്പമുള്ള ‘ബവാലാ’ണ് ജാൻവിയുടെ പുതിയ ചിത്രം.