/indian-express-malayalam/media/media_files/uploads/2020/05/annie-2.jpg)
അടുത്തിടെ സോഷ്യൽ മീഡിയയിൽ ഏറ്റവുമധികം ട്രോൾ ചെയ്യപ്പെട്ട സെലിബ്രിറ്റികളിൽ ഒരാളാണ് നടി ആനി. അടുക്കള വിശേഷങ്ങളുമായി താൻ അവതാരകയായി എത്തുന്ന ഒരു പരിപാടിയിൽ നിമിഷ സജയൻ, നവ്യ നായർ, സരയു എന്നവരുമായുള്ള ആനിയുടെ സംഭാഷണങ്ങളാണ് ട്രോളുകൾക്ക് വഴിയൊരുക്കിയത്.
സരയു അതിഥിയായി എത്തിയ പരിപാടിയിൽ സ്ത്രീ പുരുഷന് ഒരുപടി താഴെ നിൽക്കുന്നതാണ് നല്ലതെന്നും, നവ്യയോട് ഒരുപാട് ഭക്ഷണ വിഭവങ്ങൾ തയ്യാറാക്കുന്ന ഒരു നല്ല വീട്ടമ്മയെ കുറിച്ച് പറഞ്ഞതും നിമിഷ സജയനോട് മേക്കപ്പ് ഇല്ലാതെ എങ്ങനെ അഭിനയിക്കും എന്ന് ചോദിച്ചതുമെല്ലാം ആനിയെ ട്രോളുകൾക്ക് ഇരയാക്കി. ഇപ്പോൾ അതിനെല്ലാം മറുപടിയുമായി ആനി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ആനിയുടെ തുറന്നു പറച്ചിൽ.
സത്യത്തിൽ താൻ നിമിഷയെ അഭിനന്ദിക്കുകയാണ് ചെയ്തതെന്ന് ആനി പറയുന്നു. "ഈ തലമുറയിലെ കുട്ടികൾ പരീക്ഷണത്തിന് തയ്യാറാണ്. നമ്മുടെ കാലഘട്ടത്തിൽ, അതിന് വളരെയധികം ധൈര്യം ആവശ്യമായിരുന്നു. മേക്കപ്പ് ഇല്ലാതെ അഭിനയിക്കാൻ കഴിയുന്ന ഒരു റോളിനായി ഞാൻ ആഗ്രഹിച്ചിരുന്നു. ആഗ്രഹം ഇപ്പോഴും നിറവേറ്റപ്പെടുന്നില്ല. വളരെയധികം ആത്മവിശ്വാസത്തോടെ മേക്കപ്പ് ഇല്ലാതെ നന്നായി അഭിനയിക്കാൻ സാധിക്കുമെന്ന് നിമിഷ പറഞ്ഞപ്പോൾ, കൂടുതൽ അറിയാൻ എനിക്ക് ജിജ്ഞാസയുണ്ടായിരുന്നു."
Read Also: ക്വാറന്റൈനിലെ ജന്മദിനം ഇതുപോലെയിരിക്കും: ചിത്രങ്ങൾ പങ്കുവച്ച് ഫർഹാൻ ഫാസിൽ
താൻ ജനിച്ചതും വളർന്നതും വളരെ യാഥാസ്ഥിതിക കുടുംബത്തിലാണെന്നും, അതിനാൽ ഇന്നത്തെ തലമുറ ആസ്വദിക്കുന്ന സ്വാതന്ത്ര്യം ഒരിക്കലും തനിക്ക് ആസ്വദിക്കാൻ സാധിച്ചിട്ടില്ലെന്നും ആനി പറയുന്നു.
"എന്റെ ലോകം വളരെ പരിമിതമായിരുന്നു. വിവാഹശേഷം മാത്രമാണ് ഞാൻ പല പുതിയ കാര്യങ്ങളും പഠിച്ചത്. ഞങ്ങൾ വളരെ ചെറുതായിരുന്നപ്പോഴേ അമ്മ മരിച്ചു. പിന്നീട് ഞങ്ങളെ വളർത്തിയത് മുത്തശ്ശിയാണ്. മുത്തശ്ശിയും അമ്മായിമാരും ഞങ്ങളെ സ്വയം പര്യാപ്തരാക്കാനും ഒരു കുടുംബത്തെ പരിപാലിക്കാൻ പഠിക്കാനും നിരന്തരം ഉപദേശിക്കാറുണ്ടായിരുന്നു."
താൻ വളർന്നത് ഇങ്ങനെയായതിനാൽ അതിനപ്പുറം ചിന്തിക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് ആനി പറയുന്നു. ഇന്നത്തെ ചെറുപ്പക്കാർ ധൈര്യത്തോടെ സംസാരിക്കുന്നത് കേൾക്കുമ്പോൾ സന്തോഷവും, ഒപ്പം താൻ വളർന്നു വന്ന രീതി ഓർക്കുമ്പോൾ അൽപം വിഷമവും തോന്നാറുണ്ടെന്നും ആനി പറഞ്ഞു.
"അത്താഴത്തിന് ചപ്പാത്തി ഉണ്ടാക്കുന്നത് ഷാജിയാണെന്ന് (ഷാജി കൈലാസ്) ഞാൻ പറയുമ്പോൾ ഇപ്പോഴും എന്റെ അച്ഛന് ദേഷ്യം വരും," ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ആനി വ്യക്തമാക്കി.
1993 ൽ ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത 'അമ്മയാണെ സത്യം' എന്ന സിനിമയിലൂടെയാണ് ആനി അഭിനയ രംഗത്തെത്തിയത്. ഏകദേശം മൂന്നു വർഷത്തിനുള്ളിൽ പതിനാറോളം ചലച്ചിത്രങ്ങളിലഭിനയിച്ചു. പ്രശസ്ത സംവിധായകൻ ഷാജി കൈലാസുമായുള്ള വിവാഹത്തോടെ അഭിനയ രംഗത്തോട് വിട പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.