/indian-express-malayalam/media/media_files/uploads/2019/12/kalyani-.jpg)
എൺപതുകളിലും തൊണ്ണൂറുകളിലും മലയാള സിനിമാപ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും രസിപ്പിച്ചും കാഴ്ചക്കാരുടെ ഹൃദയം കവർന്ന നിരവധിയേറെ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച മൂന്നു കൂട്ടുകാർ- പ്രിയദർശൻ, മോഹൻലാൽ, ശ്രീനിവാസൻ. പ്രിയദർശന്റെ ആദ്യചിത്രം 'പൂച്ചക്കൊരു മൂക്കുത്തി'(1984) മുതൽ ഇങ്ങോട്ട് എത്രയോ ചിത്രങ്ങളിൽ ആവർത്തിച്ച് ആവർത്തിച്ച് പ്രേക്ഷകരുടെ ഇഷ്ടം കവർന്ന മലയാളസിനിമയിലെ വിജയകൂട്ടുക്കെട്ട്.
ഒന്നാനാം കുന്നിൻ ഓരടികുന്നിൽ (1985), അരം+ അരം=കിന്നരം (1985), നിന്നിഷ്ടം എന്നിഷ്ടം (1986), മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു(1986), ഹലോ മൈ ഡിയർ റോങ് നമ്പർ (1986), വെള്ളാനകളുടെ നാട് (1986), മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു(1988), ആര്യൻ (1988), ചിത്രം (1988), അക്കരെ അക്കരെ അക്കരെ(1990), മിഥുനം (1993), തേന്മാവിൻ കൊമ്പത്ത് (1994), ചന്ദ്രലേഖ (1997), കിളിചുണ്ടൻ മാമ്പഴം (2003) എന്നു തുടങ്ങി ഈ പ്രതിഭകൾ ഒന്നിച്ചെത്തിയ ചിത്രങ്ങൾ നിരവധിയാണ്.
ഇപ്പോഴിതാ, അച്ഛൻമാരുടെ സൗഹൃദം സിനിമകളിലൂടെ മക്കളും തുടരുകയാണ്. കല്യാണി പ്രിയദർശനെയും പ്രണവ് മോഹൻലാലിനെയും നായികാനായകന്മാരാക്കി 'ഹൃദയം' എന്ന ചിത്രവുമായി എത്തുകയാണ് വിനീത് ശ്രീനിവാസൻ. മോഹൻലാലാണ് ഇന്നലെ ചിത്രം അനൗൺസ് ചെയ്തിരിക്കുന്നത്. വിനീത് ശ്രീനിവാസൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും കൂടിച്ചേരലാണ് ഈ പ്രൊജക്റ്റെന്നും മോഹൻലാൽ പറഞ്ഞു. മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് ഈ ചിത്രം നിർമിക്കുന്നത്. മോഹൻലാൽ, പ്രിയദർശൻ, ശ്രീനിവാസൻ എന്നിവരുമായി അടുത്ത സൗഹൃദമുള്ള മെറിലാൻഡ് കുടുംബത്തിൽ നിന്നുമാണ് വിശാഖിന്റെയും വരവ്. നോബൽ ബാബു തോമസും സഹനിർമാതാവിന്റെ വേഷത്തിലുണ്ട്.
ഈ ചിത്രത്തിന്റെ ഭാഗമാവാൻ കഴിഞ്ഞ സന്തോഷം കല്യാണിയും മറച്ചുവെയ്ക്കുന്നില്ല. "ഡാഡി ഒരിക്കൽ എന്നോട് പറഞ്ഞു, ഈ ജോലിയുടെ ഏറ്റവും വലിയ സന്തോഷം, നിങ്ങൾ ഉണരുമ്പോൾ ആരാവും നിങ്ങളെ ആ ദിവസം വിളിക്കുക എന്നറിയാത്തതാണെന്ന്. വിനീത് ചേട്ടാ, അദ്ദേഹം എന്താണ് ഉദ്ദേശിച്ചതെന്ന് എനിക്ക് മനസ്സിലായത് ഈ ചിത്രത്തിലേക്ക് വേണ്ടി താങ്കളുടെ ഫോൺ കോൾ വന്നപ്പോഴാണ്. ആ കഥപറച്ചിലിൽ സിനിമയുടെ മുഴുവൻ ഫീലും നിങ്ങൾ അനുഭവപ്പെടുത്തി, എനിക്കനുഭവപ്പെട്ടത് മറ്റുള്ളവർക്കും അനുഭവപ്പെടുന്ന ആ നിമിഷത്തിനായി, സിനിമ തുടങ്ങാനായി കാത്തിരിക്കുകയാണ് ഞാൻ. എല്ലാവരുടെയും അനുഗ്രഹം വേണം. ഇതൊരു സ്‌പെഷൽ ചിത്രമാണ്," കല്യാണി ട്വിറ്ററിൽ കുറിച്ചു.
Been waiting to announce this one... #nextproject#livingthedreampic.twitter.com/UnBaJTRSaO
— Kalyani Priyadarshan (@kalyanipriyan) December 2, 2019
2017 ൽ ജീത്തു ജോസഫിന്റെ 'ആദി' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച പ്രണവ് നായകനായി എത്തുന്ന മൂന്നാമത്തെ ചിത്രമാണ് 'ഹൃദയം'. അടുത്തിടെയിറങ്ങിയ 'ഇരുപത്തിയൊന്നാം നൂറ്റാണ്ട്' പ്രതീക്ഷകൾക്ക് ബോക്സ് ഓഫീസിൽ വിജയം നേടാൻ കഴിഞ്ഞിരുന്നില്ല. പ്രിയദർശൻ ചിത്രം 'മരക്കാർ: അറബിക്കടലിന്റെ സിംഹം' എന്ന ചിത്രത്തിലും പ്രണവ് ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മോഹൻലാൽ പ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രത്തിൽ കല്യാണി പ്രിയദർശനും അഭിനയിക്കുന്നുണ്ട്.
Read more: ലാൽ അങ്കിൾ നല്ല കുക്കാണ്, പ്രണവ് എന്‍റെ അടുത്ത കൂട്ടുകാരനും: കല്യാണി പ്രിയദർശൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.