പ്രിയദർശന്റെയും ലിസിയുടെയും മകൾ കല്യാണി പ്രിയദർശനും സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു. നാഗാർജുനയുടെ മകൻ അഖിൽ അക്കിനേനി നായകനായ ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് കല്യാണിയുടെ അരങ്ങേറ്റം. മലയാളത്തിലോ തമിഴിലോ ആയിരിക്കണം തന്റെ ആദ്യ ചിത്രമെന്ന് ആഗ്രഹിച്ചിരുന്നതായി കല്യാണി ഫസ്റ്റ്പോസ്റ്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കല്യാണിയുടെ അഭിമുഖത്തിൽനിന്ന്;

മലയാളത്തിലോ തമിഴിലോ കരിയർ തുടങ്ങണം എന്നാണ് ആഗ്രഹിച്ചിരുന്നത്. പക്ഷേ ഹലോ പോലൊരു ചിത്രത്തിൽനിന്നും ഓഫർ വന്നപ്പോൾ അത് വേണ്ടെന്നു വയ്ക്കാനായില്ല. എന്റെ ആദ്യ ചിത്രം നല്ലൊരു സംവിധായകനൊപ്പം ആവണം എന്നും ആഗ്രഹിച്ചിരുന്നു. ഹലോ വിക്രം കുമാറിന്റെ സിനിമയാണെന്ന് അറിഞ്ഞപ്പോൾ പിന്നെ എനിക്കൊട്ടും ചിന്തിക്കേണ്ടി വന്നില്ല. ഹലോയിലെ പ്രിയ എന്ന കഥാപാത്രത്തിനായി വിക്രം സാർ എന്നെ തിരഞ്ഞെടുത്തത് എന്തുകൊണ്ടാണ് എനിക്കറിയില്ല.

ഞാനൊരു ആക്ടിങ് സ്കൂളിലും പോയിട്ടില്ല. സിംഗപ്പൂരിൽ പഠിക്കുന്ന സമയത്ത് നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. യുഎസിൽ പഠിക്കുന്ന സമയത്താണ് നാടകത്തെക്കുറിച്ച് കൂടുതൽ പഠിക്കുന്നത്. പോണ്ടിച്ചേരിയിൽ ആയിരുന്നപ്പോൾ ആദിശക്തി തിയേറ്റർ വർക്‌ഷോപ്പിൽ പങ്കെടുത്തു. ഹലോയിൽ അഭിനയിച്ചപ്പോൾ ഞാൻ കൂടുതൽ കാര്യങ്ങൾ പഠിച്ചു.

അഭിനയം ഞാനെപ്പോഴും ഇഷ്ടപ്പെട്ടിരുന്നു. ഞാൻ സ്ട്രോങ് ആയ ഒരു വ്യക്തിയല്ല. വിമർശനങ്ങൾ എന്നെ വിഷമിപ്പിക്കാറുണ്ട്. എന്നെക്കുറിച്ച് ആളുകൾ പറയുന്നത് എന്നെ വിഷമിപ്പിച്ചിരുന്നു. അതിനാൽതന്നെ വിമർശനങ്ങൾ ഉൾക്കൊളളാനുളള കരുത്ത് എനിക്കില്ലെന്ന് അച്ഛനും അമ്മയ്ക്കും മനസ്സിലാക്കിയിരുന്നു. പക്ഷേ കുറേ കാര്യങ്ങൾ സ്വയം ചെയ്യാൻ എന്നെ അനുവദിച്ചപ്പോൾ അവർ വിചാരിക്കുന്നതിനെക്കാൾ സ്ട്രോങ് ആണ് ഞാനെന്ന് അവർക്ക് മനസ്സിലായി.

അച്ഛന്റെ അടുത്ത സുഹൃത്താണ് മോഹൻലാൽ. അദ്ദേഹവുമായും കുടുംബവുമായും ഞാൻ വളരെ അടുപ്പത്തിലാണ്. മോഹൻലാലിന്റെ മകൻ പ്രണവ് എന്റെ അടുത്ത സുഹൃത്താണ്. ചെറുപ്പം മുതലേ ഒരുമിച്ച് കളിച്ച് വളർന്നതിനാൽ ഞങ്ങൾ കസിൻസിനെ പോലെയാണ്. ലാൽ അങ്കിൾ തമാശക്കാരനാണ്. അദ്ദേഹത്തിന് മാജിക് ഇഷ്ടമാണ്. ഞങ്ങൾക്കു മുന്നിൽ അദ്ദേഹം ചില മാജിക്കൊക്കെ കാണിക്കുമായിരുന്നു. ലാലങ്കിളിന്റെ കുടുംബം ഭക്ഷണപ്രിയരാണ്. നല്ല ഭക്ഷണം കഴിക്കണമെന്ന് എനിക്ക് തോന്നുമ്പോൾ ഞാൻ അവരുടെ വീട്ടിലേക്ക് ചെല്ലും. ലാൽ അങ്കിൾ നല്ല കുക്കാണ്.

സിനിമയിലേക്ക് വരുന്ന പുതുമുഖ താരത്തിന് ഉപദേശം നൽകാൻ ഒരുപാട് പേർ ഉണ്ടാകും. പക്ഷേ എന്റെ മാതാപിതാക്കളിൽനിന്നും നല്ല ഉപദേശം കിട്ടിയിട്ടുണ്ട്. ആരു പറയുന്നത് കേൾക്കരുതെന്ന് അവർ എന്നോട് പറഞ്ഞിട്ടുണ്ട്. നിന്റെ യാത്രയാണിത്. നല്ല വ്യക്തികൾക്കൊപ്പം പ്രവർത്തിച്ചുകഴിയുമ്പോൾ നല്ല തീരുമാനം എടുക്കാനുളള കഴിവ് നിനക്ക് ലഭിക്കും. ഞങ്ങൾ നിനക്ക് ഒരു ഉപദേശവും തരില്ല, പക്ഷേ നിനക്ക് പിന്തുണയുമായി എപ്പോഴും ഒപ്പമുണ്ടാകും-കല്യാണി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ