scorecardresearch

മലര്‍വാടിക്കു മുൻപ് ആദ്യമായി ഒരു കഥ പറഞ്ഞത് ദുൽഖറിന്റടുത്ത്; വിനീത് പറയുന്നു

ഇടയ്ക്കിടയ്ക്ക് ഒന്നിച്ച് സിനിമ ചെയ്യുന്നതിനെപ്പറ്റി ദുൽഖറുമായി സംസാരിച്ചിട്ടുണ്ടെന്നും വിനീത് പറഞ്ഞു

ഇടയ്ക്കിടയ്ക്ക് ഒന്നിച്ച് സിനിമ ചെയ്യുന്നതിനെപ്പറ്റി ദുൽഖറുമായി സംസാരിച്ചിട്ടുണ്ടെന്നും വിനീത് പറഞ്ഞു

author-image
Entertainment Desk
New Update
Dulquer Salman, Vineeth Sreenivasan

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത 'ഹൃദയം' മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടി മുന്നേറുകയാണ്. മലയാള സിനിമയിലെ ഈ പുതുതലമുറ കൂട്ടുകെട്ടിനെ പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്.

Advertisment

എന്നാൽ ഇതുപോലെ താരപുത്രന്മാരുടെ മറ്റൊരു കൂട്ടുകെട്ട് നേരത്തെ പിറക്കേണ്ടിയിരുന്നതാണെന്നാണ് വിനീത് പറയുന്നത്. 'മലര്‍വാടി ആർട്സ് ക്ലബ്' എന്ന ചിത്രത്തിനു മുൻപേ താനൊരു സിനിമ നിര്‍മിക്കാന്‍ ആദ്യമായി കഥ പറഞ്ഞത് ദുൽഖറിന്റെ അടുത്താണെന്ന് വിനീത് പറയുന്നു. ഒരു സിനിമയെ കുറിച്ച് ഒരുപാട് ചർച്ച ചെയ്‌തെങ്കിലും അതൊരു പ്രോജക്റ്റിലേക്ക് എത്താതെ പോകുവായിരുന്നു എന്നും വിനീത് പറഞ്ഞു. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ ദുൽഖറുമായുള്ള ബന്ധത്തെ കുറിച്ചു ചോദിച്ചപ്പോഴാണ് വിനീത് ഇക്കാര്യം പറഞ്ഞത്.

"ചെറുപ്പം തൊട്ടേ നല്ല പരിചയവും സൗഹൃദവും ചാലു (ദുല്‍ഖര്‍) ആയിട്ടുണ്ട്. ഞങ്ങള്‍ ഒന്നിച്ചൊരു സിനിമ ഇതുവരെ സംഭവിച്ചിട്ടില്ല എന്നേയുള്ളൂ. ഇടയ്ക്കിടയ്ക്ക് ഒന്നിച്ച് സിനിമ ചെയ്യുന്നതിനെപ്പറ്റി സംസാരിച്ചിട്ടുണ്ട്. ഒരു സിനിമ കുറെ ചര്‍ച്ച ചെയ്‌തെങ്കിലും അതൊരു പ്രോജക്റ്റിലേക്ക് എത്തിയില്ല. അതുപോലെ മലര്‍വാടിക്കുമുമ്പേ ഞാനൊരു സിനിമ നിര്‍മിക്കാന്‍ ആദ്യമായി കഥ പറഞ്ഞത് ചാലുവിന്റെയടുത്താണ്. അങ്ങനെയൊക്കെ കുറെ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്." വിനീത് പറഞ്ഞു.

2010 ലാണ് വിനീതിന്റെ 'മലർവാടി ആർട്സ് ക്ലബ്' പുറത്തിറങ്ങിയത്. വിനീത് ആദ്യമായി സംവിധാനം ചെയ്ത ചിത്രം വലിയ ഹിറ്റായി മാറി. അതിനു രണ്ടു വർഷങ്ങൾക്ക് ശേഷമാണ് ദുൽഖർ സൽമാൻ നായകനായ ആദ്യ ചിത്രം 'സെക്കൻഡ് ഷോ' റിലീസ് ചെയ്തത്.

Advertisment

അതേസമയം, അച്ഛന്റെ അടുത്ത സുഹൃത്തിന്റെ മകൻ ആണെങ്കിലും പ്രണവുമായുള്ള സൗഹൃദം 'ഹൃദയ'ത്തിന് ഒപ്പം ആരംഭിച്ചതാണെന്ന് വിനീത് പറഞ്ഞു. "ഹൃദയത്തിനുവേണ്ടി കണ്ട് സംസാരിച്ച ശേഷമാണ് ഞാനും പ്രണവും തമ്മില്‍ പരിചയമാകുന്നതുതന്നെ. അതിനുമുമ്പ് പല ചടങ്ങുകളിലും കണ്ടിട്ടുണ്ട് എന്നല്ലാതെ അടുത്ത പരിചയമൊന്നുമുണ്ടയില്ല." വിനീത് പറഞ്ഞു.

നാടോടിക്കാറ്റ് ലൊക്കേഷനിൽ നിന്നുള്ള തങ്ങളുടെ ചിത്രത്തിനു പിന്നിലെ കഥയും വിനീത് പങ്കുവെച്ചു. "ഹൃദയത്തിന്റെ ഒരു സീന്‍ ഷൂട്ട് ചെയ്യാന്‍ ഞങ്ങള്‍ ബെസന്ത് നഗര്‍ ബീച്ചില്‍ പോയിരുന്നു. ബെസന്ത് നഗര്‍ ബീച്ചാണ് നാടോടിക്കാറ്റില്‍ ദാസനും വിജയനും ദുബായ് ആണെന്ന് പറഞ്ഞെത്തുന്ന സ്ഥലം. അവിടെ ഞാനും പ്രണവും കൂടെ ഇരിക്കുന്ന സമയത്ത് എനിക്ക് ഭയങ്കരമായ ഒരു ഫീലുണ്ടായി. കാരണം, അതേസ്ഥലത്ത് വര്‍ഷങ്ങള്‍ക്കുമുമ്പ് അച്ഛനും ലാലങ്കിളും തകര്‍ത്തഭിനയിച്ച സീന്‍ ഇന്നും ആളുകളുടെ മനസ്സിലുണ്ടല്ലോ. ഞങ്ങള്‍ രണ്ടുപേരും ആ സ്ഥലത്തുനിന്ന് ഒന്നിച്ച് ഫോട്ടോയൊക്കെ എടുത്തു."

അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലെത്തിയ ചിത്രമാണ് ഹൃദയം. പ്രണവിനു പുറമെ ദര്‍ശനാ രാജേന്ദ്രന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 

Also Read: ‘എന്റെ നായികമാർക്ക് ഇത്രയും സൗന്ദര്യം ആവശ്യമില്ലായിരുന്നു’; സിനിമയിലേക്ക് വിളിക്കാത്തതെന്തേ എന്ന നടിയുടെ ചോദ്യത്തിന് ലാൽ ജോസിന്റെ മറുപടി

Vineeth Sreenivasan Dulquer Salman

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: