മലയാളത്തിന് ഒരുപിടി പുതുമുഖ നായികമാരെ സമ്മാനിച്ച സംവിധായകനാണ് ലാൽജോസ്. കാവ്യാ മാധവൻ, സംവൃത സുനിൽ, മീര നന്ദൻ, ആൻ അഗസ്റ്റിൻ, അനുശ്രീ തുടങ്ങിയ നടിമാരെല്ലാം ലാൽ അദ്ദേഹം മലയാള സിനിമയ്ക്ക് നൽകിയ സംഭവാനയാണ്. ഇപ്പോഴിതാ, മലയാളത്തിലെ ഒരു നായിക ലാൽജോസിനോട് ചോദിച്ച ചോദ്യവും, അതിനു അദ്ദേഹം നൽകിയ മറുപടിയുമാണ് ശ്രദ്ധനേടുന്നത്.
മലയാളത്തിലെ ഇന്നത്തെ മുൻനിര നായികമാരിൽ ഒരാളും ലാൽ ജോസിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം ‘മ്യാവൂ’വിലെ നായികയുമായ മംമ്ത മോഹൻദാസിന്റേതാണ് ചോദ്യം. താൻ സിനിമയിൽ എത്തിയിട്ട് 15 വർഷമായി ഇത്രനാളായിട്ടും തന്നെ എന്തുകൊണ്ട് സിനിമയിലേക്ക് വിളിച്ചില്ല എന്നതായിരുന്നു മംമ്‌തയുടെ ചോദ്യം. അതിനു തന്റെ ഇതുവരെയുള്ള നായികമാർക്ക് ഇത്രയും സൗന്ദര്യം ആവശ്യമില്ലായിരുന്നു എന്നായിരുന്നു ലാൽ ജോസിന്റെ മറുപടി. ലാൽ ജോസിന്റെ 12 നായികമാർക്കൊപ്പം ‘വനിത’യ്ക്ക് വേണ്ടി നടത്തിയ അഭിമുഖത്തിലാണ് സംവിധായകന്റെ പ്രതികരണം.
“ഇതുവരെയുള്ള എന്റെ നായികമാർക്ക് ഇത്രയും സൗന്ദര്യം ആവശ്യമില്ലായിരുന്നു. മംമ്തയ്ക്ക് നഗര വനിതയുടെ ഛായയും പെരുമാറ്റവുമാണ്. എന്റെ സിനിമകൾ മിക്കതും ഗ്രാമീണപശ്ചാത്തലത്തിലുള്ളവയും. ‘മ്യാവൂ’വിലെ സുലേഖയുടെ വേഷം കൃത്യമാണ്. സുലു സുന്ദരിയാണ്, ഗൾഫിൽ ജനിച്ചു വളർന്നവളാണ്. തലശ്ശേരിക്കാരിയാണ്. മംമ്തയ്ക്ക് തലശ്ശേരി ഭാഷ അറിയാം എന്നതും ഗുണമായി.” ലാൽ ജോസ് പറഞ്ഞു.
“മൂന്നു മുതിർന്ന കുട്ടികളുടെ അമ്മ എന്ന കാര്യത്തിൽ മംമ്തയ്ക്ക് സംശയമുണ്ടായിരുന്നു. നേരത്തെ വിവാഹം കഴിഞ്ഞതാണ്, പ്രായം കൂടിയ കഥാപാത്രമല്ല എന്നു പറഞ്ഞു കൊടുത്തു.” ലാൽ ജോസ് കൂട്ടിച്ചേർത്തു.
‘ഡയമണ്ട് നെക്‌ലെയ്സിൽ’ സംവൃതചെയ്ത വേഷത്തിലേക്ക് മംമ്തയെ ആലോചിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മംമ്തയുടെ ജീവിതവുമായി ബന്ധമുള്ള കഥാപാത്രമായതു കൊണ്ടാണ് മടിയുണ്ടായത്. കാൻസർ ബാധിച്ച പെൺകുട്ടിയുടെ വേഷം അഭിനയിക്കുന്നതു വൈകാരികമായ ഷോക്ക് ആകുമോ എന്ന് സംശയമായി. വീണ്ടും ആ രോഗാദിനങ്ങൾ താൻ ഓർമ്മിപ്പിക്കുന്ന പോലെയാകുമോ എന്ന പേടിയിലാണ് വിളിക്കാതിരിക്കുന്നതെന്നും ലാൽ ജോസ് പറയുന്നു.
Also Read: Meow Movie Review & Rating: ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഇഷ്ടം കവർന്നും ‘മ്യാവൂ’; റിവ്യൂ
സൗബിന്‍ സാഹിര്‍, മംമ്ത മോഹന്‍ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
ലാല്‍ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മ്യാവൂ’. ‘അറബിക്കഥ’, ‘ഡയമണ്ട് നെക്ലേസ്’, ‘വിക്രമാദിത്യന്‍’ എന്നീ സൂപ്പര്‍ഹിറ്റ് വിജയ് ചിത്രങ്ങള്‍ ശേഷം ലാല്‍ജോസി നുവേണ്ടി ഡോ. ഇക്ബാല്‍ കുറ്റിപ്പുറം തിരക്കഥ എഴുതുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
സൗബിന്‍ ഷാഹിര്‍, സലിംകുമാര്‍, ഹരിശ്രീ യൂസഫ് തുടങ്ങിയവര്‍ക്കൊപ്പം രണ്ടു കുട്ടികളും ഒരു പൂച്ചയും സുപ്രധാന കഥാപാത്രങ്ങളായി പ്രത്യക്ഷപ്പെടുന്ന ചിത്രമാണ് മ്യാവൂ. ഗള്‍ഫില്‍ ജീവിക്കുന്ന ഒരു സാധാരണ കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. പ്രവാസി മലയാളിയായ ഇക്ബാല്‍ കുറ്റിപ്പുറമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.