/indian-express-malayalam/media/media_files/uploads/2019/04/vijay-sethupathi-viral-speech.jpg)
ഇന്ത്യയൊന്നാകെ ഇലക്ഷൻ ചൂടിലാണ്. രാഷ്ട്രീയക്കാരും ജനങ്ങളും സെലിബ്രിറ്റികളുമെല്ലാം വളരെ ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് ലോക്‌സഭ തിരഞ്ഞെടുപ്പിനായി. രണ്ടാം ഘട്ട പോളിങ്ങും പൂർത്തിയായിരിക്കെ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ് വിജയ് സേതുപതിയുടെ പ്രസംഗം. വലിയൊരു സദസ്സിനോട് വോട്ട് ചെയ്യുമ്പോൾ സൂക്ഷിക്കണമെന്നും നിങ്ങളുടെ വോട്ടുകൾ ജാതിയും മതവും പറഞ്ഞു വരുന്നവർക്ക് കൊടുക്കരുതെന്നും അഭ്യർത്ഥിക്കുകയാണ് താരം.
"സ്നേഹമുള്ളവരെ, നിങ്ങൾ വോട്ടു ചെയ്യുമ്പോൾ നന്നായി നോക്കി വോട്ട് ചെയ്യണം. സൂക്ഷിച്ച് വോട്ട് ചെയ്യണം. നമ്മുടെ നാട്ടിലൊരു പ്രശ്നം, നമ്മുടെ കോളജിലൊരു പ്രശ്നം, നമ്മുടെ സുഹൃത്തിനൊരു പ്രശ്നം, അല്ലെങ്കിൽ നമ്മുടെ സംസ്ഥാനത്തിനൊരു പ്രശ്നം എന്ന് പറയുന്നരോടൊപ്പം വേണം നിൽക്കാൻ. അല്ലാതെ ജാതിക്കൊരു പ്രശ്നം, മതത്തിനൊരു പ്രശ്നം എന്ന് പറയുന്നവരോടൊപ്പം ഒരിക്കലും നിൽക്കരുത്. ഇങ്ങനെ പറയുന്നവരൊക്കെ എല്ലാം ചെയ്തിട്ട് അവരുടെ വീടുകളിൽ പൊലീസ് കാവലിൽ സുരക്ഷിതരായിരിക്കും. നമ്മളാണ് ഒടുവിൽ കെണിയിൽ വീഴുക. ദയവ് ചെയ്ത് ഇത് ഒാർത്തുവേണം വോട്ടവകാശം ഉപയോഗപ്പെടുത്താൻ," എന്നാണ് വിജയ് സേതുപതി വീഡിയോയിൽ പറയുന്നത്. മക്കൾ സെൽവന്റെ വാക്കുകളെ കയ്യടികളോടെ വരവേൽക്കുന്ന ആൾക്കൂട്ടത്തെയും വീഡിയോയിൽ കാണാം. മലയാളമണ്ണിലും ഏറെ ആരാധകരുള്ള താരത്തിന്റെ വാക്കുകൾക്ക് ഏറെ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്.
ജയറാം നായകനാകുന്ന ‘മാര്‍ക്കോണി മത്തായി’ എന്ന ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിക്കുകയാണ് വിജയ് സേതുപതി. പ്രശസ്ത പരസ്യ ചിത്ര സംവിധായകനായ സനില്‍ കളത്തില്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ‘ മാര്‍ക്കോണി മത്തായി’. സത്യം സിനിമാസിന്റെ ബാനറില്‍ എ ജി പ്രേമചന്ദ്രന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ആത്മീയ ആണ് നായിക. അജു വര്‍ഗ്ഗീസ്,ഹരീഷ് കണാരന്‍,ഗ്രിഗറി,നെടുമുടി വേണു,സിദ്ധാര്‍ത്ഥ് ശിവ,സുധീര്‍ കരമന,മാമുക്കോയ,കലാഭവന്‍ പ്രജോദ്,സുനില്‍ സുഖദ,ശിവകുമാര്‍ സോപാനം,ശ്രിന്റ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
തോക്കിന് ചൂലിനോട് തോന്നിയ പ്രണയം എന്ന തല വാചകത്തോടെ അവതരിപ്പിക്കുന്ന ചിത്രത്തില്‍,ലോകത്തെ മുഴുവന്‍ സ്‌നേഹിക്കുന്ന മറ്റുള്ളവരുടെ ജീവിതത്തില്‍ സന്തോഷത്തിന്റെ പൂക്കള്‍ വിതറുന്ന മത്തായി എന്ന സെക്യൂറിറ്റിക്കാരന് ഉണ്ടായ ഒരു പ്രശ്‌നം പരിഹരിക്കാന്‍ ലോകം ഒറ്റക്കെട്ടായി അണി നിരക്കുമ്പോള്‍ ഉണ്ടാകുന്ന മാറ്റങ്ങളാണ് ദൃശ്യവല്‍ക്കരിക്കുന്നത്. മത്തായിയായി ജയറാം എത്തുമ്പോള്‍ രക്ഷകരുടെ മുന്നിലായി വിജയ് സേതുപതി പ്രത്യക്ഷ്യപ്പെടുന്നു. റേഡിയോയും ഇതിലെ പ്രധാന കഥാപാത്രമാണ്.
Read more:ഓശാന ഞായറാഴ്ച ഞാനൊരു മാലാഖയെ കണ്ടു: വിജയ് സേതുപതിയെ കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പ്
ഗോവ, ചെന്നൈ, ചങ്ങനാശ്ശേരി, ആലപ്പുഴ, എറണാക്കുളം എന്നിവിടങ്ങളിലാണ് മാര്‍ക്കോണി മത്തായി ചിത്രീകരിക്കുന്നത്. ഇതിന്റെ ചിത്രീകരണത്തിനായി കൊച്ചിയില്‍ എത്തിയ സേതുപതി മുതിര്‍ന്ന തിരക്കഥാകൃത്ത് ജോണ്‍ പോള്‍ സിനിമാ സെറ്റില്‍ എത്തിയപ്പോള്‍ സ്വീകരിച്ചതിനെ കുറിച്ചുള്ള ജോളി ജോസഫിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റും ഇടയ്ക്ക് ശ്രദ്ധേയമായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.