/indian-express-malayalam/media/media_files/uploads/2019/03/vijay-sethupathi-1.jpg)
'സൂപ്പര്‍ ഡീലക്സി'ന്റെ ആദ്യ ഷെഡ്യൂൾ തനിക്കേറെ പരിഭ്രാന്തി സമ്മാനിച്ചിരുന്നുവെന്ന് തുറന്നു പറയുകയാണ് വിജയ് സേതുപതി. സാധാരണ രണ്ടു മൂന്നു ദിവസം കൊണ്ട് ഓരോ ചിത്രത്തിലെയും കഥാപാത്രമായി മാറാൻ തനിക്ക് സാധിക്കാറുണ്ടെങ്കിലും 'സൂപ്പർ ഡീലക്സി'ലെ അഭിനയം അത്ര ഈസി ആയിരുന്നില്ലെന്നാണ് സേതുപതി വെളിപ്പെടുത്തുന്നു.
"എത്രയൊക്കെ നോക്കിയിട്ടും എനിക്ക് ശിൽപ്പയെന്ന കഥാപാത്രമായി മാറാൻ കഴിഞ്ഞില്ല. സാരിയും വിഗ്ഗുമെല്ലാം ധരിച്ചെങ്കിലും അഭിനയിക്കുമ്പോൾ എന്റെ മാനറിസങ്ങൾ തന്നെയാണ് പുറത്തുവരുന്നത്. എനിക്കും കഥാപാത്രത്തിനും ഇടയിൽ ഒരു മതിലുള്ളതു പോലെ, എനിക്കത് ബ്രേക്ക് ചെയ്യാനും കഴിയുന്നുണ്ടായിരുന്നില്ല. വല്ലാത്ത വിഷാദം സമ്മാനിക്കുന്ന അവസ്ഥയായിരുന്നത്. എന്റെ പെർഫോമൻസ് ശരിയാകുന്നില്ലെന്ന് സെറ്റിൽ എല്ലാവർക്കും മനസ്സിലാകുന്നുണ്ടെങ്കിലും എന്താണ് മിസ്സിംഗ് എന്ന കാര്യം ചൂണ്ടി കാണിച്ചു തരാൻ അവർക്കും സാധിച്ചില്ല. സംവിധായകൻ ഷെഡ്യൂൾ ബ്രേക്കിനു വിളിച്ചപ്പോൾ എനിക്കു ഭയമായിരുന്നു, ഞാൻ കാരണമാണോ ബ്രേക്ക് എടുക്കേണ്ടിവന്നതെന്ന്. എന്നെ മാറ്റാൻ പോവുകയാണോ എന്ന് ഞാനദ്ദേഹത്തോട് ചോദിച്ചു," വിജയ് സേതുപതി പറഞ്ഞു. ഫിലിം കംപാനിയനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സേതുപതി.
എന്നാൽ ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂളിൽ കോസ്റ്റ്യൂം ഡിസൈനർ മാദി കാലുകൾ അടുപ്പിച്ചു നടക്കാൻ തന്നോട് ആവശ്യപ്പെട്ടെന്നും അതോടെയാണ് തന്റെ പോസ്ചർ ശരിയായതെന്നും സേതുപതി പറയുന്നു. "അവിടം മുതലാണ് എനിക്ക് കഥാപാത്രത്തെ പിടികിട്ടി തുടങ്ങിയത്. കാര്യങ്ങളെ ശിൽപ്പ കാണുന്നതു പോലെ നോക്കി കാണാൻ തുടങ്ങി. എന്റെ കഥാപാത്രങ്ങൾ സാങ്കൽപ്പികമാണെന്നു ഞാൻ കരുതുന്നില്ല, യഥാർത്ഥമാണെന്നു വിശ്വസിക്കുന്നു. അവരെന്നോട് ആശയവിനിമയം നടത്തുന്നുണ്ട്," സേതുപതി കൂട്ടിച്ചേർക്കുന്നു.
വിജയ് സേതുപതിയും ഫഹദ് ഫാസിലും ആദ്യമായി ഒന്നിക്കുന്ന ചിത്രമായ ‘സൂപ്പർ ഡീലക്സി’ൽ ശില്പ എന്ന ട്രാൻസ് വുമൺ കഥാപാത്രമായാണ് സേതുപതിയെത്തുന്നത്. വിജയ് സേതുപതിയ്ക്കും ഫഹദ് ഫാസിലിനുമൊപ്പം സാമന്ത അക്കിനേനി, മിഷ്‌കിൻ, രമ്യ കൃഷ്ണൻ എന്നു തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. രമ്യകൃഷ്ണൻ ഒരു പോൺസ്റ്റാറായാണ് ചിത്രത്തിലെത്തുന്നത്. തന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി ഉയർത്തുന്ന കഥാപാത്രം എന്നാണ് രമ്യ കൃഷ്ണൻ ‘സൂപ്പർ ഡീലക്സി’ലെ തന്റെ കഥാപാത്രത്തെ വിശേഷിപ്പിക്കുന്നത്. ലീല എന്നാണ് രമ്യ കൃഷ്ണൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ചിത്രത്തിലെ രമ്യയുടെ ഒരു രംഗം ചിത്രീകരിക്കാന്‍ രണ്ടു ദിവസവും 37 ടേക്കും എടുക്കേണ്ടി വന്നു എന്ന് സംവിധായകന്‍ ത്യാഗരാജന്‍ കുമാരരാജയും ഒരു​ അഭിമുഖത്തിനിടെ വെളിപ്പെടുത്തിയിരുന്നു. സിനിമയ്ക്ക് അകത്ത് വരുന്ന ‘മല്ലു അൺകട്ട്’ എന്ന സിനിമയിലെ പോൺ താരമായാണ് രമ്യ കൃഷ്ണൻ എത്തുന്നത്.
Read more: വിജയ് സേതുപതി ചിത്രത്തില്‍ രമ്യാ കൃഷ്ണന്‍ പോണ്‍ താരമായി എത്തുന്നു
ചിത്രത്തിന്റെ പോസ്റ്ററുകളും ട്രെയിലറുകളുമെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ആകാംക്ഷ ഉണർത്തുന്ന രീതിയിലുള്ള ട്രെയിലറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. താരങ്ങളുടെ പ്രകടനങ്ങള്‍ കൊണ്ട് ചത്രം ശ്രദ്ധേയമാകുമെന്ന സൂചനകളാണ് ട്രെയിലറും തരുന്നത്. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന്റെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത്. മാർച്ച് 29 നാണ് ചിത്രം റിലീസിനെത്തുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us