ട്രാൻസ് വുമണായി വിജയ് സേതുപതിയെത്തുന്ന ത്യാഗരാജൻ കുമാരരാജ സംവിധാനം ചെയ്യുന്ന ‘സൂപ്പർ ഡീലക്സ്’ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ്. വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ രമ്യാ കൃഷ്ണൻ ഒരു പോൺ താരമായിട്ടാണ് എത്തുന്നതെന്നാണ് പുതിയ റിപ്പോർട്ട്. തന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി ഉയർത്തുന്ന കഥാപാത്രം എന്നാണ് രമ്യ കൃഷ്ണൻ ‘സൂപ്പർ ഡീലക്സി’ലെ തന്റെ കഥാപാത്രത്തെ വിശേഷിപ്പിക്കുന്നത്. ലീല എന്നാണ് രമ്യ കൃഷ്ണൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

“നടീനടന്മാരെക്കാളും കഥയ്ക്ക് പ്രാധാന്യമുള്ള ചിത്രമാണ് ‘സൂപ്പർ ഡീലക്സ്’. എന്റെ കരിയറിൽ എനിക്കേറ്റവും വെല്ലുവിളി ഉയർത്തുന്ന കഥാപാത്രവും,” ഹിന്ദു ദിനപത്രത്തിനു നൽകിയ അഭിമുഖത്തിൽ രമ്യ കൃഷ്ണൻ പറയുന്നു. ചിത്രത്തിലെ ഒരു രംഗം ചിത്രീകരിക്കാന്‍ രണ്ടു ദിവസവും 37 ടേക്കും എടുത്തു എന്ന് സംവിധായകന്‍ ത്യാഗരാജന്‍ കുമാരരാജയും ഒരു​ അഭിമുഖത്തിനിടെ വെളിപ്പെടുത്തിയിരുന്നു. “എന്നേക്കാളും എന്റെ അസിസ്റ്റന്റുമാരാണ് ഷോക്ക് ആയത്,” ഏറെ വൈകി നീണ്ട ഷൂട്ടിംഗിനെ കുറിച്ചും അനിശ്ചിതത്വത്തിലേക്ക് നീണ്ട റീടേക്കുകളെ കുറിച്ചും രമ്യ പ്രതികരിക്കുന്നത് ഇങ്ങനെ. ഈ ബുദ്ധിമുട്ടുകളും കഠിനാധ്വാനവും ഒന്നും തനിക്ക് പ്രശ്നമില്ലെന്നാണ് താരം പറയുന്നത്. “ചില സിനിമകൾ ഞാൻ പണത്തിനു വേണ്ടി ചെയ്യുന്നതാണ്. ചിലത് പേരിനും പ്രശസ്തിയ്ക്കും വേണ്ടി. ചിലത് പാഷനു വേണ്ടി. ഇത് പാഷനു വേണ്ടി ചെയ്തൊരു ചിത്രമാണ്,” രമ്യ കൂട്ടിച്ചേർക്കുന്നു.

Read more: ‘സൂപ്പർ ഡീലക്സ്’ ട്രെയിലറിൽ വിജയ് സേതുപതി കഥ പറഞ്ഞ് ഞെട്ടിച്ചതിങ്ങനെ; ഡബ്ബിംഗ് വീഡിയോ

സിനിമയ്ക്ക് അകത്ത് വരുന്ന ‘മല്ലു അൺകട്ട്’ എന്ന സിനിമയിലെ പോൺ താരമായാണ് രമ്യ കൃഷ്ണൻ എത്തുന്നത്. “ആദ്യം ഈ കഥാപാത്രത്തിനു വേണ്ടി നാദിയയെ ആയിരുന്നു ഞങ്ങൾ സമീപിച്ചിരുന്നത്. പിന്നീട് രമ്യയിലേക്കെത്തുകയായിരുന്നു. രമ്യ വളരെ കൂളാണ്. തന്റെ കംഫർട്ട് സോണിൽ നിന്നും പുറത്തുവന്ന് ഒരു കഥാപാത്രമാവാം എന്നായിരിക്കും രമ്യയ്ക്ക് തോന്നിയിരിക്കുക,” സംവിധായകൻ ത്യാഗരാജൻ കുമാരരാജ ഒരു വീഡിയോ അഭിമുഖത്തിൽ പറഞ്ഞു.

വിജയ് സേതുപതി, ഫഹദ് ഫാസിൽ, രമ്യ കൃഷ്ണൻ എന്നിവർക്കൊപ്പം സാമന്ത അക്കിനേനിയും സംവിധായകന്‍ മിഷ്‌കിനും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ശില്‍പ്പ എന്ന ട്രാന്‍സ് വുമണിനെയാണ് സേതുപതി അവതരിപ്പിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. നേരത്തെ തന്നെ ചിത്രത്തിന്റെ പോസ്റ്ററുകളും ചിത്രങ്ങളും വൈറലായിരുന്നു. ചിത്രത്തിന്റെ അടുത്തിടെ റിലീസ് ചെയ്ത ട്രെയിലറും ഏറെ ആകാംക്ഷ ജനിപ്പിക്കുന്നതായിരുന്നു. താരങ്ങളുടെ പ്രകടനങ്ങള്‍ കൊണ്ട് ചത്രം ശ്രദ്ധേയമാകുമെന്ന സൂചനകളാണ് ട്രെയിലറും തരുന്നത്.

” ഒരു ദിവസം ഒരാൾ മലയിലൂടെ നടന്നുകൊണ്ടിരിക്കുമ്പോൾ, പെട്ടന്നയാളെ ഒരു പുലി ഓടിച്ച്,
അങ്ങനെ ഓടി ഒളിക്കാൻ സ്ഥലമില്ലാതെ ആ ചെരിവിലൂടെ ഓടി ഒരു മരത്തിന്റെ മേലേക്കൂടി ഇലകൾക്കും ചില്ലകൾക്കും ഇടയിലൂടെ വീണുകൊണ്ടിരിക്കുമ്പോൾ, അവസാനമൊരു വള്ളിയിൽ പിടിച്ചു തൂങ്ങിക്കൊണ്ടിരിക്കുന്ന അവസ്ഥയിൽ, ആ വള്ളി പാമ്പാണെന്ന് തിരിച്ചറിയുമ്പോൾ, എന്ത് നശിച്ച ജീവിതമാണിതെന്ന് ആലോചിച്ചു മുകളിലേക്ക് നോക്കിയപ്പോൾ ഒരു തേനിച്ചക്കൂട് കണ്ണിൽപ്പെട്ട്,
അതിൽ നിന്ന് ഒരേയൊരു തുള്ളി തേൻ വഴിഞ്ഞ് ഒഴുകി വായിനടുത്തേക്ക് വീണ്,
മേലെ മരണം, കീഴെ ചാവ് അതിന് നടുവിൽ തന്നെ നിന്നാൽ നാശവുമാണെന്ന് എല്ലാ രീതിയിലും മനസിലായിട്ടും, ആ ഒരേയൊരു നിമിഷത്തിലും, പാമ്പോ, കൊക്കയോ, പുലിയോ എന്ത് വേണമെങ്കിലും ആയ്‌ക്കോട്ടേ, ഉയിര് പോയ പോലെയെന്ന്, ഒരു തരത്തിലും വിഷമിക്കാതെ, നാക്ക് നീട്ടി തേൻ നക്കിയെടുത്ത് ആഹാ! എന്ന് പറഞ്ഞാൽ…” എന്നു നീളുന്ന നെടുനീളൻ ഡയലോഗ് ഒറ്റശ്വാസത്തിൽ പറഞ്ഞായിരുന്നു വിജയ് സേതുപതി ട്രെയിലറിൽ പ്രേക്ഷകരെ ഞെട്ടിച്ചു കളഞ്ഞത്. മാര്‍ച്ച് 29 നാണ് ചിത്രം തിയ്യറ്ററുകളിലെത്തുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook