/indian-express-malayalam/media/media_files/uploads/2019/03/mohanlal-vijay.jpg)
താൻ മോഹൻലാലിന്റെ വലിയൊരു ആരാധകനാണെന്ന് വെളിപ്പെടുത്തുകയാണ് മക്കൾ സെൽവൻ വിജയ് സേതുപതി. മോഹൻലാലിനോടുള്ള ആരാധനയോടെയും ആ അഭിനയം നേരിട്ട് കണ്ട് പഠിക്കാനുമായി കഴിഞ്ഞ ദിവസം രാമോജി ഫിലിംസിറ്റിയിലെ കുഞ്ഞാലിമരക്കാറിന്റെ ലൊക്കേഷനിൽ വിജയ് സേതുപതി നേരിട്ടെത്തി. ലൊക്കേഷനിൽ ഏറെ നേരം ചെലവഴിച്ച് മോഹൻലാലിന്റെ അഭിനയവും കണ്ടിട്ടാണ് വിജയ് സേതുപതി മടങ്ങിയത്. റാമോജി ഫിലിംസിറ്റിയിൽ വിജയ് സേതുപതിയെത്തിയ വിശേഷം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത് പ്രൊഡക്ഷൻ കൺട്രോളർ ആയ സിദ്ദു പനയ്ക്കലാണ്.
" ഇന്നലെ രാവിലെ രാമോജി ഫിലിംസിറ്റിയിൽ കുഞ്ഞാലിമരക്കാർ സെറ്റിന് പുറത്ത് ലാലേട്ടനെ കാത്ത് നിൽക്കുമ്പോൾ, ഒരു കാർ എന്നെയും കടന്നു മുന്നോട്ടു പോയി. നോക്കുമ്പോൾ ആ കാർ റിവേഴ്‌സ് വരുന്നു. കാറിൽ നിന്നിറങ്ങി വന്നത് ഫൈറ്റ് മാസ്റ്റർ അനൽ അരസ്സ്. ഇപ്പോൾ ഹിന്ദി, തമിഴ് സിനിമകളിലെ മുടിചൂടാമന്നൻ ആണ് അനൽ. വിജയ്സേതുപതിയുടെ ഷൂട്ടിനാണ് അനൽ മാസ്റ്റർ എത്തിയിരിക്കുന്നത്. മാസ്റ്റർ എന്നെയും വിളിച്ചു അവരുടെ സെറ്റിലേക്ക് പോയി. വിജയ്സേതുപതിയെ പരിചയപ്പെടുത്തി. ലാലേട്ടന്റെ പടത്തിന്റെ ഷൂട്ടാണ് നടക്കുന്നതെന്നറിഞ്ഞപ്പോൾ വിജയ് പറഞ്ഞു. എനക്ക് ഉടനെ അവരെ പാക്കണം സാർ, നാൻ അവരുടെ പെരിയഫാൻ," സിദ്ദു പനയ്ക്കൽ പറയുന്നു.
മോഹൻലാൽ ഇപ്പോൾ ഫ്രീയാണെന്നും കാരവാനിലുണ്ടെന്നും പറഞ്ഞെങ്കിലും 'തനിക്ക് കാരവാനിൽ അല്ല കാണേണ്ടത്, അദ്ദേഹം അഭിനയിക്കുന്നത് കാണണം, അത് കണ്ടു പഠിക്കണം, അഭിനയത്തിന്റെ സർവകലാശാലയാണ് അദ്ദേഹം' എന്നായിരുന്നു വിജയ് സേതുപതിയുടെ മറുപടിയെന്നും സിദ്ദു പനയ്ക്കൽ പറയുന്നു. വൈകീട്ട് ലൊക്കേഷനിലെത്തിയ വിജയ് സേതുപതി കുറെ നേരം ലാലേട്ടന്റെ അഭിനയം കണ്ടിട്ടാണ് മടങ്ങിയതെന്നും സിദ്ദു പറയുന്നു.
Read more: 'നന്മ നിറഞ്ഞവന്‍ സേതുപതി'; വിജയ് സേതുപതി രണ്ട് വെളളക്കടുവകളെ ദത്തെടുത്തു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.