ചെന്നൈ: തമിഴ് നടന് വിജയ് സേതുപതി രണ്ട് വെള്ളക്കടുവകളെ ദത്തെടുത്തു. വണ്ടല്ലൂരിലെ അരിഗ്നര് അണ്ണാ മൃഗശാലയില്‍ നിന്നാണ് അദ്ദേഹം കടുവകളെ ദത്തെടുത്തത്. മൃഗശാല സന്ദര്‍ശിച്ച സേതുപതി അഞ്ച് ലക്ഷം രൂപയുടെ ചെക്ക് കൈമാറി. അഞ്ച് വയസുളള ആണ് കടുവയായ ആദിത്യ, നാലര വയസുളള ആര്‍ഥി എന്നവയേയും ആണ് അദ്ദേഹം ദത്തെടുത്തതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
മൃഗശാല സന്ദര്‍ശിച്ച് മൃഗങ്ങള്‍ക്ക് വേണ്ടി തങ്ങളാല്‍ കഴിയുന്നത് എല്ലാവരും ചെയ്ത് കൊടുക്കണമെന്ന് സേതുപതി മാധ്യമങ്ങളോട് പറഞ്ഞു. ‘നഗരത്തില്‍ നില്ക്കുമ്പോള് തന്നെ കാട് സന്ദര്‍ശിച്ചത് പോലെയാണ് ഇവിടെ എത്തുമ്പോള്‍ തോന്നുക. ഇന്ത്യയിലെ മറ്റ് കാടുകളിലില്ലാത പല മൃഗങ്ങളും ഇവിടെ ഉണ്ട്. മൃഗങ്ങളുടെ നിഷ്കളങ്കത കാണുക എന്നതാണ് പ്രധാനപ്പെട്ടത്. നിങ്ങളുടെ കുട്ടികളേയും കൂട്ടി ഇവിടെ വരണം. എല്ലാവരും 5 ലക്ഷം രൂപ നല്‍കണം എന്നല്ല പറയുന്നത്. കഴിയുന്നത്ര മാത്രം നല്കിയാല് മതി,’ സേതുപതി പറഞ്ഞു.
രണ്ട് കടുവകളേയും പരിപാലിക്കുന്നതിനും ഭക്ഷണത്തിനുമായി പണം ചെലവഴിക്കുമെന്ന് മൃഗശാലാ അധികൃതര്‍ പറഞ്ഞു. നേരത്തേ തമിഴ് നടനായ ശിവകാര്‍ത്തികേയനും ഈ മൃഗശാലയിലെ ഒരു വെളളക്കടുവയെ ദത്തെടുത്തിരുന്നു. 10 മാസത്തേക്ക് അനു എന്ന കടുവയെ ആയിരുന്നു അദ്ദേഹം ദത്തെടുത്തത്. നേരത്തേ അദ്ദേഹം മൃഗശാലാ അധികൃതര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. ‘വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളെ സംരക്ഷിക്കുക എന്നത് എല്ലാ പൗരന്മാരുടേയും ഉത്തരവാദിത്തമാണ്. മൃഗശാലയിലുളള 174 തരം ജീവികളില്‍ ഒന്നിനെയെങ്കിലും നിങ്ങള്‍ ഓരോരുത്തരും ദത്തെടുക്കണം,’ നടന് പറഞ്ഞു.
Read more: ഇത്ര സിംപിളാണോ വിജയ് സേതുപതി; അതിശയിപ്പിക്കുന്ന കാഴ്ച!
10 വയസ് പ്രായമുളള കടുവയെ 2.12 ലക്ഷം രൂപ നല്‍കിയാണ് അദ്ദേഹം ദത്തെടുത്തിരുന്നത്. ദത്തെടുക്കുന്നയാള്‍ക്ക് മൃഗങ്ങളെ പരിപാലിക്കാനും മറ്റുമായി മൃഗശാലാ അധികൃതര്‍ ദിനവും അവസരം നല്‍കും. ഇവയ്ക്ക് ഭക്ഷണം നല്‍കാനും ദത്തെടുക്കുന്നയാളെ അനുവദിക്കും. 2006ലാണ് ഡല്‍ഹിയിലെ മൃഗശാലയില്‍ നിന്നും അനുവിനെ ചെന്നൈയില്‍ എത്തിക്കുന്നത്.
അനുവിനൊപ്പം ഭീഷ്മര്‍ എന്ന ആണ് കടുവയേയും പാര്‍പ്പിച്ചിരുന്നു. മൂന്ന് വര്‍ഷത്തിന് ശേഷം 2009ല്‍ അനു മൂന്ന് വെളളക്കടുവകള്‍ക്ക് ജന്മം നല്കി. അതില്‍ ഒന്ന് ആണും രണ്ടെണ്ണം പെണ്ണുമായിരുന്നു. 2009ല്‍ അവതരിപ്പിച്ചതാണ് മൃഗങ്ങളെ ദത്തെടുക്കാനുളള പദ്ധതി. ഇത് പ്രകാരം ആര്‍ക്ക് വേണമെങ്കിലും മൃഗങ്ങളുടെ ചെലവ് ഏറ്റെടുത്ത് അവയെ ദത്തെടുക്കാം.