/indian-express-malayalam/media/media_files/uploads/2023/07/Nayanthara.jpg)
നയൻതാരയും വിഘ്നേഷ് ശിവനും
തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും കരുത്തയായ സ്ത്രീ എന്നു വിശേഷിപ്പിക്കാവുന്ന വ്യക്തിത്വമാണ് നയൻതാരയുടേത്. ‘മനസ്സിനക്കരെ' എന്ന ചിത്രത്തിൽ നാടൻ പെൺകുട്ടിയായി എത്തി തെന്നിന്ത്യയുടെ സൂപ്പർ സ്റ്റാർ ആയി മാറിയ നയൻതാരയുടെ അഭിനയ ജീവിതം ഏതൊരാളെയും ഒരു സിനിമാക്കഥ പോലെ വിസ്മയിപ്പിക്കുന്ന ഒന്നാണ്.
'ലേഡി സൂപ്പർ സ്റ്റാർ' എന്നാണ് തമിഴ് മക്കൾ നയൻതാരയെ വിളിക്കുന്നത്, ഇടയ്ക്ക് സ്നേഹത്തോടെ 'നയന്‍സ്' എന്നും. നയൻസിന്റെ അഭിനയ മികവും കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പുമാണ് താരത്തിന്റെ ഈ ജനപ്രീതിയ്ക്കടിസ്ഥാനം.
ബോക്സ്ഓഫീസ് വിജയങ്ങള്‍ കൊയ്തെടുക്കുമ്പോഴും വ്യത്യസ്തമായ സിനിമകള്‍ക്ക് കൈകൊടുക്കാന്‍ മറന്നില്ല എന്നതാണ് നയന്‍താരയുടെ വിജയ രഹസ്യം. തെന്നിന്ത്യയില്‍ ഇന്ന് ഒരു നടിക്ക് ഒരു സിനിമയെ മുഴുവനായി ചുമലിലേറ്റാന്‍ കഴിയുമെങ്കില്‍ അത് നയന്‍താരയ്ക്ക് മാത്രമാണ്. തോല്‍വികള്‍ ഉണ്ടായില്ല എന്നല്ല, തോൽവികളെ അവര്‍ എങ്ങനെ മറികടന്നു എന്നതാണ് നയന്‍താരയെ സംബന്ധിച്ച് ശ്രദ്ധേയമായ വിഷയം.
ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനും ഇരട്ടകുട്ടികൾക്കുമൊപ്പം സന്തോഷകരമായൊരു ജീവിതം നയിക്കുകയാണ് നയൻതാര. കുടുംബജീവിതത്തിൽ കൂടൂതൽ അദ്ധ്യായങ്ങൾ തുറക്കുമ്പോഴും തൻെറ കരിയറിലും ശ്രദ്ധ പതിപ്പിച്ചാണ് നയൻതാരയുടെ പ്രയാണ്. ആറ്റ്ലി സംവിധാനം ചെയ്യുന്ന ഷാരൂഖ് ഖാൻ ചിത്രം 'ജവാനി'ൽ മുഖ്യവേഷത്തിലു നയൻതാരയും എത്തുന്നുണ്ട്. സെപ്തംബർ 7ന് ചിത്രം തിയേറ്ററുകളിലെത്തും.
നയൻതാരയെ കുറിച്ച് വിഘ്നേഷ് ശിവൻ പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. " ഞങ്ങൾ ചിലപ്പോൾ സിനിമയൊക്കെ കണ്ടിരുന്ന് രാത്രി വളരെ വൈകിയാവും ഭക്ഷണം കഴിക്കുക, 12 മണിയ്ക്കോ ഒരു മണിയ്ക്കോ ഒക്കെ. ഞാൻ കഴിച്ചുകഴിഞ്ഞാൽ ആ പാത്രങ്ങളെല്ലാം അവൾ തന്നെ ക്ലീൻ ചെയ്ത് വൃത്തിയാക്കി എടുത്തുവച്ചിട്ടേ ഉറങ്ങുകയുള്ളൂ. ഇതൊരു ചെറിയ വിഷയമായിരിക്കും. വീട്ടിൽ 10 പേര് ജോലിയ്ക്ക് നിൽക്കുന്നുണ്ട്. അവരോട് ആരോടെങ്കിലും എണീറ്റ് ജോലി ചെയ്യാൻ പറഞ്ഞാൽ അവർ ചെയ്യും. പക്ഷേ അവളത് ചെയ്യില്ല. തനിയെ ചെയ്യാനേ ശ്രമിക്കൂ. ഇത്തരത്തിലുള്ള ഒരുപാട് ചെറിയ കാര്യങ്ങൾ…. എല്ലാം ചേർത്തുവച്ചു നോക്കുമ്പോൾ നയനൊരു നല്ല സ്ത്രീയാണ്. അതിനാൽ ഈ ബന്ധം വളരെ ഈസിയായി പോവുന്നു."
എന്നാൽ ഈ വീഡിയോയ്ക്ക് താഴെ വിഘ്നേഷിനെ വിമർശിച്ചുകൊണ്ടുള്ള കമന്റുകളും കാണാം.
"എന്തൊരു അസംബന്ധമാണ്! ഒന്നുകിൽ നിങ്ങൾ നിങ്ങളുടെ പ്ലേറ്റ് സ്വയം കഴുകുക, അല്ലെങ്കിൽ സഹായികൾ ചെയ്യട്ടെ. നയൻതാര അതു ചെയ്യുന്നതിനെ ഗ്ലോറിഫൈ ചെയ്യരുത്."
"ഒന്നാമതായി, സ്വന്തം പ്ലേറ്റ് നിങ്ങൾ കഴുകുന്നില്ല എന്നത് തന്നെ ദയനീയമാണ്! എന്നിട്ട് നിങ്ങൾ പറയുന്നത്, ഇങ്ങനെയുള്ള സ്ത്രീകൾ ഉള്ളത് നിങ്ങൾക്ക് എളുപ്പമാണെന്ന്?" ഇങ്ങനെ പോവുന്നു വിഘ്നേഷിനെ വിമർശിച്ചുകൊണ്ടുള്ള കമന്റുകൾ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.