ഒക്‌ടോബർ 9നാണ് നയൻതാരയും വിഘ്‌നേഷും തങ്ങളുടെ ഇരട്ടകുട്ടികളായ ഉയിരിനെയും ഉലകത്തെയും സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുത്തിയത്. വാടക ഗർഭധാരണത്തിലൂടെയായിരുന്നു കുഞ്ഞുങ്ങളുടെ ജനനം. ക്രിസ്മസ്, ദീപാവലി തുടങ്ങിയ ആഘോഷങ്ങൾക്കെല്ലാം കുഞ്ഞുങ്ങൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ഇരുവരും ആരാധകർക്ക് ആശംസകളറിയിച്ചിരുന്നു. എന്നാൽ ഇതുവരെ കുട്ടികളുടെ മുഖം വ്യക്തമാക്കിയിരുന്നില്ല. മാതൃദിനത്തിലും നയൻതാരയ്ക്ക് ആശംസയറിയിച്ച് വിഘ്നേഷ് ചിത്രങ്ങൾ ഷെയർ ചെയ്തിരുന്നു. ഈ ചിത്രങ്ങളിൽ കുഞ്ഞുങ്ങളുടെ മുഖവും താരങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ്.
“പ്രിയപ്പെട്ട നയൻ, അമ്മ എന്ന നിലയിൽ ഞാൻ നിനക്ക് പത്തിൽ പത്തു മാർക്കും തരും. നിന്നോടുള്ള സ്നേഹം ഞാൻ അറിയിക്കുന്നു. നിന്റെ ആദ്യത്തെ മാതൃദിനമാണിത്, നമ്മുടെ സ്വപ്നം യാഥാർത്ഥ്യമായിരിക്കുന്നു. ഇത്രയും നല്ല കുഞ്ഞുങ്ങളെ ഞങ്ങൾക്കു സമ്മാനിച്ചതിനു ദൈവത്തോട് നന്ദി പറയുന്നു. എന്റെ ഉയിരുലകിനൊപ്പം എന്റെ ഉയിരും ഉലകും” വിഘ്നേഷ് കുറിച്ചു.
-
വിഘ്നേഷ് ശിവൻ/ ഇൻസ്റ്റഗ്രാം
-
വിഘ്നേഷ് ശിവൻ/ ഇൻസ്റ്റഗ്രാം
-
വിഘ്നേഷ് ശിവൻ/ ഇൻസ്റ്റഗ്രാം
ബാൽക്കണിയിൽ ഇരുന്ന് കുഞ്ഞുങ്ങളെ കളിപ്പിക്കുന്ന നയൻതാരയെ ചിത്രങ്ങളിൽ കാണാം. ഈ ലോകത്തെ ഏറ്റവും ഭാഗ്യം ചെയ്ത കുഞ്ഞുങ്ങൾ, കുട്ടികളുടെ മുഖം കുറച്ച് കൂടി വ്യക്തമാക്കാമായിരുന്നു തുടങ്ങിയ കമന്റുകളാണ് ചിത്രങ്ങൾക്കു താഴെ നിറയുന്നത്.
“നയനും ഞാനും അമ്മയും അപ്പയും ആയി. ഇരട്ടക്കുട്ടികളാൽ ഞങ്ങൾ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ പ്രാർത്ഥനകളും, പൂർവ്വികരുടെ അനുഗ്രഹങ്ങളും, നന്മകളും ചേർന്ന്, അനുഗ്രഹീതരായ കുഞ്ഞുങ്ങളുടെ രൂപത്തിൽ വന്നിരിക്കുന്നു. ഞങ്ങളുടെ ഉയിരിനും ഉലകത്തിനും എല്ലാവരുടെയും അനുഗ്രഹം വേണം. ജീവിതം കൂടുതൽ ശോഭയുള്ളതും മനോഹരവുമാണ്,” കുഞ്ഞുങ്ങൾ പിറന്ന വിവരം വിഘ്നേഷ് അറിയിച്ചതിങ്ങനെയായിരുന്നു.
ഏഴു വര്‍ഷത്തെ പ്രണയത്തിനു ശേഷം 2022 ജൂണ്‍ 9 നാണ് വിഘ്‌നേഷ് നയന്‍താരയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. കുടുംബജീവിതത്തിൽ കൂടൂതൽ അദ്ധ്യായങ്ങൾ തുറക്കുമ്പോഴും തൻെറ കരിയറിലും മികച്ച മുന്നേറ്റങ്ങൾക്കായി ഒരുങ്ങുകയാണ് നയൻതാര. അറ്റ്ലി സംവിധാനം ചെയ്യുന്ന ഷാരൂഖ് ഖാൻ ചിത്രം ‘ജവാനി’ൽ മുഖ്യവേഷത്തിൽ നയൻതാരയും എത്തുന്നുണ്ട്. സെപ്തംബർ 7ന് ചിത്രം തിയേറ്ററുകളിലെത്തും.