/indian-express-malayalam/media/media_files/uploads/2021/01/prem-nazir.jpg)
വിടവാങ്ങി മൂന്ന് പതിറ്റാണ്ടുകൾക്കിപ്പുറവും മലയാളികളുടെ റൊമാന്റിക് സങ്കൽപ്പത്തിലെ നിത്യഹരിത നായകനാണ് പ്രേം നസീർ. മലയാള സിനിമയിൽ നസീറില്ലാത്ത 32 വർഷങ്ങൾ. 1989 ജനുവരി 16നാണ് ഇന്ത്യൻ സിനിമാ പ്രേമികളെ ദുഃഖത്തിലാഴ്ത്തി പ്രേം നസീർ എന്ന താരം മറഞ്ഞത്.
Read More: കടൽ തിരകളോട് കിന്നാരം പറഞ്ഞ് അഹാന; മനോഹരമായ വീഡിയോ
1972 ൽ പ്രേം നസീറുമായി നടത്തിയ അഭിമുഖത്തിലെ രസകരമായ സംഭാഷണമാണ് ജമാൽ കൊച്ചങ്ങാടി ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്. പ്രേം നസീറിന്റെ സൗന്ദര്യത്തിന്റെ രഹസ്യം എന്താണെന്നായിരുന്നു ചോദ്യം,
'കൈക്കുഞ്ഞായിരിക്കേ തനിക്ക് അപൂർവ രോഗം ബാധിച്ചിരുന്നുവെന്നും അതിന് ചിറയൻകീഴിലെ വൈദ്യൻ നിർദേശിച്ച അപൂർവ മരുന്നായിരിക്കാം തന്റെ സൗന്ദര്യത്തിന്റെ കാരണമെന്നും' പ്രേം നസീർ പറയുന്നു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:
"താങ്കളുടെ സൗന്ദര്യത്തിന്റെ രഹസ്യമെന്താണ്?" 1972 ൽ ഒരഭിമുഖത്തിനിടെ ഞാൻ ചോദിച്ചു.
"ഞാൻ ഒരനുഭവകഥ പറയാം" പ്രേംനസീർ സാർ തുടങ്ങി.
"ഞാൻ കൈക്കുഞ്ഞായിരിക്കെ ഒരപൂർവ്വരോഗം ബാധിച്ചു. ചിറയിൻ കീഴിലെ ഒരു വൈദ്യരെ കാണിച്ചു. അപൂർവ്വ രോഗത്തിന് അപൂർവ്വമായ മരുന്നാണ് അദ്ദേഹം നിർദ്ദേശിച്ചത്. നിർദ്ദിഷ്ട അളവിലുള്ള മുലപ്പാലിലാണ് അതുണ്ടാക്കേണ്ടത്. ഉമ്മയുടെ പാലു മാത്രം പോരാ. ഗ്രാമത്തിൽ പ്രസവിച്ചു കിടന്ന പല അമ്മമാരിൽ നിന്നാണ് ഔഷധത്തിനുള്ള മുലപ്പാൽ ശേഖരിച്ചത്. അതോടെ രോഗം മാറി. പിന്നീട് സാരമായ രോഗമൊന്നും എന്നെ ബാധിച്ചിട്ടില്ല. ഒരു പക്ഷെ അതുകൊണ്ടാവും ഞാൻ ഇങ്ങനെ ഇരിക്കുന്നത്."
പിന്നെ ചിരിച്ചു കൊണ്ട് തുടർന്നു: "ഇപ്പോൾ ഞാൻ ചിറയിൻ കീഴിൽ ചെല്ലുമ്പോൾ ആ അമ്മമാർ - അവരൊക്കെ ഇപ്പോൾ മുത്തശ്ശികളാണ് - എന്നെ വന്നു കാണാറുണ്ട്. അവർ പറയും: എന്റെ പാലല്യോ കുഞ്ഞുന്നാളിൽ കുടിച്ചത്."
മുത്തശ്ശികളുടെ സ്വരത്തിൽ അഭിനയിച്ചുകൊണ്ടാണ് അദ്ദേഹം അത് പറഞ്ഞതെന്നും ഞാൻ ഓർക്കുന്നു "ഞാനന്നേരം അവർക്കെന്തെങ്കിലും പൈസ കൊടുക്കും. അവർക്കും എനിക്കും സന്തോഷമാകും."
പ്രേംനസീർ ഓർമ്മ ദിനത്തിൽ
ഒരു ഓർമ്മപ്പൊട്ട്
തിരുവിതാംകൂറിലെ ചിറയന്‍കീഴില്‍ അക്കോട് ഷാഹുല്‍ ഹമീദിന്‍റെയും അസുമ ബീവിയുടെയും മകനായി 1926 ഏപ്രില്‍ 7നാണ് അദ്ദേഹം ജനിച്ചത്. അബ്ദുള്‍ ഖാദര്‍ എന്നായിരുന്നു അദ്ദേഹത്തിന്‍റെ യഥാര്‍ത്ഥ പേര്. 1952ലാണ് അദ്ദേഹത്തിന്റെ ആദ്യചിത്രം പുറത്തിറങ്ങിയത്. എക്സല്‍ കമ്പനിയുടെ മരുമകള്‍ എന്ന സിനിമ. രണ്ടാമത്തെ ചിത്രം വിശപ്പിന്റെ വിളി. ഉദയായുടേയും മേരിലാന്റിന്റെയും സിനിമകളിലൂടെയാണ് നസീര്‍ മലയാളത്തിലെ നിത്യ ഹരിത നായകനായത്. മലയാളത്തിന് പുറമെ 37 തമിഴ് ചിത്രങ്ങളിലും ഏഴ് തെലുങ്കു ചിത്രങ്ങളിലും രണ്ട് കന്നഡ ചിത്രത്തിലും അദ്ദേഹം അഭിനയച്ചിട്ടുണ്ട്.
520 സിനിമകളിൽ നായകനായതിനും 130 സിനിമകളിൽ ഒരേ നായികയുമൊത്ത് അഭിനയിച്ചതിനും അദ്ദേഹത്തിന് ഗിന്നസ് റെക്കോര്‍ഡ് ലഭിച്ചിട്ടുണ്ട്. പ്രേം നസീറും ഷീലയും ഒന്നിച്ചാണിത്. ജയഭാരതിയാണ് പ്രേം നസീറിനൊപ്പം ഏറ്റവും കൂടുതൽ അഭിനയിച്ച മറ്റൊരു നടി. ധ്വനിയാണ് അദ്ദേഹം ഒടുവിൽ അഭിനയിച്ച ചിത്രം. ലാൽ അമേരിക്കയിൽ, കടത്തനാടൻ അമ്പാടി എന്നിങ്ങനെയുള്ള അദ്ദേഹം അഭിനയിച്ച സിനികമൾ അദ്ദേഹത്തിന്‍റെ മരണശേഷമാണ് പുറത്തിറങ്ങിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us