/indian-express-malayalam/media/media_files/uploads/2019/02/uyare.jpg)
ആസിഡ് ആക്രമണത്തിന് ഇരയായ പെൺകുട്ടിയുടെ ജീവിതം പ്രമേയമാക്കി അണിയറയിൽ ഒരുങ്ങുന്ന ‘ഉയരെ’യുടെ ഫസ്റ്റ് ലുക്ക് റിലീസായി ആസിഡ് ആക്രമണത്തെ അതിജീവിച്ച പല്ലവി എന്ന പെണ്‍കുട്ടിയായി പാര്‍വ്വതി എത്തുന്ന ചിത്രത്തില്‍ ടൊവിനോ തോമസ്, ആസിഫ് അലി എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ടൊവിനോ ആണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ചിരിക്കുന്നത്.
നവാഗതനായ മനു അശോകനാണ് 'ഉയരെ'യുടെ സംവിധായകൻ. അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയുടെ അസോസിയേറ്റ് ആയിരുന്നു മനു അശോകന്‍. ബോബി-സഞ്ജയ് ടീമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പാർവതിയുടെ അച്ഛന്റെ വേഷത്തിൽ രഞ്ജി പണിക്കറും ചിത്രത്തിലുണ്ട്. പ്രതാപ് പോത്തന്‍, പ്രേം പ്രകാശ് എന്നിവരാണ് മറ്റു താരങ്ങൾ. കൊച്ചി, മുംബൈ, ആഗ്ര എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ് ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം നിര്‍മ്മിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ നിര്‍മ്മാണചുമതല പി വി ഗംഗാധരന്റെ മക്കളായ ഷേനുഗ, ഷേഗ്ന, ഷേർഗ എന്നിവര്‍ക്കാണ്.
'ഉയരെ' ടീമിന് ആശംസകൾ നേർന്ന് മഞ്ജുവാര്യരും രംഗത്തുണ്ട്. രാജേഷ് പിള്ളയെ അനുസ്മരിക്കുന്നതിനൊപ്പം അദ്ദേഹത്തിന്റെ സഹസംവിധായകൻ ആയിരുന്നു മനു അശോകൻ രാജേഷ് പിള്ളയ്ക്ക് സ്വന്തം സഹോദരനെ പോലെ ആയിരുന്നെന്നും മനു സ്വതന്ത്രസംവിധായകൻ ആയി വളരുന്നത് കാണാൻ രാജേഷ് ഏറെ ആഗ്രഹിച്ചിരുന്നെന്നും മഞ്ജുവാര്യർ കൂട്ടിച്ചേർക്കുന്നു.
" കടന്നു വന്ന വഴികളിൽ പലപ്പോഴും ഉണ്ടായ ചില മടങ്ങിപ്പോക്കുകളെ വേദനയോടെ അല്ലാതെ ഓർമിക്കുവാൻ കഴിയാറില്ല. മൂന്നു വർഷങ്ങൾക്ക് മുൻപ് ഒരു ഫെബ്രുവരി ഇരുപത്തി ഏഴിനാണ് നമുക്ക് രാജേഷ് പിള്ള എന്ന ആ അമൂല്യ കലാകാരനെ നഷ്ടമാകുന്നത്. അദ്ദേഹത്തിന്റെ അവസാന സിനിമയായ വേട്ടയുടെ സഹാസംവിധായകൻ മനു അശോകൻ അദ്ദേഹത്തിന് സ്വന്തം സഹോദരൻ തന്നെ ആയിരുന്നു. സ്വതന്ത്ര സംവിധായകൻ ആയി മനു വളരുന്നത് കാണാൻ രാജേഷ് വളരെ ആഗ്രഹിച്ചിരുന്നു. ‘ഉയരെ' എന്ന സിനിമയിലൂടെ മനു സ്വാതന്ത്രസംവിധായകനായി മലയാള സിനിമയിലേക്ക് കടന്നു വരികയാണ്. തന്റെ ഗുരുവിന് , അദ്ദേഹത്തിന്റെ ഓർമ ദിവസത്തിൽ ഇങ്ങനെ ഒരു സ്‌മരണാഞ്ജലി നൽകുന്നത് അത് കൊണ്ട് തന്നെ വിലമതിക്കാൻ ആവാത്ത ഒന്നാകുന്നു. ഒരുപാട് സന്തോഷത്തോടെ നിങ്ങളുമായി പങ്കു വെക്കട്ടെ, ഉയരെയുടെ ഫസ്റ്റ് ലുക്ക് ഒഫീഷ്യൽ പോസ്റ്റർ. ഒരുപാട് നല്ല സിനിമകൾ നമുക്ക് സമ്മാനിച്ച ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ അമരക്കാരൻ പി.വി.ഗാംഗധാരൻ സാറിന്റെ മൂന്നു പെണ്മക്കൾ സിനിമ നിർമാണത്തിലേക്ക് കടന്നു വരുന്നു എന്ന പ്രത്യേകത കൂടി ഈ സിനിമക്കുണ്ട്. എസ്.ക്യൂബ് ഫിലിംസിനും, പ്രിയപ്പെട്ട മനുവിനും, ക്യാമറക്കു മുന്നിലും പിന്നിലും പ്രവർത്തിക്കുന്ന എല്ലാ പ്രിയപ്പെട്ടവർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ. ഇനിയും നമുക്ക് രാജേഷിനെ നമ്മളോട് ചേർത്ത് നിർത്താം, നല്ല സിനിമകളിലൂടെ ഓർമ്മിച്ചുകൊണ്ടേ ഇരിക്കാം," മഞ്ജു വാര്യർ കുറിക്കുന്നു.
പല്ലവി എന്ന ശക്തമായ കഥാപാത്രത്തെയാണ് ചിത്രത്തിൽ പാർവ്വതി അവതരിപ്പിക്കുന്നത്. കഥാപാത്രമാകുന്നതിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി പാര്‍വ്വതി ആഗ്രയിലെ ‘ഷീറോസ്’ കഫെയില്‍ എത്തിയിരുന്നു. ആസിഡ് ആക്രമണത്തെ അതിജീവിച്ച ഒരു കൂട്ടം സ്ത്രീകളാണ് ഇതിന്റെ നടത്തിപ്പുകാര്‍. അവരുടെ ജീവിതം പഠിക്കാനായാണ് പാര്‍വ്വതി ഷീറോസില്‍ എത്തിയത്. “ഷീറോസില്‍ നിന്നും കിട്ടിയ പിന്തുണയ്ക്കും അനുഗ്രഹത്തിനും അകമഴിഞ്ഞ നന്ദിയുണ്ട്. ആസിഡ് ആക്രമണത്തില്‍ ജീവന്‍ വെടിഞ്ഞവര്‍ പലരുണ്ടെങ്കിലും അതിലെ അതിജീവിച്ചവരാണ് കൂടുതല്‍. അത്തരത്തില്‍ ഉള്ള ദൃഢവിശ്വാസത്തിൽ നിന്നും പിറന്നതാണ് പല്ലവി. ഈ ശക്തിയെ സ്‌ക്രീനില്‍ അവതരിപ്പിക്കാന്‍ കിട്ടിയ അവസരത്തിന് ഞാന്‍ കടപ്പെട്ടിരിക്കുന്നു”, പാര്‍വ്വതി ഫേസ്ബുക്കില്‍ കുറിച്ചു. ഷീറോസും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളില്‍ ഒന്നാണ്. മുൻപ് ചിത്രത്തിന്റെ മോഷൻ പോസ്റ്ററും ടൊവിനോ റിലീസ് ചെയ്തിരുന്നു.
Read more: 'ഉയരെ' സെറ്റിൽ ക്രിസ്‌മസ് ആഘോഷിച്ച് ടൊവിനോ, ഒപ്പം ചേർന്ന് പാർവ്വതിയും
മലയാളത്തിൽ 'ഉയരെ' ഒരുങ്ങുമ്പോൾ തന്നെ ബോളിവുഡിലും ആസിഡ് ആക്രമണം ഇതിവൃത്തമായി ഒരു ചിത്രം ഒരുങ്ങുന്നുണ്ട്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാള്‍ എന്ന യുവതിയുടെ ജീവിതത്തെ ആസ്പദമാക്കി മേഘ്‌ന ഗുല്‍സാര്‍ ആണ് ചിത്രമൊരുക്കുന്നത്. ദീപിക പദുക്കോണാണ് ചിത്രത്തിലെ നായിക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us