‘ഉയരെ’ സിനിമയുടെ ഷൂട്ടിങ് സെറ്റിൽ കുടുംബത്തിനൊപ്പം ക്രിസ്മസ് ആഘോഷിച്ച് ടൊവിനോ തോമസ്. ‘എന്റെ ഉമ്മാന്റെ പേര്’ എന്ന ചിത്രത്തിനുശേഷം ടൊവിനോ അഭിനയിക്കുന്ന സിനിമയാണിത്. പാർവ്വതി, ആസിഫ് അലി എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.

ക്രിസ്മസ് ആഘോഷത്തിൽനിന്നുളള രസകരമായ നിമിഷങ്ങൾ കോർത്തിണക്കിയ വീഡിയോ ടൊവിനോ തന്റെ ഫെയ്സ്ബുക്ക് പേജിൽ ഷെയർ ചെയ്തിട്ടുണ്ട്. പാർവ്വതിയുടെ തമാശകളും വീഡിയോകൾ കാണാം.

ആസിഡ് ആക്രമണത്തിന് ഇരയായ പെൺകുട്ടിയുടെ ജീവിതം പ്രമേയമാക്കിയാണ് ‘ഉയരെ’ സിനിമ ഒരുങ്ങുന്നത്. നവാഗതനായ മനു അശോകനാണ് സിനിമയുടെ സംവിധായകൻ. തിരക്കഥ ബോബി-സഞ്ജയ് ടീമിന്റേതാണ്. പല്ലവി എന്ന ശക്തയായ സ്ത്രീ കഥാപാത്രത്തെയാണ് പാർവ്വതി അവതരിപ്പിക്കുന്നത്. പാർവതിയുടെ അച്ഛന്റെ വേഷത്തിൽ രഞ്ജി പണിക്കർ എത്തുന്നുണ്ട്. പ്രതാപ് പോത്തന്‍, പ്രേം പ്രകാശ് എന്നിവരാണ് മറ്റു താരങ്ങൾ.

ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാള്‍ എന്ന യുവതിയുടെ ജീവിതത്തെ ആസ്പദമാക്കി ബോളിവുഡില്‍ മേഘ്‌ന ഗുല്‍സാര്‍ സിനിമ ഒരുക്കുന്നുണ്ട്. ദീപിക പദുക്കോണാണ് ചിത്രത്തിലെ നായിക. എന്നാല്‍ ‘ഉയരെ’ എന്ന ചിത്രം യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയല്ല ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

മലയാളത്തിലെ പ്രധാനപ്പെട്ട പ്രൊഡക്ഷന്‍ ബാനറുകളില്‍ ഒന്നായ ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ് ചെറിയ ഒരിടവേളയ്ക്ക് ശേഷം തിരിച്ചു വരുന്നു എന്നൊരു പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ സാരഥിയായ പി.വി.ഗംഗാധരന്റെ മക്കളായ ഷെനുക, ഷെഗ്‌ന, ഷെര്‍ഗ എന്നിവരാണ് എസ്. ക്യൂബ് ഫിലിംസിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നത്. ഇവരുടെ ആദ്യ ചിത്രമാണിത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook