/indian-express-malayalam/media/media_files/uploads/2019/06/darsana-rajendran.jpg)
'ബാവ്‌രാ മന്‍ ദേഖ്‌നേ ചലാ ഏക് സപ്‌നാ...' ഈ പാട്ട് കേള്‍ക്കുമ്പോള്‍ മലയാളികളുടെ മനസിലേക്ക് ആദ്യമെത്തുന്ന ഒരു മുഖമുണ്ട്. 'മായാനദി'യിലെ ബാൽക്കണി പാട്ട്. പ്രിയകൂട്ടുകാരികൾക്ക് സാന്ത്വനമേകാനായി സ്വയം ലയിച്ച് ദർശന പാടുകയാണ്. സിനിമയ്ക്ക് ഒപ്പം ദർശനയും ദര്‍ശനയുടെ പാട്ടും ഹിറ്റായി. പിന്നീട് 'വൈറസ്' ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലും ദര്‍ശന വന്ന് മുഖം കാണിച്ചു പോയി. അപ്പോഴെല്ലാം ഹൃദയത്തോട് ഏറെ ചേര്‍ത്ത് നിര്‍ത്തുന്ന നാടക രംഗത്ത് സജീവമായിരുന്നു ഈ പെണ്‍കുട്ടി. അഭിനയം, ഇഷ്ടങ്ങള്‍, പ്രിയപ്പെട്ടവര്‍; ഇന്ത്യൻ എക്സ്‌പ്രസ്സ് മലയാളത്തോട് മനസ്സ് തുറക്കുകയാണ് ദർശന രാജേന്ദ്രൻ.
അഭിനയത്തിലേക്കുള്ള വഴി
കലയെ പ്രോത്സാഹിപ്പിച്ചിരുന്ന ഒരു കുടുംബത്തിലാണ് ഞാന്‍ ജനിച്ചതും വളര്‍ന്നതും. ചെറുപ്പം മുതൽ സംഗീതത്തോടായിരുന്നു താത്പര്യം. കോളേജില്‍ പഠിക്കുന്ന സമയത്തും നാടകങ്ങളൊക്കെ കാണുമെങ്കിലും ഒരിക്കലും അതിന്റെ ഭാഗമായിരുന്നില്ല. ചേച്ചി അഭിനയിക്കുമായിരുന്നു. ചെന്നൈയില്‍ എത്തുന്നതു വരെ അഭിനയമെന്നത് എനിക്ക് എത്തിപ്പിടിക്കാവുന്ന ഒന്നേ അല്ലായിരുന്നു. ചെന്നൈ നഗരത്തില്‍ ഞാന്‍ തീര്‍ത്തും പുതിയൊരു ആളായിരുന്നു. അവിടെ എനിക്കൊരു സുഹൃത്തുണ്ടായിരുന്നു. അവന്‍ നാടകങ്ങളൊക്കെ ചെയ്യുമായിരുന്നു. ഓഡീഷനായി പുള്ളിയാണെന്നെ ഒരു സ്ഥലത്തേക്ക് വിളിച്ചത്. അതായിരുന്നു തുടക്കം. പിന്നീട് ഓരോ നാടകങ്ങള്‍ കഴിയുമ്പോഴും അടുത്തതിന്റെ ഭാഗമായി തുടങ്ങി. മറ്റുള്ളതില്‍ നിന്നെല്ലാം ബ്രേക്ക് എടുത്ത് ഇപ്പോള്‍ നാടകത്തില്‍ മാത്രം ശ്രദ്ധിക്കുന്നു. മറ്റൊന്നും എനിക്ക് ഇത്രയും സന്തോഷം നല്‍കുന്നില്ല.
കുട്ടികളുമായി ഇടപഴകാനുള്ള ഇഷ്ടം
കുട്ടികളുമായി വര്‍ക്ക് ചെയ്യാന്‍ എനിക്ക് വളരെ ഇഷ്ടമാണ്. ആദ്യമായി കുട്ടികള്‍ക്കു വേണ്ടി ചെയ്ത ഒരു നാടകമാണ് ആ ലോകത്തേക്ക് എനിക്കൊരു വാതില്‍ തുറന്ന് തന്നത്. അവര്‍ക്കൊപ്പം ചെലവഴിക്കുന്ന സമയം ഞാന്‍ ശരിക്കും ആസ്വദിക്കുന്നുണ്ട് എന്നെനിക്ക് തോന്നി തുടങ്ങി. അങ്ങനെയാണ് സ്‌റ്റോറി ടെല്ലിങ് എന്ന ആശയത്തിലേക്ക് എത്തുന്നത്. ഇപ്പോള്‍ കുറച്ചുകൂടി ഔദ്യോഗികമായി കുട്ടികളുടെ ഒരു പ്രസിദ്ധീകരണവുമായി സഹകരിച്ച് അവരുടെ കഥകള്‍ കുട്ടികളിലേക്ക് എത്തിച്ച് അത് അവര്‍ക്ക് പറഞ്ഞു കൊടുക്കാന്‍ തുടങ്ങി. പിന്നെ തിയേറ്റര്‍ വര്‍ക്ക് ഷോപ്പ്.
Read More: 'മായാനദി' മുതൽ 'വൈറസ്' വരെ; ദർശന രാജേന്ദ്രൻ പറയുന്നു
സിനിമ, സംഗീതം, നാടകം
മൂന്നും മൂന്ന് തരത്തില്‍ എന്നെ സന്തുഷ്ടയാക്കുന്നുണ്ട്. ഏതാണ് കൂടുതല്‍ ഇഷ്ടം എന്ന് ചോദിച്ചാല്‍ പറയാന്‍ ബുദ്ധിമുട്ടാണ്, എങ്കിലും ഞാന്‍ നാടകം തിരഞ്ഞെടുക്കും. സ്റ്റേജില്‍ നില്‍ക്കുമ്പോള്‍ അത് മറ്റൊരു ജീവിതമാണ്.
ഒടുവില്‍ കണ്ട സിനിമ
അവസാനം കണ്ടത് 'വൈറസ്' തന്നെയായിരുന്നു. അതിന് മുമ്പ് 'തൊട്ടപ്പന്‍' കണ്ടു. ഞാന്‍ ഒരു വിധം എല്ലാം സിനിമകളും കാണാന്‍ ശ്രമിക്കാറുണ്ട്.
വരാനിരിക്കുന്ന സിനിമകള്‍
നിലവില്‍ 'എ വെരി നോര്‍മല്‍ ഫാമിലി' എന്ന നാടകം റണ്‍ ചെയ്തുകൊണ്ടിരിക്കുന്നു. സിനിമകള്‍ പലതും ഡിസ്‌കഷന്‍ നടക്കുന്നുണ്ടെങ്കിലും ഒന്നും സൈന്‍ ചെയ്തിട്ടില്ല. രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖത്തിലാണ് നിലവില്‍ അഭിനയിക്കുന്നത്. കണ്ണൂരും കൊച്ചിയിലുമായാണ് തുറമുഖത്തിന്റെ ചിത്രീകരണം നടക്കുന്നത്.
വെറുതേയിരിക്കുമ്പോള്‍ മൂളുന്ന പാട്ട്
കുറേ കാലത്തേക്ക് അത് ബാവ്‌രാ മന്‍ ആയിരുന്നു. അത് വളരെ മുമ്പ് മുതലേ അങ്ങനെ ആയിരുന്നു. പിന്നെ ആജ് ജാനേ കി സിദ് നാ കരോ, ഫൂലോം കി രംഗ് സേ, കണ്ണാംതുമ്പീ അങ്ങനെ കുറച്ച് പാട്ടുകളുണ്ട്. ഇതൊക്കെയാണ് എന്റെ ഗോ ടൂ സോങ്‌സ്. പിന്നെ പുതിയ ഏതെങ്കിലും പാട്ടിറങ്ങി അതെനിക്ക് ഇഷ്ടപ്പെട്ടാല്‍ ഞാനത് ആവര്‍ത്തിച്ച് കേട്ടും പാടിയുമിരിക്കും. കുറേദിവസത്തേക്ക് അതുമാത്രമായിരിക്കും കേള്‍ക്കുക.
ഇഷ്ടതാരങ്ങള്‍
സ്മിത പാട്ടീല്‍. ഞാന്‍ അവരുടെ സിനിമകള്‍ ഒരുപാട് ഇരുന്ന് കാണും. അവര്‍ക്കൊപ്പം സിനിമ ചെയ്യാന്‍ സാധിച്ചിരുന്നു എങ്കില്‍ എന്ന് ആഗ്രഹിച്ചിട്ടുണ്ട്. പിന്നെ ഷബാന ആസ്മി, നന്ദിത ദാസ്, ശോഭന, രേവതി ഒരുപാട് പേരുണ്ട്. പണ്ടത്തെ ഏത് മലയാളം സിനിമ എടുത്ത് നോക്കിയാലും ഒരുപാട് അഭിനേതാക്കളുണ്ട് നമുക്ക് ആരാധന തോന്നിയിട്ടുള്ളവര്‍. നടന്മാരില്‍ സൗബിന്‍ ഷാഹിറിനെ വലിയ ഇഷ്ടമാണ്. അയാളില്‍ എന്തോ മാജിക് ഉണ്ടെന്ന് തോന്നിയിട്ടുണ്ട്.
മമ്മൂട്ടിയോ മോഹന്‍ലാലോ?
അത് പറയാന്‍ ബുദ്ധിമുട്ടാണ്. രണ്ടു പേരുടേയും ഇഷ്ടമുള്ള ഒരുപാട് സിനിമകള്‍ ഉണ്ട്.
രാജീവ് രവിയോ ആഷിഖ് അബുവോ
അയ്യോ അത് ഞാന്‍ തിരഞ്ഞെടുക്കില്ല
അപ്പുവോ സമീറയോ?
അപ്പുവിന്റെ സുഹൃത്താവുന്നതിന് മുമ്പ് ഞാന്‍ സമീറയുടെ സുഹൃത്തായിരുന്നു. പക്ഷെ സമീറയേയും അപ്പുവിനേയും എനിക്ക് ഇഷ്ടമാണ്.
കുടുംബവുമായി ഏറെ അടുപ്പം
വീട്ടുകാരുമായി വളരെ അറ്റാച്ച്ഡ് ആണ്. എനിക്ക് തോന്നുന്നു ഞങ്ങള്‍ നാല് പേരും നാല് ഭാഗങ്ങളിലായതു കൊണ്ടാണ് ഇത്ര അടുപ്പം എന്ന്. ഒരു സമയത്ത് അച്ഛന്‍ സൗദിയിലും അമ്മ നാട്ടിലും ചേച്ചി ലണ്ടനിലും ഞാന്‍ ഡല്‍ഹിയിലുമായിരുന്നു. അതുകൊണ്ടു തന്നെ ഒരുമിച്ചുള്ള സമയങ്ങള്‍ ഞങ്ങള്‍ ഒരുപാട് ആസ്വദിക്കാറുണ്ട്.
ദര്‍ശനയെ വിളിച്ചാല്‍ കിട്ടില്ലെന്ന് അമ്മയ്ക്ക് പരാതി
അമ്മ വിളിച്ചാല്‍ ചിലപ്പോള്‍ കിട്ടില്ല(ചിരി). അങ്ങനെയൊന്നും ഇല്ല. ഒരു മാസത്തില്‍ നിങ്ങള്‍ പത്തു ദിവസം തിരക്കിലാണെങ്കില്‍ ആ പത്തു ദിവസമായിരിക്കും എല്ലാവരും നിങ്ങളെ വിളിക്കാനും സംസാരിക്കാനും ശ്രമിക്കുക. ബാക്കി 20 ദിവസവും ഒന്നും ചെയ്യാനുണ്ടാക്കില്ല. ശരിയാണ്, ഞാനെപ്പോഴും തിരക്കിലായിരിക്കാന്‍ ശ്രമിക്കാറുണ്ട്.
പാതിരാത്രി രണ്ടു മണിക്കും വിളിക്കാവുന്ന സുഹൃത്ത്
എനിക്ക് വളരെ അടുത്ത കുറച്ച് പെണ്‍ സുഹൃത്തുക്കളുണ്ട്. എന്തിനും ഏതിനും ഓടിച്ചെല്ലാവുന്നവര്‍. അതില്‍ കോളേജില്‍ നിന്നുള്ളവരുണ്ട്, ചെന്നൈയില്‍ നിന്നുള്ളവരുമുണ്ട്. ഏത് അവസ്ഥയിലും എനിക്കവരെ ധൈര്യമായി വിളിക്കാം.
പ്രണയം
പിന്നെ, കുറേ പ്രേമിച്ചിട്ടുണ്ട്. എന്റെ ലോകം, ഞാന്‍ ജീവിക്കുന്ന ഇടം എനിക്കെത്രത്തോളം പ്രധാനമാണെന്ന് മനസിലാക്കുകയും അതിനെ ബഹുമാനിക്കുകയും എന്റെ കുടുംബത്തിനേയും എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ആളുകളേയും ഒക്കെ കഴിയുന്ന ഒരാളായിരിക്കണം ജീവിതത്തില്‍ വരേണ്ടത് എന്നെനിക്ക് നിര്‍ബന്ധമുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.