ആഷിഖ് അബുവിന്റെ മായാനദി എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയത്തില്‍ ഇടം പിടിച്ച നടിയാണ് ദര്‍ശന രാജേന്ദ്രന്‍. ആ ചിത്രം കണ്ടവരാരും ദര്‍ശനയേയും ബാല്‍ക്കണിയിലിരുന്ന് കൂട്ടുകാരികള്‍ക്കായി ദര്‍ശന മൂളുന്ന ‘ബാവ്രാ മന്‍’ എന്ന പാട്ടിനേയും മറക്കാന്‍ ഇടയില്ല. പിന്നീട് പല സിനിമകളിലും മുഖം കാണിച്ച് മലയാളികളെ കൊതിപ്പിച്ച് കടന്നു കളഞ്ഞു ഈ പെണ്‍കുട്ടി. ഇപ്പോഴിതാ ആഷിഖ് അബുവിന്റെ തന്നെ ‘വൈറസ്’ എന്ന ചിത്രത്തില്‍ ഏറെ പ്രധാനപ്പെട്ട ഒരു വേഷത്തില്‍ ദര്‍ശന വീണ്ടും എത്തിയിരിക്കുന്നു. ‘മായാനദി’യില്‍ നിന്നും ‘വൈറസി’ലേക്കുള്ള യാത്രയെ കുറിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് ഹൃദയം തുറക്കുകയാണ് ദര്‍ശന രാജേന്ദ്രന്‍.

Read More: സ്ക്രീനില്‍ ജീവിതം തെളിയുമ്പോള്‍: ‘വൈറസിലെ’ സിഐഡി ഡോക്ടര്‍ പറയുന്നു

”വൈറസി’ന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ വന്നപ്പോള്‍ മുതല്‍ കേരളത്തിലെ ഏതൊരാളെയും പോലെ വളരെയധികം ആകാംക്ഷയോടെ ആ ചിത്രത്തിനായും അതിന്റെ ഓരോ വാര്‍ത്തകള്‍ക്കായും ഞാനും കാത്തിരുന്നിട്ടുണ്ട്. അപ്പോഴാണ് ചിത്രത്തില്‍ ഒരു വേഷം ചെയ്യാനുള്ള വിളി വന്നത്. ഞാന്‍ വല്ലാതെ ത്രില്ലടിച്ചു പോയി. മായാനദിയുടെ ടീം തന്നെയായിരുന്നു. അതിന്റെ ഒരു കംഫര്‍ട്ട് ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഷൂട്ടിന്റെ ആദ്യ ദിനം മുതലേ ആ സെറ്റ് എനിക്കൊരു വീട് പോലെ ആയിരുന്നു,’ ദര്‍ശന പറയുന്നു.

ചിത്രത്തില്‍ ദര്‍ശന അവതരിപ്പിച്ച അഞ്ജലി എന്ന കഥാപാത്രത്തേയും ആസിഫിന്റ വിഷ്ണു എന്ന കഥാപാത്രത്തേയും പ്രേക്ഷകര്‍ ഇതോടകം സ്വീകരിച്ചു കഴിഞ്ഞു. ‘വൈറസി’ലെ പല കഥാപാത്രങ്ങളെയും പോലെ ചിത്രം കണ്ടിറങ്ങുന്നവരുടെ ഉളളില്‍ അഞ്ജലിയും വിഷ്ണുവും ഒരു നോവാണ്.

‘ചെറുതെങ്കിലും ഇതിലെ ഓരോ കഥാപാത്രവും വളരെ പ്രധാനപ്പെട്ടതാണ്. ഒരുപാട് ആഴമുള്ള കഥാപാത്രങ്ങളാണ് എല്ലാവരും. നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു ഇത്രയും ആഴമുള്ളൊരു കഥാപാത്രം അവതരിപ്പിച്ച് അവരുടെ ആ കഥ പ്രേക്ഷകരിലേക്കെത്തിക്കാന്‍ എനിക്ക് സാധിക്കുമോ എന്ന്. പക്ഷെ ഒരുപാട് ആളുകള്‍ വിളിച്ച് നല്ല അഭിപ്രായം പറഞ്ഞു. കഥാപാത്രത്തെ കുറിച്ചും ആ കഥയെ കുറിച്ചും സിനിമയെ കുറിച്ചും അത്രയും നല്ല അഭിപ്രായങ്ങളാണ് ലഭിച്ചത് എന്നത് വളരെ സന്തോഷമുള്ള കാര്യമാണ്,’ നിറഞ്ഞ സന്തോഷത്തോടെ ദര്‍ശന പറയുന്നു.

View this post on Instagram

Vishnu. Anjali @funchershop @virusmovieofficial

A post shared by Darshana Rajendran (@darshanarajendran) on

‘ഞാനിതുവരെ ചെയ്ത എല്ലാ കഥാപാത്രങ്ങളും എന്നില്‍ നിന്നും വ്യത്യസ്തരാണ്. അതുകൊണ്ടു തന്നെ എല്ലാം ഒരു വെല്ലുവിളിയാണ്. അഞ്ജലി എന്നെപ്പോലെയേ അല്ല. സെറ്റില്‍ പോയ ദിവസമാണ് കഥ ഇതാണ് കഥാപാത്രം ഇങ്ങനെയാണ് എന്നൊക്കെ അറിഞ്ഞത്. അതുകൊണ്ട് ഒരുപാട് ആലോചിക്കാനൊന്നും സമയം കിട്ടിയില്ല. അവിടെ ചെന്നു റിഹേഴ്‌സല്‍ ചെയ്തു. ആ കഥാപാത്രത്തിലേക്ക് എത്തിയ പ്രോസസ് വളരെ രസമായിരുന്നു. പിന്നെ ഒരു കംഫര്‍ട്ട് ആയ ഇടത്തിലല്ലേ. അതുകൊണ്ട് അഭിനയത്തില്‍ വലിയ ബുദ്ധിമുട്ടൊന്നും തോന്നിയില്ല,’ ദര്‍ശന പറയുന്നു.

ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ ഏറ്റവും അടുപ്പം തോന്നിയിട്ടുള്ളതും തന്നോട് അടുത്തു നില്‍ക്കുന്നതും മായാനദിയിലെ ദര്‍ശന തന്നെ.

‘മായാനദി എന്ന ചിത്രവും അതിലെ ദര്‍ശന എന്ന കഥാപാത്രവും എന്നോട് വളരെ ചേര്‍ന്നു നില്‍ക്കുന്നതാണ്. കാരണം ആ കഥാപാത്രത്തിന്റെ വേഷം ജീവിതത്തില്‍ ഞാന്‍ പലപ്പോഴും ചെയ്തിട്ടുണ്ട്. പലര്‍ക്കും ഞാന്‍ അങ്ങനെയൊരു സുഹൃത്തായിരുന്നു. പിന്നെ എന്റെ പ്രിയപ്പെട്ട ഗാനം ‘ബാവ്രാ മന്‍’, ദര്‍ശന എന്ന പേര്… അങ്ങനെ പലതും ഉണ്ട് ഞങ്ങള്‍ക്കിടയില്‍,’ ദര്‍ശന പറഞ്ഞു.

ദര്‍ശന, ആസിഫ് എന്നിവര്‍ക്ക് പുറമേ, റിമ കല്ലിങ്കല്‍, ടൊവിനോ തോമസ് കുഞ്ചാക്കോ ബോബന്‍, പാര്‍വതി, രമ്യാ നമ്പീശന്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ഇന്ദ്രജിത്ത് സുകുമാരന്‍, ശ്രീനാഥ് ഭാസി, ജോജു ജോര്‍ജ്, തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.

ജൂണ്‍ ഏഴിന് തിയേറ്ററുകളില്‍ എത്തിയ ‘വൈറസ്’ നിറഞ്ഞ കൈയ്യടികളോടെ പ്രദര്‍ശനം തുടരുകയാണ്. പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും നല്ല പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. കേരളത്തെ ഭീതിയുടെ നാളുകളിലേക്ക് തള്ളിയിട്ട നിപ്പാ കാലത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് റിമ കല്ലിങ്കലാണ്. മുഹ്‌സിന്‍ പരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയൊരുക്കിയിരിക്കുന്നത്. രാജീവ് രവിയാണ് ഛായാഗ്രഹണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook