/indian-express-malayalam/media/media_files/uploads/2019/06/luca-.jpg)
ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം 'ലൂക്ക' നാളെ തിയേറ്ററുകളിലെത്തുകയാണ്. ഒരു ശിൽപ്പിയായാണ് ചിത്രത്തിൽ ടൊവിനോ എത്തുന്നത്. നവാഗത സംവിധായകനായ അരുൺ ബോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഹാന കൃഷ്ണയാണ് നായിക. 'ലൂക്ക'യെന്ന കഥാപാത്രത്തെ കുറിച്ചും ചിത്രത്തിന്റെ വിശേഷങ്ങളെ കുറിച്ചും ഇന്ത്യൻ എക്സ്‌പ്രസ്സ് മലയാളത്തോട് സംസാരിക്കുകയാണ് ടൊവിനോ.
തന്റെ ചിത്രങ്ങളിൽ പരമാവധി ലുക്കിൽ വ്യത്യാസം കൊണ്ടുവരാൻ ശ്രമിക്കാറുള്ള ടൊവിനോ ഈ സിനിമയിലും അൽപ്പം വേറിട്ട ലുക്കിലാണ് എത്തുന്നത്. "എന്റെ സിനിമകളിലെ ലുക്ക് കണ്ടാൽ ആളുകൾക്ക് ആ സിനിമയാണോ ഈ സിനിമയാണോ എന്നു സംശയം തോന്നരുത് എന്നെനിക്ക് ആഗ്രഹമുണ്ട്. അതുകൊണ്ടു തന്നെ തേടിയെത്തുന്ന കഥാപാത്രങ്ങൾക്ക് യോജിിച്ച രീതിയിൽ, എന്നാൽ കഴിയുന്ന രീതിയിൽ വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്," ടൊവിനോ പറഞ്ഞു.
"ലൂക്ക ഒരു സ്ക്രാപ്പ് ആർട്ടിസ്റ്റാണ്, പെയിന്ററാണ്. പരമ്പരാഗതമായ രീതിയിലൊന്നുമല്ല ലൂക്കയുടേത്, അൽപ്പം കൺടെംപ്രറിയാണ്. സിനിമയുടെ ആർട്ട് ഡിപ്പാർട്ട്മെന്റിൽ കുറേ നല്ല ആർട്ടിസ്റ്റുകൾ ഉണ്ടായിരുന്നു. ഓയിൽ പെയിന്റ് ചെയ്യുന്നവർ, ശിൽപ്പികൾ, ചാർക്കോൾ ഡ്രോയിങ്ങ് ചെയ്യുന്നവർ, വുഡ് വർക്ക് ചെയ്യുന്ന ആർട്ടിസ്റ്റുകൾ. ഇവരൊക്കെയായിരുന്നു 'ലൂക്ക'യ്ക്ക് വേണ്ടിയുള്ള എന്റെ റഫറൻസ്," കഥാപാത്രത്തെ കുറിച്ച് ടൊവിനോ പറയുന്നു.
"ലൂക്ക, തീവ്രമായ ഒരു പ്രണയകഥയാണ്. അതിലൊരു ത്രില്ലർ എലമെന്റും ഉണ്ട്. അതെന്താണെന്ന് സിനിമ കാണുമ്പോൾ മനസ്സിലാവും. ഒന്നു പറയാം, വൈകാരികതയ്ക്ക് പ്രാധാന്യമുള്ള ചിത്രമാണ്. മനോഹരമായ വിഷ്വലുകൾ ഉപയോഗിച്ച് കഥ പറയുന്നു. പശ്ചാത്തലസംഗീതവും ആളുകൾക്ക് ഇഷ്ടപ്പെടുന്ന രീതിയിലാണ് ഒരുക്കിയത്," ടൊവിനോ കൂട്ടിച്ചേർക്കുന്നു.
ടൊവിനോ നായകനായ 'മെക്സിക്കൻ അപാരത'യുടെ സഹനിർമ്മാതാക്കളായ ലിന്റോ തോമസും പ്രിൻസ് ഹുസൈനും ചേർന്ന് സ്റ്റോറീസ് ആന്‍ഡ് തോട്ട്‌സിന്റെ ബാനറിലാണ് 'ലൂക്ക' നിർമ്മിക്കുന്നത്. ഒരു പ്രഷറും തരാതെ 'ലൂക്ക'യ്ക്ക് ആവശ്യമുള്ള സജ്ജീകരണങ്ങളെല്ലാം ഒരുക്കിയ നിർമ്മാതാക്കളാണ് 'ലൂക്ക' സാധ്യമാക്കിയതെന്നാണ് ടൊവിനോ പറയുന്നത്. "നിർമ്മാതാക്കളുടെ പിന്തുണ എടുത്തുപറയേണ്ട കാര്യമാണ്. ഫോർട്ട്കൊച്ചി, കടമക്കുടി ഒക്കെയായിരുന്നു പ്രധാന ലൊക്കേഷനുകൾ. സിനിമയ്ക്കു വേണ്ടി ഒരു ആർട്ട് എക്സിബിഷൻ വരെ ഒരുക്കിയിരുന്നു."
ഒരു ആർട്ടിസ്റ്റിന്റെ ജീവിതം സ്ക്രീനിൽ അവതരിപ്പിക്കുക എന്നത് ചലഞ്ചിംഗ് ആയിരുന്നുവെന്ന് ടൊവിനോ പറയുന്നു. "വളരെ സൂക്ഷമമായ കാര്യങ്ങളിൽ വരെ ശ്രദ്ധ ചെലുത്തണമായിരുന്നു. ഉദാഹരണത്തിന് ഒരു ആർട്ടിസ്റ്റ് പെയിന്റ് ചെയ്യുമ്പോൾ ബ്രഷ് പിടിക്കുന്ന രീതി മുതൽ എല്ലാ കാര്യത്തിലും വ്യത്യാസമുണ്ട്. അതൊക്കെ മനസ്സിലാക്കി എടുക്കുക എന്നത് ചലഞ്ചായിരുന്നു."
"സ്വന്തമായ ചില ന്യായങ്ങളും ശരികളുമായി ജീവിക്കുന്ന ഒരു കഥാപാത്രമാണ് 'ലൂക്ക'. അയാൾ വളരെ സന്തോഷവാനായ ഒരു മനുഷ്യനാണ്. എന്നാൽ ചില ഇഷ്ടങ്ങൾ, വാശികൾ ഒക്കെ അയാൾക്കുണ്ട്. ഉദാഹരണം പറഞ്ഞാൽ, ചായ അയാൾക്ക് ഇഷ്ടമില്ല, കാപ്പിയാണ് ഇഷ്ടം. അതുകൊണ്ട് തന്റെ വീട്ടിൽ കാപ്പി മാത്രം മതിയെന്നാണ് അയാൾ പറയുന്നത്. അയാളുടെ വീട്ടിൽ ഒരു ചേച്ചിയും ചേട്ടനുമുണ്ട്, അവരോടൊക്കെ അയാൾ കാരണമില്ലാതെ ചൂടാവും. എന്നാൽ തൊട്ടടുത്തനിമിഷം അതു മറക്കുകയും ചെയ്യും. അയാളുടെ മുറി നാട്ടുകാരെ സംബന്ധിച്ച് അലങ്കോലമായി കിടക്കുന്ന ഒരിടമാണ്, എന്നാൽ അയാൾക്ക് അയാളുടേതായ ഒരു ഓർഡറുണ്ട് അതിൽ. അങ്ങനെ കുറച്ചു വ്യത്യസ്തകൾ ഉള്ളൊരു കഥാപാത്രമാണ് 'ലൂക്ക'" ടൊവിനോ കൂട്ടിച്ചേർക്കുന്നു.
Read more: Luca Movie Photos: താടി വളർത്തി കിടിലൻ ലുക്കിൽ ടൊവിനോ; ‘ലൂക്ക’ ചിത്രങ്ങൾ
‘ലൂക്ക’ എന്ന ശിൽപ്പിയും അയാളുടെ കാമുകിയായ നിഹാരികയും തമ്മിലുള്ള പ്രണയമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. മൃദുല്‍ ജോര്‍ജ്ജ്, അരുണ്‍ ബോസ് എന്നിവര്‍ ചേര്‍ന്ന് കഥയും തിരക്കഥയും നിര്‍വഹിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം നിമിഷ് രവിയാണ്. നിഖില്‍ വേണുവാണ് എഡിറ്റിംഗ്. നിതിന്‍ ജോര്‍ജ്, വിനീത കോശി, അന്‍വര്‍ ഷെരീഫ്, ഷാലു റഹീം, പൗളി വല്‍സന്‍, തലൈവാസല്‍ വിജയ്, ജാഫര്‍ ഇടുക്കി, ചെമ്പില്‍ അശോകന്‍, ശ്രീകാന്ത് മുരളി, രാഘവന്‍, നീന കുറുപ്പ്, ദേവി അജിത് എന്നിവരും ചിത്രത്തിലുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.