/indian-express-malayalam/media/media_files/uploads/2019/01/tovino-and-the-oscar-goes-to.jpg)
പുതുവർഷരാവിൽ ആരാധകർക്കായി തന്റെ പുതിയ ചിത്രം 'ആൻഡ് ദി ഓസ്കാർ ഗോസ് റ്റു'വിന്റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തിരിക്കുകയാണ് ടൊവിനോ തോമസ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ടൊവിനോ റിലീസ് ചെയ്തിരിക്കുന്നത്. 'പത്തേമാരി', 'ആദാമിന്റെ മകന്‍ അബു', 'കുഞ്ഞനന്തന്റെ കട' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ സലിം അഹമ്മദിന്റെ ഏറ്റവും പുതിയ ചിത്രമാണ് 'ആൻഡ് ദി ഓസ്കാർ ഗോസ് റ്റു'.
സിദ്ദിഖ്, ലാല്‍, ശ്രീനിവാസന്‍, സലിം കുമാര്‍, സെറീന വാഹബ് എന്നിവർക്കൊപ്പം അപ്പാനി ശരത്തും പ്രധാന വേഷത്തിലെത്തുന്നുണ്ട് എന്നാണ് ചിത്രത്തെ സംബന്ധിച്ച് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ദുല്‍ഖര്‍ സല്‍മാനെയായിരുന്നു ആദ്യം ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്തിരുന്നതെങ്കിലും ദുൽഖറിന്റെ തിരക്കുകൾ കാരണം ചിത്രം ടൊവിനോയെ തേടിയെത്തുകയായിരുന്നു. അലെന്‍സ് മീഡിയ , കനേഡിയന്‍ മൂവി കോര്‍പ് എന്നിവര്‍ ചേര്‍ന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ക്യാമറ മധു അമ്പാട്ട് നിർവ്വഹിക്കും.
പേരിൽ തന്നെ 'ഓസ്കാർ' ഉള്ള ചിത്രത്തിന്റെ അണിയറയിൽ ഒരു ഓസ്കാർ ജേതാവും പ്രവർത്തിക്കുന്നുണ്ട് എന്നതാണ് മറ്റൊരു കൗതുകം. ഒാസ്കാർ ജേതാവായ റസൂൽ പൂക്കുട്ടിയാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനർ. സംഗീതമൊരുക്കുന്നത് ബിജിപാലാണ്.
Read more: #ExpressRewind: വ്യത്യസ്തതയുടെയും വിജയത്തിന്റെയും കയ്യൊപ്പു ചാർത്തിയവർ
ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായ വിശേഷം കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെ ടൊവിനോ പങ്കുവെച്ചിരുന്നു. അനു സിത്താരയാണ് ചിത്രത്തിലെ നായിക. 'ഒരു കുപ്രസിദ്ധ പയ്യനു' ശേഷം ടൊവിനോയും അനു സിത്താരയും ഒരുമിക്കുന്ന ചിത്രം കൂടിയാണ് ആൻഡ് ദി ഓസ്കാർ ഗോസ് റ്റു'. ഒരു മാധ്യമ പ്രവര്‍ത്തകയുടെ വേഷത്തിലാണ് അനു സിത്താര എത്തുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.