വിജയപരാജയങ്ങളുടെ വിസ്മയഭൂമിയാണ് സിനിമ. വൻപ്രതീക്ഷകളോടെ വരുന്ന ചിത്രങ്ങൾ ചിലപ്പോൾ ബോക്സ് ഓഫീസിൽ ദയനീയമായി പരാജയപ്പെടും. അതേസമയം, ആളും ബഹളവുമൊന്നുമില്ലാതെ വരുന്ന ചില കൊച്ചുചിത്രങ്ങൾ അമ്പരപ്പിക്കുന്ന വിജയഗാഥകൾ രചിച്ചെന്നും വരാം. പതിനായിരക്കണക്കിന് ആരാധകരുള്ള ഒരു താരം ചിലപ്പോൾ മോശം സിനിമയിലെ അഭിനയത്തിന് ഏറെ വിമർശിക്കപ്പെടാം. അപ്പോൾ തന്നെയാവും, വളരെ ചെറിയൊരു വേഷത്തിൽ പ്രത്യക്ഷപ്പെട്ട ഒരു അഭിനേതാവ് അപ്രതീക്ഷമായി പ്രേക്ഷകരുടെ ഹൃദയം കീഴടക്കുന്നത്. കരിയറിൽ വലിയ ബ്രേക്കുകൾക്കു വരെ ആ ചെറിയ വേഷം കാരണമായേക്കാം. ഒറ്റ പടം കൊണ്ട് പണം കൊയ്തവരും ഒരായുഷ്കാലം സമ്പാദ്യം ഒറ്റസിനിമ കൊണ്ട് നഷ്ടപ്പെടുത്തി കളഞ്ഞവരേയും സിനിമയിൽ കണ്ടെത്താം. ഇറക്കവും കയറ്റവും താഴ്വരകളും കീഴക്കാംതൂക്കായ മലനിരകളുമൊക്കെ നിറഞ്ഞൊരു വിസ്മയഭൂമിയെന്നോ മായാപ്രപഞ്ചമെന്നോ ഒക്കെ സിനിമയെ ഉപമിക്കാവുന്നതാണ്. അനിശ്ചിതത്വങ്ങൾ ഏറെയുള്ള, ഭാഗ്യനിർഭാഗ്യങ്ങളുടെ അരങ്ങായ സിനിമയിൽ തങ്ങളുടെ കയ്യൊപ്പു പതിപ്പിക്കുക എന്നത് ഏതൊരു അഭിനേതാവിനെ സംബന്ധിച്ചും ശ്രമകരമായ ഉദ്യമം തന്നെയാണ്.

ഈ വർഷം 150 ലേറെ സിനിമകളാണ് മലയാളസിനിമയിൽ ഭാഗ്യം പരീക്ഷിക്കാൻ എത്തിയത്. സംവിധായകരെന്ന നിലയിൽ നിരവധി വിജയചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച പ്രതിഭകൾക്കൊപ്പം തന്നെ നവാഗതരും തങ്ങളുടെ സ്വപ്നസിനിമകൾ തിയേറ്ററുകളിലെത്തിച്ചു.  അഭിനയസ്വപ്നങ്ങളുമായി ജീവിക്കുന്ന നിരവധി  പുതുമുഖങ്ങളെയും സിനിമയ്ക്ക് സമ്മാനിച്ചാണ് 2018 വിടപറയുന്നത്.  ഈ വർഷം  സിനിമയിൽ തങ്ങളുടെ കയ്യൊപ്പു ചാർത്തിയ, മികവേറിയ അഭിനയമുഹൂർത്തങ്ങൾ കൊണ്ട് വിസ്മയിപ്പിച്ച,  ഞെട്ടിച്ചുകളഞ്ഞ പ്രതിഭകൾ ആരൊക്കെയാണ്? 2018 ലെ മലയാള സിനിമയെ രേഖപ്പെടുത്തുമ്പോൾ മറക്കാൻ കഴിയാത്ത, വ്യക്തിമുദ്ര പതിപ്പിച്ച അഭിനേതാക്കളും അവരുടെ കഥാപാത്രങ്ങളും ഏതൊക്കെയാണ്? 2018 യാത്ര പറയാൻ ഒരുങ്ങുമ്പോൾ പൊയ്പോയ മാസങ്ങളിൽ നിന്നും ആ വിജയികളെ ഒന്നോർത്തെടുക്കാം.

ചരിത്രം കുറിച്ച് ചെമ്പൻ

ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ചരിത്രത്തിൽ ആദ്യമായി മികച്ച നടനുള്ള പുരസ്കാരം മലയാളക്കരയിലേക്ക് എത്തിച്ച് അഭിമാനനേട്ടം കൈവരിക്കുകയായിരുന്നു ചെമ്പൻ വിനോദ്. ‘ഈ.മ.യൗ’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച നടനുള്ള രജതമയൂരം ചെമ്പൻ വിനോദ് സ്വന്തമാക്കിയത്. മികച്ച സംവിധായകനുള്ള പുരസ്കാരവും ‘ഈ.മ.യൗ’യൂവിലൂടെ ലിജോ ജോസ് പെല്ലിശ്ശേരി സ്വന്തമാക്കി. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ചിത്രങ്ങളോടും അഭിനേതാക്കളോടും മാറ്റുരച്ചാണ് ലിജോയും ചെമ്പനും അഭിമാനകരമായ നേട്ടം സ്വന്തമാക്കിയത്.

എട്ടുവർഷങ്ങൾക്കു മുൻപ് ചെറിയ വേഷത്തിലൂടെ അരങ്ങേറ്റം കുറിച്ച്, ചെറിയ വേഷങ്ങളിലൂടെ മലയാളസിനിമയിൽ കാലുറപ്പിച്ച്, ഏതു അഭിനേതാവും കൊതിക്കുന്ന വിജയത്തിലേക്ക് നടന്നുകയറുകയായിരുന്നു ചെമ്പൻ വിനോദ്. ‘ആമേൻ’, ‘ടമാർ പഠാർ’, ‘ചാർലി’, ‘കലി’, ‘ഇയ്യോബിന്റെ പുസ്തകം’, ‘ഡാർവിന്റെ പരിണാമം’, ‘അങ്കമാലി ഡയറീസ്’ എന്നീ ചിത്രങ്ങളിലൂടെ തുടങ്ങി രജതമയൂരം വരെ എത്തിനിൽക്കുന്ന ചെമ്പന്റെ സിനിമായാത്ര മലയാളികൾക്ക് ഒന്നടക്കം അഭിമാനിക്കാവുന്ന ഒന്നായി മാറുമ്പോൾ 2018 ൽ മലയാള സിനിമ കണ്ട വിജയികളുടെ പട്ടികയിൽ ഒന്നാം നിരയിൽ തന്നെ ചെമ്പൻ വിനോദുമുണ്ട്.

നായകനായും വില്ലനായും ടൊവിനോ തിളങ്ങിയ വർഷം

2018ൽ ഏറ്റവും കൂടുതൽ ശ്രദ്ധേയനായ യുവനടൻ ആരെന്ന ചോദ്യത്തിന് ടൊവിനോ തോമസ് എന്നാവും ഉത്തരം. ടൊവിനോ അഭിനയിച്ച ഏഴു ചിത്രങ്ങളാണ് ഈ വർഷം തിയേറ്ററുകളിലെത്തിയത്. കമൽ ചിത്രം ‘ആമി’, തമിഴ് ചിത്രം ‘അഭിയുടെ കഥ അനുവിന്റേയും’, ‘മറഡോണ’, ‘തീവണ്ടി’, ‘ഒരു കുപ്രസിദ്ധ പയ്യൻ’, ‘എന്റെ ഉമ്മാന്റെ പേര്’, ‘മാരി 2’ എന്നിങ്ങനെ മലയാളത്തിലും തമിഴിലുമൊക്കെയായി കൈനിറയെ ചിത്രങ്ങളും ശ്രദ്ധേയ കഥാപാത്രങ്ങളും ടൊവിനോയെ തേടിയെത്തിയ വർഷം കൂടിയാണ് ഇത്. ഇവയിൽ ഭൂരിഭാഗവും ബോക്സ് ഓഫീസിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. നായക കഥാപാത്രങ്ങൾക്കൊപ്പം തന്നെ മികച്ച കഥാപാത്രങ്ങളാണെങ്കിൽ ചെറിയ വേഷങ്ങളിൽ പോലും പ്രത്യക്ഷപ്പെടാൻ മടിക്കാത്ത, നല്ല സിനിമയുടെ ഭാഗമാവാൻ ആഗ്രഹിക്കുന്ന ടൊവിനോ തോമസ് നിലപാടുകൾ കൊണ്ട് വ്യത്യസ്തനാവുന്നതിനൊപ്പം തന്നെ യുവനടന്മാരിൽ ഏറെ പ്രതീക്ഷയുയർത്തുന്ന വ്യക്തി കൂടിയാവുകയാണ്.

ജോജുവിന്റെ ‘ജോസഫ്’ വിസ്മയിപ്പിച്ച വർഷം

കടന്നു പോകുന്ന വർഷത്തിൽ മലയാളസിനിമ കണ്ട ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നാണ് ജോജുവിന്റെ ജോസഫ്’ എന്ന കഥാപാത്രമായുള്ള പരകായപ്രവേശം. ഹൃദയത്തിൽ മുറിവുകളുള്ള റിട്ടയേർഡ് പൊലീസുദ്യോഗസ്ഥനായി വിസ്മയകരമായ അഭിനയമുഹൂർത്തങ്ങൾ സമ്മാനിച്ച ജോജു ജോർജിന്റെ കൂടെ വിജയവർഷമാണ് 2018. വൻതാരസിനിമകൾക്കിടയിലും കടപുഴകാതെ നിന്ന് എം പത്മകുമാർ സംവിധാനം ചെയ്ത ‘ജോസഫ്’ എന്ന കൊച്ചുചിത്രം സ്വന്തമാക്കിയത് പ്രശംസാവഹമായ നേട്ടം തന്നെയാണ്. നവംബർ പകുതിയോടെ തിയേറ്ററുകളിലെത്തിയ ചിത്രം ഇപ്പോഴും വിജയകരമായി പ്രദർശനം തുടരുകയാണ്.

ചെറിയ വേഷങ്ങളിലൂടെ സിനിമയിൽ തന്റെ അരങ്ങേറ്റം കുറിച്ച, നിർമ്മാതാവു കൂടിയ ജോജുവിന്റെ കരിയറിലെ നാഴികക്കല്ലെന്നു തന്നെ വിശേഷിപ്പിക്കാവുന്ന കഥാപാത്രമാണ് ‘ജോസഫി’ലേത്. തന്നേക്കാൾ പ്രായക്കൂടുതലുള്ള കഥാപാത്രത്തെ പ്രേക്ഷകർക്ക് സ്വീകാര്യനാവും വിധം തന്മയത്വത്തോടെ അവതരിപ്പിച്ച് സിനിമാസ്വാദകരുടെയെല്ലാം മുഗ്ദകണ്ഠപ്രശംസ നേടാൻ ജോജു എന്ന നടനു സാധിച്ചു.

ഒരേ ഒരു അഞ്ജലി

സമകാലിക മലയാളസിനിമയിൽ ഏറെ പ്രതീക്ഷകളുണർത്തുന്ന വനിതാസംവിധായിക ആരെന്ന ചോദ്യത്തിന് മലയാളികൾക്ക് പറയാൻ ഒരേ ഒരു ഉത്തരമേ കാണൂ, അഞ്ജലി മേനോൻ. സ്വാഭാവികമായ ജീവിതാനുഭവങ്ങളെ മനോഹരമായ കാഴ്ചകളാക്കി, ഹൃദയത്തെ സ്പർശിക്കുന്ന രീതിയിൽ അഞ്ജലി മേനോൻ മലയാളികൾക്കു മുന്നിലേക്ക് നീട്ടിയപ്പോൾ,  ‘ഉസ്താദ് ഹോട്ടൽ’, ‘ബാംഗ്ലൂർ ഡെയ്സ്’ പോലുള്ള ചിത്രങ്ങൾ ബോക്സ് ഓഫീസിലും വിജയം  കൊയ്തപ്പോൾ സ്ത്രീപുരുഷ വേര്‍തിരിവുകളില്ലാതെ അഞ്ജലിയെന്ന സംവിധായികയെ മലയാളികൾ സ്വീകരിക്കുകയായിരുന്നു.

അഞ്ജലിമേനോൻ എന്ന പേര് സ്ക്രീനിൽ തെളിയുമ്പോൾ സിനിമാപ്രേമികൾ കയ്യടിക്കുന്ന രീതിയിലേക്ക് തന്റെ കയ്യൊപ്പുകൾ രേഖപ്പെടുത്തിയ അഞ്ജലിയുടെ ഏറെ നിരൂപകപ്രശംസ ഏറ്റുവാങ്ങിയ  ‘കൂടെ’ തിയേറ്ററുകളിലെത്തിയ വർഷം കൂടിയായിരുന്നു 2018. വേറിട്ട കഥാപരിസരവും ട്രീറ്റ്‌മെന്റും കൊണ്ട് പ്രേക്ഷക പ്രശംസകളേറ്റുവാങ്ങിയ ചിത്രം വിവാഹശേഷം നസ്രിയയുടെ സിനിമയിലേക്കുള്ള തിരിച്ചുവരവിനു കൂടി അരങ്ങൊരുക്കി.

എവിടെയായിരുന്നു​ ഇത്രയും നാൾ? എന്നു ചോദിപ്പിച്ചവർ

വലിയ നക്ഷത്രങ്ങൾക്കിടയിൽ ഏറെ തിളക്കത്തോടെ പ്രകാശിക്കുന്ന ചില കൊച്ചുനക്ഷത്രങ്ങളെ കൂടെ സിനിമകളിലൂടെ നമ്മൾ കണ്ട വർഷമാണ് 2018. ‘ഒരു കുപ്രസിദ്ധ പയ്യനി’ലൂടെ വന്ന് സ്വതസിദ്ധമായ ശൈലിയിൽ  പ്രേക്ഷകരെ വിസ്മയിപ്പിച്ച  സുരേഷ് കുമാർ, ‘ഡ്രാമ’യിലെ രസികൻ കോട്ടയം അച്ചായനായി വന്ന് മലയാളികളെ കുടുകുടെ ചിരിപ്പിച്ച ജോണി ആന്റണി, അഭിനയിക്കാൻ പറഞ്ഞപ്പോൾ ജീവിച്ചു കാണിച്ച് പ്രേക്ഷകരുടെ കണ്ണുനനയിച്ച  ‘സുഡാനി ഫ്രം നൈജീരിയ’യിലെ ഉമ്മമാർ തുടങ്ങി നിരവധി തിളക്കമുള്ള നക്ഷത്രങ്ങളെ കൂടെ മലയാളസിനിമയ്ക്ക് സമ്മാനിച്ചാണ് 2018 വിടപറയുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook