scorecardresearch

'നാന്, പ്രിതിരാജ്, ഉണ്ണിമുകുന്ദൻ, അണൂപ് മേനാൻ'; ബാലയെകുറിച്ചുള്ള രസകരമായ ഓർമ പങ്കുവച്ച് ടിനി ടോമും പിഷാരടിയും

ടിനി ടോമും രമേഷ് പിഷാരടിയും ബാലയെ കുറിച്ച് സംസാരിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്

ടിനി ടോമും രമേഷ് പിഷാരടിയും ബാലയെ കുറിച്ച് സംസാരിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്

author-image
Entertainment Desk
New Update
'നാന്, പ്രിതിരാജ്, ഉണ്ണിമുകുന്ദൻ, അണൂപ് മേനാൻ'; ബാലയെകുറിച്ചുള്ള  രസകരമായ ഓർമ പങ്കുവച്ച് ടിനി ടോമും പിഷാരടിയും

സിനിമകൾക്ക് പിറകിലെ രസകരമായ കഥകൾ കേൾക്കാൻ പ്രേക്ഷകർക്ക് ഇഷ്ടമാണ്. നടൻ ബാലയുമായി ബന്ധപ്പെട്ട രസകരമായൊരു ഓർമ പങ്കുവെയ്ക്കുന്ന ടിനി ടോമിന്റെയും രമേഷ് പിഷാരടിയുടെയും വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. രമേഷ് പിഷാരടി നേതൃത്വം നൽകുന്ന 'ഫൺസ് അപോൺ എ ടൈം' എന്ന സ്റ്റാൻഡ് അപ് കോമഡി ഷോയ്ക്കിടയിലാണ് ടിനി ടോം ഈ അനുഭവം പങ്കു വെച്ചത്.

Advertisment

2012-ല്‍ ബാല തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘ഹിറ്റ് ലിസ്റ്റ്’ എന്ന സിനിമയിലേക്ക് തന്നെ അഭിനയിക്കാന്‍ ക്ഷണിച്ചതുമായി ബന്ധപ്പെട്ട രസകരമായ ഒര്‍മകളാണ് ടിനി ഓർത്തെടുത്തത്. ടിനിയുടെ വാക്കുകൾ ഇങ്ങനെ: "എട്ടൊൻപത് വർഷം മുൻപാണ്, ബാല ഒരു പടം നിർമ്മിക്കുന്നു, ബാല തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നതും. ഒരു ദിവസം എന്നെ വിളിച്ചിട്ട് പറഞ്ഞു, ടിനിയേട്ടാ, നമ്മള് ഫ്രണ്ട്സ് സെറ്റപ്പില്, അതായത് നാന്, പ്രിത്തിരാജ്, ഉണ്ണിമുകുന്ദൻ, അണൂപ് മേനാൻ എന്നിവരെല്ലാം ചേർന്നൊരു പടം ചെയ്യുന്നു. നിങ്ങളുടെ പേമെന്റ് എത്രയാണെന്ന് പറയൂ, എക്സിക്യൂട്ടിവ് എൽദോ വിളിക്കുമെന്നു പറഞ്ഞു.

എൽദോ വിളിച്ചു, എത്ര ദിവസം ഉണ്ടാവും ഷൂട്ടെന്ന് ചോദിച്ചപ്പോൾ നാലഞ്ചു ദിവസം ഉണ്ടാകുമെന്ന് പറഞ്ഞു. ഒരു 3-4 രൂപ കിട്ടില്ലെ എന്ന് ഞാൻ ചോദിച്ചപ്പോൾ ഇപ്പോ പറയാമെന്ന് പറഞ്ഞ് എൽദോ വച്ചു.

Advertisment

കുറച്ചു കഴിഞ്ഞപ്പോൾ ബാല വിളിച്ച്, നിങ്ങൾ മൂന്നു നാലുരൂപ ചോദിച്ചോ, നിങ്ങള് കമ്മിയായിട്ട് പറയ്, നാന്, പ്രിത്തിരാജ്, ഉണ്ണിമുകുന്ദൻ, അണൂപ് മേനാന്… എല്ലാവരും ചേർന്ന് ….

എനിക്ക് പേടിയായി, കാശ് കൂടുതൽ ചോദിച്ചാൽ ആ ബെൽറ്റിൽ നിന്ന് ഞാൻ ഔട്ടാവുമോ? ഞാൻ പകുതിയാക്കി, എൽദോയോട് ഒരു രണ്ടു രൂപയെന്ന് പറഞ്ഞു. അതു കഴിഞ്ഞപ്പോൾ വീണ്ടും ബാല, "നിങ്ങൾ രണ്ടു രൂപ ചോദിച്ചോ, നാന്, പ്രിത്തിരാജ്, ഉണ്ണിമുകുന്ദൻ, അണൂപ് മേനാന്…"

പിന്നെയും എൽദോ വിളിച്ചു, ഞാനൊരു ഒരു രൂപ പറഞ്ഞു. ബാല വീണ്ടും അതേ ഡയലോഗ്… ഒടുവിൽ എനിക്ക് ടെൻഷനായി, ഞാൻ കാരണം ഇനി ഒരു അവസരം പോവേണ്ട എന്നോർത്ത് ഞാൻ വന്ന് അഭിനയിക്കാമെന്ന് പറഞ്ഞു.

അങ്ങനെ ഷൂട്ട് കഴിഞ്ഞ് പോവാൻ നേരം ഞാൻ ട്രാവലിംഗിന്റെ പൈസ ചോദിച്ചപ്പോൾ അവൻ വീണ്ടും വന്നേക്കുന്നു, "നാന്, പ്രിത്തിരാജ്, ഉണ്ണിമുകുന്ദൻ, അണൂപ് മേനാന്…"

പിന്നീട് ഈ കഥ സൂരാജ് വെഞ്ഞാറമൂട് അടക്കമുള്ളവർ വേറെ ലെവലിലേക്ക് അവതരിപ്പിച്ച് സിനിമാചങ്ങാതിമാർക്കിടയിൽ വൈറലായ കാര്യവും ടിനി പറഞ്ഞു. "ഈ കഥ പിന്നീട് സുരാജ് ഒക്കെ വളർത്തി വലുതാക്കി വേറെ കഥയാക്കി. ഉച്ചയ്ക്ക് മീൻകറി ചോദിച്ചപ്പോൾ പുള്ളി വീണ്ടും വന്ന്, നിങ്ങള് മീൻകറി ചോദിച്ചാ "നാന്, പ്രിത്തിരാജ്, ഉണ്ണിമുകുന്ദൻ, അണൂപ് മേനാന്…"

ഇങ്ങനെയൊക്കെയാണെങ്കിലും, യഥാർത്ഥ ജീവിതത്തിൽ ബാല തന്റെ നല്ല സുഹൃത്താണെന്നും സിനിമ കഴിഞ്ഞപ്പോൾ തനിക്ക് നല്ല കാശ് തന്നെന്നും ടിനി കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം ബാലയുമൊത്തുള്ള ഒരു ചിത്രവും ടിനി സോഷ്യല്‍ മീഡിയയിൽ ഷെയർ ചെയ്തിരുന്നു.

എന്തായാലും ടിനി ടോം- രമേഷ് പിഷാരടി വീഡിയോയും ടിനി- ബാലചിത്രവുമൊക്കെ സോഷ്യല്‍ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Ramesh Pisharadi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: