തന്നേക്കാളും പ്രായക്കൂടുതലുള്ള സ്ത്രീകളെ ജീവിതപങ്കാളിയാക്കിയ നിരവധി സെലബ്രിറ്റികൾ നമുക്കുണ്ട്. ഒരർത്ഥത്തിൽ അറിഞ്ഞോ അറിയാതെയോ സമൂഹത്തിലെ സ്റ്റീരിയോടൈപ്പ് ശീലങ്ങളെ പൊളിച്ചടുക്കുകയായിരുന്നു അവരെല്ലാം. സച്ചിൻ ടെണ്ടുൽക്കർ- അഞ്ജലി, ഐശ്വര്യറായി- അഭിഷേക് ബച്ചൻ, പ്രിയങ്ക ചോപ്ര- നിക് ജോനാസ്, കത്രീന കൈഫ്- വിക്കി കൗശൽ, സോഹ അലി ഖാൻ- കുനാൽ ഖേമു മുതലിങ്ങോട്ട് അർജുൻ കപൂറും മലൈകയും വരെ. അർജുനും മലൈകയും ഇതുവരെ വിവാഹിതരായില്ലെങ്കിലും മൂന്നു വർഷം മുൻപ് ഇരുവരും തങ്ങളുടെ പ്രണയം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.
അർജുനെക്കാളും പ്രായത്തിൽ 12 വയസ്സിന് മൂത്തതാണ് മലൈക. ഇരുവരുടെയും പ്രായം സംബന്ധിച്ച രസകരമായ ഒരു കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. സൽമാൻ ഖാന്റെ സഹോദരൻ അർബാസ് ഖാനെയാണ് മലൈക ആദ്യം വിവാഹം ചെയ്തത്. 1998 ലാണ് അർബാസ് ഖാനും മലൈകയും വിവാഹിതരായത്. ആ താരവിവാഹത്തിൽ പങ്കെടുക്കുമ്പോൾ അർജുൻ കപൂറിന് പ്രായം 13 വയസ്സാണ്. അക്കാലത്തെ അർജുന്റെ ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
അർബാസ് ഖാനുമായുള്ള വിവാഹ ബന്ധത്തിൽ അർഹാൻ എന്നൊരു മകൻ മലൈകയ്ക്കുണ്ട്. 2017ൽ അർബാസ് ഖാനും മലൈകയും വിവാഹമോചനം നേടി. ഇതിനുശേഷമാണ് അർജുനും മലൈകയും പ്രണയത്തിലാവുന്നത്, 2019 ജൂൺ 26ന് അർജുനും മലൈകയും തങ്ങളുടെ പ്രണയം ലോകത്തോട് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
നിർമാതാവ് ബോണി കപൂറിന്റെയും ആദ്യഭാര്യ മോണ ഷോറി കപൂറിന്റെയും മകനാണ് അർജുൻ. 1983ൽ വിവാഹിതരായ ബോണി കപൂറും മോണയും 1996ൽ വിവാഹമോചിതരായി. പിന്നീടാണ് ബോണി കപൂർ ശ്രീദേവിയെ വിവാഹം ചെയ്തത്.
49കാരിയായ മലൈകയും 37കാരനായ അർജുനും തമ്മിലുള്ള പ്രണയം ബോളിവുഡിലും ഇരുവരുടെയും കുടുംബങ്ങളിലും ആദ്യകാലത്ത് ചില്ലറ കോളിളക്കങ്ങൾ സൃഷ്ടിച്ചിരുന്നു. കാരണം, ബോളിവുഡിലെ തന്നെ ഏറ്റവും പ്രശസ്ത കുടുംബങ്ങളായ ഖാൻ ഫാമിലിയിലും കപൂർ ഫാമിലിയിലും ഈ ബന്ധം അസ്വാരസ്യങ്ങൾ ഉണ്ടാക്കിയിരുന്നു. എന്നാൽ, കോളിളക്കങ്ങളെയും അസ്വാരസ്യങ്ങളെയുമെല്ലാം മറികടന്ന് അർജുനും മലൈകയും ഡേറ്റിംഗ് തുടരുകയാണ്.