/indian-express-malayalam/media/media_files/uploads/2018/10/call-home_759.jpg)
കൊച്ചിയില്‍ മലയാളികളായ മാതാപിതാക്കള്‍ക്ക് ജനിച്ച് കൊല്‍ക്കത്തയില്‍ വളര്‍ന്ന് ഇപ്പോള്‍ മുംബൈയില്‍ ജോലി ചെയ്യുന്ന ടെസ്സ് ജോസഫ് എന്ന കാസ്റ്റിങ് ഡയറക്ടറെ കുറിച്ച് മലയാളികള്‍ കേട്ട് തുടങ്ങുന്നത് നടനും എംഎല്‍എയുമായ മുകേഷ് തന്നെ 19 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിരന്തരമായി ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തി എന്ന് ആരോപിച്ച് ടെസ് രംഗത്തെത്തിയപ്പോഴാണ്.
ഒരു പീഡിയാട്രിക് സര്‍ജനാകാന്‍ ആഗ്രഹിച്ച ടെസ്സിനെ, മെഡിക്കല്‍ കോളേജില്‍ പ്രവേശനം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് അമ്മയാണ് മാസ് കമ്മ്യൂണിക്കേഷന് ചേരാന്‍ നിര്‍ബന്ധിച്ചത്. ഇതിനു ശേഷമാണ് ഡെറിക് ഒബ്രേയിന്‍ അസോസിയേറ്റ്‌സില്‍ ജോലിക്ക് ചേരുന്നത്. ഇവിടെ ബോണ്‍വിറ്റാ ക്വിസ് അടക്കം നിരവധി പരിപാടികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
Read Also: #MeToo: അവസരങ്ങൾ നഷ്ടപ്പെട്ടതാണ് എന്നെ ഏറെ വിഷമിപ്പിച്ചത്: ടെസ്സ് ജോസഫ്
കാസ്റ്റിങ് ഡയറക്ടറായ ടെസ്സ് ജോസഫ് പല രാജ്യാന്തര പ്രൊഡക്ഷന്‍സിനും വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. മീരാ നായരുടെ 'നേം സേക്കില്‍' ടെസ്സ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ മുംബൈയില്‍ ടെസ്സ് ജോസഫ് കാസ്റ്റിങ് എന്ന സ്ഥാപനം നടത്തുന്നു. മീരാ നായരാണ് ടെസ്സിനെ കാസ്റ്റിങ് ഡിറെക്ഷനിലേക്ക് കൊണ്ടുവരുന്നത്. 2005ല്‍ 'ദി നേംസേക്'എന്ന തന്റെ ചിത്രത്തിന് ലൊക്കേഷന്‍ തേടി ഇറങ്ങിയതായിരുന്നു മീര. ടെസ്സിന്റെ വീടിനെക്കുറിച്ച് ആരോ പറഞ്ഞറിഞ്ഞ് അവിടെ എത്തിയ സംവിധായിക വീടിനു പകരം തിരഞ്ഞെടുത്തത് വീട്ടിലെ ആ പെണ്‍കുട്ടിയെ ആയിരുന്നു.
Read More: #MeToo: മുകേഷ് ഫോണിൽ ശല്യപ്പെടുത്തിയെന്ന് സംവിധായിക; സംഭവം ഓർമ്മയില്ലെന്ന് എംഎൽഎ
അതിനു ശേഷം ഈ ചിത്രത്തിന്റെ നിര്‍മ്മാതാവായ ലിഡിയ പിച്ചര്‍, ലെസ് ആന്‍ഡേഴ്‌സന്റെ 'ദി ഡാര്‍ജിലിങ് ലിമിറ്റഡ്' എന്ന ചിത്രത്തിലേക്ക് കാസ്റ്റിങ് ഡയറക്ടറായി നിര്‍ദ്ദേശിച്ചു. ഈ രംഗത്ത് പ്രവര്‍ത്തിച്ചു തുടങ്ങി രണ്ടുവര്‍ഷത്തിനു ശേഷം കൊല്‍ക്കത്തയില്‍ നിന്നും ടെസ്സ് മുംബൈയിലേക്ക് താമസം മാറി. ജെഫ്രി ബ്രൗണ്‍, ആന്‍ജ് ലീ, ഡൗ ലിമാന്‍ തുടങ്ങി നിരവധി രാജ്യാന്തര സംവിധായകര്‍ക്കൊപ്പം ടെസ്സ് പ്രവര്‍ത്തിച്ചു.
ലയണ്‍ (2006), ലൈഫ് ഓഫ് പൈ (2012), ദി വെയ്റ്റിങ് സിറ്റി (2009), ഫെയര്‍ ഗെയിം (2010), വെസ്റ്റ് ഈസ് വെസ്റ്റ് (2010), മീന (2014), സോള്‍ഡ് (2016) എന്നീ ചിത്രങ്ങളിലും ടെസ്സ് കാസ്റ്റിങ് ഡയറക്ടറായി ജോലി ചെയ്തു.
സിനിമയ്ക്കു പുറമേ ജിഡി-സാന്‍ജോഗ് എന്ന സ്വയം സന്നദ്ധ സംഘടനയുടെ ബോര്‍ഡ് അംഗങ്ങളില്‍ ഒരാള്‍ കൂടിയാണ് ടെസ്സ്. കുട്ടികളെ കടത്തുന്നതിനെതിരെ (ചൈല്‍ഡ് ട്രാഫിക്കിങ്) പ്രവര്‍ത്തിക്കുന്ന സംഘടനയാണിത്. തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം കൊച്ചുകുട്ടികളുടെ മാനസിക വളര്‍ച്ചയ്ക്കും അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി നിരവധി പരിപാടികള്‍ ടെസ്സ് സംഘടിപ്പിക്കുന്നുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.