scorecardresearch

സമ്മര്‍ ഇന്‍ ബത്‌ലഹേം രണ്ടാം ഭാഗം വരുന്നു; പ്രഖ്യാപനവുമായി നിർമാതാവ്

മഞ്ജുവാര്യരും ജയസൂര്യയും കേന്ദ്രകഥാപാത്രമാവുന്ന 'മേരി ആവാസ് സുനോ' എന്ന ചിത്രത്തിന്റെ മ്യൂസിക് ലോഞ്ചിനിടയിലായിരുന്നു നിർമാതാവ് സിയാദ് കോക്കറിന്റെ പ്രഖ്യാപനം

മഞ്ജുവാര്യരും ജയസൂര്യയും കേന്ദ്രകഥാപാത്രമാവുന്ന 'മേരി ആവാസ് സുനോ' എന്ന ചിത്രത്തിന്റെ മ്യൂസിക് ലോഞ്ചിനിടയിലായിരുന്നു നിർമാതാവ് സിയാദ് കോക്കറിന്റെ പ്രഖ്യാപനം

author-image
Entertainment Desk
New Update
Summer in Bethlehem, Summer in Bethlehem second part

മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് 'സമ്മര്‍ ഇന്‍ ബത്‌ലഹേം'. മഞ്ജുവാര്യർ, സുരേഷ് ഗോപി, ജയറാം, കലാഭവൻ മണി, ജനാർദ്ദനൻ, സുകുമാരി എന്നിവർക്കൊപ്പം അതിഥി താരമായി മോഹൻലാലുമെത്തിയപ്പോൾ തിയേറ്ററിൽ ഉത്സവപ്രതീതി സമ്മാനിച്ച ചിത്രം. മഞ്ജുവാര്യരുടെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രങ്ങളിൽ ഒന്നു കൂടിയാണ് സമ്മർ ഇൻ ബത്‌ലഹേമിലെ ആമി. രഞ്ജിത്തിന്റെ തിരക്കഥയില്‍ സിബി മലയിലായിരുന്നു ചിത്രം സംവിധാനം ചെയ്തത്. 24 വർഷങ്ങൾക്കു ശേഷം, ചിത്രത്തിന് രണ്ടാം ഭാഗം വരുന്നുവെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ചിത്രത്തിന്റെ നിർമാതാവായ സിയാദ് കോക്കർ.

Advertisment

മഞ്ജുവാര്യരും ജയസൂര്യയും കേന്ദ്രകഥാപാത്രമാവുന്ന പ്രജേഷ് സെൻ ചിത്രം 'മേരി ആവാസ് സുനോ' എന്ന ചിത്രത്തിന്റെ മ്യൂസിക് ലോഞ്ചിനിടയിലായിരുന്നു നിർമാതാവ് സിയാദ് കോക്കറിന്റെ പ്രഖ്യാപനം.

മഞ്ജു വാര്യർ ഒരു താരമെന്നതിനേക്കാൾ തനിക്കൊരു കുടുംബാംഗത്തെ പോലെയാണെന്നും മഞ്ജുവിനൊപ്പം സമ്മർ ഇൻ ബത്‌ലഹേം മാത്രമാണ് ഇതുവരെ ചെയ്തതെന്നും സിയാദ് കോക്കർ പറഞ്ഞു. സമ്മര്‍ ഇന്‍ ബത്‌ലഹേം രണ്ടാം ഭാഗം ഒരുക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്നും രണ്ടാം ഭാഗത്തില്‍ മഞ്ജു തീർച്ചയായും ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read more: ജയറാമിന് പൂച്ചക്കുട്ടിയെ അയച്ച ആ അജ്ഞാത കാമുകി ആര്?

1998 ലാണ് 'സമ്മർ ഇൻ ബെത്‌ലഹേം' പുറത്തിറങ്ങുന്നത്. രണ്ടു പതിറ്റാണ്ടിനിപ്പുറവും സിനിമാ ആരാധകർ പലപ്പോഴും ചർച്ച ചെയ്ത കാര്യങ്ങളിലൊന്നാണ് ചിത്രത്തിൽ ജയറാമിന് പൂച്ചക്കുട്ടിയെ അയച്ച ആ അജ്ഞാത സുന്ദരി ആര്? എന്ന കാര്യം. സിനിമ പുറത്തിറങ്ങിയിട്ട് 24 വർഷങ്ങൾ ആകുമ്പോഴും ആ ചോദ്യത്തിന് മാത്രം ഇനിയും ഉത്തരം കിട്ടിയിട്ടില്ല. സിനിമ കണ്ട ഓരോരുത്തരും ഇതേക്കുറിച്ച് ചിന്തിച്ചിട്ടുണ്ടാകും.

Advertisment

ആ സുന്ദരി ആരാണെന്ന് സംവിധായകൻ സിബി മലയിലിനോടും തിരക്കഥാകൃത്ത് രഞ്ജിത്തിനോടും പലരും പലതവണ ചോദിച്ചിട്ടുണ്ട്. അത് ആരാണെന്ന് തനിക്കറിയില്ലെന്നും തിരക്കഥ എഴുതിയ രഞ്ജിത്ത് ഇതുവരെ ഇക്കാര്യം തന്നോട് പറഞ്ഞിട്ടില്ലെന്നുമായിരുന്നു സിബി മലയിൽ ഒരിക്കൽ ഇതിനെക്കുറിച്ച് പറഞ്ഞത്.

"ആ സസ്‌പെൻസ് അങ്ങനെ തന്നെ നിന്നോട്ടെയെന്നാണ്" എന്നായിരുന്നു തിരക്കഥാകൃത്ത് രഞ്ജിത്തിന്റെ. പ്രതികരണം. "അതാരാണ് എന്ന് നിങ്ങള്‍ക്ക് തോന്നുന്നുവോ അതേയാള്‍ തന്നെയാണ്" എന്നും രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു.

മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകള്‍ സമ്മാനിച്ച രഞ്ജിത്തിന്റെ വ്യത്യസ്‌തമായ തിരക്കഥകളില്‍ ഒന്നാണ് 'സമ്മര്‍ ഇന്‍ ബെത്‌ലഹേം'. മോഹന്‍ലാല്‍ അവതരിപ്പിച്ച ഏറ്റവും മനോഹരമായ കഥാപാത്രങ്ങളില്‍ ഒന്നാണ് ഇതിലെ നിരഞ്ജന്‍. പ്രണയവും, പ്രണയഭംഗവും കുടുംബ ബന്ധങ്ങളുടെ ഊഷ്‌മളതയും സൗഹൃദത്തിന്റെ ശക്തിയുമൊക്കെ പകര്‍ത്തിയ ചിത്രം.

കഥയും തിരക്കഥയും അഭനേതാക്കളുടെ മികച്ച പ്രകടനത്തോടൊപ്പം തന്നെ സമ്മർ ഇൻ ബെത്‌ലഹേമിലെ പാട്ടുകളും എടുത്തു പറയേണ്ടതാണ്. ഗിരീഷ് പുത്തൻച്ചേരി എഴുതി വിദ്യാ സാഗർ ഈണം നൽകിയ പാട്ടുകളെല്ലാം ഹിറ്റായിരുന്നു. അതിൽ തന്നെ യേശുദാസ് പാടിയ 'ഒരു രാത്രി കൂടി വിട വാങ്ങവേ', സുജാത പാടിയ 'എത്രയോ ജന്മമായ് നിന്നെ ഞാൻ' എന്നീ പാട്ടുകൾ സംഗീത പ്രേമികളുടെ ഇഷ്‌ട ഗാനശേഖരത്തില്‍ ഏറ്റവും മുന്നില്‍ ഇപ്പോഴുമുണ്ട്.

ഈ ചിത്രത്തിലെ എം.ജി.ശ്രീകുമാർ പാടിയ 'കൺഫ്യൂഷൻ തീർക്കണമേ' എന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഈ പാട്ടിന്റെ വരികൾ എഴുതാനായി ഗിരീഷ് പുത്തൻച്ചേരി ഏറെ ചിന്തിച്ചിട്ടും മനസ്സിലേക്ക് ഒന്നും എത്തിയില്ല. ഒടുവിൽ തിരക്കഥാകൃത്ത് രഞ്ജിത്ത് പറഞ്ഞ വാക്കിൽ നിന്നാണ് ഈ പാട്ടിന്റെ തുടക്കം കിട്ടിയത്. ആ കഥ രഞ്ജിത്ത് വിവരിച്ചത് ഇങ്ങനെ.

"റെക്കോർഡിങ് സ്റ്റുഡിയോയിൽ ഗിരീഷ് പുത്തൻച്ചേരിക്കും വിദ്യാ സാഗറിനുമൊപ്പം ഞാനും ഉണ്ടായിരുന്നു. ഗാനത്തിന്റെ വരികളുടെ തുടക്കം കിട്ടാതെ ഗിരീഷ് പുത്തൻച്ചേരി ടെൻഷനടിച്ച് ഇരിക്കുമ്പോള്‍ ഞാന്‍ ചോദിച്ചു, 'എഴുതാന്‍ പറ്റുന്നില്ലേ, എന്താണ് പ്രശ്‌നം' എന്ന്. അപ്പോള്‍ അദ്ദേഹം പറഞ്ഞു, 'ഇല്ല, ഞാന്‍ കണ്‍ഫ്യൂഷനി'ലാണ് എന്ന്. 'കണ്‍ഫ്യൂഷന്‍' തന്നെയല്ലേ ഈ ഗാനത്തിന്റെ സന്ദര്‍ഭവും എന്ന് ഞാന്‍ ചൂണ്ടിക്കാണിച്ചു. അവിടെ നിന്നാണ് 'കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ' എന്ന ഗാനം പിറക്കുന്നത്‌".

Suresh Gopi Manju Warrier Mohanlal Jayaram

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: