ചില സിനിമകൾ അങ്ങനെയാണ്, ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ മനസ്സിൽ ബാക്കിയാക്കിയാവും അവസാനിക്കുക. സിയാദ് കോക്കര്‍ നിര്‍മ്മിച്ച്‌ സിബി മലയിൽ സംവിധാനം ചെയ്‌ത ‘സമ്മർ ഇൻ ബെത്‌ലഹേം’ എന്ന സിനിമയും അങ്ങനെയൊരു ഒരു ചോദ്യം ബാക്കിയാക്കിയാണ് അവസാനിച്ചത്. കഥയുടെ മര്‍മ്മപ്രധാനമായ ഒരു സംഭവത്തിന് പിന്നില്‍ ആര് എന്ന ചോദ്യം. കണ്ടവര്‍ കണ്ടവര്‍ പരസ്‌പരം ചോദിച്ചു. ഇന്നും ചോദിച്ചു കൊണ്ടിരിക്കുന്നു.

ജയറാമിന് പൂച്ചക്കുട്ടിയെ അയച്ച ആ അജ്ഞാത കാമുകി ആര്?

1998 ലാണ് ‘സമ്മർ ഇൻ ബെത്‌ലഹേം’ പുറത്തിറങ്ങുന്നത്. മഞ്ജു വാര്യർ, സുരേഷ് ഗോപി, ജയറാം, മോഹന്‍ലാല്‍ (അതിഥി വേഷം) എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം മെഗാ ഹിറ്റായിരുന്നു. രഞ്ജിത്തായിരുന്നു സിനിമയുടെ കഥയും തിരക്കഥയും എഴുതിയത്. ആമി എന്ന അഭിരാമി (മഞ്ജു വാര്യർ), ജ്യോതി (രസിക), ഗായത്രി (മയൂരി), ദേവിക (ശ്രീജയ) എന്നീ അഞ്ചു പെൺകുട്ടികൾ അവരുടെ മുത്തച്‌ഛൻ കേണൽ സി.ആര്‍.മേനോനും (ജനാർദ്ദനൻ) മുത്തശ്ശിക്കും (സുകുമാരി) ഒപ്പം മുറച്ചെറുക്കൻ രവിശങ്കറിന്റെ (ജയറാം) ബെത്‌ലഹേം എന്ന ഫാം ഹൗസിലേക്ക് അവധിക്കാലം ആഘോഷിക്കാൻ എത്തുകയാണ്.

എന്നാൽ ബെത്‌ലഹേം എന്ന ഫാം ഹൗസ് ശരിക്കും രവിശങ്കറിന്റേതല്ല, കൂട്ടുകാരൻ ഡെന്നിസിന്റേതാണ് (സുരേഷ് ഗോപി). കടം കയറി പൊളിഞ്ഞു പോയ സ്വന്തം ഫാമിന്റെ കഥ വീട്ടുകാര്‍ അറിയരുത് എന്നാഗ്രഹിക്കുന്ന രവിശങ്കര്‍, കൂട്ടുകാരന്റെ ഫാം തന്റേതാണ് എന്ന മട്ടില്‍ വീട്ടുകാര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നു. മുത്തച്‌ഛന്റെ കൈയ്യിലെ സ്വത്തില്‍ കുറച്ചെങ്കിലും കിട്ടിയാല്‍ തന്ന രക്ഷപ്പെടും എന്ന ഉദ്ദേശത്തില്‍ മാത്രമാണ് രണ്ടു പ്രായമായവരേയും പെണ്‍പടയേയും സഹിക്കാന്‍ രവിശങ്കര്‍ തയ്യാറാവുന്നത് തന്നെ. അനാഥനായ ഡെന്നിസാകട്ടെ, തന്റെ വീട്ടിലേക്ക് ആളുകള്‍ വരുന്നത് തനിക്കു വലിയ സന്തോഷമാണ് എന്ന് പറയുകയും ചെയ്യുന്നു. അങ്ങനെയാണ് ആ സമ്മര്‍ ബെത്‌ലഹേമില്‍ ആകുന്നത്.

ഇവിടെ കഥ തുടങ്ങുന്നതിനു മുന്‍പ് തന്നെ സിനിമ നമ്മളെ മറ്റൊരു കഥയുടെ മറ്റൊരു പ്രധാന ഏട് കാണിച്ചു തരുന്നുണ്ട്. സിനിമയുടെ ടൈറ്റില്‍ സോങില്‍ ഒരു ഭംഗിയുള്ള പൂച്ചയെ പിന്തുടര്‍ന്ന് കൊണ്ട്. ഒരു പെണ്‍കുട്ടി (അവള്‍ ആരാണ് എന്ന് നമ്മള്‍ കാണുന്നില്ല), ഈ പൂച്ചയെ നന്നായി ഒരുക്കി, തനിക്ക് ഏറ്റവും പ്രിയപ്പെട്ട ആള്‍ക്ക് സമ്മാനമായി കൊറിയറില്‍ അയക്കുകയാണ്, ‘അവധിക്കാലം എത്തുന്നു, എന്റെ സുന്ദരന്‍ മുറച്ചെറുക്കന്‍ പൂച്ചയെക്കാണാന്‍ ഞാന്‍ എത്തും’ എന്ന കുറിപ്പോടെ.

Read More: Throwback Thursday: ‘നോക്കെത്താ ദൂരത്ത് കണ്ണും നട്ടി’ല്‍ ഗേളിയായതിനെക്കുറിച്ച് നദിയ മൊയ്‌തു

അഞ്ചു പേരില്‍ ആരാണ് ഇതയച്ചത് എന്ന കന്‍ഫ്യൂഷനിലാകുന്നു രവി ശങ്കര്‍. അങ്ങനെ അവളെ കണ്ടു പിടിക്കാം എന്ന് ഡെന്നിസ് ഉറപ്പു പറയുന്നതും ഇരുവരും കൂടി അതിനായി നടത്തുന്ന ശ്രമങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന ഭാഗം. ചില സന്ദര്‍ഭങ്ങളില്‍ അവര്‍ ഈ പെണ്‍കുട്ടിയെ കണ്ടെത്തുന്നതിനടുത്തെത്തുന്നുണ്ട് എങ്കിലും കൃത്യമായി പിടി കൊടുക്കാതെ അവള്‍ വഴുതി മാറുന്നു. ഒടുവിൽ ‘അടുത്ത സമ്മറിൽ ഞാൻ വരും ബെത്‌ലഹേമിലേക്ക്… catch me before that, yours…’ തൂവാലയിൽ എഴുതിയ ഈ സന്ദേശം ട്രെയിനിലെ ജനാലയ്‌ക്ക് ഇടയിലൂടെ എറിഞ്ഞു കൊടുത്ത് അവൾ ബെത്‌ലഹേമിൽ നിന്നും പോവുകയാണ്. സിനിമ അവസാനിക്കുന്നതും ഇവിടെയാണ്.

സിനിമ പുറത്തിറങ്ങിയിട്ട് 20 വർഷങ്ങൾ ആകുമ്പോഴും ജയറാമിന് പൂച്ചക്കുട്ടിയെ അയച്ച ആ അജ്ഞാത സുന്ദരി ആര്? എന്ന ചോദ്യത്തിന് മാത്രം ഇനിയും ഉത്തരം കിട്ടിയിട്ടില്ല. സിനിമ കണ്ട ഓരോരുത്തരും ഇതേക്കുറിച്ച് ചിന്തിച്ചിട്ടുണ്ടാകും. ഇപ്പോഴും സമ്മർ ഇൻ ബെത്‌ലഹേം കണ്ടു കഴിയുമ്പോൾ ആരായിരിക്കും ആ സുന്ദരി? എന്ന ചോദ്യം അറിയാതെ ഉളളിൽ വരാറുണ്ട്.

ആ സുന്ദരി ആരാണെന്ന് സംവിധായകൻ സിബി മലയിലിനോടും തിരക്കഥാകൃത്ത് രഞ്ജിത്തിനോടും പലരും പലതവണ ചോദിച്ചിട്ടുണ്ട്.
അത് ആരാണെന്ന് തനിക്കറിയില്ലെന്നും തിരക്കഥ എഴുതിയ രഞ്ജിത്ത് ഇതുവരെ ഇക്കാര്യം തന്നോട് പറഞ്ഞിട്ടില്ലെന്നുമായിരുന്നു സിബി മലയിൽ ഒരിക്കൽ ഇതിനെക്കുറിച്ച് പറഞ്ഞത്. ഏറ്റവുമടുത്ത് തിരക്കഥാകൃത്ത് രഞ്ജിത്തിനോടും ഞങ്ങള്‍ ഇക്കാര്യം ചോദിച്ചു.

“ആ സസ്‌പെൻസ് അങ്ങനെ തന്നെ നിന്നോട്ടെയെന്നാണ്” എന്നായിരുന്നു ആദ്യത്തെ പ്രതികരണം. പിന്നീട് “അതാരാണ് എന്ന് നിങ്ങള്‍ക്ക് തോന്നുന്നുവോ അതേയാള്‍ തന്നെയാണ്” എന്നും കൂട്ടിച്ചേര്‍ത്തു.

മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകള്‍ സമ്മാനിച്ച രഞ്ജിത്തിന്റെ വ്യത്യസ്‌തമായ തിരക്കഥകളില്‍ ഒന്നാണ് ‘സമ്മര്‍ ഇന്‍ ബെത്‌ലഹേം’. മോഹന്‍ലാല്‍ അവതരിപ്പിച്ച ഏറ്റവും മനോഹരമായ കഥാപാത്രങ്ങളില്‍ ഒന്നാണ് ഇതിലെ നിരഞ്ജന്‍. പ്രണയവും, പ്രണയഭംഗവും കുടുംബ ബന്ധങ്ങളുടെ ഊഷ്‌മളതയും സൗഹൃദത്തിന്റെ ശക്തിയുമൊക്കെ പകര്‍ത്തിയ ചിത്രം.

രഞ്ജിത്ത് ചിത്രങ്ങളുടെ മുഖമുദ്രയാണ് പ്രേക്ഷകര്‍ നെഞ്ചേറ്റിയ ഡയലോഗുകള്‍. മോഹന്‍ലാലിന്‍റെ വായിലൂടെയാണ് ഇത് പലതും നമ്മള്‍ കേട്ടത്. അവയില്‍ നിന്നും വ്യത്യസ്‌തമായി ഈ ചിത്രത്തിലെ പ്രധാന ഡയലോഗ് പറയുന്നത് നായിക മഞ്ജു വാര്യരാണ്. ‘സവാരിഗിരിഗിരി’, ‘പോ മോനേ ദിനേശാ’ എന്നൊക്കെ എഴുതിയ തൂലികയില്‍ നിന്നും ‘സമ്മര്‍ ഇന്‍ ബെത്‌ലഹേമി’ല്‍ എത്തിയത് ഒരു കന്നഡ ഡയലോഗും.

‘അയ്‌ത് കസിന്‍സ് നല്ലി യാറാവത് ഒബ്രുമതുവേ മാടിക്കൊട്രേ താന്തന്ത് പേഴ്സണൽ ആസ്‌തിയെല്ലാം നിനകേ സികിതേ’, എന്നാണാ ഡയലോഗ്. മഞ്ജു വാര്യരുടെ കഥാപാത്രമായ അഭിരാമി, ജയറാമിനോടാണ് ഈ ഡയലോഗ് പറയുന്നത്. ‘അഞ്ചു കസിൻസിൽ ഒരാളെ വിവാഹം ചെയ്‌താൽ മുത്തച്‌ഛൻ തന്റെ സ്വത്തുക്കളെല്ലാം അയാൾക്ക് എഴുതി നൽകും’, ഇതാണ് ആ ഡയലോഗിന്റെ അർത്ഥം. ഇതിന്റെ അര്‍ഥം അന്വേഷിച്ചും രവി ശങ്കര്‍ ഒരുപാട് വലയുന്നുണ്ട്.

ഈ ഡയലോഗ് താന്‍ എഴുതിയത് സിനിമയിലെ അഞ്ചു പെൺകുട്ടികളിലെ അപർണ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മഞ്ജുളയുടെ സഹായത്തോടെയാണ് എന്ന് രഞ്ജിത്ത് പറഞ്ഞു.

“ബാംഗ്ലൂര്‍ നഗരത്തില്‍ നിന്നാണ് മഞ്ജുവിന്റെ കഥാപാത്രം വരുന്നത്. അവിടെ നിന്നാണ് കന്നഡ ഭാഷയില്‍ ഒരു ഡയലോഗിന്റെ സാധ്യത വന്നത്.”

കഥയും തിരക്കഥയും അഭനേതാക്കളുടെ മികച്ച പ്രകടനത്തോടൊപ്പം തന്നെ സമ്മർ ഇൻ ബെത്‌ലഹേമിലെ പാട്ടുകളും എടുത്തു പറയേണ്ടതാണ്. ഗിരീഷ് പുത്തൻച്ചേരി എഴുതി വിദ്യാ സാഗർ ഈണം നൽകിയ പാട്ടുകളെല്ലാം ഹിറ്റായിരുന്നു. അതിൽ തന്നെ യേശുദാസ് പാടിയ ‘ഒരു രാത്രി കൂടി വിട വാങ്ങവേ’, സുജാത പാടിയ ‘എത്രയോ ജന്മമായ് നിന്നെ ഞാൻ’ എന്നീ പാട്ടുകൾ സംഗീത പ്രേമികളുടെ ഇഷ്‌ട ഗാനശേഖരത്തില്‍ ഏറ്റവും മുന്നില്‍ ഇപ്പോഴുമുണ്ട്.

ഈ ചിത്രത്തിലെ എം.ജി.ശ്രീകുമാർ പാടിയ ‘കൺഫ്യൂഷൻ തീർക്കണമേ’ എന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഈ പാട്ടിന്റെ വരികൾ എഴുതാനായി ഗിരീഷ് പുത്തൻച്ചേരി ഏറെ ചിന്തിച്ചിട്ടും മനസ്സിലേക്ക് ഒന്നും എത്തിയില്ല. ഒടുവിൽ തിരക്കഥാകൃത്ത് രഞ്ജിത്ത് പറഞ്ഞ വാക്കിൽ നിന്നാണ് ഈ പാട്ടിന്റെ തുടക്കം കിട്ടിയത്. ആ കഥ രഞ്ജിത്ത് വിവരിച്ചത് ഇങ്ങനെ.

“റെക്കോർഡിങ് സ്റ്റുഡിയോയിൽ ഗിരീഷ് പുത്തൻച്ചേരിക്കും വിദ്യാ സാഗറിനുമൊപ്പം ഞാനും ഉണ്ടായിരുന്നു. ഗാനത്തിന്റെ വരികളുടെ തുടക്കം കിട്ടാതെ ഗിരീഷ് പുത്തൻച്ചേരി ടെൻഷനടിച്ച് ഇരിക്കുമ്പോള്‍ ഞാന്‍ ചോദിച്ചു, ‘എഴുതാന്‍ പറ്റുന്നില്ലേ, എന്താണ് പ്രശ്‌നം’ എന്ന്. അപ്പോള്‍ അദ്ദേഹം പറഞ്ഞു, ‘ഇല്ല, ഞാന്‍ കണ്‍ഫ്യൂഷനി’ലാണ് എന്ന്. ‘കണ്‍ഫ്യൂഷന്‍’ തന്നെയല്ലേ ഈ ഗാനത്തിന്റെ സന്ദര്‍ഭവും എന്ന് ഞാന്‍ ചൂണ്ടിക്കാണിച്ചു. അവിടെ നിന്നാണ് ‘കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ’ എന്ന ഗാനം പിറക്കുന്നത്‌”.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ