/indian-express-malayalam/media/media_files/uploads/2020/09/Dev-Mohan-1.jpg)
'സൂഫിയും സുജാതയും' താരം ദേവ് മോഹൻ വിവാഹിതനായി. മലപ്പുറം സ്വദേശിനി റജീനയാണ് വധു. വിവാഹത്തെക്കുറിച്ച് സൂചന നൽകുന്ന ഇൻസ്റ്റഗ്രാം പോസ്റ്റ് കഴിഞ്ഞ ദിവസം ദേവ് പങ്കുവച്ചിരുന്നു. അതിൽ വധുവിന്റെ ചിത്രവും ചേർത്തിരുന്നു. ഓഗസ്റ്റ് 25ന് ഇരിങ്ങാലക്കുടയിലായിരുന്നു വിവാഹം. ബാംഗ്ലൂരിൽ ജോലി ചെയ്യുകയാണ് റജീന.
"ഒരു ചടങ്ങായി വയ്ക്കണം എന്നുണ്ടായിരുന്നു. പക്ഷേ കുടുംബത്തിൽ ഒരു മരണമുണ്ടായതിനാൽ വിവാഹം ലളിതമാക്കുകയായിരുന്നു," ദേവ് ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു. പത്തുവർഷമായി ദേവും റജീനയും സുഹൃത്തുക്കളാണ്. ഇരുവീട്ടുകാരുടെയും പൂർണസമ്മതത്തോടെയും ആശീർവാദത്തോടെയുമായിരുന്നു വിവാഹമെന്നും ദേവ് പറഞ്ഞു.
"നീയെന്റെ ആത്മാവിന് തെളിച്ചം തന്നു. ഇതൊരു മുത്തശ്ശിക്കഥയല്ല, ഒരു ദശാബ്ദമായി കരുത്തേകുന്നതാണ്. നല്ല കാലങ്ങളിലും മോശം സമയത്തും നീ കൂടെ നിന്നു, ക്ഷമയോടെ, എനിക്കു കരുത്തേകുന്ന തൂണായി....എന്നെ ഞാനാക്കി മാറ്റിയ നിമിഷങ്ങൾക്കെല്ലാം നീ സാക്ഷിയായിരുന്നു. എന്നും നിന്നോട് ചേർന്നിരിക്കാൻ എന്നെ അനുവദിക്കൂ... നിന്റെ സന്തോഷങ്ങളിൽ പങ്കാളിയാവാൻ, നിനക്കൊപ്പം ഈ ജീവിതം ആഘോഷിക്കാൻ... പ്രിയപ്പെട്ടവരുടെ അനുഗ്രഹാശിസുകളാൽ ഒരുമിച്ചുള്ള യാത്ര തുടങ്ങാനിരിക്കുകയാണല്ലോ നമ്മൾ... എല്ലാവരുടെയും സ്നേഹവും അനുഗ്രഹവും ഞങ്ങൾ ആഗ്രഹിക്കുന്നു..." എന്നാണ് റജീനയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ദേവ് കുറിച്ചത്.
തൃശൂർ സ്വദേശിയായ ദേവ് ബംഗളൂരു കേന്ദ്രീകരിച്ചുള്ള ബഹുരാഷ്ട്ര കമ്പനിയിൽ മെക്കാനിക്കൽ എൻജിനീയറായി ജോലി ചെയ്യുന്നതിനിടെയാണ് സിനിമയിലേക്ക് എത്തുന്നത്. ഓഡിഷനിലൂടെയാണ് 'സൂഫിയും സുജാതയും' എന്ന ചിത്രത്തിലേക്ക് ദേവിനെ തിരഞ്ഞെടുക്കുന്നത്. സൂഫിയെന്ന കഥാപാത്രത്തിനായി ഏതാണ്ട് രണ്ടുവർഷത്തോളമാണ് ദേവ് മാറ്റിവച്ചത്.
View this post on InstagramHold on to happiness as long as you could... Pic-@jithinasankarji #happiness #sunday #love
A post shared by Dev Mohan (@devmohanofficial) on
ആദ്യചിത്രത്തിൽ തന്നെ മിന്നുന്ന പ്രകടനമാണ് ദേവ് കാഴ്ച വച്ചത്. “ചിത്രത്തിലെ പ്രധാനപ്പെട്ട ഒരു ഭാഗമായിരുന്നു, സൂഫി വേർളിങ് (കറങ്ങി കാെണ്ടുള്ള നൃത്തം). മെഡിറ്റേഷനിലൂടെ ചെയ്യേണ്ടതാണ് അത്. എനിക്ക് ഡാൻസുമായി വലിയ ബന്ധമൊന്നുമില്ല. കഥാപാത്രത്തിന് അത് അത്യാവശ്യവുമാണ്. ഞാൻ യൂട്യൂബിൽ വീഡിയോ നോക്കി പഠിക്കാൻ ശ്രമിച്ചു. കൂടുതൽ മനസ്സിലാക്കാൻ അജ്മീർ ദർഗ സന്ദർശിച്ചു, പക്ഷേ പെട്ടെന്നുള്ള യാത്രയായതിനാൽ സമയം കുറവായിരുന്നു. സൂഫി നൃത്തം ചെയ്യുന്ന ആരെയും എനിക്ക് അവിടെ കണ്ടെത്താനും കഴിഞ്ഞില്ല. പിന്നീട് തുർക്കിയിലെ ഇസ്താംബുളിലാണ് ഇതിന്റെ ഹബ്ബെന്നു മനസിലാക്കി. ഏതാണ്ട് എട്ടൊൻപതുമാസം എടുത്താണ് സിനിമയ്ക്കു വേണ്ട രീതിയിൽ വേർളിങ് ചെയ്യാൻ ഞാൻ പഠിച്ചത്. ആദ്യമൊക്കെ കറങ്ങി നൃത്തം ചെയ്യുമ്പോൾ തലവേദന വരും, ഛർദ്ദിക്കാൻ തോന്നും. പിന്നെ ഞാനതുമായി പരിചിതമായി,” കഥാപാത്രത്തിനായി നടത്തിയ തയ്യാറെടുപ്പുകളെ കുറിച്ച് ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ ദേവ് പറഞ്ഞതിങ്ങനെ.
Read more:സൂഫിയാണ് താരം; ദേവ് മോഹൻ അഭിമുഖം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.