സോഷ്യൽ മീഡിയയിലും സിനിമാഗ്രൂപ്പുകളിലുമെല്ലാം താരമാണ് ഇപ്പോൾ സൂഫി. അലൗകിക തലത്തിലുള്ളൊരു പ്രണയത്തിന്റെ കഥ പറഞ്ഞ ‘സൂഫിയും സുജാതയും’ സമ്മിശ്ര പ്രതികരണങ്ങൾ ഏറ്റുവാങ്ങി ആമസോൺ പ്രൈമിൽ സ്ട്രീമിംഗ് തുടരുമ്പോൾ സൂഫിയായെത്തിയ ചെറുപ്പക്കാരന്റെ വിശേഷങ്ങൾക്ക് പിറകെയാണ് പ്രേക്ഷകർ. സൂഫിയുടെ നടപ്പും നോട്ടവും നൃത്തവും ബാങ്കുവിളിയും വരെ ഹൃദയം കവർന്നെന്നാണ് പ്രേക്ഷകരുടെ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.
ആദ്യചിത്രത്തിലൂടെ തന്നെ പ്രേക്ഷകശ്രദ്ധ നേടാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് സൂഫിയെന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദേവ് മോഹൻ എന്ന പുതുമുഖനടൻ. ചിത്രത്തിലെ സൂഫി നൃത്തവും സൂഫിയുടെ ബാങ്ക് വിളിയുമെല്ലാം പ്രേക്ഷകർ ചർച്ച ചെയ്യുന്നത് കാണുമ്പോൾ ഏറെ സന്തോഷമുണ്ടെന്ന് ഈ ചെറുപ്പക്കാരൻ പറയുന്നു. തൃശൂർ സ്വദേശിയായ ദേവ് ബംഗളൂരു കേന്ദ്രീകരിച്ചുള്ള എംഎൻസിയിൽ മെക്കാനിക്കൽ എഞ്ചിനീയറായി ജോലി ചെയ്യുന്നതിനിടയിലാണ് സിനിമയിലേക്ക് എത്തുന്നത്. സൂഫിയായി മാറാനുള്ള തയ്യാറെടുപ്പുകളെ കുറിച്ച് ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് മനസ് തുറക്കുകയാണ് ദേവ്.
“സമയമെടുത്താണ് ഞാൻ ആ കഥാപാത്രത്തെ മനസ്സിലാക്കിയത്. സംവിധായകൻ ഷാനവാസ് ഇക്കയ്ക്ക് സൂഫിയെന്ന കഥാപാത്രത്തെ കുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നു. സൂഫി എങ്ങനെ ആയിരിക്കണം, എന്താണ് സൂഫിയുടെ രൂപം, അയാൾ എങ്ങനെ നടക്കണം, എത്ര സ്പീഡ് വേണം തുടങ്ങി എല്ലാ കാര്യങ്ങളിലും അദ്ദേഹത്തിന് ധാരണയുണ്ടായിരുന്നു. രണ്ടു രണ്ടര വർഷത്തോളം ഞാനീ സിനിമയുടെ ഭാഗമായി പ്രവർത്തിച്ചതുകൊണ്ട് ഇക്കാര്യങ്ങളെ കുറിച്ചൊക്കെ പല തവണ ഞങ്ങൾ സംസാരിച്ചിരുന്നു.”
“ചിത്രത്തിലെ പ്രധാനപ്പെട്ട ഒരു ഭാഗമായിരുന്നു, സൂഫി വേർളിംഗ് (കറങ്ങി കാെണ്ടുള്ള നൃത്തം). മെഡിറ്റേഷനിലൂടെ ചെയ്യേണ്ടതാണ് അത്. എനിക്ക് ഡാൻസുമായി വലിയ ബന്ധമൊന്നുമില്ല. കഥാപാത്രത്തിന് അത് അത്യാവശ്യവുമാണ്. ഞാൻ യൂട്യൂബിൽ വീഡിയോ നോക്കി പഠിക്കാൻ ശ്രമിച്ചു. കൂടുതൽ മനസ്സിലാക്കാൻ അജ്മീർ ദർഗ സന്ദർശിച്ചു, പക്ഷേ പെട്ടെന്നുള്ള യാത്രയായതിനാൽ സമയം കുറവായിരുന്നു. സൂഫി നൃത്തം ചെയ്യുന്ന ആരെയും എനിക്ക് അവിടെ കണ്ടെത്താനും കഴിഞ്ഞില്ല.
പിന്നീട് തുർക്കിയിലെ ഇസ്താംബുളിൽ ആണ് ഇതിന്റെ ഒരു ഹബ്ബ് എന്നു മനസ്സിലാക്കി. ഏതാണ്ട് എട്ടൊൻപതുമാസം എടുത്താണ് സിനിമയ്ക്കു വേണ്ട രീതിയിൽ വേർളിംഗ് ചെയ്യാൻ ഞാൻ പഠിച്ചത്. ആദ്യമൊക്കെ കറങ്ങി നൃത്തം ചെയ്യുമ്പോൾ തലവേദന വരും, ശർദ്ദിക്കാൻ തോന്നും. പിന്നെ ഞാനതുമായി പരിചിതമായി.”
ബാങ്ക് (വാങ്ക്) വിളി
“സൂഫിയേയും സുജാതയേയും രാജീവിനെയുമെല്ലാം പോലെ സിനിമയിലെ ഒരു പ്രധാന കഥാപാത്രമാണ് ഈ വാങ്ക് വിളിയും. വാങ്കിന് ജീവൻ കൊടുക്കുന്നത് സൂഫിയിലൂടെയാണ്, സൂഫി എത്രത്തോളം ആ വാങ്കിനെ ഉൾകൊള്ളുന്നോ അത്രയും അതിന് ജീവനുള്ളതായി തോന്നുമെന്നാണ് ഷാനവാസ് ഇക്ക പറഞ്ഞത്. അർത്ഥമുൾകൊണ്ട് വാങ്ക് പഠിച്ചെടുത്തു. സൂക്ഷിച്ചു കേട്ടാൽ മനസ്സിലാവാം, സിനിമയിൽ ഓരോ തവണ വാങ്ക് വരുമ്പോഴും അതിന്റെ ഇമോഷൻസ് വേറെയാണ്. സന്തോഷത്തിൽ വാങ്ക് വിളിക്കുന്നുണ്ട്, സിനിമയുടെ ആദ്യഭാഗത്തെ വാങ്കിന് മറ്റൊരു ഇമോഷനാണ്. അതൊക്കെ ഷാനവാസ് ഇക്ക പഠിപ്പിച്ചുതന്നു. രണ്ടര മിനിറ്റോളമുള്ള വാങ്ക് ഒറ്റ ടേക്കിൽ ആണ് എടുത്തത്. ആ ഫീൽ എല്ലാവർക്കും കിട്ടി എന്നു കേൾക്കുമ്പോൾ സന്തോഷമുണ്ട്.”
മുൻപൊരു ഷൂട്ടിംഗ് പോലും കാണാതിരുന്ന തന്നെ സംബന്ധിച്ച് ആദ്യ ടേക്ക് മുതൽ അവസാന ടേക്ക് വരെ ലേണിംഗ് എക്സ്പീരിയൻസ് ആയിരുന്നെന്നാണ് ദേവ് മോഹൻ പറയുന്നത്.
അതിഥിയ്ക്ക് ഒപ്പമുള്ള അഭിനയം
2018ൽ ഈ പ്രൊജക്റ്റിനെ കുറിച്ച് ആദ്യം സംസാരിക്കുമ്പോൾ അതിഥിയാണെന്ന് കൂടെ അഭിനയിക്കുന്നത് എന്ന കാര്യം അറിയില്ലായിരുന്നു. പിന്നീട് 2019 ഒക്കെയായപ്പോഴാണ് നായികയായി എത്തുന്നത് അതിഥിയാണ് എന്നറിഞ്ഞത്. ആദ്യം കേട്ടപ്പോൾ എക്സൈറ്റഡായി. അതിഥി അഭിനയിച്ച ഒട്ടുമിക്ക ചിത്രങ്ങളും ഞാൻ കണ്ടിരുന്നു.
ഷൂട്ടിംഗ് തുടങ്ങിയപ്പോൾ എന്റെ പരിചയക്കുറവ് അതിഥിയ്ക്ക് ബുദ്ധിമുട്ടാവുമോ എന്നൊക്കെയോർത്ത് ചെറിയ ടെൻഷൻ തോന്നി. കൂടുതൽ സീനുകളും അതിഥിയ്ക്ക് ഒപ്പമാണല്ലോ. അതിഥിയെ ആദ്യം കണ്ട ദിവസം തന്നെ, ‘ഞാനൊരു പുതുമുഖമാണ്, എനിക്ക് അഭിനയിച്ച് പരിചയമൊന്നുമില്ലെന്ന്’ ഞാൻ പറഞ്ഞു.
“അതൊന്നും ഓർക്കേണ്ട, എത്രസമയം വേണമെങ്കിലും എടുത്തോളൂ, കൂളായിട്ട് ചെയ്താൽ മതി, ടെൻഷൻ ഒന്നും വേണ്ട. എന്റെ ഡേറ്റ് ഒന്നും നോക്കേണ്ട, എത്ര ടേക്ക് പോവാനും ബുദ്ധിമുട്ടില്ല,” ,” എന്നായിരുന്നു അതിഥിയുടെ മറുപടി. വളരെ സൗഹാർദ്ദത്തോടെയായിരുന്നു ആളുടെ ഇടപെടൽ, അഭിനയത്തിൽ അതെന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്.
Read more: പാദസരപ്രണയിനികളുടെ ഹൃദയം കവർന്ന് ‘സുജാത’യുടെ മൾട്ടി കളർ കൊലുസ്