/indian-express-malayalam/media/media_files/uploads/2021/03/suchithra-opens-up-about-mohanlal-474208-fi.jpg)
നടന്‍ മോഹന്‍ലാലിന്‍റെ ജീവിതത്തിലെ സുപ്രധാനമായൊരു ദിനമായിരുന്നു ഇന്നലെ. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്ന 'ബറോസ്' എന്ന ചിത്രത്തിന് തുടക്കമായ ദിനം. മോഹന്‍ലാലിന്‍റെ സിനിമാ-സ്വകാര്യ ജീവിതത്തില്‍ പ്രധാനപ്പെട്ടവരെല്ലാം ഇന്നലെ കൊച്ചിയില്‍ നടന്ന പൂജ ചടങ്ങിന് എത്തിയിരുന്നു. നടന്മാരായ മമ്മൂട്ടി, പൃഥ്വിരാജ്, സംവിധായകര്‍ പ്രിയദര്‍ശന്‍, ഫാസില്‍ തുടങ്ങി മോഹന്‍ലാലിന്‍റെ കുടുംബം വരെ നീളുന്നവര്‍ താരത്തിന്റെ പുതിയ വേഷത്തിന് ആശംസകള്‍ നേരാന്‍ എത്തി.
വളരെ വിരളമായി മാത്രം വേദിയില്‍ എത്തുന്ന മോഹന്‍ലാലിന്‍റെ ഭാര്യ സുചിത്രയും ഈ വിശേഷാവസരത്തില്‍ പൂജ വേദിയില്‍ എത്തി ലാലിന് ആശംസകള്‍ നേര്‍ന്നു. സ്വതവേ പൊതുവേദികളില്‍ സംസാരിക്കാന്‍ താത്പര്യമില്ലാത്ത താന്‍ ഇവിടെ സംസാരിക്കുന്നത് മോഹന്‍ലാലിനു തന്നെ സര്‍പ്രൈസ് ആയിരിക്കുമെന്ന് പറഞ്ഞാണ് സുചിത്ര തുടങ്ങിയത്.
"ഇന്നലെ ആന്റണി (പെരുമ്പാവൂര്‍) ചോദിച്ചു സംസാരിക്കാമോയെന്ന്. പ്ലീസ് എന്നെ വിളിക്കല്ലേ എന്ന് പറഞ്ഞു... പിന്നെ ഞാന്‍ വിചാരിച്ചു സംസാരിക്കാം എന്ന്. കഴിഞ്ഞ കാലങ്ങളില്‍ എല്ലാം തന്നെ ഞാന്‍ ഒരു ലോ പ്രൊഫൈല്‍ ബാക്ക്സീറ്റ് എടുക്കാന്‍ തീരുമാനിച്ച് മാറിയിരുന്നു. അപ്പുവിന്റെ (പ്രണവ് മോഹന്‍ലാല്‍) ആദ്യ ചിത്രവുമായി ബന്ധപ്പെട്ടു ഞാന്‍ വേദിയില്‍ വന്നു സംസാരിച്ചു. ഇന്ന് ചേട്ടന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങളില്‍ ഒന്നാണ്. ഒരു നടന്‍ എന്ന നിലയില്‍, അഭിനയജീവിതത്തില്‍, എല്ലാം നേടിയിട്ടുണ്ട് അദ്ദേഹം. ഒരു സംവിധായകന്‍ എന്ന നിലയില്‍ തുടക്കം കുറിക്കുന്ന നല്ല നാളാണ് ഇന്ന്. അതുകൊണ്ട് എന്തെങ്കിലും പറഞ്ഞേ മതിയാകൂ എന്ന് കരുതി.
നവോദയയുടെ 'മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍' എന്ന ചിത്രത്തിലാണ് അദ്ദേഹം ആദ്യമായി അഭിനയിക്കുന്നത്. എനിക്ക് വെറുപ്പായിരുന്നു അദ്ദേഹത്തെ. വില്ലനായി അഭിനയിച്ച എല്ലാ ചിത്രങ്ങളിലും അദ്ദേഹത്തിനെ വെറുപ്പായിരുന്നു. ചെയ്യുന്ന ജോലിയിലെ മികവ് തെളിയിച്ചതാണ് അതൊക്കെ. നവോദയയുടെ തന്നെ 'എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്' എന്ന ചിത്രത്തിലാണ് ഞാന്‍ അദ്ദേഹത്തെ ഇഷ്ടപ്പെട്ട് തുടങ്ങിയത്. പിന്നെ ആ ഇഷ്ടം അവസാനിച്ചില്ല. ഞങ്ങള്‍ വിവാഹിതരായി. ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന നടനാണ് അദ്ദേഹം.
Read Here: ലാലുവിന് ആശംസകളുമായി ഇച്ചാക്ക; 'ബറോസ്' പൂജ ചിത്രങ്ങള്‍, വീഡിയോ
'ബറോസി'നെക്കുറിച്ച് പറയുകയാണെങ്കില്‍, എന്നോട് ഒരു ദിവസം വന്നു പറഞ്ഞു, ഞാന്‍ ഒരു ത്രീ ഡി പടത്തില്‍ അഭിനയിക്കാന്‍ പോവുകയാണ്, നല്ല പടമാണ് എന്നൊക്കെ. ഞാന്‍ ഓര്‍ത്തു കൊള്ളാമല്ലോ. 'കുട്ടിച്ചാത്തനു' ശേഷം വരുന്ന ത്രീ ഡി പടം നന്നായിരിക്കുമല്ലോ. പിന്നീട് അതിന്റെ തിരക്കഥ വീട്ടില്‍ കൊണ്ട് വന്നപ്പോള്‍ ഞാനും വായിച്ചു. അതിന്റെ സാങ്കേതികവശങ്ങള്‍ എല്ലാം വിശദമായി പറഞ്ഞിട്ടുണ്ടായിരുന്നു. 'ബറോസ്' സംവിധാനം ചെയ്യാന്‍ എടുത്ത തീരുമാനം വളരെ നന്നായി എന്നാണ് കരുതുന്നത്. ജിജോ സാറിന്റെ സാങ്കേതിക സഹായം ഏറെ നിര്‍ണ്ണായകമാകും എന്ന് കരുതുന്നു. ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു സംവിധായകനായി അദ്ദേഹം മാറും എന്നതില്‍ സംശയമില്ല."
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.