/indian-express-malayalam/media/media_files/uploads/2020/11/soorarai-pottu-fi.jpeg)
Soorarai Pottru: തമിഴകത്തു നിന്നും ഈ വർഷത്തെ ആദ്യ ദീപാവലി ചിത്രം 'സൂരറൈ പോട്ര്' ഓടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈമിൽ റിലീസിനെത്തി. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. സൂര്യയുടെ കരിയറിലെ തന്നെ വലിയ വഴിത്തിരിവ് ആവുന്ന ചിത്രമെന്നാണ് പ്രേക്ഷകർ 'സൂരറൈ പോട്രി'നെ വിശേഷിപ്പിക്കുന്നത്.
ചിത്രത്തിന് നിരവധി പേർ പ്രശംസയറിയിച്ചിട്ടുണ്ട്. മലയാളികളുടെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരും ചിത്രത്തെയും അണിയറപ്രവർത്തകരെയും അഭിനേതാക്കളെയും അഭിനന്ദിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ സംവിധായക സുധ കൊങ്കാര, പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സൂര്യ, അപർണ ബാലമുരളി എന്നിവർക്കും ഒപ്പം ചിത്രത്തിൽ ശ്രദ്ധേയ കഥാപാത്രത്തെ അഭിനയിച്ച മലയാളി അഭിനേത്രി ഉർവശിക്കും മഞ്ജു വാര്യർ അഭിനന്ദനം അറിയിച്ചിട്ടുണ്ട്. "എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്, എനിക്ക് ഏറ്റവും അഭിമാനം തോന്നിയത് ഉർവശി ചേച്ചി," ആണെന്ന് മഞ്ജു വാര്യർ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പറഞ്ഞു.
Read more: നിങ്ങളെ വിലമതിക്കാത്തിടത്ത് തുടരേണ്ട ആവശ്യമില്ല: അപർണ ബാലമുരളി
ബഡ്ജറ്റ് ഏവിയേഷൻ അഥവാ ബഡ്ജറ് എയർ ലൈനുകൾകൾക്ക് ഇന്ത്യയിൽ തുടക്കം കുറിച്ച ക്യാപ്റ്റൻ ഗോപിനാഥിന്റെ ജീവിതകഥയാണ് ചിത്രം പറയുന്നത്. സുധ കൊങ്കാര സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൂര്യയ്ക്ക് ഒപ്പം അപർണ ബാലമുരളി, ഉർവശി, മോഹൻ ബാബു, പരേഷ് റാവൽ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സമീപകാലത്ത് വന്ന മികച്ച നായക പെർഫോമൻസുകളിൽ​ ഒന്നാണ് 'സൂരറൈ പോട്രി'ലെ സൂര്യയുടെ പ്രകടനമെന്നാണ് ആദ്യദിനം തന്നെ സിനിമ കണ്ടവർ അഭിപ്രായപ്പെടുന്നത്. സൂര്യയ്ക്ക് ഒപ്പം തന്നെ ഉർവശി, അപർണ്ണ, കാളി വെങ്കട്ട് എന്നിവരുടെ പ്രകടനവും മികച്ചുനിൽക്കുന്നു. നടീനടന്മാർ മത്സരിച്ച് അഭിനയിക്കുകയാണ് ചിത്രത്തിലുടനീളം.
ക്യാപ്റ്റൻ ജി ആർ ഗോപിനാഥിന്റെ ആത്മകഥയായ 'സിംപ്ലി ഫ്ലൈ: എ ഡെക്കാൻ ഒഡീസി'യെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം. കുറഞ്ഞ നിരക്കിൽ വിമാന സർവീസ് ആരംഭിക്കാനുള്ള ശ്രമത്തിൽ ഗോപിനാഥ് നേരിട്ട പോരാട്ടങ്ങളെക്കുറിച്ചാണ് സിനിമ പറയുന്നത്.
“സൂരറൈ പോട്ര് എന്നെ സംബന്ധിച്ചിടത്തോളം വളരെ സവിശേഷമായ ഒരു സിനിമയാണ്, എന്റെ ഹൃദയത്തോട് വളരെ അടുപ്പമുള്ള ഒന്ന്. നിങ്ങൾ സത്യസന്ധമായി ഒരു ലക്ഷ്യത്തിനായി സ്വയം സമർപ്പിച്ചാൽ സ്വപ്നങ്ങളെ പിന്തുടരുന്നതിൽ നിന്ന് ഈ ലോകത്ത് ഒന്നിനും നിങ്ങളെ തടയാൻ കഴിയില്ല എന്ന സന്ദേശം ഈ സിനിമ ഉപയോഗിച്ച് ഞങ്ങൾ പുറത്തുകൊണ്ടുവരാൻ ആഗ്രഹിക്കുന്നു," എന്നാണ് ചിത്രത്തെ കുറിച്ച് സൂര്യ പറഞ്ഞത്.
ചിത്രത്തിൽ ബോംബി എന്ന കഥാപാത്രത്തെയാണ് അപർണ അവതരിപ്പിക്കുന്നത്. “എന്റെ സ്വഭാവത്തിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരാളാണ് ബോംബി. മധുരയിൽ നിന്നുള്ള ഗ്രാമീണ പെൺകുട്ടിയാണ്. പക്ഷേ, അവൾ ചെയ്യുന്നതെന്തും, ഭാവി ലക്ഷ്യമിട്ടാണ്. ഇതുവരെ ഞാൻ അഭിനയിച്ച മറ്റ് കഥാപാത്രങ്ങളിൽ നിന്ന് ഇത് വളരെ വ്യത്യസ്തമാണ്,” ഇന്ത്യൻ എക്‌സ്‌പ്രസിന് നൽകിയ അഭിമുഖത്തിൽ അപർണ പറഞ്ഞു.
“നാണക്കാരിയായ ഒരു പെൺകുട്ടിയായി എന്നെ കാണിക്കാതിരിക്കാൻ സുധ മാം വളരെയധികം ശ്രദ്ധിച്ചിട്ടുണ്ട്. സാധാരണ, ക്ലീഷെ റൊമാന്റിക് രംഗങ്ങളൊന്നും ഇല്ല. പാട്ടുകളിൽ പോലും അതില്ല. കാട്ടു പയലെ, വെയ്യോൻ സില്ലി എന്നീ പാട്ടുകൾ വളരെ വ്യത്യസ്തമായി ചിത്രീകരിച്ചു. വിയോൺ സില്ലി എനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നു. എന്റെ കരിയറിൽ ഇതുവരെ ഇത്തരത്തിലൊരു ഗാനരംഗം ഞാൻ ചെയ്തിട്ടില്ല. സൂര്യ സാറിനൊപ്പം വളരെയധികം ശക്തിയും തുല്യമായി നൃത്തം ചെയ്യുന്നതും എന്നെ സംബന്ധിച്ചിടത്തോളം വളരെ വെല്ലുവിളിയായിരുന്നു,” അപർണ കൂട്ടിച്ചേർത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.