‘മഹേഷിന്റെ പ്രതികാരം’ എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് അപർണ ബാലമുരളി. പിന്നീട് നിരവധി നല്ല വേഷങ്ങൾ അപർണ കൈകാര്യം ചെയ്തു. ഇപ്പോൾ സൂര്യ നായകനായെത്തുന്ന ‘സൂരറൈ പോട്ര്’ എന്ന തമിഴ് ചിത്രത്തിൽ ഏറെ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെയാണ് അപർണ അവതരിപ്പിക്കുന്നത്. ബോംബി എന്നാണ് കഥാപാത്രത്തിന്റെ പേര്. സുധ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രം നവംബർ 12ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്തു.
ചിത്രത്തിനായുള്ള തയ്യാറെടുപ്പിൽ, മൺവാസനൈ, പരുത്തിവീരൻ എന്നീ സിനിമകൾ കാണാനാണ് സുധ അപർണയോട് നിർദേശിച്ചത്.
“എന്റെ സ്വഭാവത്തിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരാളാണ് ബോംബി. മധുരയിൽ നിന്നുള്ള ഗ്രാമീണ പെൺകുട്ടിയാണ്. പക്ഷേ, അവൾ ചെയ്യുന്നതെന്തും, ഭാവി ലക്ഷ്യമിട്ടാണ്. ഇതുവരെ ഞാൻ അഭിനയിച്ച മറ്റ് കഥാപാത്രങ്ങളിൽ നിന്ന് ഇത് വളരെ വ്യത്യസ്തമാണ്,” ഇന്ത്യൻ എക്‌സ്‌പ്രസിന് നൽകിയ അഭിമുഖത്തിൽ അപർണ പറഞ്ഞു.
ചിത്രീകരണത്തിനു മുൻപുള്ള മധുരയിലെ ദിനങ്ങളും നഗരം തന്റെ ഹൃദയത്തോട് ചേർന്നുപോയതും അപർണ ബാലമുരളി ഓർത്തു.
“ഞങ്ങൾ ഷൂട്ടിംഗ് ആരംഭിക്കുന്നതിന് കുറച്ച് ദിവസം മുമ്പ് ഞാൻ മധുരയിലെത്തി. ഷൂട്ടിന്റെ സമ്മർദ്ദമില്ലാതെ അവിടെ കുറച്ച് സമയം ചെലവഴിച്ചു. മനോഹരമായ മാർക്കറ്റുകളും ലാൻഡ്സ്കേപ്പുകളും നഗരത്തിലുണ്ട്, അവ പാട്ടുകളിലും കാണാം. നഗരത്തിലെ ആളുകളുമായി സംവദിക്കാനുള്ള അവസരവും എനിക്കുണ്ടായിരുന്നു. അവിടെയുള്ള സ്ത്രീകൾക്ക് അവർ ഇഷ്ടപ്പെടുന്നതെന്തും ചെയ്യാൻ അധികാരമുണ്ട്, അവർ എന്താണ് ചെയ്യുന്നതെന്ന് അവർക്കറിയാം. ”
മധുരയുടെ സംസ്കാരവും ജീവിതരീതിയും മനസ്സിലാക്കാൻ സഹായിക്കുന്നതിന് അപർണയ്ക്ക് അവിടെ ഒരു അധ്യാപികയും ഉണ്ടായിരുന്നു. “മധുരയിൽ എന്റെ കഥാപാത്രവുമായി സാമ്യമുള്ള ഒരാളെ ഞങ്ങൾ കണ്ടുമുട്ടി. ഷൂട്ടിംഗിലും ഡബ്ബിംഗിലും ഉടനീളം അവൾ എന്നോടൊപ്പം ഉണ്ടായിരുന്നു. അവളുടെ പേര് സത്യ എന്നാണ്,” താരം വെളിപ്പെടുത്തി.
ബോംബി അവളുടെ ശക്തി കുറയ്ക്കുകയും വിധേയത്വം കാണിക്കുകയും ചെയ്യുന്നില്ല. കൂടാതെ അവൾ സ്നേഹിക്കുന്ന പുരുഷനെ ഭീഷണിപ്പെടുത്തുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നില്ല. യാതൊരു മടിയുമില്ലാതെ ഒരു സ്ത്രീ എങ്ങനെയായിരിക്കണമെന്ന പരമ്പാരാഗത ചട്ടക്കൂടുകളെ അനുസരിക്കാതെ അവൾ തന്റെ ശക്തമായ ഇച്ഛാശക്തിയും ശാരീരിക ശക്തിയും പ്രകടിപ്പിക്കുന്നു.
“നാണക്കാരിയായ ഒരു പെൺകുട്ടിയായി എന്നെ കാണിക്കാതിരിക്കാൻ സുധ മാം വളരെയധികം ശ്രദ്ധിച്ചിട്ടുണ്ട്. സാധാരണ, ക്ലീഷെ റൊമാന്റിക് രംഗങ്ങളൊന്നും ഇല്ല. പാട്ടുകളിൽ പോലും അതില്ല. കാട്ടു പയലെ, വെയ്യോൻ സില്ലി എന്നീ പാട്ടുകൾ വളരെ വ്യത്യസ്തമായി ചിത്രീകരിച്ചു. വിയോൺ സില്ലി എനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നു. എന്റെ കരിയറിൽ ഇതുവരെ ഇത്തരത്തിലൊരു ഗാനരംഗം ഞാൻ ചെയ്തിട്ടില്ല. സൂര്യ സാറിനൊപ്പം വളരെയധികം ശക്തിയും തുല്യമായി നൃത്തം ചെയ്യുന്നതും എന്നെ സംബന്ധിച്ചിടത്തോളം വളരെ വെല്ലുവിളിയായിരുന്നു,” അവർ കൂട്ടിച്ചേർത്തു.
‘സൂരറൈ പോട്ര്’ എന്ന സിനിമയിൽ അഭിനയിച്ചത് തനിക്ക് ചില ശക്തമായ മൂല്യങ്ങൾ നൽകിയെന്ന് അപർണ. സുധ കൊങ്കാരയുമായും സൂര്യയുമായും സഹകരിക്കുന്നത് അഭിനയ ജീവിതത്തെ മനസ്സിലാക്കുന്നതിലും സമീപിക്കുന്നതിലും മാറ്റം വരുത്തിയെന്നും അവർ പറഞ്ഞു.
“’സൂരറൈ പോട്ര്’ എന്റെ കരിയറിൽ എനിക്ക് വളരെയധികം ആത്മവിശ്വാസം നൽകി. എനിക്ക് താത്പര്യമില്ലാത്ത ഏത് കാര്യത്തോടും നോ പറയാൻ കഴിയുമെന്ന് വിശ്വാസം തോന്നുന്നു. നിങ്ങളെ വിലമതിക്കാത്തിടത്ത് തുടരേണ്ട ആവശ്യമില്ല എന്ന് എനിക്ക് തോന്നിത്തുടങ്ങി,” അപർണ ബാലമുരളി പറഞ്ഞു.