scorecardresearch

പൗരത്വബില്‍ പോരാട്ടക്കാലത്ത് ഓര്‍മ്മയിലേക്കേത്തുന്ന മമ്മോ അമ്മൂമ്മ

പൗരത്വ ഭേദഗതി ബില്ലിനെതിരെ കഴിഞ്ഞ ആഴ്ചകളില്‍ നടന്നു വരുന്ന പ്രതിഷേധങ്ങള്‍ കാണുമ്പോള്‍ എന്ത് കൊണ്ടോ 'മമ്മോ' വീണ്ടും മനസ്സിലേക്ക് വന്നു. ഇനിയെത്ര കണ്ണീര്‍ കാണണം, കണ്ണ് തുറക്കാന്‍ എന്ന് ചിന്തിച്ചു പോയി

പൗരത്വ ഭേദഗതി ബില്ലിനെതിരെ കഴിഞ്ഞ ആഴ്ചകളില്‍ നടന്നു വരുന്ന പ്രതിഷേധങ്ങള്‍ കാണുമ്പോള്‍ എന്ത് കൊണ്ടോ 'മമ്മോ' വീണ്ടും മനസ്സിലേക്ക് വന്നു. ഇനിയെത്ര കണ്ണീര്‍ കാണണം, കണ്ണ് തുറക്കാന്‍ എന്ന് ചിന്തിച്ചു പോയി

author-image
Akhil S Muraleedharan
New Update
citizenship amendment act, mammo film, Farida Jalal, iemalayalam

ഇന്ത്യന്‍ സിനിമ കണ്ട ഹൃദയസ്പര്‍ശിയായ കഥാപാത്രങ്ങളില്‍ ഒന്നാണ് ശ്യാം ബെനഗല്‍ സംവിധാനം ചെയ്ത 'മമ്മോ' (1994)യിലെ കേന്ദ്ര കഥാപാത്രമായ മെഹ്മൂദ ബേഗം. മമ്മോ എന്നത് അവരുടെ വിളിപ്പേരാണ്. വിഖ്യാത ഹിന്ദി അഭിനേത്രി ഫരീദാ ജലാല്‍ അഭിനയിച്ചു അനശ്വരമാക്കിയ മമ്മോ ഒരു വൃദ്ധയാണ്, പോരാത്തതിന് അഭയാര്‍ഥിയും. ഇന്ത്യന്‍ മണ്ണില്‍ ജനിച്ച അവര്‍ പാകിസ്ഥാനിലേക്ക് വിവാഹം കഴിച്ചു പോകുന്നതോടെ അവരുടെ വേരുകള്‍ അറ്റുപോവുകയാണ്. ജീവിതം ഒരു പ്രത്യേക സന്ധിയില്‍ എത്തുമ്പോള്‍ ഇന്ത്യയിലേക്ക് അവര്‍ മടങ്ങി വരുന്നു. എന്നാല്‍ വിസ കാലാവധിയുടെ, സ്നേഹത്തിനും കരുണയ്ക്കും മനസ്സിലാവാത്ത കണക്കുകള്‍ മമ്മോയെ വീണ്ടും വീണ്ടും പലായനത്തിന് വിധേയയാക്കുന്നു. ഒരു പാവം വൃദ്ധയോട്, ഇവിടെ എന്ത് നടക്കുന്നു എന്നറിയാത്ത അവരുടെ കൊച്ചുമകനോട്‌,  എന്തിനു ഇത് ചെയ്യുന്നു എന്ന് നമ്മള്‍ നമ്മളോട് തന്നെ ചോദിച്ചു പോകും, കഥ കഴിയുമ്പോള്‍.

Advertisment

പൗരത്വ ഭേദഗതി ബില്ലിനെതിരെ കഴിഞ്ഞ ആഴ്ചകളില്‍ നടന്നു വരുന്ന പ്രതിഷേധങ്ങള്‍ കാണുമ്പോള്‍ എന്ത് കൊണ്ടോ 'മമ്മോ' വീണ്ടും മനസ്സിലേക്ക് വന്നു. ഇനിയെത്ര കണ്ണീര്‍ കാണണം, കണ്ണ് തുറക്കാന്‍ എന്ന് ചിന്തിച്ചു പോയി.

ഇന്ത്യയിലെ മുസ്‌ലിം മത വിശ്വാസികൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അനുഭവിക്കുന്ന കടുത്തമാനസിക സംഘർഷങ്ങളും അരക്ഷിതാവസ്ഥയും ഭയവും കഴിഞ്ഞ അയ്യായിരം വര്‍ഷത്തോളമുള്ള ഇന്ത്യൻ ചരിത്രത്തിൽ ഒരു ഭരണാധികാരിയും നല്കിയിട്ടുണ്ടാവില്ല. ചേരമാൻ പെരുമാളിന്റെ കൊടുങ്ങല്ലൂരിലെ ജുമാ മസ്‌ജിദിൽ തുടങ്ങുന്ന അതിന്റെ ചരിത്രം ഇവർ ഭയപ്പെടുന്ന ബാബറിനും എത്രയോ കാലം മുൻപ് അതിന്റെ ധാരയെ വെളിപ്പെടുത്തിയിട്ടുണ്ട് എന്നത് മറ്റൊരു സത്യം.

ഓർക്കുന്നത് മറ്റൊരാളെയാണ്. ഷാജഹാനാൽ ജനിക്കപ്പെടുകയും ഔറഗസേബിനാൽ കൊല ചെയ്യപ്പെടുകയും ചെയ്ത ധാര ഷിക്കോവ് എന്ന മുഗൾ രാജകുമാരന്റെ കഥ. ഇന്ത്യൻ തത്വചിന്തയുടെ ഹിമാലയാകാരമായ ഉപനിഷത്തുകൾ പേർഷ്യൻ ഭാഷയിലേക്ക് തർജ്ജമ ചെയ്യപ്പെട്ടത് ദാരയിലൂടെയായിരുന്നു. പിന്നീടാണ് അതിന് ജർമ്മനും ഇംഗ്ലീഷും മറ്റു പ്രാദേശിക ആഖ്യാനങ്ങളും ഉണ്ടായതെന്നോർക്കണം. മുസ്ലിം സമൂഹം ഇന്ത്യൻ മണ്ണിന് എന്തു തന്നു എന്നു ചോദിക്കാൻ ഒരു ഭരണകൂടത്തിനും അധികാരമില്ല. ഈ ഭൂമി എക്കാലവും എല്ലാവരുടേതുമായിരുന്നു.

Advertisment

എന്നാൽ ഇന്ത്യ അതിന്റെ ചരിത്രത്തിലോ അതിന്റെ ജനാധിപത്യ സ്വഭാവത്തിന്റെ പൂർവ്വപശ്ചാത്തലത്തിലോ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത വിധം അതിതീവ്രമായ സംഘര്‍ഷഭരിതമായ ദിവസങ്ങളിലൂടെ കടന്നു പോകുകയാണ് ഇപ്പോള്‍. കുടിയേറ്റ വിരുദ്ധ നിയമമെന്ന അപരിഷ്കൃത നിയമത്തിലൂടെ ഇന്ത്യൻ ഭരണഘടനയുടെ മൗലിക തത്വങ്ങളെ വെല്ലുവിളിക്കുകയാണ് ഭരണകൂടം. പൗരത്വ ബിൽ നിയമമായതോടു കൂടി അസ്സാമടക്കമുള്ള വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ജാമിയ ഉള്‍പ്പടെയുള്ള സര്‍വ്വകലാശാലകളിലും  പ്രതിഷേധം കനക്കുകയാണ്.

Read Here: ആരാണ് പൗരന്‍? ആരാണ് പൗരനല്ലാത്തത്?

Jamia Millia Islamia University ദില്ലിയില്‍ ജാമിയ സര്‍വ്വകലാശാലയില്‍ നടന്ന പ്രതിഷേധം

ഇസ്‌ലാം മത വിശ്വാസികൾക്ക് കടുത്ത വിവേചനമാണ് കുടിയേറ്റ വിരുദ്ധ ബില്ലിലൂടെ നേരിടേണ്ടി വരുന്നത്. നാസി ജർമനിയിൽ ജൂതന്മാർക്ക് നേരിടേണ്ടി വന്നതിനു സമാനമായ സാഹചര്യമാണ് ഇന്ത്യയിൽ നിലനിൽക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളടക്കം ഇതിനകം റിപ്പോർട്ടു നൽകിക്കഴിഞ്ഞു. അസാമിൽ കോണ്സന്റ്രേഷൻ ക്യാമ്പുകളെ മാതൃകയാക്കിയ വിധത്തിൽ വലിയ ജയിലുകൾ ഇതിനകം നിർമ്മിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. സര്‍വ്വകലാശാലകളില്‍ കുട്ടികള്‍ തല്ലിച്ചതയ്ക്കപ്പെടുന്നു. ജനാധിപത്യ സ്വഭാവത്തിൽ നിന്നും ഏകാധിപത്യ സ്വഭാവത്തിലേക്ക് രാജ്യം വേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്നു. ഇന്ത്യയിലെ ന്യൂനപക്ഷസമൂഹം ഭയത്തോടെയാണ് നോക്കിക്കാണുന്നത് എന്ന് പറയേണ്ടതില്ലല്ലോ.

ലോകത്ത് ഒട്ടനേകം ഹോളോക്രോസ്റ്റ് ചലച്ചിത്രങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇന്ത്യ-പാകിസ്ഥാൻ വിഭജനത്തിന്റെ, അതില്‍ തന്നെ ഒരു വ്യക്തിയുടെയോ കുടുംബത്തിന്റെയോ വീക്ഷണകോണില്‍ നിന്നും, അവരുടെ നിസ്സഹായതയിലും വേദനയിലും നിന്ന് കൊണ്ടും കഥ പറയുന്ന സിനിമകൾ അധികമില്ല. 'മമ്മോ' അത്തരമൊരു സിനിമയാണ്. മുസ്ലിം വിവേചനം ഇത്രയേറെ ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലിക ഇന്ത്യൻ പശ്ചാത്തലത്തിൽ, പ്രതിപാദ്യ വിഷയം കൊണ്ട് തന്നെ, ഏറെ ശ്രദ്ധേയമായ ഒരു ചലച്ചിത്രമായി 'മമ്മോ' മാറുന്നു.

ലോകം മനുഷ്യരാൽ മാത്രമാണ് വിഭജിക്കപ്പെടുന്നത്. ഒരു അതിർത്തിക്ക്, ഒരു മനുഷ്യന്റെയും അയാളുടെ ഭൂതകാലത്തിന്റെയും ഓർമകളെ പൂർണമായും വിസ്മൃതിയിലാഴ്ത്താന്‍ കഴിയുമോ? ആരോ വരച്ച നിയന്ത്രണ രേഖയിൽ ജീവിക്കേണ്ടി വരുന്ന, ഭൂമിയിൽ തന്റെ പാദം പതിയുന്ന ഭാഗങ്ങളിലെല്ലാം വിചാരണ നേരിടേണ്ടി വരുന്ന മനുഷ്യരെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ... പ്രിയപ്പെട്ടവരെ കാണാൻ, അവർക്കൊപ്പം ചിലവഴിക്കാൻ നിയമങ്ങളുടെ അപേക്ഷ കൊടുത്ത് കാത്തു കെട്ടി കിടന്നിട്ടുണ്ടോ? ഈ അവസ്ഥ എന്താണ് എന്ന് 'മമ്മോ' കാണിച്ചു തരും.

മനുഷ്യനും അവന്റെ ആന്തരിക സംഘർഷങ്ങളും മാത്രമല്ല, ദേശ-കാല-രാഷ്ട്രചരിത്രത്തിലെ വിണ്ടു കീറിയ പലതിനേയും 'മമ്മോ' ഓര്‍മ്മിപ്പിക്കുന്നുണ്ട്. അത് കൊണ്ട് തന്നെ, ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷവും മമ്മോ അമ്മൂമ്മ, പലതിന്റെയും ഓര്‍മ്മപ്പെടുതായി, വന്നു ചേര്‍ന്നേക്കാവുന്ന ഒരു വലിയ വിപത്തിന്റെ തിരുത്തല്‍ സാധ്യതയായി, നമ്മുടെ മുന്നില്‍ നില്‍ക്കുന്നു.

citizenship amendment act, mammo film, Farida Jalal, iemalayalam ശ്യാം ബെനഗല്‍ സംവിധാനം ചെയ്ത 'മമ്മോ'

മുംബൈ നഗരത്തിൽ താമസിക്കുന്ന പതിമൂന്നുകാരൻ പയ്യൻ റിയാസിൽ തുടങ്ങി, മുത്തശ്ശി ഫയ്യുസിയിലൂടെയും സഹോദരി മമ്മോയിലൂടെയും സിനിമ സഞ്ചരിക്കുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് പാനിപട്ടിലാണ് മാമ്മോ ജനിച്ചതെങ്കിലും ഇഷ്ടമുള്ള പുരഷനൊപ്പം ജീവിക്കാനായി അവര്‍ പാകിസ്ഥാനിലേക്ക് പോകുന്നു. സ്വാഭാവികമായും പാകിസ്ഥാന്‍ പൗരത്വവും നേടുന്നു.

മക്കളില്ലായിരുന്നെങ്കിലും, ഭർത്താവിന്റെ മരണം വരെ മമ്മോ സന്തോഷത്തോടെ ജീവിച്ചു. പക്ഷേ ഭർത്താവിന്റെ മരണ ശേഷം സ്വത്തുതർക്കങ്ങൾ കാരണം അവരെ ബന്ധുക്കൾ വീട്ടിൽ നിന്ന് പുറത്താക്കി. പോകാൻ മറ്റൊരിടമില്ലാത്തതിനാൽ, ബോംബെയിലെ വിധവയായ സഹോദരിയോടൊപ്പം താൽക്കാലിക വിസയിൽ താമസിക്കാൻ മമ്മോ എത്തുന്നു.

എല്ലാ മാസവും അവർക്ക് വിസയുടെ കാലാവധി വർധിപ്പിക്കാൻ പോലീസ് സ്റ്റേഷനിലേക്ക് പോകേണ്ടി വരുന്നു. സ്ഥിരമായ വിസ ലഭിക്കാൻ മമ്മോ കൈക്കൂലിയായി 4800 രൂപ പോലീസ് ഇൻസ്‌പെക്ടർ ആപ്‌തേക്കു നൽകുന്നു. എന്നാൽ ആപ്‌തേ സ്ഥലം മാറിപ്പോവുകയാണ്. ആ സമയം ഒരു പുതിയ പോലീസ് ഇൻസ്പെക്ടർ സ്റ്റേഷനിൽ ചുമതലയേല്‍ക്കുന്നു, അയാൾ മാമ്മോയുടെ പേപ്പറുകൾ പരിശോധിക്കുകയും അനധികൃത കുടിയേറ്റക്കാരിയായി അവരെ മുദ്ര കുത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്യുന്നു.

അവിടെ നിന്നും അവരെ ബോംബെ സെൻട്രൽ റെയിൽ‌വേ സ്റ്റേഷനിലേക്ക് കൊണ്ടു പോകുകയും ഫ്രോണ്ടിയർ മെയിലിൽ കയറ്റുകയും ചെയ്യുന്നു. റിയാസും ഫയുസിയും മമ്മോയെ കണ്ടെത്താനും തിരികെ കൊണ്ടു വരാനും സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നു, പക്ഷേ എല്ലാം പരാജയപ്പെടുന്നു.

വർഷങ്ങൾക്കു ശേഷം, യുവാവായ റിയാസ് തന്റെ മമ്മോ അമ്മൂമ്മയെക്കുറിച്ച് ഒരു പുസ്തകം എഴുതുന്നു. എന്നെങ്കിലും, എവിടെയെങ്കിലും വെച്ച് മമ്മോ അത് കണ്ടെത്തുമെന്നും അവർ വീണ്ടും ഒന്നിക്കുമെന്നും അവൻ പ്രതീക്ഷിക്കുന്നു.

citizenship amendment act, mammo film, Farida Jalal, iemalayalam

മൂന്നു പേര്‍ മാത്രമുള്ള ആ കുടുംബത്തിന്റെ ദൈനംദിന ജീവിതത്തിലെ നിരവധി വൈകാരിക വശങ്ങളിലൂടെയാണ് വിഭജനം എന്ന വലിയ ആശയം ശ്യാം ബെനഗല്‍ പറയുന്നത്. കഥാപാത്രങ്ങള്‍ പ്രായം കൊണ്ട് 'vulnerable' ആകുന്നതു കഥയെ കൂടുതല്‍ ഹൃദയസ്പര്‍ശിയാക്കുന്നു. ഒരു കുട്ടിയും രണ്ടു വൃദ്ധകളും... ജീവിതത്തിന്റെ ഓരം പറ്റി ജീവിക്കുന്ന അവരോടാണ് നിയമം പറയുന്നത്, നിങ്ങളുടെ അപേക്ഷയ്ക്ക് വിലയില്ല എന്ന്... മമ്മോ പാകിസ്ഥാനിലേക്ക് മടങ്ങി പോവുക തന്നെ വേണം എന്ന്.

സന്തോഷകരമായ ഒരു ക്ലൈമാക്സ് കൊണ്ടാണ് ശ്യാം ബെനഗൽ 'മമ്മോ'യെ അവസാനിപ്പിക്കുന്നത്. മരിച്ചുവെന്നു നടിച്ചു കിടക്കുന്ന അവർ ലോകത്തെ മുഴുവൻ അതിർത്തികളേയും മതിലുകളേയും വെല്ലുവിളിക്കുന്നുണ്ട്.  ഫരീദ ജലാലിന്റെ എക്കാലത്തേയും മികച്ച പ്രകടനത്തില്‍ മമ്മോയുടെ ജീവിതത്തിന്റെ രൂപരേഖകള്‍, ചിരികളികള്‍, ഓര്‍മ്മകള്‍, നൊമ്പരങ്ങള്‍, ചെറുപിണക്കങ്ങള്‍ ഇന്ത്യയോടും പാകിസ്ഥാനോടും അവര്‍ക്കൊരുപോലെ ഉള്ള സ്നേഹം എല്ലാം ജ്വലിച്ചു നില്‍ക്കുന്നു.

ചിത്രത്തില്‍ ജഗ്ജീത് സിംഗ് ആലപിക്കുന്ന ഒരു ഗാനമുണ്ട്. അതിന്റെ വരികളിങ്ങനെ പറയുന്നു.

'എന്റെ കാലുകളെ വലയം വയ്ക്കുന്ന ഈ അതിരുകള്‍ എന്താണ്? ഓരോ തവണയും എഴുന്നേറ്റ് ഞാന്‍ എന്റെ വീട്ടിലേക്ക് പോകാന്‍ ശ്രമിക്കുന്നു. ഒരായിരം തവണ നടന്നു, നിന്നു, പിന്നെ മടങ്ങി..."

സുരെഖാ സിക്രി അവതരിപ്പിക്കുന്ന മമ്മോയുടെ ചേച്ചിയുടെ കഥാപാത്രവും റിയാസ് എന്ന റിസ്സുവും ചേര്‍ന്ന് മുംബൈയിലെ ഒരു മുസ്ലിം പള്ളിയിലും ദര്‍ഗയിലും മമ്മോയെ അന്വേഷിച്ചു നടക്കുന്നതാണ് ഗാനത്തിന്റെ ദൃശ്യം.

രാഷ്ട്രീയം നിർമ്മിക്കുന്ന മതിലുകൾക്കും അപ്പുറം മനുഷ്യർ തമ്മിൽ പരസ്പരം ബന്ധിപ്പിക്കപ്പെട്ടു കിടക്കുന്ന സ്നേഹത്തിന്റെ ഒരു കടൽ അദൃശ്യമായി നിലകൊള്ളുന്നുണ്ട് .ഒരുപക്ഷേ ആർക്കും, ഒരിക്കലും മതിലുകൾ നിർമ്മിച്ചും നാടുകടത്തിയും തോല്പിക്കാനാവാത്ത അതിന്റെ ഒഴുക്ക് വന്നാർത്തുലഞ്ഞു പോകുമെന്ന് തീർച്ചയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം 'മമ്മോ' മടങ്ങി ഇന്ത്യയിലേക്ക് വീണ്ടും വരുന്നതും, അപ്പോള്‍ യുവാവായ റിയാസ് അവരെ ആശ്ലേഷിച്ച് സ്വീകരിക്കുന്നതും അത് കൊണ്ടാണ്.

Citizenship Amendment Bill

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: