ഡിസംബര്‍ ഒന്‍പതിനു ലോക്‌സഭയും 11നു രാജ്യസഭയും പാസാക്കിയതോടെ പൗരത്വ ഭേദഗതി ബില്‍ (സിഎബി) നിയമമായിരിക്കുകയാണ്. വേട്ടയാടപ്പെട്ടതിനെത്തുടര്‍ന്ന് അയല്‍രാജ്യങ്ങളായ പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍നിന്നു പലായനം ചെയ്ത ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, പാഴ്‌സി, ജൈന, ബുദ്ധ മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കു പ്രത്യേക സംരക്ഷണം ഉറപ്പുവരുത്തുന്നതാണ് പുതിയ നിയമം.
1955ലെ പൗരത്വ നിയമം ഭേദഗതി ചെയ്തുകൊണ്ട്, പുറംതള്ളല്‍ എന്ന ചട്ടക്കൂടിനുള്ളില്‍നിന്നുകൊണ്ട് ഉള്‍പ്പെടുത്തലിന്റെ ഭാഗിക ഭാവമാണു സിഎബി പ്രകടമാക്കുന്നത്. സ്വന്തം രാജ്യങ്ങളില്‍ വേട്ടയാടപ്പെടുന്നതിനെത്തുടര്‍ന്ന് ഇന്ത്യയില്‍ അഭയം തേടുന്നവരെ ഉള്‍ക്കൊള്ളാന്‍ പൗരത്വം എന്ന ആശയം വിശാലമാക്കി. എന്നാല്‍ ഈ മാനദണ്ഡത്തില്‍ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷങ്ങള്‍ മാത്രമേ ഉള്‍പ്പെടുന്നുള്ളൂ. ഈ രാജ്യങ്ങളില്‍ വിവേചനം അനുഭവിക്കുന്ന മുസ്ലിങ്ങളെ പുറത്തുനിര്‍ത്തുകയാണ്. മുസ്‌ലിം അഭയാര്‍ഥികളെ സിഎബിയില്‍നിന്ന് ഒഴിവാക്കി, നിര്‍ദിഷ്ട ദേശീയ പൗരത്വ റജിസ്റ്ററി(എന്‍ആര്‍സി)ല്‍ മുസ്‌ലിം കുടിയേറ്റക്കാര്‍ ഒഴികെ എല്ലാവരെയും ഉള്‍പ്പെടുത്തി, ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷത്തിനു നേര്‍ക്ക് സര്‍ക്കാര്‍ ഇരുവശത്തുനിന്നും വാതിലുകള്‍ അടച്ചു.
എല്ലാവരെയും ഉള്‍ക്കൊള്ളുമെന്ന വാഗ്ദാനം ഇന്ത്യ എങ്ങനെ നഷ്ടപ്പെടുത്തുന്നുവെന്നതിന്റെ മികച്ച ഓര്‍മപ്പെടുത്തലാണു രാജ്യാന്തര മതസ്വാതന്ത്ര്യം സംബന്ധിച്ച അമേരിക്കന്‍ കമ്മിഷന്റെ പ്രസ്താവന. അതിങ്ങനെ പറയുന്നു: “മതേതര ബഹുസ്വരത സംബന്ധിച്ച ഇന്ത്യയുടെ സമ്പന്നമായ ചരിത്രത്തിനും വിശ്വാസത്തെ പരിഗണിക്കാതെ നിയമത്തിനു മുന്നില്‍ തുല്യത ഉറപ്പുനല്‍കുന്ന ഇന്ത്യന്‍ ഭരണഘടനയ്ക്കും എതിരായി പ്രവര്‍ത്തിക്കുന്നു.”
1949 ജനുവരി എട്ടിനു നടന്ന ഭരണഘടനാ അസംബ്ലിയിലെ സംവാദം ഇന്ത്യയുടെ ചരിത്രത്തിലെ നിര്‍ണായകമായ ഒരേടാണ്. ‘ആരാണ് ഇന്ത്യന്‍ പൗരന്‍, ആരാണ് അല്ലാത്തത്? എന്നതില്‍ വ്യക്തത തേടിയുള്ള അല്‍ഗു റായ് ശാസ്ത്രിയുടെ ചോദ്യത്തിനു മറുപടിയായി ജവഹര്‍ലാല്‍ നെഹ്റു പറഞ്ഞത് ഇന്ന് വളരെ പ്രസക്തമാണ്. നെഹ്‌റുവിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു: ”അഭയാര്‍ഥികളെ സംബന്ധിച്ചിടത്തോളം … ഇന്ത്യയിലെ പൗരന്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ആരെയും നാം പൗരന്മാരായി സ്വീകരിക്കുന്നു.’ സ്വതന്ത്ര ഇച്ഛയുടെയും ആഗ്രഹത്തിന്റെയും സംയോജനമെന്ന നിലയിലാണു അഭയം എന്ന ആശയം അദ്ദേഹം അടിസ്ഥാനമാക്കിയത്. അവകാശപ്പെടാനുള്ള തീരുമാനം സ്വന്തമാണെന്ന തോന്നലില്‍നിന്നാണ് വരുന്നത്. ഇതു രണ്ടും ബഹുമാനിക്കപ്പെടേണ്ടതാണ്. പൗരനെ നിര്‍വചിക്കുന്നതിനു പിന്നിലുള്ള ഏറ്റവും വിശാലമായ മാനവിക പരിഗണനയാണിത്.
Read Also: പൗരത്വ ഭേദഗതി നിയമത്തിനു പിന്നിലെ രാഷ്ട്രീയം
ആഭ്യന്തര കലഹങ്ങള്‍ കാരണം പാകിസ്ഥാനില്‍നിന്ന് കുടിയേറാന്‍ ആഗ്രഹിക്കുന്ന ഏതെങ്കിലും ഇന്ത്യക്കാരന്‍ (അദ്ദേഹം മതം വ്യക്തമാക്കിയില്ല) എന്തിനു ചോദ്യത്തിന്റെ നിഴലിലാവണമെന്ന കാര്യം 1949 ഓഗസ്റ്റ് 12 നു ഭരണഘടനാ അസംബ്ലിയില്‍ നടന്ന ചര്‍ച്ചയില്‍ മദ്രാസില്‍ നിന്നുള്ള മഹബൂബ് അലി ബെയ്ഗ് ഉന്നയിച്ചു. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതു സംബന്ധിച്ച് അധികാരം കൈമാറുന്നതിനിടെ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഒരു കരാറുണ്ടെന്ന് ബെയ്ഗ് സഭയെ ഓര്‍മിപ്പിച്ചു. എന്നാല്‍ വിഭജനത്തിനുശേഷം കൂട്ടക്കൊലയും ദുരന്തങ്ങളും സംഭവിച്ചതു ജനങ്ങളെ കുടിയേറ്റത്തിനു നിര്‍ബന്ധിച്ചുവെന്നു ബെയ്ഗ് പറഞ്ഞു. ഇന്ത്യയിലേക്കു വരുന്നവര്‍ രാജ്യദ്രോഹികളാകാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ അവരെ തിരിച്ചുവരാന്‍ അനുവദിക്കരുതെന്നുമെന്ന സംശയയുക്തിക്കെതിരെ വാദിച്ച ബെയ്ഗ്,
അതിന് ഒരു അടിസ്ഥാനവുമില്ലെന്നും പറഞ്ഞു. ഈ സാഹചര്യശത്ത ബെയ്ഗ് വിശേഷിപ്പിച്ചതിങ്ങനെയാണ്: ”ഈ സ്വഭാവം മൂലം നിങ്ങള്‍ ഒരിക്കലും ശക്തരാകില്ല. മനോവിഭ്രാന്തിയുടെ അടിസ്ഥാനത്തില്‍ ഒരു രാജ്യത്തിനും ശക്തരാകാന്‍ കഴിയില്ല”.
മനസ് ഭയം നിറഞ്ഞ, അല്ലെങ്കില്‍ സ്വതന്ത്രമായോ വ്യക്തതയോടെയോ പ്രവര്‍ത്തിക്കാത്ത സാഹചര്യങ്ങളില്‍നിന്നാണ് ആളുകള്‍ കുടിയേറുന്നതെന്ന് ബെയ്ഗ് വാദിച്ചു. വ്യക്തിത്വത്തെ അടിസ്ഥാനമാക്കി ആ ആളുകളോട് ഒരു വിവേചനവും ഇത് ആവശ്യപ്പെടുന്നില്ല. അവര്‍ക്ക് അഭയം നിഷേധിക്കാന്‍ ഒരു കാരണവുമില്ല.
ദേശീയവാദികളായ മുസ്ലിങ്ങളെക്കുറിച്ച് നെഹ്റുവും സമാനമായ അഭിപ്രായം പ്രകടിപ്പിച്ചു. സാഹചര്യങ്ങള്‍ കാരണം പുറന്തള്ളപ്പെട്ടവര്‍ക്കും മറുവശത്തേക്ക് പോയവര്‍ക്കും അവിടെ ഒരിടവുമില്ല. ‘എതിരാളികളും ശത്രുക്കളും’ എന്ന് കണക്കാക്കപ്പെടുന്ന ഈ മുസ്ലിംകള്‍ പാകിസ്ഥാനില്‍ ജീവിതം ദുരിതപൂര്‍ണമായപ്പോള്‍ മടങ്ങിവരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. ചിലര്‍ അങ്ങനെ ചെയ്തു. പാകിസ്ഥാന്‍ ഈ മുസ്ലിംകളെ ശത്രുവായി കണക്കാക്കിയതു മതത്തെ അടിസ്ഥാനമാക്കിയല്ല, മറിച്ച് ദേശീയതയെ (വംശീയത പോലും) അടിസ്ഥാനമാക്കിയാണ്. മതമായാലും രാജ്യമായാലും സംശയം ഒരു പ്രദേശിക വികാരമാണ്. ശത്രു ജനിക്കണമെങ്കില്‍ വിശ്വാസം മരിക്കണം. നെഹ്റുവിന്റെ വിശദീകരണത്തില്‍ ഊഷ്മളതയുടെ വികാരം സംശയം റദ്ദാക്കുന്നു. സാഹചര്യങ്ങളും കുടുംബബന്ധങ്ങളും തമ്മിലുള്ള നിശബ്ദമായ വ്യത്യാസം അദ്ദേഹം ഇങ്ങനെ വരച്ചിടുന്നു: സ്വന്തം ഇടത്തേക്കു മടങ്ങുന്നവര്‍ക്ക് അവരുടെ സ്വന്തമായതെല്ലാം വീണ്ടെടുക്കാന്‍ കഴിയും.
‘മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജനം കോണ്‍ഗ്രസ് അനുവദിച്ചില്ലായിരുന്നില്ലെങ്കില്‍ പൗരത്വ (ഭേദഗതി) ബില്‍ ആവശ്യമില്ലായിരുന്നു’വെന്നാണു ലോക്‌സഭയില്‍ ബില്‍ മേശപ്പുറത്തുവച്ചുകൊണ്ട് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത്. പുറന്തള്ളലിന്റെ പുതിയ നിയമത്തെ ന്യായീകരിക്കാനായി ദാരുണസംഭവത്തെ കുറ്റപ്പെടുത്തി വിഭജനത്തിന്റെ യുക്തി വര്‍ധിപ്പിക്കുകയാണ്. മറ്റുള്ളവരെ കുറ്റപ്പെടുത്തിക്കൊണ്ട് സാമുദായിക വിഭജനം പുന:സ്ഥാപിക്കാന്‍ ശ്രമിക്കുന്ന, പരസ്പരവിരുദ്ധവും സ്വയം സേവിക്കുന്നതുമായ ഒരു യുക്തിയാണിത്.
വിഭജനത്തിന്റെ നിയമപരമായ വസ്തുതകള്‍ക്കപ്പുറം വിഭജനത്തിന്റെ തെറ്റിദ്ധാരണ പരത്താന്‍ അനുവദിക്കരുതെന്നു ബിഹാറില്‍നിന്നുള്ള ബ്രജേശ്വര്‍ പ്രസാദ് സംവാദത്തിനിടെ ആവശ്യപ്പെട്ടു. വിഭജനത്തിന്റെ സാമുദായിക രാഷ്ട്രീയം സ്വാതന്ത്ര്യാനന്തരം അവസാനിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ ആ രാഷ്ട്രീയത്തിന്റെ യുക്തി അല്ലെങ്കില്‍ നിയമം നിലനില്‍ക്കുന്നത് അനിവാര്യമായിരുന്നു. വിഭജനമെന്നതു കേവലം നിയമപരമായ കാര്യമല്ല, ചരിത്രപരമായ വസ്തുതയാണ്. അതു സൃഷ്ടിച്ച രാഷ്ട്രീയമാണ് അതിനെ അതിജീവിച്ചത്.
കൊളോണിയല്‍ പ്രദേശത്തിനു കീഴിലുള്ള എല്ലാവരും ഇന്ത്യയില്‍ അഭയത്തിന് അര്‍ഹരാണെന്ന രസകരമായ വാദം കുടിയേറ്റത്തെക്കുറിച്ചുള്ള ചോദ്യത്തില്‍ പ്രസാദ് ഉന്നയിച്ചു. പൗരത്വം സംബന്ധിച്ച കൊളോണിയല്‍ വിരുദ്ധ ആശയമായിരുന്നു അത്. ”പഞ്ചാബിലും അതിര്‍ത്തിയിലും ജീവിച്ചിരുന്നവര്‍ ഈ രാജ്യത്തിന്റെ പൗരനായിട്ടുണ്ടെങ്കില്‍; നമ്മള്‍ ഒന്നാണെന്ന് എപ്പോഴും പറയുമ്പോള്‍ അതിര്‍ത്തിയിലെ ഒരു മുഹമ്മദന് അങ്ങനെയാവാന്‍ കഴിയാത്തത് എന്തുകൊണ്ടാണ്?,” ബ്രജേശ്വര്‍ പ്രസാദ് ചോദിച്ചു.
ഇതിനു വിരുദ്ധമായി, മൂന്നു ഇസ്ലാമിക് രാജ്യങ്ങളില്‍നിന്നുള്ള മുസ്‌ലിങ്ങള്‍ അല്ലാത്തവരെ ഉള്‍ക്കൊള്ളാന്‍ സര്‍ക്കാരിനു താല്‍പ്പര്യമുണ്ടെന്നാണ് അമിത് ഷാ രാജ്യസഭയില്‍ പറഞ്ഞത്. മതേതരത്വം മുസ്‌ലിങ്ങളിലേക്കു പരിമിതപ്പെടുത്തുന്നതില്‍ അദ്ദേഹം പ്രതിപക്ഷത്തെ പരിഹസിച്ചു. എതിര്‍ യുക്തി നിസാരമാണ്: മുസ്ലിംകളുടെ അവകാശങ്ങള്‍ പരിഗണിക്കുന്നത് മതേതരത്വത്തിന് ഇനി അധികകാലം ആവശ്യമില്ല.
നെഹ്റുവിയന്‍ മതേതരത്വം പ്രീണനരാഷ്ട്രീയമാണെന്നാണു ബിജെപി നേതാക്കള്‍ നിരന്തരം കുറ്റപ്പെടുത്തുന്നത്. തന്‍റെ കാലത്ത് ഈ ആരോപണമുയര്‍ന്നപോഴൊക്കെ പ്രകോപിതനായ നെഹ്റു ഇങ്ങനെ പറഞ്ഞട്ടുണ്ട്: ”നീതിയുമായോ തുല്യതയുമായോ യാതൊരു ബന്ധവുമില്ലാത്ത ഈ ആളുകളുമായി ഇടപെടുമ്പോള്‍ എന്തെങ്കിലും തരത്തിലുള്ള ഭരണം പ്രയോഗിക്കണമെന്നു പ്രീണനത്തെക്കുറിച്ച് സംസാരിക്കുന്ന ബഹുമാന്യമാന്യരായ അംഗങ്ങള്‍ കരുതുന്നുണ്ടോ? പ്രീണനത്തിന്റെ മറ സൃഷ്ടിച്ചു കൊണ്ട് ന്യൂനപക്ഷങ്ങള്‍ എന്താണോ അര്‍ഹിക്കുന്നത് അതില്‍ നിന്നു ശ്രദ്ധതിരിക്കുകയാണ്.”
‘നമ്മുടെ പോക്കറ്റില്‍നിന്ന് എന്തെങ്കിലും നല്‍കിയാല്‍ അതിശയകരമായ ഉദാരത’ എന്ന മുദ്രകുത്തലിനെ എതിര്‍ത്തു കൊണ്ട് നെഹ്റു മതേതരരാഷ്ട്രത്തെ പ്രതിരോധിച്ചു.
മതേതര രാഷ്ട്രത്തിന് അനുകൂലമായ വാദം ഒരിക്കലും അസാധാരണമായ എന്തെങ്കിലും അര്‍ഥമാക്കുന്നില്ല. ജനങ്ങളുടെ ചരിത്രപരമായ മുന്‍വിധികള്‍ പരിഹരിക്കുന്നതിനും ഒരു ദേശീയരാഷ്ട്രം ഭൂരിപക്ഷവാദത്തിലേക്കു തിരിച്ചുപോകാതിരിക്കാനുമാണ് ഇത് ഉദ്ദേശിച്ചത്. ഈ രണ്ടു സാധ്യതകളും ഇന്നു ഭരണസംവിധാനത്തിലും സാമൂഹിക മേഖലയിലും തങ്ങളുടെ സ്വാധീനം തിരിച്ചുപിടിച്ചു. ആരാണ് ഒരു ഇന്ത്യന്‍ പൗരന്‍ ആകേണ്ടത് എന്നതിന്റെ അന്വേഷണം കണ്ടെത്തപ്പെടുകയല്ല, വഴിമുട്ടുക’യാണ് ചെയ്യുന്നത്.
Read Here: പൗരത്വബില്‍ പോരാട്ടക്കാലത്ത് ഓര്‍മ്മയിലേക്കേത്തുന്ന മമ്മോ അമ്മൂമ്മ