/indian-express-malayalam/media/media_files/uploads/2018/03/shreya-ghoshal-interacts-with-twitteratti-says-k-s-chitra-is-her-all-time-favourite.jpg)
ഇന്ത്യയിലെ തന്നെ മികച്ച ഗായിക എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം ശ്രേയാ ഘോഷാലിനെ. ചെറിയപ്രായത്തില്‍ തന്നെ തന്‍റെ ശബ്ദ-സ്വര-സംഗീത മികവുകള്‍ കൊണ്ട് പ്രശസ്തിയുടെ കൊടുമുടി കീഴടക്കിയ പെണ്‍കുട്ടി.
ഇന്ത്യയ്ക്കകത്തും പുറത്തും ലക്ഷക്കണക്കിന് ആരാധകരുള്ള ശ്രേയ ആരാധിക്കുന്ന ശബ്ദം ആരുടേത് ചോദ്യത്തിന് വലിയ പ്രസക്തിയുണ്ട്, ഉത്തരത്തിനും.
ഒരുവേള ട്വിറ്റെറില്‍ തന്‍റെ ആരാധകരോട് സംസാരിക്കവേയാണ് ഇങ്ങനെയൊരു ചോദ്യം ശ്രേയ നേരിട്ടത്. ഇഷ്ടമുള്ള തമിഴ് ഗായികയാര് എന്ന്? ഒട്ടും ആലോചിക്കാതെ തന്നെ ശ്രേയ മറുപടി പറഞ്ഞു, 'Always Chithra ji!' (എന്നും ചിത്ര) എന്ന്.
Read Here: ഒരു ചെറുതല്ലാത്ത ഇടവേള: കെ എസ് ചിത്രയുടെ കൈകളിലേക്ക് മറ്റൊരു സംസ്ഥാന പുരസ്കാരമെത്തുമ്പോള്‍
Always Chithra ji!
— Shreya Ghoshal (@shreyaghoshal) March 20, 2018
മറ്റൊരു അവസരത്തില്‍ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ ചിത്രയുമായുള്ള ഒരു ബാക്ക്സ്റ്റേജ് നിമിഷം പങ്കു വച്ച് കൊണ്ട് ശ്രേയ തന്റെ പ്രിയ ഗായികയോടുള്ള സ്നേഹം വാക്കുകള്‍ ഇങ്ങനെ പകര്‍ത്തി.
'എന്നെ അനുദിനം പ്രചോദിപ്പിക്കുന്ന ചിത്ര മാം. ഞാൻ ആദ്യമായി അവരെ കേട്ടത് 'കെഹ്ന ഹായ് ക്യാ...' എന്ന ഗാനത്തിലൂടെയാണ്. അന്ന് മുതല്‍ അവരെ എന്നെ വിസ്മയപ്പെടുത്തിക്കൊണ്ടിരിക്കുന്നു. നേരിട്ട് ആദ്യമായി കണ്ടപ്പോള്‍, സ്നേഹവും വിനയവും വാത്സല്യവും ചേര്‍ന്ന ആ സ്വഭാവത്തിന്റെ സൗന്ദര്യവും അറിയാന്‍ കഴിഞ്ഞു. അവരോടൊപ്പം, അവരുടെ സാന്നിധ്യത്തിൽ നിരവധി മികച്ച ഗാനങ്ങൾ ആലപിച്ചതിൽ അഭിമാനമുണ്ട്. ചിത്രാജീ, ഞാൻ നിങ്ങളെ ആഴത്തില്‍ സ്നേഹിക്കുന്നു...'
പിറന്നാൾ നിറവിൽ മലയാളത്തിന്റെ വാനമ്പാടി കെഎസ് ചിത്ര
മലയാളത്തിന്റെ വാനമ്പാടി കെ.എസ്.ചിത്രയ്‌ക്ക് ഇന്ന് അൻപത്തിയേഴാം ജന്മദിനം. എത്ര കേട്ടാലും മതിവരാത്ത ചിത്രയുടെ ഗാനങ്ങളും പിറന്നാളിനൊപ്പം മധുരമേകുന്നവയാണ്.
1979-ല്‍ സംഗീത സംവിധായകന്‍ എം.ജി.രാധാകൃഷ്‌ണന്‍ സംഗീത സംവിധാനം നിര്‍വഹിച്ച 'അട്ടഹാസം' എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള പിന്നണി ഗാനരംഗത്തേയ്ക്ക് ചിത്രയെത്തിയത്. എന്നാല്‍ 'നവംബറിന്റെ നഷ്ടം' എന്ന ചിത്രത്തിലെ 'അരികിലോ അകലെയോ' എന്ന ഗാനമായിരുന്നു ചിത്രയ്‌ക്ക് ശ്രദ്ധ നേടികൊടുത്തത്. 1983ല്‍ പുറത്തിറങ്ങിയ 'മാമ്മാട്ടിക്കുട്ടിയമ്മ' എന്ന ചിത്രത്തിലെ 'ആളൊരുങ്ങി അരങ്ങൊരുങ്ങി' എന്ന ഗാനം ഹിറ്റ് ആയതോടെ ചിത്രയെ തേടി നിരവധി അവസരങ്ങൾ എത്തി.
തമിഴില്‍ ഇളയരാജ സംഗീത സംവിധാനം നിര്‍വ്വഹിച്ച 'നീ താനേ അന്നക്കുയില്‍' എന്ന ചിത്രത്തില്‍ പാടാൻ അവസരം ലഭിച്ചതോടെ ദക്ഷിണേന്ത്യന്‍ ചലച്ചിത്ര ഗാനരംഗത്തും ചിത്ര ചുവടുറപ്പിച്ചു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഒറിയ, ഹിന്ദി, ബംഗാളി, അസമീസ് തുടങ്ങി വിവിധ ഭാഷകളിലായി ചിത്ര 15,000ത്തിലേറെ ഗാനങ്ങൾ ചിത്ര പാടിയിട്ടുണ്ട്.
1983ല്‍ 'സിന്ധുഭൈരവി' എന്ന ചിത്രത്തിലെ 'പാടറിയേ പഠിപ്പറിയേ' എന്ന ഗാനത്തിലൂടെയാണ് ചിത്രയ്ക്ക് ആദ്യമായി ദേശീയ പുരസ്‌കാരം ലഭിക്കുന്നത്. കെ.ബാലചന്ദ്രർ സംവിധാനം ചെയ്ത ചിത്രം മൂന്നു ദേശീയ പുരസ്കാരമാണ് നേടിയത്. മികച്ച നടിക്കുളള അവാർഡ് സുഹാസിനിയും മികച്ച സംഗീത സംവിധായകനുളള അവാർഡ് ഇളയരാജയും മികച്ച ഗായികയ്ക്കുളള അവാർഡ് ചിത്രയും നേടി.
Read Here: പാടാതിരിക്കാനാവുമോ ജാനകിയമ്മയ്ക്ക്: കെ എസ് ചിത്ര
1987 ൽ 'നഖക്ഷതങ്ങൾ' ചിത്രത്തിലെ 'മഞ്ഞൾ പ്രസാദവും' എന്ന ഗാനത്തിന് ചിത്രയ്ക്ക് രണ്ടാമത്തെ ദേശീയ പുരസ്കാരം ലഭിച്ചു. 1989 ൽ മൂന്നാമത്തെ ദേശീയ പുരസ്കാരം ചിത്രയെ തേടിയെത്തി. 'വൈശാലി' ചിത്രത്തിലെ 'ഇന്ദുപുഷ്പം ചൂടി നിൽക്കും' എന്ന ഗാനത്തിനായിരുന്നു പുരസ്കാരം. 'മിൻസാരക്കനവ്' എന്ന തമിഴ് ചിത്രത്തിലെ 'മാന മധുരൈ' എന്ന ഗാനത്തിലൂടെ 1996 ൽ ചിത്രയ്ക്ക് നാലാമത്തെ ദേശീയ പുരസ്കാരം ലഭിച്ചു. എ.ആർ.റഹ്മാനായിരുന്നു ചിത്രത്തിന്റെ സംഗീത സംവിധായകൻ.
1997 ൽ ഹിന്ദി ചിത്രം വിരാസത്തിലെ 'പായലേ ചുൻ മുൻ' എന്ന ഗാനത്തിന് അഞ്ചാമത്തെ ദേശീയ പുരസ്കാരം നേടി. 2004 ൽ തമിഴ് ചിത്രം ഓട്ടോഗ്രാഫിലൂടെ ചിത്രയ്ക്ക് ആറാമത്തെ ദേശീയ പുരസ്കാരം ലഭിച്ചു. 'ഒവ്വൊവ്വൊരു' പൂക്കളുമേ എന്ന ഗാനത്തിനായിരുന്നു ചിത്രയ്ക്ക് പുരസ്കാരം.
പതിനാറ് തവണ കേരള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചു. തമിഴ്‌നാട്, ആന്ധ്രാ സര്‍ക്കാരുകളും ചിത്രയ്ക്ക് പുരസ്കാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്. 2005-ല്‍ പത്മശ്രീ പുരസ്‌കാരവും സുവര്‍ണശബ്ദത്തിനു ലഭിച്ചു.
എ ആര്‍ റഹ്മാനെ ഒറ്റ വാക്കില്‍ എങ്ങനെ നിര്‍വ്വചിക്കും എന്ന ചോദ്യത്തിന് 'സംഗീതത്തിന്‍റെ നിര്‍വ്വചനം തന്നെ അദ്ദേഹമാണ്'(He defines music! Full Stop.) എന്നാണ് ശ്രേയ പ്രതികരിച്ചത്.
#AskShreya എന്ന ഹാഷ് ടാഗിലാണ് ശ്രേയാ ഘോഷാല്‍ ചോദ്യങ്ങള്‍ സ്വീകരിച്ചത്. എപ്പോഴെങ്കിലും ഡിപ്രഷനിലൂടെ കടന്നു പോയിട്ടുണ്ടോ എന്നതിന് 'എനിക്ക് ഇത് വരെ അങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ല എന്നാല്‍ ഡിപ്രഷന്‍ ഉള്ളവര്‍ ആ അവസ്ഥയെ കാര്യമായി എടുക്കണം എന്നും വൈദ്യ സഹായം തേടണം എന്നും ശ്രേയ അഭിപ്രായപ്പെട്ടു.
മാധുരി ദീക്ഷിത്തിന്‍റെ സൂപ്പര്‍ ഹിറ്റ് ഗാനമായ 'ഏക് ദോ തീന്‍' അടുത്തിടെ റീമിക്സ് ചെയ്തു വന്നിരുന്നു. അത് പാടിയ അനുഭവത്തെക്കുറിച്ച് ശ്രേയ പറഞ്ഞതിങ്ങനെ. "ഈ പാട്ടൊക്കെ കേട്ട്, അതിനോടൊപ്പം ആടിയും പാടിയുമൊക്കെയാണ് ഞാന്‍ വളര്‍ന്നത്. ഹിന്ദി സിനിമയിലെ 'ഐക്കണ്‍'സിന് ഇങ്ങനെയൊരു ട്രിബ്യൂട്ട് നല്‍കാന്‍ സാധിച്ചത് വലിയ ഭാഗ്യമായി കരുതുന്നു."
സംഗീത സംവിധാനം ചെയ്യാന്‍ ഉദ്ദേശമുണ്ടോ എന്ന ചോദിച്ചപ്പോള്‍ താന്‍ ഇടയ്ക്കിടയ്ക്ക് കമ്പോസ് ചെയ്യാറുണ്ട് എന്നും എന്നെങ്കിലും അതെല്ലാം റിലീസ് ചെയ്യും എന്നും ശ്രേയ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.