ഇപ്പോള്‍ കെ എസ് ചിത്രയ്ക്ക് ലഭിച്ചിരിക്കുന്ന സംസ്ഥാന അവാര്‍ഡിന് ഒരു പ്രത്യേകതയുണ്ട്. ഒരു ചെറുതല്ലാത്ത ഇടവേളക്ക് ശേഷമാണ് അത് എന്നുള്ളതാണത്.

കാംബോജി റെക്കോറഡിംഗ് വേളയില്‍ എം ജയചന്ദ്രനോടൊപ്പം

മറ്റൊരു രസകരമായ കാര്യം കൂടി.  1985 – 1995 വരെയുള്ള ദശാബ്ദത്തില്‍ പതിനൊന്ന് വര്‍ഷം തുടര്‍ച്ചയായി നേടിയ പുരസ്കാരം കാവ്യ നീതിയെന്ന പോലെ പിന്നെ പതിനൊന്ന് വര്‍ഷം വിട്ടൊഴിഞ്ഞു നിന്നു. ആ കാലഘട്ടത്തില്‍ പുരസ്കൃതരായത് പതിനൊന്ന് ഗായികമാര്‍. സുജാത, ഭാവനാ രാധാകൃഷ്ണന്‍, ആശാ ജി മേനോന്‍, ഗായത്രി, മഞ്ജരി, ശ്വേത മോഹന്‍, ശ്രേയാ ഘോഷാല്‍, രാജലക്ഷ്മി, സിതാരാ കൃഷ്ണകുമാര്‍, വൈക്കം വിജയലക്ഷ്മി, മധുശ്രീ നാരായണന്‍ എന്നിവര്‍.

പിന്നണി ഗാന ജീവിതത്തിന്‍റെ തുടക്കം മുതല്‍ തന്നെ മികവിന്‍റെ പര്യായമായി മാറിയ മലയാളത്തിന്‍റെ പ്രിയ ഗായികക്ക് ഈ പുരസ്കാരം ലഭിക്കുന്നതിപ്പോള്‍ പതിനാറാമത്തെ തവണ. ഇതിനു മുന്‍പ് അവാര്‍ഡ്‌ ലഭിച്ചത് 2005ല്‍.

‘അവാര്‍ഡ്‌ വിവരം കേട്ടത് കുറച്ചു മണിക്കൂറുകള്‍ക്കു മുന്‍പ് അമേരിക്കയില്‍ നിന്നും എത്തിയപ്പോഴാണ്. സന്തോഷവും അത്ഭുതവും തോന്നി.

1985ലാണ് ആദ്യ സംസ്ഥാന അവാര്‍ഡ്‌ ലഭിക്കുന്നത്. ദൈവത്തിനോടും, അച്ഛനമ്മമാരോടും, ഗുരുക്കന്മാരോടും കടപ്പെട്ടിരിക്കുന്നു. സര്‍വ്വോപരി എന്നെ നെഞ്ചേറ്റിയ എന്‍റെ ആരാധകരോടും.’

ചിത്ര ഫേസ്ബുക്കില്‍ കുറിച്ചു. കബോജി എന്ന ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ക്കും സംഗീത സംവിധായകന്‍ എം ജയചന്ദ്രനും അവര്‍ നന്ദി രേഖപ്പെടുത്തി.

ചിത്രയ്ക്ക് സംസ്ഥാന അവാര്‍ഡ്‌ നേടിക്കൊടുത്ത ഗാനങ്ങളുടെ പട്ടിക.

1. 1985 – ഒരേ സ്വരം (എന്‍റെ കാണാക്കുയില്‍), പൂമാനമേ (നിറക്കൂട്ട്‌), ആയിരം കണ്ണുമായ് (നോക്കെത്താദൂരത്ത്‌ കണ്ണും നട്ട്
2. 1986 – മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി (നഖക്ഷതങ്ങള്‍)
3. 1987 – ഈണം മറന്ന കാറ്റേ (ഈണം മറന്ന കാറ്റ്), താലോലം പൈതല്‍ (എഴുതാപ്പുറങ്ങള്‍
4. 1988 – ഇന്ദു പുഷ്പം ചൂടി നില്‍ക്കും രാത്രി (വൈശാലി)
5. 1989 – കളരി വിളക്ക് (ഒരു വടക്കന്‍ വീരഗാഥ), തങ്കത്തോണി (മഴവില്‍ക്കാവടി)
6. 1990 – പാലപ്പൂവേ (ഞാന്‍ ഗന്ധര്‍വന്‍), കണ്ണില്‍ നിന്‍ മെയ്യില്‍ (ഇന്നലെ)

1990 ലെ സംസ്ഥാന അവാര്‍ഡ്‌ വേളയില്‍ ഉര്‍വശിയോടൊപ്പം

7. 1991 – താരം വാല്‍കണ്ണാടി നോക്കി (കേളി), സ്വര കന്യകമാര്‍ (സാന്ത്വനം)
8. 1992 – മൗനസരോവരമാകെയുണര്‍ന്നു (സവിധം)
9. 1993 – പൊന്‍മേഘമേ (സോപാനം), രാജഹംസമേ (ചമയം), സംഗീതമേ (ഗസല്‍)
10. 1994 – പാര്‍വ്വണേന്തു മുഖി പാര്‍വതി (പരിണയം)
11. 1995 – ശശികല ചാര്‍ത്തിയ ദീപാവലയം (ദേവരാഗം)
12. 1999 – പുലര്‍ വെയിലും പകല്‍ മുകിലും (അങ്ങനെ ഒരവധിക്കാലത്ത്)
13. 2001 – മൂളി മൂളിക്കാറ്റിനുണ്ടൊരു (തീര്‍ത്ഥാടനം)
14. 2002 – കാര്‍മുകില്‍ വര്‍ണ്ണന്‍റെ ചുണ്ടില്‍ (നന്ദനം)
15. 2005 – മയങ്ങിപ്പോയി ഞാന്‍ മയങ്ങിപ്പോയി (നോട്ടം)
16. 2016 – നടവാതില്‍ തുറന്നില്ല (കാംബോജി)

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ