/indian-express-malayalam/media/media_files/uploads/2021/10/84.jpg)
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടന്മാരിൽപ്പെടുന്ന രണ്ടു പേരാണ് മമ്മൂട്ടിയും തിലകനും. ഇരുവരും ഒരുമിച്ചു ചെയ്ത നിരവധി ചിത്രങ്ങൾ സൂപ്പർ ഹിറ്റുകളായിരുന്നു. എന്നാൽ ഇവർക്കിടയിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി വാർത്തകൾ മുൻപ് പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ ഇരുവർക്കുമിടയിലെ വഴക്ക് നേരിട്ട് കണ്ടിട്ടുണ്ടെന്ന് പറയുകയാണ് തിലകന്റെ മകനും നടനും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഷോബി തിലകൻ.
'തച്ചിലേടത്ത് ചുണ്ടൻ' എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ അവർ തമ്മിൽ വാഴക്കായിരുന്നു. സെറ്റിൽ വഴക്ക് കൂടുന്നത് നേരിട്ട് താൻ കണ്ടിട്ടുണ്ടെന്നുമാണ് ഷോബി തിലകൻ പറയുന്നത്. 'മാസ്റ്റർ ബിൻ' എന്ന യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് ഷോബി ഇക്കാര്യം പറഞ്ഞത്.
"തച്ചിലേടത്ത് ചുണ്ടന്‍ സിനിമയുടെ ലൊക്കേഷനില്‍ ഞാനും അച്ഛനൊപ്പം ഉണ്ടായിരുന്നു. ആ സിനിമ ചെയ്യുമ്പോള്‍ മമ്മൂക്കയും അച്ഛനും തമ്മില്‍ വഴക്കായിരുന്നു. ഒരു കാര്യമുള്ള കാര്യത്തിനല്ല, വെറുതേയാണ്. സൗന്ദര്യ പിണക്കം എന്ന് പറയാം. രണ്ടാളും ഒരേ സ്വഭാവക്കാരാണ്. അങ്ങനെ ഉള്ളവര്‍ ഒരുമിച്ച കഥാപാത്രങ്ങളായി വരുമ്പോഴുണ്ടാകുന്നതാണ്." ഷോബി പറഞ്ഞു.
എന്തോ ഒരു ആത്മസംതൃപ്തിക്ക് വേണ്ടിയാണ് രണ്ടു പേരും വഴക്ക് കൂടുന്നത്. ചിരിയോടെ ആണ് താനത് കണ്ടു നിന്നിട്ടുള്ളത്. രണ്ടു മണിക്കൂറിനുള്ളിൽ തീരുന്ന വഴക്ക് ആയിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു.
Also Read: ശ്രീദേവിയെ അഭിമുഖം ചെയ്ത പത്രപ്രവർത്തകൻ; ഇന്ന് മലയാളസിനിമയിലെ ഓൾറൗണ്ടർ
'തച്ചിലേടത്ത് ചുണ്ടന്' ശേഷം ഒരുമിച്ച് അഭിനയിക്കാനിരുന്ന മൂന്ന് ചിത്രങ്ങളുടെ നിർമ്മാതാക്കളെ വിളിച്ച് മമ്മൂട്ടിക്ക് ഒപ്പം അഭിനയിക്കാൻ ബുദ്ധിമുട്ട് ഉണ്ട്, അഡ്വാൻസ് തിരികെ നൽകിയേക്കാം എന്ന് പറഞ്ഞെന്നും പിന്നാലെ മമ്മൂട്ടി വിളിച്ചു സംസാരിച്ചതോടെ പ്രശ്നങ്ങൾ എല്ലാം തീർന്നെന്നും ഷോബി പറഞ്ഞു.
ഒരു സീരിയസ് പ്രശ്‌നമായിട്ടോ അത് മനസില്‍ വെച്ച് പെരുമാറുന്ന ആളായിട്ടോ താന്‍ ഒരിക്കലും മമ്മൂക്കയെ കാണില്ല. അദ്ദേഹം പറയാനുള്ളത് മനസിൽ വെക്കാതെ തുറന്നു പറയും. ചിലപ്പോൾ നല്ലതാവും അല്ലെങ്കിൽ ചീത്തയാവും. മമ്മൂക്കയ്ക്ക് ഡബ്ബ് ചെയ്തിട്ടുണ്ടെങ്കിലും എന്തായിരിക്കും അദ്ദേഹം പറയുന്നത് എന്ന ടെൻഷനിൽ വിളിച്ചു ചോദിച്ചിട്ടില്ലെന്നും ഷോബി പറഞ്ഞു.
തിലകൻ ആശുപത്രിയിൽ കിടന്നപ്പോൾ മമ്മൂട്ടിയും ദുൽഖറും കൂടി കാണാൻ വന്നിരുന്നതായും ഷോബി അഭിമുഖത്തിൽ പറഞ്ഞു. അമ്മ സംഘടനയുമായി ബന്ധപ്പെട്ട് തിലകനും മമ്മൂട്ടിയും പ്രശ്നം നടക്കുന്ന സമയത്തും 'ഉസ്താദ് ഹോട്ടലിൽ' ദുൽഖറിനൊപ്പം തിലകനെ കാസ്റ്റ് ചെയ്തതിനെ കുറിച്ചും ഷോബി പറഞ്ഞു.
"ഉസ്താദ് ഹോട്ടലിലേക്ക് അച്ഛനെ തെരഞ്ഞെടുക്കാന്‍ കാരണം ദുല്‍ഖര്‍ എന്ന അന്നത്തെ തുടക്കക്കാരനായ നടന് അച്ഛനെപ്പോലെ സീനിയറായ ഒരു നടന്റെ കൂടെ അഭിനയിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു പോസിറ്റീവ് എനര്‍ജി കിട്ടാന്‍ വേണ്ടി മാത്രമാണ്, എന്നാണ് ഞാന്‍ മനസിലാക്കുന്നത്" മമ്മൂട്ടിയും കൂടി അറിഞ്ഞുകൊണ്ടായിരുന്നു അതെന്നാണ് താൻ കരുതുന്നതെന്നും ഷോബി വ്യക്തമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.