നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, സംഗീത സംവിധായകൻ, ഗായകൻ എന്നിങ്ങനെ സിനിമയുടെ വിവിധ മേഖലകളിൽ കഴിവു തെളിയിച്ച വ്യക്തിയാണ് ബാലചന്ദ്രമേനോൻ. സിനിമയിലെത്തും മുൻപ് കുറച്ചുനാൾ പത്രപ്രവർത്തകനായും ബാലചന്ദ്രമേനോൻ പ്രവർത്തിച്ചിരുന്നു. തന്റെ പത്രപ്രവർത്തക ജീവിതത്തിനിടെ നടി ശ്രീദേവിയെ അഭിമുഖം ചെയ്യുന്ന ബാലചന്ദ്രമേനോന്റെ ഒരു പഴയ ചിത്രമാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്.
ചിത്രത്തിലെ മെലിഞ്ഞ ചെറുപ്പക്കാരനെ ഒറ്റ നോട്ടത്തിൽ തിരിച്ചറിയുക പ്രയാസമാണ്. നാന ഫിലിം വീക്ക്ലിയുടെ കറസ്പോണ്ടന്റായി ബാലചന്ദ്രമേനോൻ പ്രവർത്തിച്ചിരുന്ന നാളുകളിൽ എടുത്ത ചിത്രമാണിത്.

‘ഉത്രാടരാത്രി’ എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തു കൊണ്ടായിരുന്നു ബാലചന്ദ്രമേനോന്റെ സിനിമാ അരങ്ങേറ്റം. ശോഭന, പാർവതി, കാർത്തിക, ആനി തുടങ്ങി നിരവധി നായികമാരെ മലയാളസിനിമയിൽ അവതരിപ്പിച്ച സംവിധായകൻ കൂടിയാണ് അദ്ദേഹം. ഏപ്രിൽ 18 എന്ന സിനിമയിലൂടെയാണ് ശോഭനയെ ബാലചന്ദ്രമേനോൻ പരിചയപ്പെടുത്തിയത്. വിവാഹിതരേ ഇതിലേ എന്ന ചിത്രത്തിലൂടെ പാർവതിയേയും മണിയൻപിള്ള അഥവാ മണിയൻപിള്ള എന്ന ചിത്രത്തിലൂടെ മണിയൻ പിള്ള രാജുവിനെയും അവതരിപ്പിച്ച ബാലചന്ദ്രമേനോൻ തന്നെയാണ് കാർത്തിക, ആനി, നന്ദിനി തുടങ്ങിയ നടിമാരെയും മലയാളത്തിന് പരിചയപ്പെടുത്തിയത്.
40 സിനിമകൾ സംവിധാനം ചെയ്ത ബാലചന്ദ്രമേനോൻ നൂറോളം സിനിമകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. സംവിധായകൻ, തിരക്കഥാകൃത്ത്, ഗായകൻ, ഗാനരചയിതാവ്, സംഗീത സംവിധായകൻ, ഡിസ്ട്രിബ്യൂട്ടർ, എഡിറ്റർ, നിർമ്മാതാവ് എന്നിങ്ങനെ സിനിമയുടെ ഒട്ടുമിക്ക മേഖലകളിലും ഓൾറൗണ്ടറായി പ്രവർത്തിച്ച മറ്റൊരു നടനുണ്ടോ എന്ന് സംശയമാണ്. ഏറ്റവും കൂടുതൽ സിനിമകൾ എഴുതുകയും സംവിധാനം ചെയ്യുകയും അതിൽ അഭിനയിക്കുകയും ചെയ്തതിന് ലിംക ബുക്ക് ഓഫ് റെക്കോർഡ്സിലും ബാലചന്ദ്രമേനോൻ ഇടം നേടി.