/indian-express-malayalam/media/media_files/uploads/2023/07/shobana-1.jpg)
ശോഭന
മലയാളികൾക്ക് പകരക്കാരില്ലാത്ത നായികയാണ് ശോഭന. ഗ്രേസ്, അർപ്പണം എന്നീ വാക്കുകളുടെ പര്യായം. മലയാളി എന്നും നെഞ്ചോടു ചേർക്കുന്ന, ശോഭന അനശ്വരമാക്കിയ എത്രയോ കഥാപാത്രങ്ങൾ, അഭിനയമുഹൂർത്തങ്ങൾ... നൃത്തത്തിനു വേണ്ടിയാണ് ശോഭന ഇപ്പോൾ ജീവിതം മാറ്റി വച്ചിരിക്കുന്നത്. വല്ലപ്പോഴും വന്ന് ഒന്നോ രണ്ടോ സിനിമകൾ സമ്മാനിച്ച് വീണ്ടും നൃത്തലോകത്തേക്ക് തിരിച്ചു പോവും.
നൃത്തത്തെ ജീവശ്വാസം പോലെ ചേർത്തുനിർത്തുന്ന ശോഭന ഇടയ്ക്ക് തന്റെ ശിഷ്യർക്കൊപ്പമുള്ള പുതിയ നൃത്ത വീഡിയോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്യാനും മറക്കാറില്ല. ചെന്നൈയിൽ കലാർപ്പണ എന്ന പേരിൽ നൃത്തവിദ്യാലയം നടത്തുകയാണ് താരമിപ്പോൾ.
ഇടയ്ക്ക്, ചില അഭിമുഖങ്ങളിലും നൃത്തത്തെ കുറിച്ചുള്ള സെമിനാറുകളിലുമെല്ലാം ശോഭന പങ്കെടുക്കാറുണ്ട്. ഒരു ഓൺലൈൻ അഭിമുഖത്തിനിടയിലെ ശോഭനയുടെ രസകരമായ സംഭാഷണവും ഭാവങ്ങളുമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
മാധ്യമപ്രവർത്തക മഞ്ജു രമണനുമായി സംസാരിക്കുന്നതിനിടയിൽ ശോഭനയുടെ ബാക്ക്ഗ്രൗണ്ടിൽ കുക്കർ വിസിൽ അടിക്കുന്ന ശബ്ദം കേൾക്കാം. ഞാൻ ആ പ്രഷർ കുക്കറൊന്നു സ്വിച്ച് ഓഫ് ചെയ്തോട്ടെ എന്ന് അഭിമുഖത്തിനിടയിൽ ഇന്റർവ്യൂവറോട് അനുവാദം ചോദിക്കുകയാണ് ശോഭന.
സിനിമാ നൃത്ത കുടുംബത്തില്‍ നിന്നാണ് ശോഭനയും വരുന്നത്. തന്‍റെ അമ്മായിമാരുടെ പാത പിന്തുടര്‍ന്നാണ് സിനിമയിലും പിന്നീട് നൃത്തത്തിലും ശോഭന എത്തിയത്. തിരുവിതാംകൂര്‍ സഹോദരിമാര്‍ എന്നറിയപ്പെടുന്ന ലളിത, പദ്മിനി, രാഗിണിമാരുടെ അനന്തിരവളാണ് പത്മശ്രീ പുരസ്കാരവും മൂന്നു തവണ അഭിനയത്തിനുള്ള ദേശീയ പുരസ്കാരവും നേടിയ ശോഭന.
1980ൽ തമിഴ് സിനിമയിലൂടെയാണ് ശോഭന അരങ്ങേറ്റം കുറിച്ചത്. പിന്നീട്, നായികയായി അരങ്ങേറ്റം കുറിച്ചത് ബാലചന്ദ്രമേനോന്റെ ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെയായിരുന്നു. പിന്നീട് തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലായി എത്രയോ ചിത്രങ്ങൾ. മോഹൻലാൽ, രജനികാന്ത്, മമ്മൂട്ടി, ജയറാം, സുരേഷ് ഗോപി എന്നിങ്ങനെ സൂപ്പർതാരങ്ങളുടെയെല്ലാം നായികയായി ശോഭന തിളങ്ങി.
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രമായ മണിച്ചിത്രത്താഴിലെ ഗംഗ, ശോഭനയുടെ അഭിനയജീവിതത്തിലെ ഒരു മറക്കാത്ത ഏടാണ്. നാടോടിക്കാറ്റ്, മേലേപറമ്പിൽ ആൺവീട്, പവിത്രം, കമ്മീഷ്ണർ, പക്ഷേ, യാത്ര, ഇന്നലെ, മിന്നാരം, ഹിറ്റ്‌ലർ, തേന്മാവിൻ കൊമ്പത്ത്, ചിലമ്പ്, മാനത്തെ വെള്ളിത്തേര്, സിന്ദൂരരേഖ, മഴയെത്തും മുൻപെ, പപ്പയുടെ സ്വന്തം അപ്പൂസ്, അഗ്നിസാക്ഷി, മകൾക്ക്, തിര എന്നു തുടങ്ങി വരനെ ആവശ്യമുണ്ട് വരെയുള്ള ഒരുപിടി നല്ല ചിത്രങ്ങളിൽ ശോഭന അഭിനയിച്ചു. പത്മരാജൻ, ഭരതൻ, അടൂർ, മണിരത്നം, കെ എസ് സേതുമാധവൻ, പി ജി വിശ്വംഭരൻ, ബാലു മഹേന്ദ്ര, ഐ വി ശശി, ജോഷി, പ്രിയദർശൻ, സത്യൻ അന്തിക്കാട്, കമൽ, സിബി മലയിൽ, ഫാസിൽ തുടങ്ങി പ്രമുഖരായ ഒട്ടുമിക്ക സംവിധായകർക്കൊപ്പവും ശോഭന പ്രവർത്തിച്ചിട്ടുണ്ട്.
രണ്ടു തവണയാണ് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ശോഭനയെ തേടിയെത്തിയത്. ഒപ്പം 14 ഫിലിംഫെയർ പുരസ്‌കാരങ്ങൾ, തമിഴ്നാട് സർക്കാരിന്റെ കലൈമാമാണി പുരസ്കാരം , കേരള സംഗീത നാടക അക്കാദമിയുടെ കലാരത്‌ന പുരസ്‌കാരം , പത്മശ്രീ പുരസ്കാരം , ഒരു തവണ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം എന്നിങ്ങനെ ഒരുപിടി പുരസ്കാരങ്ങൾ വേറെയും.
ചെന്നൈയിൽ കലാതർപ്പണ എന്ന നൃത്തവിദ്യാലയം നടത്തുന്ന ശോഭന രാജ്യത്തിനകത്തും പുറത്തും ധാരാളം നൃത്ത പരിപാടികളിലും സജീവമായി പങ്കെടുക്കുന്നുണ്ട്. അനന്തനാരായണിയാണ് മകൾ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us