സിനിമാ ജീവിതത്തിലെ തങ്ങളുടെ അനുഭവങ്ങളെ കുറിച്ച് നായികമാർ മനസ്സുതുറക്കുമ്പോൾ എപ്പോഴും അവർ ദുരനുഭവങ്ങളെ പറ്റിയാണ് അധികവും പറയാറുള്ളത്. അത്തരത്തിലൊരു അനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട നടിയായ ശോഭന. സുഹാസിനിയുമായുള്ള അഭിമുഖത്തിലാണ് ശോഭന സിനിമാ ജീവിതത്തിൽ തനിക്കുണ്ടായ അനുഭവങ്ങളെക്കുറിച്ച് വ്യക്തമാക്കിയത്.
1989 ൽ പുറത്തിറങ്ങിയ ‘ശിവ’ എന്ന ചിത്രത്തിൽ രജിനികാന്തിനൊപ്പമുള്ള അനുഭവത്തെ കുറിച്ച് സുഹാസിനി ചോദിച്ചപ്പോൾ അദ്ദേഹമൊരു മാന്യതയുള്ള വ്യക്തിയാണെന്നാണ് ശോഭന പറഞ്ഞത്. സെറ്റിൽ വച്ച് ഒരിക്കൽ തനിക്കുണ്ടായ ബുദ്ധിമുട്ട് രജിനികാന്ത് മനസ്സിലാക്കിയതിനെ കുറിച്ച് ശോഭന ഓർത്തെടുത്തു. “ശിവ എന്ന ചിത്രത്തിൽ അവർ ഒരു മഴ പെയ്യുന്ന രംഗം ചിത്രീകരിച്ചു. അവർ ഇതിനെക്കുറിച്ച് എന്നോടു പറഞ്ഞിരുന്നില്ല, പക്ഷെ ട്രാൻസ്‌പരന്റായ സാരി കണ്ടപ്പോൾ തന്നെ എനിക്കു മനസ്സിലായി ഈ രംഗമാണ് ഷൂട്ട് ചെയ്യാൻ പോകുന്നതെന്ന്. സാരിയുടെ അകത്ത് അണിയാനായി എന്റെ കയ്യിൽ ഒന്നുമില്ലെന്ന് വസ്ത്രം കൊണ്ടു വന്ന ആളോട് ഞാൻ പറഞ്ഞു. വീട്ടിൽ പോയി തയാറായി വരാമെന്ന് പറഞ്ഞപ്പോൾ 10 മിനുട്ടിനുള്ളിൽ ഷൂട്ട് തുടങ്ങുമെന്നായി അയാൾ. ആ മഴ പെയ്യുന്ന രംഗം, മുൻകൂടി തീരുമാനിച്ച ഒരു കൊലപാതകം പോലെയാണ് എനിക്ക് തോന്നിയത്. കാരണം ഇരയ്ക്ക് അതിനെപ്പറ്റി യാതൊരു അറിവുമില്ലല്ലോ” ഇരുവരും പൊട്ടിച്ചിരിച്ചു.
“അതൊരു വലിയ നിർമാണ കമ്പനിയുടെ ചിത്രമായിരുന്നു. അതുകൊണ്ട് ഞാൻ കാരണം ഷൂട്ട് വൈകുന്നത് മോശമാണെന്ന് തോന്നി. അങ്ങനെ എവിഎം സ്റ്റുഡീയോസിലുണ്ടായിരുന്ന ഒരു പ്ലാസ്റ്റിക്ക് ടേബിൾ കവർ ഞാൻ പാവാടയ്ക്ക് അടിയിൽ ചുറ്റി. രജിനി സർ എന്നെ എടുത്തു പൊക്കുന്ന ഒരു രംഗം അതിലുണ്ടായിരുന്നു. ആ രംഗം ഷൂട്ട് ചെയ്യുന്ന സമയത്ത് പ്ലാസ്റ്റിക്ക് കവറിന്റെ ശബ്ദം സർ കേട്ടു. ഇപ്പോഴും അദ്ദേഹത്തിന്റെ മുഖത്തു വന്ന ഭാവം ഞാൻ ഓർക്കുന്നുണ്ട്. ഭാഗ്യത്തിന്, അദ്ദേഹം ആരോട് അത് പറഞ്ഞില്ല. സെറ്റിൽ എല്ലാവരും കംഫോർട്ടമ്പിളാണെന്ന് അദ്ദേഹം ഉറപ്പുവരുത്താറുണ്ട്,” ശോഭന കൂട്ടിച്ചേർത്തു.
മണിരത്നം ചിത്രം ‘ദളപതി’യാണ് തനിക്ക് ഏറെ ബുദ്ധിമുട്ടായി തോന്നിയ ചിത്രമെന്നും ശോഭന അഭിമുഖത്തിൽ പറഞ്ഞു. രജ്നികാന്ത് സെറ്റിൽ വളരെ വൈകിയാണ് എത്തിയിരുന്നതെന്നും ശോഭന ഓർക്കുന്നു. “ഷൂട്ട് ചെയ്യുന്ന സമയം വളരെ ബുദ്ധിമുട്ടായിരുന്നു. അതിരാവിലെയാണ് ഷൂട്ടിങ്ങ് കൂടുതലും നടന്നത്. മണി സർ എപ്പോഴും പറയുന്ന കാര്യമാണ് 300 ആളുകൾക്ക് കൃത്യ സമയത്ത് സെറ്റിലെത്താമെങ്കിൽ എന്തുകൊണ്ട് ഒരാൾക്ക് മാത്രം വന്നുകൂടാ എന്നത്. ഞാൻ ആ 300 പേരിൽ ഉൾപ്പെട്ടയാളാണ്. ആ ചിത്രം വളരെ വലിയ ബജറ്റിലൊരുക്കിയ ഒന്നായിരുന്നു. ടെക്ക്റ്റിക്കൽ വശങ്ങളിലും ബുദ്ധിമുട്ടി,” ശോഭന കൂട്ടിച്ചേർത്തു.
അഭിനയിച്ച ശേഷം മോണിറ്ററിൽ ചെന്ന് നോക്കുവാനുള്ള അവകാശം പോലും ആ സമയങ്ങളിൽ നായികമാർ ഇല്ലായിരുന്നെന്നും ഇരുവരും പറഞ്ഞു. ഇപ്പോഴുണ്ടാകുന്ന മാറ്റങ്ങളിൽ സന്തോഷമുണ്ടെന്നും താരങ്ങൾ പറയുന്നുണ്ട്.