scorecardresearch

കുമ്മാട്ടി പുനർജനിക്കുമ്പോൾ

വിഖ്യാത അരവിന്ദൻ ചിത്രം 'കുമ്മാട്ടി' 4കെ യിൽ റെസ്റ്റോർ ചെയ്ത വഴികളെ കുറിച് ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ സ്ഥാപകൻ ശിവേന്ദ്ര സിംഗ് ദുംഗർപൂർ സംസാരിക്കുന്നു

വിഖ്യാത അരവിന്ദൻ ചിത്രം 'കുമ്മാട്ടി' 4കെ യിൽ റെസ്റ്റോർ ചെയ്ത വഴികളെ കുറിച് ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ സ്ഥാപകൻ ശിവേന്ദ്ര സിംഗ് ദുംഗർപൂർ സംസാരിക്കുന്നു

author-image
Goutham V S
New Update
Shivendra Singh dungarpur, Kummatty

മലയാള സിനിമയെ ലോക സിനിമയുടെ മുന്നിൽ കൈപിടിച്ചുയർത്തിയ സംവിധായകരുടെ നിരയിൽ മുൻപന്തിയിൽ തന്നെ ജി. അരവിന്ദന്റെ പേരുണ്ടാകും. മനുഷ്യ ഭാവനയെയും, ചിന്ത പരിധികളെയും പരീക്ഷണാത്മകമായ ദൃശ്യാഖ്യാനത്തിലൂടെയും, കാലാതീതമായ ദൃശ്യഘടനയിലൂടെയും പ്രദർശിപ്പിച്ച സംവിധായകനാണ് അരവിന്ദൻ. എവിടെ നിന്നോ വന്നു ആടിയും പാടിയും കുട്ടികളെ രസിപ്പിച്ചു ഞൊടിയിടയിൽ അവരെ മൃഗ രൂപങ്ങളാക്കി മാറ്റുന്ന കുമ്മാട്ടിയുടെ കഥ സിനിമയാക്കാൻ അരവിന്ദൻ എന്ന പ്രതിഭാശാലിക്ക് മാത്രമേ ഒരുപക്ഷെ കഴിയുമായിരുന്നുള്ളൂ.

Advertisment

ഇന്ന് ഐഎഫ്എഫ്കെയിൽ രാജ്യാന്തര പ്രശംസ നേടിയ 1979 ൽ പുറത്തിറങ്ങിയ കുമ്മാട്ടി പ്രദർശിപ്പിച്ചപ്പോൾ, വീണ്ടും അരവിന്ദൻ എന്ന മഹാപ്രതിഭയ്ക്കുള്ള ആദരവ് കൂടിയിരിക്കുകയാണ്. ഒരിക്കലും വീണ്ടെടുക്കാൻ ആവില്ലെന്നു കരുതിയ അരവിന്ദന്റെ കുമ്മാട്ടി വർഷങ്ങളുടെ പ്രയത്നത്തിനൊടുവിൽ 4 കെ തെളിമയോടെയാണ് ഐ എഫ് എഫ് കെയിൽ പ്രദർശിപ്പിച്ചത്. ഇതിനു പുറകിൽ ശിവേന്ദ്ര സിംഗ് ദുംഗർപൂർ എന്ന ചലച്ചിത്ര പ്രേമിയുടെ സിനിമയോടുള്ള അഭിനിവേശവും, നിശ്ചയദാർഢ്യവുമുണ്ട്. പഴയകാല ക്ലാസിക് സിനിമകൾ അതിന്റെ എല്ലാ മികവോടുകൂടിയും വീണ്ടെടുക്കാൻ അല്ലെങ്കിൽ റെസ്റ്റോർ ചെയ്യാൻ അദ്ദേഹം നടത്തുന്ന പ്രവർത്തനങ്ങൾ വിലമതിക്കാനാവാത്തതാണ്. ഇതിനായി അദ്ദേഹം ഫിലിം ഹെറിറ്റേജ് ഫൌണ്ടേഷൻ എന്ന പ്രസ്ഥാനവും 2014 ഇൽ ആരംഭിച്ചു. സത്യജിത് റേയുടെ അപ്പു ട്രിയോളജി അടക്കം നിരവധി ചിത്രങ്ങൾ അദ്ദേഹത്തിന്റെ പ്രയത്നത്താൽ വീണ്ടെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ കുമ്മാട്ടി എന്ന അരവിന്ദൻ ചിത്രത്തിന്റെ വീണ്ടെടുക്കൽ പ്രക്രിയയുടെ വഴികൾ ഐ ഇ മലയാളത്തോട് വിശദീകരിക്കുകയാണ് ശിവേന്ദ്ര സിംഗ് ദുംഗർപൂർ.

പൂണെ ഫിലിം ഇൻസ്റ്റിട്യൂട്ടിൽ പഠിക്കുന്ന കാലത്ത്

പി.കെ നായർ അരവിന്ദന്റെ ചിത്രങ്ങൾ ഞങ്ങളെ കാണിച്ചപ്പോൾ, വിശേഷിച്ചു എസ്തപ്പാൻ, കാഞ്ചന സീത, തമ്പ് കുമ്മാട്ടി തുടങ്ങിയ ചിത്രങ്ങൾ കണ്ടപ്പോൾ ,  വ്യക്തിത്വമുള്ള, ശക്തമായ ഒരു ദൃശ്യ ഭാഷയുള്ള സംവിധായകനാണ് അരവിന്ദൻ എന്ന് ഞങ്ങൾക്ക് തിരിച്ചറിയാനായി, തികച്ചും കാവ്യാത്മകമായ ശൈലിയും, കേരളത്തിന്റെ സാംസ്‌കാരിക പരിധിയുടെ അനുപാപമമായ ഒരു പ്രതിനിധാനം കൂടിയായിരുന്നു അദ്ദേഹത്തിന്റെ സിനിമകൾ. അതിലെ സംഗീതമാകട്ടെ, നൃത്തമാകട്ടെ, കവിതയാകട്ടെ അതിൽ കേരളത്തിന്റെ തനതു സംസ്കാരത്തെ അടയാളപ്പെടുത്താൻ പോകുന്ന ഒരു അനുഭവം അദ്ദേഹം പകരുന്നുണ്ടായിരുന്നു. കൂടാതെ അദ്ദേഹത്തിന്റെ ചിത്രം വളരെ നിശബ്ദമായാണ് സംവദിച്ചിരുന്നത്, സംഭാഷണങ്ങളും നന്നേ കുറവായിരുന്നു. ഇതുകൊണ്ട് തന്നെ ഇത്രയും കാവ്യാത്മകമായ ദൃശ്യഭാഷ എന്നെ വളരെയധികം പ്രചോദിപ്പിച്ചു , ഞാൻ ഇന്സ്ടിട്യൂട്ടിൽ പഠിക്കുന്ന കാലത്തു തന്നെ.

എങ്ങനെയാണ് കുമ്മാട്ടിയുടെ റെസ്റ്റോറേഷനെ പറ്റിയുള്ള ചിന്ത തുടങ്ങുന്നത്?

ഒരു ദിവസം ബീന പോൾ എന്നെ വിളിച്ചു ചോദിക്കുന്നത് അരവിന്ദന്റെ സിനിമകളുടെ നെഗറ്റീവുകൾ താങ്കൾ ശ്രദ്ധിച്ചോ എന്ന്? ഞാൻ പറഞ്ഞു അത് നാഷണൽ ഫിലിം ആർകൈവിൽ ഉണ്ടാകണം. പിന്നെ അന്വേഷിച്ചപ്പോൾ അതവിടെ ഇല്ലയെന്നും അത് പ്രസാദ് ഫിലിം ലാബിൽ ആണെന്നും അറിയാൻ കഴിഞ്ഞു.  ഞങ്ങൾ അത് കണ്ടെത്തിയപ്പോൾ ആ നെഗറ്റീവുകൾ എല്ലാം തന്നെ കുഴമ്പ് രൂപത്തിൽ ആയിരുന്നു, പകുതി പ്രിന്റുകൾ ഇരുന്ന പെട്ടികൾ നമുക്ക് തുറക്കാൻ പോലും കഴിഞ്ഞില്ല, അത്രയ്ക്ക് ശോചനീയമായിരുന്നു അതിന്റെ അവസ്ഥ. അരവിന്ദന്റെ സിനിമകളുടെ ഒരു നെഗറ്റീവ് പോലും കാലത്തെ അതിജീവിച്ചില്ല. ആരും അതിനെ കുറിച്ച ആശങ്കാകുലർ ആയിരുന്നില്ല എന്ന് വേണം കരുതാൻ. പിന്നീട് ഫിലിം ആർകൈവിൽ നിന്ന് ഞാൻ അരവിന്ദൻ ചിത്രങ്ങളുടെ യൂട്യൂബ് പതിപ്പ് കാണുകയും, തുടർന്ന് ഞാൻ സ്കോർസിസ്സെ ഫൗണ്ടേഷനുമായി ബന്ധപ്പെടുകയും ചെയ്തു. 'കല്പന' എന്ന ചിത്രം റെസ്റ്റോറേറ്റിന് ചെയ്യാൻ വേണ്ടിയുള്ള കാലം മുതൽ ഞാൻ മാർട്ടിൻ സ്കോർസിസ്സെ ഫൗണ്ടഷണയുമായി ബന്ധമുണ്ട്, ഒരുപക്ഷെ ഇന്ത്യൻ സിനിമ റെസ്റ്റോറേഷൻ ചരിതത്തിലെ തന്നെ ഏറ്റവും വഴിത്തിരിവാണ് കല്പനയുടെ റെസ്റ്റോറേഷൻ. അവിടെന്ന് സിനിറ്റിക്ക ഡി ബൊലോഗ്‌നയുടെ സഹായത്തോടെ കുമ്മാട്ടി റെസ്റ്റോർ  ചെയ്യാനുള്ള പ്രയത്നം തുടങ്ങുകയായിരുന്നു. 

Advertisment

കുമ്മാട്ടിയുടെ റെസ്റ്റോറേഷൻ എത്ര വെല്ലുവിളി നിറഞ്ഞതായിരുന്നു?

കുമ്മാട്ടി റെസ്റ്റോർ ചെയ്യാമെന്നു ഞാൻ നിർദേശിച്ചപ്പോൾ അവർ എന്നോട് രണ്ട് പടം ചെയ്യാമെന്ന് പറഞ്ഞു അങ്ങനെ തമ്പും റെസ്റ്റോർ ചെയാം എന്ന് തീരുമാനിച്ചു. പക്ഷെ  ബൊലോഗ്‌ന സ്കോർസെസ്സെ തുടങ്ങിയ പ്രസ്ഥാനങ്ങൾ വഴി റെസ്റ്റോറേഷൻ നടത്തുക എന്നത് തികച്ചും സാമ്പത്തിക ചിലവുള്ള കാര്യമാണ്. കുമ്മാട്ടിയുടെ റെസ്ട്രേഷൻ പ്രക്രിയ ഏകദേശം രണ്ട് വർഷത്തോളം എടുത്തു, ഇപ്പോൾ ഞങ്ങൾ തമ്പിന്റെ റെസ്റ്റോറേഷൻ പണികളിലാണ്. റെസ്റ്റോറേഷൻ പ്രക്രിയയിലെ ആദ്യത്തെ കടമ്പ ചിത്രത്തിന്റെ, അതിന്റെ സംവിധായകന്റെ ദൃശ്യ ഘടകങ്ങൾ തിരിച്ചറിയുക എന്നുള്ളതാണ്. ഞാൻ അങ്ങനെ ഫിലിം ആർകൈവിൽ പോവുകയും അവരുടെ കൈയിലുള്ള പ്രിന്റ് കാണുകയും ചെയ്തു. പക്ഷെ അവരുടെ കൈയിലുള്ള പ്രിന്റിന്റെ കളർ അപ്പോഴേക്കും മജന്ത ആയിമാറിയിരുന്നു. ഗ്രേഡിംഗ്, ഡിജിറ്റൽ റെസ്റ്റോറേഷൻ, സ്റ്റെബിലൈസേഷൻ തുടങ്ങി നീണ്ട പ്രക്രിയകൾക്കൊടുവിലാണ് ഇപ്പോഴുള്ള അവസ്ഥയിലേക്ക് ചിത്രം മാറ്റാൻ ആയത്.

ഇതുമാത്രമല്ല ഫോട്ടോഗ്രാഫിയിൽ വർഷങ്ങളുടെ അനുഭവസമ്പത്തുള്ള രാമു അരവിന്ദനോട് ഞങ്ങൾ ഈ ചിത്രത്തിന്റെ യഥാർത്ഥ ലൊക്കേഷനിൽ പോയി അവിടത്തെ ചിത്രങ്ങൾ എടുക്കാൻ ആവശ്യപ്പെട്ടു, കാരണം എന്നാൽ മാത്രമേ ആ സ്ഥലങ്ങളുടെ കളർ ടോണുകളുമായി നമുക്ക് യോജിക്കുന്ന രീതിയിൽ ഈ ചിത്രത്തിന്റെ ഗ്രേഡിങ്ങും , കളർ ടോണും മറ്റും ചേർക്കാൻ കഴിയുമായിരുന്നുള്ളു. രാമു എടുത്ത ചിത്രങ്ങളെ ആസ്പദമാക്കിയാണ് ഞങ്ങൾ ഓരോ ഫ്രെയിമും കുമ്മാട്ടിക്കു വേണ്ടി റെസ്റ്റോർ ചെയ്തത്.

എന്നാൽ റെസ്റ്റോറേഷൻ അവിടെ കഴിയുന്നില്ല, അരവിന്ദൻ ചിത്രങ്ങളുടെ പ്രത്യേകത അദ്ദേഹം ഉപയോഗിക്കുന്ന ശബ്ദഘടനയും കൂടിയാണ്.  അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ ശബ്ദ വീണ്ടെടുക്കുക എന്ന് പറയുന്നത് വലിയ വെല്ലുവിളിയായിരുന്നു. സ്റ്റുഡിയോയിൽ ഞാൻ അദ്ദേഹം ഉപയോഗിച്ച ശബ്ദങ്ങൾ വീണ്ടും വീണ്ടും കേട്ടു. അദ്ദേഹം കുമ്മാട്ടിയിൽ ചീവീടുകളുടെ ശബ്ദം ഉപയോഗിച്ചിട്ടുണ്ട്, അത് ആദ്യം കേട്ടപ്പോൾ എന്തോ പൊടിയുന്ന ശബ്ദം പോലെയാണ് തോന്നിയത്. പിനീട് എന്നിക്കു മനസിലായി അരവിന്ദൻ രാത്രി കുമ്മാട്ടി ഷൂട്ട് ചെയ്ത ഗ്രാമത്തിൽ രാത്രയിൽ പോയി എടുത്ത ശബ്ദങ്ങളാണ് അവയെന്ന്. പട്ടി കുരയ്ക്കുന്ന ശബ്ദം, അരുവി ഒഴുകുന്ന ശബ്ദം, കാറ്റിന്റെ ശബ്ദം, അത്തരം ശബ്ദങ്ങൾ വീണ്ടും തെളിമയോടെ തിയേറ്ററിൽ കേൾക്കാവുന്ന വിധത്തിൽ ആക്കിയെടുക്കുന്ന പ്രക്രിയ സുന്ദരമായ ഒരു യാത്ര തന്നെയായിരുന്നു. ഇത് എനിക്കൊരു ഭയങ്കരമായ അനുഭവം തന്നെയായിരുന്നു. ഇന്ത്യൻ സിനിമകൾ വീണ്ടെടുക്കുക എന്ന് പറയുന്നത് ഒരു പുതിയ സിനിമ ഉണ്ടാക്കുന്നതിനേക്കാൾ പ്രയാസകരമാണെന്ന് നമ്മൾ മനസിലാക്കണം, അത്രയധികം ഗവേഷണം നടത്തിയാൽ മാത്രമേ ഒരു ചിത്രത്തെ അതിന്റെ പൂർണതയിൽ വീണ്ടെടുക്കാൻ സാധിക്കുകയുള്ളു. 

Also Read: ജീവിതത്തിൽ ട്വിസ്റ്റുകൾ ഉണ്ടാവില്ലെന്ന് അമ്മ പോയപ്പോഴാണ് മനസിലായത്: സിദ്ധാർത്ഥ് ഭരതൻ

Interview Malayalam Movie Iffk

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: