പകരക്കാരില്ലാത്ത അതുല്യയായ അഭിനേത്രിയായി മാത്രമല്ല, ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളിൽ തളരാതെ, പൊരുതി വിജയിച്ച കരുത്തയായ സ്ത്രീയെന്ന നിലയിൽ കൂടിയാണ് കെപിഎസി ലളിത മലയാളികളുടെ മനസ്സിൽ ഇടം പിടിക്കുന്നത്.
ഭർത്താവിന്റെ അപ്രതീക്ഷിത വിയോഗം, അദ്ദേഹം ബാക്കിവച്ചുപോയ ലക്ഷങ്ങളുടെ കടബാധ്യത, പറക്കമുറ്റാത്ത കുഞ്ഞുങ്ങൾ… ജീവിതത്തിന്റെ മധ്യാഹ്നം കെപിഎസി ലളിതയ്ക്ക് കഷ്ടപ്പാടുകളുടെ കനൽക്കാലമായിരുന്നു. സെറ്റിൽ നിന്ന് സെറ്റിലേക്ക് ഓടിനടന്ന് അഭിനയിച്ച്, തന്റെ ബാധ്യതകൾ തീർക്കുന്ന തിരക്കിലായിരുന്നു ഏറെനാൾ അവർ. എന്നാൽ, വ്യക്തിപരമായ അത്തരം പ്രശ്നങ്ങൾക്കിടയിലും അവരിലെ കലാകാരി കേരളക്കരയെ ചിരിപ്പിച്ചു, കണ്ണു നനയിച്ചു, ഒരിക്കലും മറക്കാനാവാത്ത ഒരുപിടി നല്ല കഥാപാത്രങ്ങളെ സമ്മാനിച്ചു.
‘അവരുടെ മകനല്ലായിരുന്നെങ്കിൽ പോലും കെപിഎസി ലളിതയെന്ന സ്ത്രീയുടെ ആർജ്ജവത്തോട് എനിക്ക് ബഹുമാനം തോന്നിയേനെ…,’ എന്നാണ് മകൻ സിദ്ധാർത്ഥ് ഭരതൻ ആ അമ്മയെ കുറിച്ച് പറയുന്നത്. അമ്മയുടെ അവസാനനാളുകളെ കുറിച്ചും സർക്കാർ ചികിത്സാസഹായം നൽകിയതുമായി ബന്ധപ്പെട്ട വിവാദങ്ങളെ കുറിച്ചുമൊക്കെ ആദ്യമായി മനസ്സു തുറക്കുകയാണ് സിദ്ധാർത്ഥ് ഭരതൻ. ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തിനു നൽകിയ പ്രത്യേക അഭിമുഖം.

മാസങ്ങൾ നീണ്ട ആശുപത്രിവാസം. അമ്മയ്ക്ക് സർക്കാർ ചികിത്സാസഹായം നൽകാൻ തീരുമാനിച്ചതുമായി ബന്ധപ്പെട്ട ചർച്ചകളും വിവാദങ്ങളും. ഏറെ മനപ്രയാസം നിറഞ്ഞൊരു ഘട്ടത്തിലൂടെയാണല്ലോ കടന്നുപോയത്. എങ്ങനെയാണ് ആ സാഹചര്യങ്ങളെ മാനേജ് ചെയ്തത്?
പുറത്തു നടക്കുന്ന വിവാദങ്ങൾക്കും സംസാരങ്ങൾക്കുമൊന്നും ഞാൻ കാര്യമായി ചെവി കൊടുക്കാൻ നിന്നില്ല. പുറത്തെ ചർച്ചകൾക്ക് മറുപടി കൊടുക്കുന്നതിനേക്കാൾ എനിക്കപ്പോൾ പ്രധാനം, ഡോക്ടർമാരോട് സംസാരിക്കലും എങ്ങനെ അമ്മയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാം എന്നൊക്കെയുള്ള ആലോചനകളുമായിരുന്നു.
സർക്കാർ അമ്മയുടെ ചികിത്സയ്ക്ക് സഹായവുമായി വന്നപ്പോൾ ‘നോ’ എന്ന് പറയാൻ എനിക്ക് പറ്റിയില്ല. രണ്ടു കാരണങ്ങളുണ്ട് അതിന്, 60 വർഷത്തോളമായി അമ്മ ഇടതുസഹയാത്രികയാണ്. അവർ സ്വന്തം പാർട്ടിക്കാരെ പരിഗണിക്കുന്നതുപോലെ അമ്മയേയും പരിഗണിക്കേണ്ടതാണ്. രണ്ടാമത്തെ കാരണം, ഒരു മകന്റെ സ്വാർത്ഥത. ഏതുവഴിയെ അമ്മയെ രക്ഷിക്കാൻ പറ്റുമെങ്കിലും ആ വഴികളിലൂടെയൊക്കെ ഞാൻ പോവുമായിരുന്നു അപ്പോൾ. അവരെയെനിക്ക് തിരിച്ചുവേണം എന്നു മാത്രമേ അപ്പോഴുള്ളൂ. അതിനിടയിൽ ആരെന്തു പറഞ്ഞാലും ഞാൻ കാര്യമാക്കുന്നില്ല. അമ്മയൊരുപാട് കാലം കൂടെയുണ്ടാവണം എന്നാഗ്രഹിക്കുന്ന ഏതു മക്കൾക്കും ആ സ്വാർത്ഥത കാണും. സ്വാർത്ഥതയില്ലാതിരിക്കാൻ ഞാൻ ആത്മീയതയുടെ വഴിയെ നടക്കുന്ന ആളൊന്നുമല്ലല്ലോ, ഞാനൊരു സാധാരണക്കാരനാണ്. എനിക്കും മുറിവു പറ്റും, വേദനിക്കും, പ്രിയപ്പെട്ടൊരാളെ മരണത്തിലേക്ക് വിട്ടുകൊടുക്കാതെ ചേർത്തുപിടിക്കാൻ ശ്രമിക്കും.
ആരോപണങ്ങളും ചർച്ചകളുമൊന്നും എന്നെ ബാധിച്ചില്ല. പക്ഷേ അതെന്റെ കുടുംബത്തെയൊക്കെ വല്ലാതെ ബാധിച്ചിട്ടുണ്ട്, അമ്മയുടെ സഹോദരങ്ങളെ, എന്റെ ചേച്ചിയെ, എന്റെ ഭാര്യയെ, ഭാര്യവീട്ടുകാരെ, ബന്ധുക്കളെയൊക്കെ… അമ്മയെ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട് ഇവിടെ, അവരെയൊക്കെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നില്ലേ ആ അനാവശ്യചർച്ചകൾ? ഒരു പഴഞ്ചൊല്ലില്ലേ, ആരാന്റമ്മയ്ക്ക് ഭ്രാന്തു പിടിച്ചാൽ കാണാൻ നല്ല രസമാണെന്ന്. അതുപോലെയായിരുന്നു പലരുടെയും പ്രതികരണം.
അമ്മയെ കുറിച്ചുള്ള നരേറ്റീവ് പലവിധ കഥകളിലൂടെ മാറ്റികൊണ്ടിരിക്കുകയാണ് പലരും. അമ്മയ്ക്ക് മലയാളസിനിമയിൽ 55 വർഷത്തിനു മുകളിലത്തെ അനുഭവപരിചയമുണ്ട്. ഈ എഴുതുന്ന പലരുടെയും അമ്മമാർക്ക് ആ അനുഭവത്തിന്റെ അത്രകൂടി പ്രായം കാണില്ല. അമ്മയ്ക്ക് ഒരു ഇടതുപക്ഷ ചായ്‌വുള്ളതുകൊണ്ടുതന്നെ, കഥകൾ മെനയുമ്പോൾ അതിലൊരു പൊളിറ്റിക്കൽ കളർ നൽകുകയാണ് പലരും ചെയ്യുന്നത്. അമ്മയുടെ രാഷ്ട്രീയത്തിന് അപ്പുറം അവരൊരു കലാകാരിയാണ്. ആ കല നിങ്ങൾ ആസ്വദിച്ചത്, അവരുടെ കഥാപാത്രങ്ങൾ കണ്ട് ചിരിച്ചത്, കണ്ണു നനഞ്ഞത് അവരുടെ രാഷ്ട്രീയം നോക്കിയാണോ? ഒരാളുടെ രാഷ്ട്രീയം എന്താവണമെന്നത് അയാളുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പല്ലേ.
അമ്മയുടെ മരണം കഴിഞ്ഞ്, എറണാകുളത്തും തൃശൂരും വടക്കാഞ്ചേരിയിലുമൊക്കെയായി പലയിടത്തും പൊതുദർശനത്തിന് വച്ചു. അപ്പോഴൊക്കെ ഞാൻ ക്യാമറയിൽ നിന്നൊക്കെ അകന്ന് ഒരു വശത്തോട്ട് മാറി നിൽക്കും. അമ്മയെ അവസാനമായി കാണാനെത്തിയ എത്ര സാധാരണക്കാരാണെന്നോ എന്റെ കൈപ്പിടിച്ച് മോന്റെ വിഷമത്തിൽ പങ്കുചേരുന്നു എന്നു പറഞ്ഞ് ആശ്വസിപ്പിച്ചത്. അവരാരും അമ്മയുടെ രാഷ്ട്രീയം നോക്കിയവരല്ല. അവരെ കൂടി കൺഫ്യൂഷനാക്കുന്ന രീതിയിലാണ് പലരും കഥകൾ മെനയുന്നത്, അത് വളരെ മോശമാണ്.
സിദ്ധാർത്ഥ് എന്ന സംവിധായകനെ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട് അമ്മ?
എന്റെയെല്ലാ കഥകളും ഞാൻ അമ്മയുമായി ചർച്ച ചെയ്യാറുണ്ട്. അച്ഛന്റെ തിരക്കഥകൾ അമ്മ വായിക്കുകയും അഭിപ്രായങ്ങൾ പറയുന്നതുമൊക്കെ കണ്ട് വളർന്നു കൊണ്ടാവും, ഞാനും എന്റെ കഥകൾ ആദ്യം പറയുന്നൊരാൾ അമ്മയാണ്. അമ്മ വളരെ പ്രൊഫഷണലായ ഫീഡ്ബാക്ക് നൽകും.
എന്റെ ആക്സിഡന്റിന്റെ സമയത്തുപോലും അമ്മയായിരുന്നു എന്റെ കരുത്ത്. ഞാനൊരു ഇംപ്ലാന്റ് വച്ചിരുന്നു, അതുകൊണ്ടു തന്നെ റിക്കവറിയ്ക്ക് മാസങ്ങൾ എടുത്തു. മൂന്നുമാസത്തോളം കിടപ്പു തന്നെയായിരുന്നു ഞാൻ, പിന്നെ പതിയെ പിച്ചവച്ചു തുടങ്ങി. ഒന്നു ഞൊണ്ടി ഞൊണ്ടി പുറത്തേക്ക് ഒക്കെ ഇറങ്ങിതുടങ്ങിയത് ആറുമാസത്തോളം കഴിഞ്ഞാണ്.
ആ സമയത്ത് അമ്മയുടെ ഒരു തഗ്ഗ് ഡയലോഗ് ഉണ്ടായിരുന്നു, “എന്തായി? ഇപ്പോൾ കുഴപ്പമില്ലല്ലോ. എന്നാൽ പിന്നെ അടുത്ത പരിപാടി തുടങ്ങിക്കോ,”എനിക്കത് കേട്ടപ്പോൾ താഴ്‌വാരത്തിൽ ശങ്കരാടി മോഹൻലാലിനോട് ചോദിക്കുന്ന ഡയലോഗാണ് ഓർമ വന്നത്. “ഇപ്പോൾ നടക്കാറായില്ലേ?” ആയെന്നു പറയുമ്പോൾ “എന്നാൽ ഇറങ്ങിക്കോ,” എന്നു പറയും. അതൊരു വലിയ പുഷായിരുന്നു. അതുകൊണ്ടാണ് 2017 ആയപ്പോഴേക്കും എനിക്ക് വീണ്ടും സിനിമയിറക്കാൻ പറ്റിയത്. അങ്ങനെയൊരാൾ എന്നെ പിറകിൽ നിന്ന് പുഷ് ചെയ്യാനുള്ളതുകൊണ്ടാണത് നടന്നത്.
ഞാൻ ഇനി ചെയ്യാൻ പോവുന്ന സിനിമയുടെ സ്ക്രിപ്റ്റ് വരെ അമ്മ വായിച്ചിട്ടുണ്ട്, അതിലെല്ലാം അമ്മയുടെ അഭിപ്രായങ്ങൾ പറഞ്ഞിട്ടുമുണ്ട്. അമ്മ കിടപ്പായപ്പോൾ പോലും ഓരോ ദിവസവും ഞാൻ അമ്മയുടെ കിടക്കയ്ക്കരികെ ഇരുന്ന് വിശേഷങ്ങൾ പറയും. അതാത് ദിവസം എന്തൊക്കെ സംഭവിച്ചു, എവിടെയൊക്കെ പോയി, ആരെയൊക്കെ കണ്ടു, എന്തൊക്കെ ചർച്ച ചെയ്തു എന്നൊക്കെ. കാരണം, അമ്മയുടെ കാര്യത്തിൽ ഞാനെപ്പോഴും ഒരു മെഡിക്കൽ മിറാക്കിൾ പ്രതീക്ഷിച്ചിരുന്നു. അങ്ങനെയൊന്നുണ്ടാവുമെന്നും അമ്മ തിരികെ ആ ബെഡ്ഡിൽ നിന്നും എണീറ്റുവരുമെന്നും ഞാൻ വിശ്വസിച്ചിരുന്നു.
അച്ഛനും അമ്മയുമായി നിന്ന് എല്ലാ അനിശ്ചിതാവസ്ഥകളിലും കരുത്തായി നിന്നൊരാൾ ഇപ്പോൾ കൂടെയില്ല. അമ്മയുണ്ടാക്കിയ ശൂന്യതയെ എങ്ങനെ മറികടക്കുന്നു?
അച്ഛൻ മരിക്കുമ്പോൾ അമ്മയ്ക്ക് 50 വയസ്സാണ് പ്രായം. അന്നേ ആരോഗ്യപ്രശ്നങ്ങളുണ്ട് അമ്മയ്ക്ക്. എന്റെ ചേച്ചി അന്ന് കോളേജിൽ ഫസ്റ്റ് ഇയർ വിദ്യാർത്ഥിനിയാണ്. ഞാൻ പത്തിൽ പഠിക്കുന്നു. മക്കളുടെയും കുടുംബത്തിന്റെയും ഉത്തരവാദിത്വം മുഴുവൻ അമ്മയിലായി. അതുകൂടാതെ അമ്മയ്ക്ക് അന്ന് ഏതാണ്ട് ഒരു കോടിയ്ക്ക് അടുത്ത് കടങ്ങളുണ്ട്. 1998ൽ ആണെന്നോർക്കണം, അന്നത് വലിയ തുകയാണ്. അവിടുന്ന് ആ അമ്പതുവയസ്സുകാരി ഒറ്റയ്ക്ക് നിന്ന്, രണ്ടു മക്കളെയും വളർത്തി വലുതാക്കി, ഈ കടങ്ങളും വീട്ടി, 2005ൽ ലോണെടുത്തിട്ടാണേലും വടക്കാഞ്ചേരിയിൽ ഒരു വീടുണ്ടാക്കി. എന്റെ സഹോദരിയെ വിവാഹം ചെയ്തുവിട്ടു, ഞാനൊന്നു ഓകെയാവും വരെ എന്നെ സപ്പോർട്ട് ചെയ്തു. അമ്മയുടെ കൂടെ സഹായികളായി നിൽക്കുന്ന നാലു സ്റ്റാഫുകൾ ഉണ്ട്, അവർക്ക് എല്ലാമാസവും മുടങ്ങാതെ ശബളം കൊടുത്തു. കടങ്ങളും പലിശയുമെല്ലാം അടച്ചു തീർത്തു. അപ്പോഴേക്കും അവർക്ക് 70 വയസ്സായി, കഷ്ടപ്പാടിന്റെ രണ്ടു പതിറ്റാണ്ടുകൾ, എത്രത്തോളം വലിയ സമ്മർദ്ദങ്ങളിലൂടെയാണ് അവർ കടന്നുപോയത്. ഒരു സ്ത്രീയെന്ന രീതിയിൽ വലിയൊരു നേട്ടമല്ലേ അത്! നമുക്കൊന്നും തൊടാൻ പറ്റാത്തൊരു അച്ചീവ്മെന്റ്.
ഞാൻ അഭിനയം തുടങ്ങി ചെറിയ രീതിയിൽ വരുമാനമൊക്കെ വന്നു തുടങ്ങിയപ്പോൾ അമ്മയെ സഹായിക്കാനായി കടത്തിന്റെ കാര്യം ചോദിക്കുമ്പോൾ, ഏയ്, അതൊക്കെ തീർന്നെന്നായിരുന്നു എപ്പോഴും ഉത്തരം. ആ കടങ്ങൾ ഞങ്ങളെ ബാധിക്കരുതെന്നും കടക്കെണിയിൽ ഞങ്ങൾ കുടുങ്ങി പോവരുതെന്നും അമ്മക്ക് നിർബന്ധമുള്ളത് പോലെ തോന്നിയിട്ടുണ്ട്. അമ്മയുടെ കടങ്ങളുടെ ലിസ്റ്റ് അമ്മക്ക് മാത്രമേ അറിവുണ്ടായിരുന്നുള്ളൂ, ഞങ്ങളോടത് അമ്മയൊരിക്കലും പങ്കുവച്ചില്ല. എന്നിട്ടും, എന്റെ ശ്രദ്ധയിൽപ്പെട്ട ചില ലോണുകൾ അടച്ചു തീർത്ത് അമ്മയെ സഹായിച്ചു.

ഞാനമ്മയോട് ചോദിച്ചിട്ടുണ്ട്, എന്തിനാണ് ഇങ്ങനെ ഓടിനടന്നു അഭിനയിക്കുന്നത്? “ചേച്ചിയുടെ ജീവിതം സെറ്റായി, ഞാനും സ്വതന്ത്രനായി അധ്വാനിച്ചു തുടങ്ങി, വീടായി… ഇനിയെങ്കിലും ഒന്നു വിശ്രമിച്ചൂടെ? അഭിനയിക്കേണ്ടെന്ന് പറയുന്നില്ല, പക്ഷേ സിനിമകൾ കുറച്ചു ഒന്നു റെസ്റ്റ് എടുത്തുകൂടെ?” എന്ന് ഞാൻ നിർബന്ധിക്കുമ്പോഴൊക്കെ അവർ പറയും. “ഇങ്ങനെ ഓടിയില്ലെങ്കിൽ ഇരുന്നുപോവും, ഇരുന്നുപോയാൽ ഇരുന്നുപോയതു തന്നെയാ മോനേ,” എന്ന്. കോവിഡ് സമയത്താണ് അമ്മ അഭിനയത്തിൽ നിന്നും ഒന്നു വിട്ടുനിന്നത്.
അമ്മയെപ്പോഴും പറയാറുള്ള ഒരു കാര്യം, അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ മരിച്ചു വീഴണമെന്നാണ്. സ്റ്റേജിൽ നിന്നു വന്ന പഴയ ആർട്ടിസ്റ്റുകൾ ഒക്കെ പലപ്പോഴായി പറഞ്ഞുകേട്ട കാര്യമാണത്, അതൊക്കെ കാൽപ്പനികമല്ലേ അമ്മേ എന്നു പറഞ്ഞ് ഞാൻ കളിയാക്കും. പോരാത്തതിന് അച്ഛൻ ചമയത്തിൽ അതു കാണിക്കുകയും ചെയ്തതാണ്. “മരിക്കുന്നവർക്ക് അങ്ങനെയങ്ങു മരിച്ചാൽ മതി, മരണം കഴിഞ്ഞാലും ബാക്കിയുള്ള കുറച്ചുപേരുണ്ടല്ലോ, അവർക്കത് എത്രബുദ്ധിമുട്ടാവും എന്നോർത്തിട്ടുണ്ടോ?” എന്നൊക്കെ ചോദിച്ച് ഞാനമ്മയെ നിരുത്സാഹപ്പെടുത്തും. പക്ഷേ ഒരു തരത്തിൽ അമ്മയ്ക്ക് അവിടെവരെ എത്താൻ പറ്റി എന്നതാണ്. കിടപ്പാവുന്നതിന്റെ ഒരു മാസം മുൻപു വരെ അമ്മ അഭിനയിച്ചിരുന്നു.
ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് കൊണ്ടുവരുമ്പോഴേക്കും അമ്മ വല്ലാതെ തളർന്നിരുന്നു. ഇനി പോരാടാൻ വയ്യെന്ന് അമ്മ തന്നെ മനസ്സുകൊണ്ട് തീരുമാനിച്ചിരുന്നു. ഒരു മാസത്തോളം ദുരിതകാലമായിരുന്നു അമ്മയ്ക്ക്, രണ്ടു കയ്യിലും ഡ്രിപ്പിട്ട് കിടന്നു. ആരോഗ്യമുള്ള ആളുകൾക്കുപോലും അഞ്ചു ദിവസം കഴിയുമ്പോൾ ഈ ഡ്രിപ്പിട്ടത് മാറ്റി കുത്തണം. അമ്മയുടെ ശരീരം വീക്കാണ്, കുത്താൻ ഞരമ്പ് കിട്ടില്ല. രണ്ടുദിവസം കൂടുമ്പോൾ മാറ്റി കുത്തികൊണ്ടിരിക്കണം. ഒരുപാട് വേദന അമ്മ സഹിച്ചിട്ടുണ്ട്, ഒടുവിലായപ്പോൾ എനിക്കിതൊന്നും വേണ്ട, എന്നെ വീട്ടിലേക്കു കൊണ്ടുപോവൂ എന്നായി. ഒരുപാട് ഓടിതളർന്ന്, ഇനി വയ്യ, വിട്ടേക്കാം എന്നൊരു അവസ്ഥയിലേക്ക് അമ്മയെത്തിരുന്നു.
അമ്മയൊന്നു ഓക്കെയായാൽ ലിവർ ട്രാൻസ്‌പ്ലാന്റ് ചെയ്യാൻ റെഡിയായി ഇരിക്കുകയായിരുന്നു ഡോക്ടർമാർ, അങ്ങനെയെങ്കിലും അമ്മയെ രക്ഷിക്കാനായാൽ ആവട്ടെ എന്നു കരുതിയാണ് ഗവൺമെന്റും സഹായം നീട്ടിയത്. പക്ഷേ അതിനും കുറേ വിമർശനം കേട്ടു.
ചുറ്റും നടന്ന പ്രശ്നങ്ങളൊന്നും അമ്മയൊരിക്കലും അറിഞ്ഞിട്ടില്ല. “എല്ലാം ശരിയാകുമെന്ന് ഡോക്ടർ പറഞ്ഞു, സർക്കാർ സപ്പോർട്ടാണ്, എത്ര പേരാണ് അമ്മയെ വിളിക്കുന്നതറിയാമോ?” എന്നൊക്കെ പറഞ്ഞ് അമ്മയെ ഹാപ്പിയാക്കാനാണ് ഞാൻ ശ്രമിച്ചത്. അമ്മ ജീവിതത്തിലേക്ക് തിരിച്ചുവന്നാലും ഇതൊന്നും ഒരിക്കലും അമ്മയറിയാതെ ഞാൻ മാനേജ് ചെയ്തേനെ. ഈ വിമർശനങ്ങളൊന്നും എന്റെയമ്മ കേൾക്കേണ്ടതായിരുന്നില്ല!
കുറേ ആളുകൾ ചോദിച്ചത്, നിങ്ങൾക്ക് കടം വാങ്ങിച്ചുകൂടെ എന്നാണ്. കടം വാങ്ങിക്കുന്നതിനൊക്കെ ഒരു പരിധിയില്ലേ? അതമ്മയുടെ അവസാനത്തേ ആശുപത്രിവാസമായിരുന്നു, അതിനു മുൻപും ഒരുപാട് തവണ അഡ്മിറ്റായിട്ടുണ്ട്, ഓപ്പറേഷൻ നടത്തിയിട്ടുണ്ട്. അതൊന്നും ആരെയും അറിയിക്കാതെ ഞങ്ങൾ മാനേജ് ചെയ്തു. ഇതു പക്ഷേ, ഞങ്ങൾ വറ്റിനിൽക്കുന്ന സമയമായിരുന്നു, പെട്ടെന്ന് 28 ലക്ഷം രൂപയൊക്കെ കൊണ്ടുവരാൻ പറഞ്ഞാൽ എവിടുന്ന് എടുക്കും. ഞാനാണെങ്കിൽ അതിനു കുറച്ചുമുൻപ് ഒരു സിനിമ നിർമ്മിച്ചതേയുള്ളൂ, അതിന്റെ കടമുണ്ട്. പോരാത്തതിന്, കോവിഡ് വന്ന് ചെയ്തുവച്ച രണ്ടു സിനിമയും പെട്ടിയിലിരിക്കുകയാണ്. 2021 ഫെബ്രുവരി മുതൽ ഇടയ്ക്കിടെ അമ്മ ആശുപത്രിയിലാണ്. ഞാൻ ചതുരത്തിന്റെ ഷൂട്ട് തുടങ്ങിയതിന്റെ രണ്ടാം ദിവസമാണ് അമ്മ ആശുപത്രിയിൽ ആയത്. ഷൂട്ടിന്റെ ടെൻഷനും ആശുപത്രിയിലേക്കുള്ള ഓട്ടവുമൊക്കെയായി ഒരുപാട് സമ്മർദ്ദത്തിലൂടെ കടന്നുപോയ ദിവസങ്ങളാണത്. ചതുരത്തിന്റെ പാക്കപ്പ് കഴിഞ്ഞ് ഞാൻ നേരെ പോയത് അമ്മയെ അഡ്മിറ്റ് ചെയ്ത ഹോസ്പിറ്റലിലേക്കാണ്.
അപ്പോഴും വിമർശിക്കാൻ ആളുണ്ടായി. അമ്മയ്ക്ക് വയ്യാതെ കിടക്കുമ്പോഴും അവൻ സിനിമ ചെയ്തോണ്ടിരിക്കുന്നു, നിർത്തിവച്ച് അമ്മയെ കാണാൻ പോയ്ക്കൂടെ എന്നൊക്കെ. അമ്മയ്ക്ക് മാത്രമാണ് അപ്പോഴും എന്നെ മനസ്സിലായത്. സിനിമ എന്താണെന്നും അതിന്റെ പിന്നിലെ കഷ്ടപ്പാടുകൾ എന്താണെന്നുമൊക്കെ നന്നായി അറിയുന്ന അമ്മയെന്നെ പിന്തുണച്ചു.
അവിടുന്ന് അമ്മയെ ഒരുവിധം ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നതിനു ശേഷമാണ് അമ്മ ഭീഷ്മപർവ്വത്തിൽ അഭിനയിക്കുന്നത്. അമ്മ വളരെ വീക്കായിരുന്നു ആ സമയം. അമ്മയറിയാതെ ഞാൻ ലൊക്കേഷനിൽ വിളിച്ച് അമലേട്ടനോട് അമ്മയുടെ കണ്ടീഷൻ തിരക്കും. ഞാനിങ്ങനെ വിളിച്ചു അന്വേഷിക്കുന്നുണ്ടെന്നറിഞ്ഞാൽ അമ്മയ്ക്ക് ഇഷ്ടമാവില്ല, നിന്നെയിത്രേം വളർത്തി വലുതാക്കിയതു ഞാനല്ലേ, പിന്നെ നീയെന്തിനാ ഇപ്പോ എന്നെ കുട്ടികളെ പോലെ ഇങ്ങനെ മോണിറ്റർ ചെയ്യുന്നതെന്നൊക്കെ ചോദിക്ക് ഇടയ്ക്ക് വഴക്കുണ്ടാക്കും. “അവനെന്നെ എങ്ങും വിടുന്നില്ല, വെറുതെയിരിക്കാൻ പറഞ്ഞ് വഴക്കു പറയുന്നു,” എന്നൊക്കെ പിള്ളേരെ പോലെ പരാതി പറയും ചിലപ്പോൾ. ആരോഗ്യം നോക്കാതെ ചാടിയോടി പോവുകയാണ്, പിന്നെയെങ്ങനെ വഴക്ക് പറയാതിരിക്കും.
അമ്മയെ ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് കൊണ്ടുവരുമ്പോൾ, എല്ലാ ഡോക്ടർമാരും അമ്മയ്ക്ക് വേണ്ടി പ്രാർത്ഥിക്കാനാണ് എന്നോട് പറഞ്ഞത്. പക്ഷേ ഞാൻ സിനിമയിലൊക്കെ സംഭവിക്കുന്നതുപോലെ ഒരു ട്വിസ്റ്റുണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നു. ജീവിതത്തിൽ ട്വിസ്റ്റുകൾ ഉണ്ടാവില്ലെന്ന് അമ്മ പോയപ്പോഴാണ് മനസ്സിലായത്.
ഇപ്പോൾ ആലോചിക്കുമ്പോൾ, അമ്മ പോയാലുണ്ടാവുന്ന ശൂന്യതയുമായി ഞങ്ങളൊന്നു പൊരുത്തപ്പെടാനായി അമ്മ തന്നെ തന്റെ മരണം വൈകിച്ചതാണെന്നു തോന്നും. ഒരു രാത്രി വെളുക്കുമ്പോൾ പെട്ടെന്നങ്ങ് പോവാതെ, കുറച്ചുകാലം ഒന്നിനോടും പ്രതികരിക്കാതെ, മിണ്ടാതെ കിടന്ന്, ആ അവസ്ഥയോട് ഞങ്ങൾ പൊരുത്തപ്പെട്ടുവന്നപ്പോൾ യാത്രയായി.
അവസാനമായപ്പോഴേക്കും അമ്മയുടെ ഓർമ്മയെല്ലാം പോയിരുന്നു, ഒന്നിനോടും പ്രതികരിക്കാത്ത അവസ്ഥ. ആ സമയത്ത് ഇന്റർനെറ്റിലൊക്കെ അമ്മയുടെ ഒരു ഫോട്ടോ പ്രചരിച്ചിരുന്നു, മൂക്കിൽ പൈപ്പൊക്കെയിട്ടൊരു ചിത്രം, അതായിരുന്നു അമ്മയുടെ അവസ്ഥ.
അത്രയും ദയനീയമായ അമ്മയുടെ മുഖം നാട്ടുകാരെ കാണിക്കാനോ അമ്മയുടെ അഭ്യുദയകാംക്ഷികളെ കാണിക്കാനോ എന്നിലെ മകന്റെ സ്വാർത്ഥത അനുവദിച്ചില്ല. എന്റെ കാഴ്ചപ്പാടിൽ അവരൊരു പുലിയാണ്. ആ പുലിയെ അത്ര ദുർബലാവസ്ഥയിൽ ആരെയും കാണിക്കാൻ എനിക്കു തോന്നിയില്ല. അമ്മയ്ക്ക് ആരെയും തിരിച്ചറിയാൻ കഴിയാത്തൊരു അവസ്ഥ കൂടിയാണെന്ന് ഓർക്കണം, ആരാണ് തന്നെ കാണാൻ വന്നതെന്നു കൂടി അമ്മയ്ക്ക് മനസ്സിലാവില്ല. പിന്നെ എന്തിനാണ് കാണിക്കുന്നത്? കാണിച്ചില്ലെന്നു പറഞ്ഞ് അതിന്റെ പുറത്തും ഞാൻ കുറേ പഴികേട്ടു.
അത്രയും വലിയൊരു കലാകാരി വയസ്സുകാലത്ത് ആരും നോക്കാനില്ലാതെ ദുരിതം അനുഭവിക്കുന്നു എന്നൊരു കഥയാണ് ചിലരെങ്കിലും കേൾക്കാൻ കാത്തിരുന്നതെന്നു തോന്നുന്നു. അതിന്റെ സ്ക്രിപ്റ്റ് ഒരുക്കി അതിലേക്ക് അമ്മയേയും കാസ്റ്റ് ചെയ്തിട്ട് ഇരിക്കുകയായിരുന്നു ഒരു കൂട്ടർ. അവരോടൊക്കെ എന്ത് പറയാനാണ്!
അപ്പോഴേക്കും എന്നെയൊന്നും ബാധിക്കാത്ത അവസ്ഥയിലായിരുന്നു. എനിക്ക് ചെയ്യാൻ പറ്റുന്നതിന്റെ നൂറുശതമാനവും ഞാൻ ചെയ്തു. എന്നിട്ടും അമ്മയെ രക്ഷിക്കാനായില്ല. അതികഠിനമായ സമ്മർദ്ദം, ഉറക്കമില്ലായ്മ, ആരോഗ്യപ്രശ്നങ്ങൾ…. ആ 150 ദിവസങ്ങൾ എന്റെ ജീവിതത്തിലെ ഏറ്റവും കഠിനമായ കാലഘട്ടമായിരുന്നു.
അമ്മയുണ്ടാക്കിയ ശൂന്യതയെ മറികടക്കാൻ ഞാനെന്റെ ജോലിയിൽ മുഴുകുകയാണ്. ചെയ്തു വച്ചിരിക്കുന്ന രണ്ടു സിനിമകൾ- ജിന്നും ചതുരവും- എത്രയും പെട്ടെന്ന് പുറത്തിറക്കണം, അത് പുറത്തുവരാൻ ഏറ്റവുമധികം ആഗ്രഹിച്ചത് അമ്മയാണ്. രണ്ട് സിനിമകളും അമ്മ കണ്ടതാണ്. അമ്മയ്ക്ക് ഇഷ്ടപ്പെട്ടുമാണ്. ആ ചിത്രങ്ങൾ റിലീസ് ചെയ്തു കാണണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചതും അമ്മയാണ്.
രണ്ടു പടം എടുത്തിട്ട് രണ്ടും റിലീസാക്കാൻ കഴിയാതെ പെട്ടിയിലിരിക്കുമ്പോൾ അമ്മയായിരുന്നു എന്റെ ഏറ്റവും വലിയ പിന്തുണ. നീയൊന്നു സമാധാനമായി ഇരിക്കൂ, ഈ കോവിഡൊക്കെ കഴിഞ്ഞിട്ട് നമുക്ക് രണ്ടും പുറത്തിറക്കാം, നീയിങ്ങനെ ഡൗൺ ആവല്ലെയെന്നൊക്കെ എന്നെ ആശ്വസിപ്പിച്ചിരുന്ന ആളാണ്.
വടക്കാഞ്ചേരിയിലെ വീട്ടിലാവണം തന്നെ അടക്കേണ്ടതെന്ന് അമ്മ എപ്പോഴെങ്കിലും പറഞ്ഞിരുന്നോ?
അമ്മ കൂടെയുണ്ടായിരുന്ന സഹായികളോടൊക്കെ അങ്ങനെ പറഞ്ഞിരുന്നു. എന്റെയടുത്ത് പറഞ്ഞിട്ടില്ല. കാരണം, ഞാനൊരിക്കലും അമ്മ മരണത്തെ കുറിച്ച് സംസാരിക്കുന്നത് പ്രോത്സാഹിപ്പിക്കാറില്ലായിരുന്നു. അതായിരിക്കാം എന്നോട് പറയാതിരുന്നത്.
അമ്മയെ വടക്കാഞ്ചേരിയിലെ വീട്ടിൽ അടക്കം ചെയ്യണമെന്ന് എനിക്ക് തോന്നാൻ കാരണം, ആ മണ്ണിനോട് അമ്മയ്ക്കുള്ള ആത്മബന്ധം അറിയുന്നതുകൊണ്ടാണ്. 2005ലാണ് ആ സ്ഥലത്ത് അമ്മ വീടുവയ്ക്കുന്നത്. വീടിനു ചുറ്റുമുള്ള ഓരോ മരങ്ങളും ചെടികളും അമ്മ വച്ചതാണ്. ഗാർഡനിംഗിൽ ഒക്കെ വലിയ ഇഷ്ടമുള്ള, മുല്ലപ്പൂവിന്റെ മണമിഷ്ടമുള്ള ആളാണ് അമ്മ. അതെല്ലാം ആ വീട്ടിൽ നട്ടുപിടിപ്പിച്ചിട്ടുണ്ട്. പിന്നെ തെങ്ങ്, വാഴ, കവുങ്ങ് തുടങ്ങി ഒരുപാട് മരങ്ങൾ. ഏറ്റവും ഇഷ്ടമുള്ള ആ മണ്ണിൽ തന്നെ എന്റെയമ്മ ഉറങ്ങട്ടെ എന്നു തോന്നി.
അമ്മയുടെ ഉടൽ സന്തോഷത്തോടെ ആ മണ്ണിലേക്ക് അലിഞ്ഞു ചേരുന്നതുപോലെ എനിക്കു തോന്നിയൊരു നിമിഷമുണ്ട്. അമ്മയെ ദഹിപ്പിച്ച അന്ന് രാത്രി ഭയങ്കര കാറ്റായിരുന്നു, അമ്മയെ ദഹിപ്പിച്ചിടത്തെ ചാരമൊക്കെ പറന്ന് ആ മണ്ണിലേക്ക് തന്നെ ചേരുന്നതു കണ്ടപ്പോൾ ഒരു അദൃശ്യശക്തിയെനിക്ക് ഫീൽ ചെയ്തു.
അമ്മയുടെ ഓർമ്മകുടീരത്തിൽ വച്ച ചിത്രത്തിനുമുണ്ട് ഒരു പ്രത്യേകത. എന്റെ മകൾ കയൽവിഴി ജനിച്ചപ്പോൾ അവളെ കാണാൻ അമ്മ ആദ്യമായി ആശുപത്രിയിൽ എത്തിയപ്പോൾ എടുത്തതാണ് ആ ചിത്രം. കൊച്ചുമോളെ കാണാൻ നല്ല സുന്ദരിയായൊരുങ്ങി വന്നു. ഒരു മുത്തശ്ശിയായതിന്റെ സന്തോഷവും വാത്സല്യഭാവവുമെല്ലാം ആ മുഖത്തുണ്ടായിരുന്നു അപ്പോൾ.

അമ്മ ജീവിച്ച ജീവിതം എന്നും എനിക്ക് ആദരവോടെയും അത്ഭുതത്തോടെയും മാത്രമേ കാണാനാവൂ. അച്ഛന്റെ മരണത്തോടെ വന്ന ബാധ്യതകളൊന്നും ഞങ്ങൾക്കായി ബാക്കിവയ്ക്കാതെ, മുൻനിരയിൽ നിന്ന് പൊരുതി അതെല്ലാം ഡീൽ ചെയ്താണ് പോവുന്നത്. ഞാൻ അമ്മയുടെ മകനല്ലായിരുന്നെങ്കിൽ പോലും കെപിഎസി ലളിതയെന്ന സ്ത്രീയുടെ ആ ആർജ്ജവത്തോട് എനിക്ക് ബഹുമാനം തോന്നിയേനെ. അവർ ഒരു ലോകം കീഴടക്കി, പൊരുതി നിന്നു, അതൊന്നും ഒട്ടും എളുപ്പമല്ല. അമ്മയുടെ മണി മാനേജ്മെന്റൊക്കെ കണ്ട് ഞാൻ ഞെട്ടിയിട്ടുണ്ട്. അവിടുന്ന് വാങ്ങി ഇവിടെ കൊടുക്കുന്നു, ഇവിടുന്ന് എടുത്ത് മറ്റൊരു ആവശ്യം നടത്തുന്നു. ആ ഒരു കണക്കുക്കൂട്ടൽ അപാരമാണ്. അതും, ഒരു ഡയറിയിൽ പോലും എഴുതിവച്ചിട്ടല്ല, എന്നാലും കണക്കുകളും തിരിച്ചടക്കേണ്ട സമയവുമൊക്കെ കൃത്യമായി ഓർത്ത് ചെയ്യും. എനിക്കൊന്നും ഒരിക്കലും പിടികിട്ടില്ല ആ പരിപാടി. ഒരുപാട് പ്രശ്നങ്ങളിലൂടെ കടന്നുപോവുമ്പോഴും എന്തുചെയ്യുമെന്ന് നമ്മൾ ടെൻഷനായി നിൽക്കുമ്പോഴും അതൊക്കെ ശരിയാവുമെടാ എന്ന് എന്നെ ആശ്വസിപ്പിക്കുന്ന പോസിറ്റിവിറ്റി കൂടിയായിരുന്നു അമ്മ.