/indian-express-malayalam/media/media_files/uploads/2022/03/Mohanlal-Mammootty-Shine-Tom-Chacko.jpg)
യുവനടന്മാർക്കിടയിൽ അസാധ്യമായ അഭിനയസിദ്ധിയുള്ള അഭിനേതാവാണ് ഷൈൻ ടോം ചാക്കോ. തേടിയെത്തുന്ന ഓരോ കഥാപാത്രത്തിലും തന്റേതായ കയ്യൊപ്പു പതിപ്പിക്കുന്ന നടൻ. ഉൾകാമ്പുള്ള കഥാപാത്രങ്ങളുമായി സമകാലിക മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് ഷൈൻ.
അഭിനയത്തിൽ തന്നെ സ്വാധീനിച്ച നടീനടന്മാരെ കുറിച്ച് ഷൈൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സിനിമ ശ്രദ്ധിക്കാൻ തുടങ്ങിയ കാലത്ത് തന്റെ കണ്ണിൽ മോഹൻലാൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ, പിന്നെയാണ് മമ്മൂട്ടിയെ ശ്രദ്ധിക്കാൻ തുടങ്ങിയതെന്നും ഷൈൻ പറയുന്നു.
"കുട്ടിക്കാലത്ത്, സിനിമ ശ്രദ്ധിക്കാൻ തുടങ്ങിയ കാലത്ത് എന്റെ കണ്ണിൽ മോഹൻലാൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെയാണ് സിനിമയിലേക്ക് ആകർഷിക്കപ്പെട്ടതും ഞാൻ മുന്നോട്ട് സഞ്ചരിച്ചതും. കുറച്ചുകൂടി സിനിമയെ സീരിയസായി കാണാൻ തുടങ്ങിയപ്പോഴാണ് മമ്മൂക്ക എന്ന നടനെ ഞാൻ ശ്രദ്ധിച്ചു തുടങ്ങിയത്. അവർ രണ്ടുപേരും മാത്രമല്ല, മലയാളത്തിൽ ഞാൻ കണ്ടിട്ടുള്ള അഭിനേതാക്കളെല്ലാം ഒരു രീതിയിലല്ലെങ്കിൽ മറ്റൊരു രീതിയിൽ എന്നെ സ്വാധീനിച്ചിട്ടുണ്ട്. ഭരത് ഗോപി സാർ, നെടുമുടി വേണു ചേട്ടൻ, സിദ്ദിഖ്, സായ് കുമാർ… ഉർവശി ചേച്ചി, ശോഭന, മഞ്ജുവാര്യർ, ലളിത ചേച്ചി…. മലയാളത്തിൽ എല്ലാവരും നന്നായി പെർഫോം ചെയ്യുന്ന നടീനടന്മാരാണ്. ലോകത്തെവിടെയും കാണില്ല നന്നായി പെർഫോം ചെയ്യുന്ന ഇത്രയേറെ അഭിനേതാക്കൾ. ജീവിതം മൊത്തം അഭിനയത്തിനായി മാറ്റിവച്ചവരാണ് ഇവരൊക്കെ. മറ്റുള്ള ഇൻഡസ്ട്രികളെ പോലെ ഇത്ര മണിക്കൂർ മാത്രം ജോലി എന്ന രീതിയിലൊന്നുമല്ല അവരാരും ജോലി ചെയ്തത്. ഏതു പാതിരാത്രിയ്ക്ക് വിളിച്ച് ഷോട്ട് എടുക്കണമെന്നു പറഞ്ഞാലും അതിനു റെഡിയാവുന്നത്ര പാഷനുണ്ട് ഇവിടുള്ളവരിൽ," ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തിനു നൽകിയ അഭിമുഖത്തിൽ ഷൈൻ പറഞ്ഞതിങ്ങനെ.
Read more: അഭിമുഖത്തിന്റെ പൂർണരൂപം ഇവിടെ വായിക്കാം
വില്ലൻ റോളുകളോ ഹാസ്യ കഥാപാത്രങ്ങളോ ചെയ്യാൻ ബുദ്ധിമുട്ട് തോന്നാറില്ല, എന്നാൽ റൊമാന്റിക് വേഷങ്ങൾ ചെയ്യുന്നതിൽ തനിക്ക് ബുദ്ധിമുട്ട് തോന്നാറുണ്ടെന്നും ഷൈൻ പറയുന്നു. "റൊമാന്റിക്കായി അഭിനയിക്കാൻ എനിക്ക് വളരെ ബുദ്ധിമുട്ടാണ്, നായികയുമായി അടുത്തിടപഴകുന്ന സീനുകൾ ചെയ്യാനും. ഒരാളെ വഴക്ക് പറയുകയോ, കോമഡി പറയുകയോ ഒക്കെ പെട്ടെന്ന് ചെയ്യാം. പക്ഷേ സ്വിച്ചിടുന്നപോലെ റൊമാന്റിക് ഫീലിലേക്ക് വരാൻ പറഞ്ഞാൽ എന്നെ കൊണ്ട് നടക്കില്ല."
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.