scorecardresearch
Latest News

നല്ലവനായി സ്ക്രീനിലെത്തിയാലും ആളുകൾക്കെന്നെ അംഗീകരിക്കാൻ ബുദ്ധിമുട്ടാണ്; ഷൈൻ ടോം ചാക്കോ മനസ്സ് തുറക്കുന്നു

എന്നെ ഓഡിറ്റ് ചെയ്യാനും തകർക്കാനും ആരെങ്കിലും നടക്കുന്നുണ്ടെങ്കിൽ ഞാനതിനെ കുറിച്ച് ബോധവാനല്ല, എന്നെയതൊന്നും ബാധിക്കുന്നുമില്ല

നല്ലവനായി സ്ക്രീനിലെത്തിയാലും ആളുകൾക്കെന്നെ അംഗീകരിക്കാൻ ബുദ്ധിമുട്ടാണ്; ഷൈൻ ടോം ചാക്കോ മനസ്സ് തുറക്കുന്നു

സോഷ്യൽ മീഡിയയുടെയും പൊതുസമൂഹത്തിന്റെയും ഓഡിറ്റിംഗിന് നിരന്തരം വിധേയനായി കൊണ്ടിരിക്കുന്ന​ ഒരാളാണ് ഷൈൻ ടോം ചാക്കോ. ഹേറ്റേഴ്സിന് ഒരു പഞ്ഞവുമില്ലാത്ത ഒരാൾ! എന്നാൽ, ഹേറ്റേഴ്സിനെ പോലും നിശബ്ദരാക്കുന്ന ഒന്നുണ്ട്, അത് ഷൈൻ എന്ന നടനിലെ പ്രതിഭയാണ്. ഭാസിപ്പിള്ളയായി,​ ആൽവിനായി, പീറ്ററായി അയാൾ സ്ക്രീനിൽ തകർത്താടുമ്പോൾ ഒരു യഥാർത്ഥ കലാസ്വാദകന് ആ പ്രകടനം കണ്ട് കയ്യടിക്കാതിരിക്കാനാവില്ല. ആ ആടിത്തിമർക്കലിൽ അയാളുടെ സ്വയംസമർപ്പണമുണ്ട്, ഇമേജുകളെ ഭയക്കാതെ കഥാപാത്രങ്ങൾക്കായി തന്നെത്തന്നെ വിട്ടുകൊടുക്കാൻ ഷൈൻ എപ്പോഴും തയ്യാറാവുന്നു.

തന്നോട് സമൂഹത്തിനുള്ള മനോഭാവത്തെ കുറിച്ച് കൃത്യമായ ധാരണകളുള്ള ഒരു നടൻ കൂടിയാണ് ഷൈൻ. എതിരെയുയരുന്ന ആരോപണങ്ങൾ, വിമർശനങ്ങൾ, കുറ്റപ്പെടുത്തലുകൾ ഒന്നും അയാളെ അസ്വസ്ഥനാക്കുന്നില്ല, കഥാപാത്രങ്ങളിൽ നിന്നും കഥാപാത്രങ്ങളിലേക്കുള്ള യാത്രയിലാണ് ഷൈൻ. അഭിനയമെന്ന സ്വപ്നത്തിലേക്കുള്ള തന്റെ യാത്രയെ കുറിച്ച്, തനിക്കെതിരെ നടക്കുന്ന സോഷ്യൽ ഓഡിന്റിംഗിനെ കുറിച്ച് ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തോട് മനസ്സു തുറക്കുകയാണ് ഷൈൻ.

ഭീഷ്മപർവ്വം വിജയകരമായി പ്രദർശനം തുടരുന്നു, ഒപ്പം ഷൈനിന്റെ പീറ്ററും കയ്യടി നേടുന്നു. ചിത്രത്തിലെ വൈറൽ ഡാൻസ് സ്റ്റൈപ്പ് ഷൈനിന്റെ സംഭാവനയാണെന്നു കേട്ടു?

പൂൾ ഡാൻസേഴ്സും ലേഡീസ് പബ്ബിൽ സ്ട്രിപ്പ് ഡാൻസ് ചെയ്യുന്ന ജിഗോളാസുമൊക്കെ കളിക്കുന്ന തരത്തിലുള്ള സ്റ്റെപ്പാണത്. ഞാനും സൗബിനും കൂട്ടുകാരുമൊക്കെ കളിതമാശ പറഞ്ഞിരിക്കുമ്പോൾ തമാശയ്ക്ക് കാണിക്കുന്ന ഐറ്റം. ഭീഷ്മപർവ്വം ചർച്ചയ്ക്കിടെ അമലും ഞങ്ങളുമെല്ലാവരും ഇരുന്ന് ആ സ്റ്റുഡിയോ സീനിനെ കുറിച്ച് സംസാരിക്കുകയാണ്. നായകനെ വളക്കാൻ നോക്കുന്ന പ്രൊഡ്യൂസർ ആണല്ലോ അതിൽ, ആണുങ്ങളുടെ സെക്ഷ്വൽ ഓറിയന്റേഷനെ കുറിച്ചൊക്കെ സംസാരിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് സൗബിൻ ‘നീയാ സ്റ്റെപ്പ് കാണിച്ചേ’ എന്നു പറയുന്നത്. ഞാനത് കാണിച്ചപ്പോൾ അമലിന് ഇഷ്ടമായി, നമുക്കിതുകൂടി ഉൾപ്പെടുത്താം എന്നായി അമൽ. ഒരു നടനെന്ന രീതിയിൽ ഇത്തരം പുതിയ കാര്യങ്ങൾ കൂടി ട്രൈ ചെയ്തു നോക്കണമല്ലോ,​​​ അങ്ങനെ ചെയ്തതാണ്.

Shine Tom chacko, Shine Tom chacko interview

കഥാപാത്രങ്ങളെ സമീപിക്കുന്നതിൽ ഷൈനിന്റെ രീതി എന്താണ്, എങ്ങനെയാണ് ഓരോ കഥാപാത്രങ്ങളിലും വ്യത്യസ്തത കൊണ്ടുവരുന്നത്?

സംവിധായകനും അണിയറപ്രവർത്തകരും വർക്കു ചെയ്തുവച്ച റഫറൻസുകൾ വച്ചിട്ടാണ് ഞാനാ കഥാപാത്രത്തെ മോൾഡ് ചെയ്യുന്നത്. പിന്നെ രൂപത്തിലും വസ്ത്രങ്ങളിലുമൊക്കെ ഉണ്ടാവുന്ന മാറ്റങ്ങളും വ്യത്യസ്തനാവാൻ സഹായിക്കും.

ഒരു കഥകേൾക്കുമ്പോൾ മുതൽ എന്റെ കഥാപാത്രത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങും, പിന്നെയങ്ങോട്ട് ആ കഥാപാത്രം മനസ്സിലുണ്ടാവും. സംവിധായകരോട് കഥാപാത്രത്തെ കുറിച്ചുള്ള സംശയങ്ങളും വിശദാംശങ്ങളും ചോദിച്ചു മനസ്സിലാക്കും. ശാരീരികമായ മാറ്റങ്ങൾ വേണമെങ്കിൽ അതിനനുസരിച്ചുള്ള തയ്യാറെടുപ്പുകൾ നടത്തും.

മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാവാൻ ശ്രമിക്കാറുണ്ടോ? അതോ ഓർഗാനിക് ആയി സംഭവിക്കുന്നതാണോ?

വ്യത്യസ്തമാവണം എന്നൊരു ചിന്ത എപ്പോഴും മനസ്സിലുണ്ട്. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാവണം എന്നതിനേക്കാൾ ഞാൻ മുൻപ് ചെയ്ത കഥാപാത്രങ്ങളെ പോലെയാവരുത് എന്നാണ് ചിന്തിക്കാറുള്ളത്. ഞാൻ കൂടുതലും ചെയ്യുന്നത് നെഗറ്റീവ് ഷെയ്ഡുള്ള വേഷങ്ങളാണല്ലോ, അതുകൊണ്ടുതന്നെ ഒരു കഥാപാത്രത്തിന് നൽകിയ മാനറിസങ്ങൾ അടുത്തതിൽ ഉപയോഗിക്കാറില്ല. ഓർഗാനിക് ആയി സംഭവിക്കുന്നു എന്നു പറയാനാവില്ല, ബോധപൂർവ്വം ചിന്തിച്ചു വരുത്തുന്നതാണ്. ഉദാഹരണത്തിന് പത്തു പൊലീസ് വേഷങ്ങൾ ചെയ്യുന്നുണ്ടെങ്കിൽ പത്തും പത്തുപോലെയിരിക്കാൻ ശ്രമിക്കും. അതാണ് ഒരു നടൻ എന്ന രീതിയിൽ ചെയ്യാനുള്ളത്. ഇത് പലരും മുൻപ് ശ്രമിക്കുകയും വിജയിക്കുകയും ചെയ്തിട്ടുള്ള കാര്യമാണ്. ചിലർ പത്തിനെയും പത്തു കഥാപാത്രങ്ങളായി തന്നെ മാറ്റും. ചിലർ പക്ഷേ പത്തിലും ഒരുപോലെയിരിക്കും, അതെല്ലാം അഭിനേതാക്കളുടെ രീതികളാണ്. ചിലർ തങ്ങളെ കഥാപാത്രങ്ങളിലേക്ക് മാറ്റും, മറ്റുചിലർ കഥാപാത്രങ്ങളെ തങ്ങളിലേക്ക് കൊണ്ടുവരും.

ഷൈൻ, ആദ്യം പറഞ്ഞ കൂട്ടത്തിലുള്ള ആക്ടറാണെന്നു തോന്നുന്നു. അല്ലേ?

അതെ, ഞാൻ കഥാപാത്രങ്ങൾക്ക് എന്നെ വിട്ടു കൊടുക്കുകയാണ്. അതല്ലേ എനിക്ക് ചെയ്യാൻ പറ്റുകയുള്ളൂ, നമ്മളെ ആളുകൾക്ക് ഇഷ്ടമില്ലല്ലോ.

സമീപകാലത്ത് നടനെന്ന രീതിയിൽ ഏറ്റവും പ്രചോദിപ്പിച്ച കഥാപാത്രമേതാണ്?

എല്ലാ കഥാപാത്രങ്ങളും എന്നെ പ്രചോദിപ്പിക്കുന്നുണ്ട്. അതിൽ, ആളുകൾ ഏത് ഇഷ്ടപ്പെടുന്നു എന്നതിലേ വ്യത്യാസമുള്ളൂ. ഞാൻ കുറുപ്പിൽ ചെയ്ത കഥാപാത്രമാണ് ഭീഷ്മപർവ്വത്തിലേക്ക് എന്നെ നയിച്ചത്. കഥാപാത്രങ്ങളിലൂടെ യാത്ര ചെയ്ത് പുതിയപുതിയ അവസരങ്ങളിലേക്ക് എത്തുകയാണ് ചെയ്യുന്നത്. എല്ലാ കഥാപാത്രങ്ങളെയും ഒരേ പ്രാധാന്യത്തോടെയാണ് ഞാൻ കാണുന്നത്, അത് കുറയാതെ ഇരിക്കാനാണ് ശ്രമിക്കുന്നത്. പിന്നെ ഓരോ കഥാപാത്രത്തിനും അതിന്റേതായ ഒരു നിയോഗമുണ്ട്, കഥ വർക്ക് ആവുന്നതിനു അനുസരിച്ച് ചിലത് കൂടുതൽ റീച്ചാവും.

സംവിധാനത്തിന്റെ പശ്ചാത്തലത്തിൽ നിന്നും വരുന്ന ഒരാൾ, പിന്നീട് അഭിനയത്തിലേക്ക് എത്തുന്നു. ഒരു ട്രെയിൻഡ് ആക്ടറെന്നു പറയാനാവില്ലല്ലോ, എത്രത്തോളം ചലഞ്ചിംഗ് ആയിരുന്നു ആദ്യകാലത്ത് അഭിനയം?

ട്രെയിൻഡ് ആക്ടറല്ല എന്ന് എങ്ങനെ പറയും? യുകെജിയിൽ പഠിക്കുമ്പോഴാണ് ഞാൻ ആദ്യമായി നാടകം കളിക്കുന്നത്. കേരളത്തിൽ പഠിക്കുന്ന ഒട്ടുമിക്ക കുട്ടികളും സ്കൂൾ യുവജനോത്സവങ്ങളുടെ പശ്ചാത്തലത്തിലാണല്ലോ വളർന്നുവരുന്നത്. എല്ലാ കലാരൂപങ്ങളും ചെറുപ്പം മുതൽ നമ്മുടെ കൺവെട്ടത്തുണ്ട്. എന്റെ സാഹചര്യവും വ്യത്യസ്തമായിരുന്നില്ല.

പിന്നീട് ഞാനൊരു നാടകം ചെയ്യുന്നത് ഒമ്പതിൽ പഠിക്കുമ്പോഴാണ്. അതുപോലെ, പ്ലസ് വൺ, പ്ലസ് ടു കാലഘട്ടത്തിൽ രണ്ടുവർഷവും നാടകം ചെയ്തു. മലപ്പുറം ജില്ലായുവജനോത്സവത്തിൽ രണ്ടുതവണയും ബെസ്റ്റ് ആക്ടർ ആയിരുന്നു. അതെല്ലാം ഞാൻ ചെയ്യുമ്പോഴും, സിനിമയിലേക്ക് എത്തണമെന്ന മോഹമാണ് ഉള്ളിലുള്ളത്. സിനിമാമോഹം,​അത് ഇന്നോ ഇന്നലെയോ ഉണ്ടായ ഒന്നല്ല, അതുകൊണ്ടുതന്നെ ട്രെയിൻഡ് അല്ലെന്നു പറഞ്ഞാൽ ഞാൻ സമ്മതിക്കില്ല.

സഹസംവിധായകന്റെ വേഷം സത്യത്തിൽ എനിക്ക് സിനിമ പഠിക്കാനുള്ള വേദിയായിരുന്നു. നാടകത്തിലെ അഭിനയം പോലെയല്ലല്ലോ, സിനിമയുടെ ടെക്നിക്ക് വേറെയാണ്. അതെല്ലാം മനസ്സിലാക്കണമെങ്കിൽ ഞാൻ സിനിമയിൽ തന്നെ നിന്നല്ലേ പറ്റൂ. പത്തുവർഷം ഞാനെല്ലാം കണ്ടും മനസ്സിലാക്കിയും നിന്നു, ചിലപ്പോൾ കാര്യങ്ങൾ പഠിക്കാൻ ഞാൻ ഇരുപതോ മുപ്പതോ വർഷം എടുക്കേണ്ടി വന്നേനെ.

സഹസംവിധായകനായി എത്തിയ, കൂട്ടുകാരൻ കൂടിയായ സൗബിൻ നടനായി, അതിനിടയിൽ സ്വന്തം സിനിമ സംവിധാനം ചെയ്തു. ഷൈൻ സംവിധാനം ചെയ്യുന്ന ഒരു സിനിമ ഭാവിയിൽ കാണാനാവുമോ?

സംവിധാനം എന്നെ ഒരിക്കലും മോഹിപ്പിച്ചിട്ടില്ല. ചെറുപ്പം മുതൽ അഭിനയിക്കണമെന്നാണ് ഞാനാഗ്രഹിച്ചത്. സഹസംവിധാനം എന്റെ ആഗ്രഹങ്ങളിലേക്ക് എത്താനുള്ള​ ഒരു വഴി മാത്രമായിരുന്നു. 12-ാം ക്ലാസ് കഴിഞ്ഞപ്പോഴാണ് ഞാൻ കമൽ സാറിന്റെ അടുത്ത് സംവിധാനം പഠിക്കാൻ ചെല്ലുന്നത്. ആ സമയത്ത് എനിക്ക് അഭിനയിക്കണം എന്നു പറഞ്ഞാൽ എന്തു റോൾ കിട്ടാനാണ്? അഭിനയത്തിലേക്ക് എനിക്കെത്തിപ്പെടണമെങ്കിൽ അതുമായി ബന്ധപ്പെട്ട ഒരു ജോലി വേണമായിരുന്നു. സത്യത്തിൽ, എന്റെ ഡിഗ്രിയും പിജിയുമൊക്കെ സിനിമ ഇൻഡസ്ട്രിയിൽ തന്നെയാണ്.

ഒരു നടനെന്ന രീതിയിൽ ഷൈനിനെ സ്വാധീനിച്ച അഭിനേതാക്കൾ ആരൊക്കെയാണ്?

കുട്ടിക്കാലത്ത്, സിനിമ ശ്രദ്ധിക്കാൻ തുടങ്ങിയ കാലത്ത് എന്റെ കണ്ണിൽ മോഹൻലാൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെയാണ് സിനിമയിലേക്ക് ആകർഷിക്കപ്പെട്ടതും ഞാൻ മുന്നോട്ട് സഞ്ചരിച്ചതും. കുറച്ചുകൂടി സിനിമയെ സീരിയസായി കാണാൻ തുടങ്ങിയപ്പോഴാണ് മമ്മൂക്ക എന്ന നടനെ ഞാൻ ശ്രദ്ധിച്ചു തുടങ്ങിയത്. അവർ രണ്ടുപേരും മാത്രമല്ല, മലയാളത്തിൽ ഞാൻ കണ്ടിട്ടുള്ള അഭിനേതാക്കളെല്ലാം ഒരു രീതിയിലല്ലെങ്കിൽ മറ്റൊരു രീതിയിൽ എന്നെ സ്വാധീനിച്ചിട്ടുണ്ട്. ഭരത് ഗോപി സാർ, നെടുമുടി വേണു ചേട്ടൻ, സിദ്ദിഖ്, സായ് കുമാർ… ഉർവശി ചേച്ചി, ശോഭന, മഞ്ജുവാര്യർ, ലളിത ചേച്ചി…. മലയാളത്തിൽ എല്ലാവരും നന്നായി പെർഫോം ചെയ്യുന്ന നടീനടന്മാരാണ്. ലോകത്തെവിടെയും കാണില്ല നന്നായി പെർഫോം ചെയ്യുന്ന ഇത്രയേറെ അഭിനേതാക്കൾ. ജീവിതം മൊത്തം അഭിനയത്തിനായി മാറ്റിവച്ചവരാണ് ഇവരൊക്കെ. മറ്റുള്ള ഇൻഡസ്ട്രികളെ പോലെ ഇത്ര മണിക്കൂർ മാത്രം ജോലി എന്ന രീതിയിലൊന്നുമല്ല അവരാരും ജോലി ചെയ്തത്. ഏതു പാതിരാത്രിയ്ക്ക് വിളിച്ച് ഷോട്ട് എടുക്കണമെന്നു പറഞ്ഞാലും അതിനു റെഡിയാവുന്നത്ര പാഷനുണ്ട് ഇവിടുള്ളവരിൽ.

ഏതു ഇമോഷൻസ് അവതരിപ്പിക്കാനാണ് താങ്കൾക്ക് ബുദ്ധിമുട്ട് തോന്നിയിട്ടുള്ളത്?

റൊമാന്റിക്കായി അഭിനയിക്കാൻ എനിക്ക് വളരെ ബുദ്ധിമുട്ടാണ്, നായികയുമായി അടുത്തിടപഴകുന്ന സീനുകൾ ചെയ്യാനും. ഒരാളെ വഴക്ക് പറയുകയോ, കോമഡി പറയുകയോ ഒക്കെ പെട്ടെന്ന് ചെയ്യാം. പക്ഷേ സ്വിച്ചിടുന്നപോലെ റൊമാന്റിക് ഫീലിലേക്ക് വരാൻ പറഞ്ഞാൽ എന്നെ കൊണ്ട് നടക്കില്ല.

ഷൈൻ ചെയ്തതതിൽ കൂടുതലും നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങളാണ്. എന്താവും സംവിധായകർ അത്തരം റോളുകളിലേക്ക് കൂടുതലായി തിരഞ്ഞെടുക്കാൻ കാരണം?

എനിക്ക് നല്ല നെഗറ്റീവ് ഇമേജ് ഉള്ളതുകൊണ്ട് (ചിരിക്കുന്നു).

രണ്ടു രീതിയിലാണ് നടന്മാരെ ആളുകൾക്ക് ഇഷ്ടപ്പെടുക. ഒന്ന് കാഴ്ചയിൽ ഇഷ്ടപ്പെട്ട് ഫോളോ ചെയ്യുന്നു. രണ്ട്, പെർഫോമൻസ് ഇഷ്ടപ്പെട്ട് ഫോളോ ചെയ്യുന്നു. കാഴ്ചയിൽ ഇഷ്ടപ്പെട്ട് ഫോളോ ചെയ്യാൻ എന്റെയടുത്തൊന്നുമില്ല. സ്വഭാവം വച്ചു ഇഷ്ടപ്പെടാമെന്നു വച്ചാൽ അതുമില്ല, ആ തിരിച്ചറിവ് എനിക്കുണ്ട്.

ഞാൻ ജയിലിൽ കിടന്ന സമയത്ത് ആലോചിച്ചു കൊണ്ടിരുന്നത് ഇതാണ്, ഇനിയെനിക്കൊരു പടം കിട്ടുമോ? എന്നെ ആരെങ്കിലും പടത്തിൽ അഭിനയിപ്പിക്കുമോ? അപ്പോഴൊക്കെ ആകെയുണ്ടായിരുന്ന​​ ഒരു ആശ്വാസം, നാട്ടിൽ നല്ല ആളുകൾ മാത്രമല്ലല്ലോ ഉള്ളത്, നെഗറ്റീവ് കഥാപാത്രങ്ങൾ എനിക്കു കിട്ടുമായിരിക്കും എന്നായിരുന്നു. ഞാനെന്നെ അങ്ങനെയാണ് ആശ്വസിപ്പിച്ചത്.

ഞാൻ നല്ലവനായി സ്ക്രീനിലെത്തിയാലും ആളുകൾക്കെന്നെ അംഗീകരിക്കാൻ ബുദ്ധിമുട്ടാണ്,​ അതേസമയം വില്ലത്തരം കാണിച്ചുവരുമ്പോൾ രണ്ടു തല്ലുകൊടുക്കേണ്ട കഥാപാത്രമാണെന്ന് പറയുകയും ചെയ്യും. ന്യൂസ് മേക്കർ അവാർഡിനൊന്നും ‘കുപ്രസിദ്ധ വാർത്ത’ കിട്ടിയ എന്നെ ആരും പരിഗണിക്കില്ലല്ലോ, അതേസമയം മയക്കുമരുന്നുനിരോധന ദിനം പോലുള്ള പരിപാടിയ്ക്ക് എന്നെ വിളിക്കുകയും ചെയ്യും.

നിരന്തരം ഓഡിറ്റിംഗിനു വിധേയമാവുന്നതായി തോന്നുന്നുണ്ടോ? എന്തു ചെയ്താലും ആളുകൾ വിമർശിക്കുന്നതു പോലെ… എങ്ങനെയാണ് ഇതിനെയൊക്കെ നോക്കി കാണുന്നത്?

എന്നെ കുറിച്ച് പലപ്പോഴും അത്തരത്തിലുള്ള വാർത്തകൾ കൊടുക്കുന്നത് മാധ്യമങ്ങൾ കൂടിയാണ്. അവർക്ക് വിശദാംശകൾ അറിയേണ്ട, വാർത്ത മാത്രം മതി. കൊടുത്ത വാർത്ത തെറ്റാണെന്ന് മനസ്സിലായാൽ പോലും അത് തിരുത്തി കൊടുക്കാൻ പലരും തയ്യാറാവുന്നില്ല. ഷൈൻ ടോം ചാക്കോ ‘നാട്ടുകാരനെ തള്ളി’ എന്ന ആരോപണം വാർത്തയാവുമ്പോൾ ‘നാട്ടുകാരനെ തല്ലി’ എന്ന് വലിയ അക്ഷരത്തിൽ അടിച്ചുവരുന്നതൊക്കെ തമാശയല്ലേ!

അതുപോലെ ഒന്നാണ്, ഞാൻ മയക്കുമരുന്ന് അടിച്ചു അഭിമുഖം നൽകി എന്ന വാർത്ത. കാലിനു വയ്യാതെ വേദനസംഹാരികൾ കഴിച്ചിരിക്കുന്നതിനിടയിലാണ് ഞാൻ വെയിൽ പ്രമോഷന്റെ ഭാഗമായി ആ അഭിമുഖങ്ങൾ നൽകുന്നത്. ഞാൻ കാലിനു മരുന്നുവച്ചുകെട്ടി വരുന്നതുവരെ കാത്തിരുന്നവരാണ്, എന്റെ അവസ്ഥ നന്നായി കണ്ടറിഞ്ഞവർ, എന്നിട്ടും മയക്കുമരുന്ന് അടിച്ചാണ് സംസാരിച്ചതെന്ന രീതിയിൽ വളച്ചൊടിക്കപ്പെട്ടു.

അന്ന് ആ കേസു നടക്കുന്ന സമയത്തുമതെ, ഞാനെന്റെ ബ്ലഡ് ടെസ്റ്റ് ചെയ്യാൻ തിരുവനന്തപുരത്തേക്കും ഹൈദരാബാദിലേക്കുമൊക്കെ അയച്ചു, ആരോപണത്തിന്റെ സത്യാവസ്ഥ ബോധ്യപ്പെടുത്താൻ. ഫലം വന്നപ്പോൾ നെഗറ്റീവ്. എന്നാൽ അപ്പോഴെങ്കിലും തിരുത്തേണ്ടേ, പകരം കൊടുത്തത്, ഷൈൻ ടോം ചാക്കോ കൊക്കെയ്ൻ അടിച്ചെന്ന് തെളിയിക്കാനായില്ലെന്ന്. അടിച്ചില്ല എന്നും കൊടുക്കാലോ, അത് ചെയ്യില്ല. എനിക്കുമുണ്ടൊരു കുടുംബം, ഈ വാർത്തകളൊക്കെ കേട്ടിട്ട് അവര് സമാധാനത്തിൽ ഇരിക്കുമെന്ന് തോന്നുന്നുണ്ടോ. അതൊന്നും ആർക്കുമറിയേണ്ട.

എന്താണ് അന്ന് തല്ലുമാലയുടെ ലൊക്കേഷനിൽ സംഭവിച്ചത്?

തല്ലുമാലയുടെ ഷൂട്ടിനിടെയാണ് എന്റെ കാലിന് പരുക്ക് പറ്റിയത്. കാലിന് പ്ലാസ്റ്റർ ഇട്ടുകൊണ്ടാണ് 16 ദിവസത്തോളമായി ഞാൻ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഡോക്ടർ നാലാഴ്ചത്തേക്ക് റെസ്റ്റ് പറഞ്ഞ കേസാണ്.

ഒരു ഓഡിറ്റോറിയം വാടകയ്ക്ക് എടുത്ത് ഞങ്ങൾ ഷൂട്ട് ചെയ്തു കൊണ്ടിരിക്കുകയാണ്. ഒരു കല്യാണസീനാണ് എടുക്കുന്നത്. ബോൾട്ട്, ജിബ്, വില കൂടിയ ക്യാമറകൾ ഒക്കെ വച്ചാണ് ഷൂട്ട്. ടൊവിനോ എന്നെ അടിക്കുന്ന സീനാണ് ചിത്രീകരിക്കുന്നത്. ക്യാമറ എന്റെ മുകളിൽ വച്ചാണ് ഷൂട്ട് ചെയ്യുന്നത്. അപ്പോഴാണ് ഒരാൾ ഓഡിറ്റോറിയത്തിന് അകത്തേക്ക് കയറിവന്ന് “നിർത്ത്, ഈ പരിപാടി നിർത്ത്,” എന്നൊക്കെ പറഞ്ഞ് ഒച്ചവച്ചത്. “എന്താ പ്രശ്നം?” എന്നു ചോദിച്ചപ്പോൾ “പുറത്ത് വേസ്റ്റ് ഇട്ടിട്ട് നിങ്ങളിവിടെ ഇതു ഷൂട്ട് ചെയ്തുകൊണ്ടിരിക്കുകയാണോ?” എന്നൊക്കെ ചോദിച്ച് നല്ല കലിപ്പിലാണ് കക്ഷി.

“ആ പ്രശ്നമൊക്കെ പുറത്ത് ആളുകളില്ലേ,​ അവരോട് സംസാരിക്കൂ. ഷോട്ടിനിടയിൽ ബുദ്ധിമുട്ടിക്കരുത്,” എന്നു പറഞ്ഞു. ഞങ്ങളുടെ ടീമിലുള്ളവർ പുള്ളിയെ സമാധാനിപ്പിച്ച് ഒരുവിധം ഓഡിറ്റോറിയത്തിനു വെളിയിലേക്ക് കൊണ്ടുപോയി. കുറച്ചുകഴിഞ്ഞപ്പോൾ അയാൾ നാട്ടുകാരെ കൂട്ടിവന്നു, ഞാനയാളെ തള്ളി, എന്നെ തല്ലണം എന്നൊക്കെ പറഞ്ഞു. നിലത്ത് കിടക്കുന്ന ഞാനയാളെ തൊട്ടിട്ടുപോലുമില്ല. അയാളോട് എതിർത്ത് സംസാരിച്ച ആളുകളിൽ അയാൾക്കെന്നെ മാത്രമേ മനസ്സിലായിട്ടുള്ളൂ. ചെറിയ കശപിശയായി, അയാളുടെ കൂട്ടത്തിലുള്ളവർ ഞങ്ങളുടെ ടീമിലെ രണ്ടുപേരെ തല്ലി.

എന്നിട്ടും അന്ന് രാത്രി ഇരുകൂട്ടരും എല്ലാം പറഞ്ഞ് കോംപ്രമൈസ് ആക്കി പിരിഞ്ഞതാണ്. രാവിലെ കേൾക്കുന്നത്, അയാൾ പോയി ഹോസ്പിറ്റലിൽ അഡ്മിറ്റായി എന്നാണ്. അടിച്ചവൻ പോയി അഡ്മിറ്റായി എതിർഭാഗത്തെ ക്രൂശിക്കുന്ന സംഭവം നമ്മുടെ നാട്ടിൽ ആദ്യമായി നടക്കുന്ന കാര്യമാണോ? എല്ലാവർക്കും അറിയാവുന്ന ട്രിക്കാണിത്. ആ പൊറാട്ട് നാടകം കണ്ടു പ്രതികരിക്കുമ്പോൾ രോഷാകുലനാവാനുള്ള അവകാശമെങ്കിലും എനിക്കില്ലേ? എന്റെ കാലുവച്ച് എനിക്ക് മര്യാദയ്ക്ക് നടക്കാൻ പോലും വയ്യ, അതിനിടയിൽ നാട്ടാരെ തല്ലാൻ എനിക്കെന്താ ഭ്രാന്തുണ്ടോ?

ഇനി ഈ പറയുന്നതുപോലെ, എന്നെ ഓഡിറ്റ് ചെയ്യാനും തകർക്കാനും ആരെങ്കിലും നടക്കുന്നുണ്ടെങ്കിൽ ഞാനതിനെ കുറിച്ച് ബോധവാനല്ല, എന്നെയതൊന്നും ബാധിക്കുന്നുമില്ല. എനിക്കൊരുപാട് ജോലികൾ വേറെയുണ്ട്. സിനിമ മാത്രമാണ് എന്റെ ഫോക്കസ്.

Stay updated with the latest news headlines and all the latest Interview news download Indian Express Malayalam App.

Web Title: Actor shine tom chacko interview bheeshmaparvam thallumaala