/indian-express-malayalam/media/media_files/uploads/2019/10/shane-nigam-.jpg)
കൊച്ചി: തനിക്കെതിരെ 'വെയിൽ' ചിത്രത്തിന്റെ നിർമാതാവ് വധഭീഷണി മുഴക്കിയെന്ന ഷെയ്ൻ നിഗത്തിന്റെ ആരോപണത്തിന് മറുപടിയുമായി നിർമാതാവ് ജോബി ജോര്‍ജ്. താൻ ഷെയ്നിനെതിരെ വധഭീഷണി മുടക്കിയില്ലെന്നാണ് ജോബി ജോർജിന്റെ വിശദീകരണം.
നാലേ മുക്കാൽ കോടിയിലേറെ രൂപ മുടക്കി എടുക്കുന്ന ചിത്രമാണ് 'വെയില്‍' എന്നും എന്നാൽ ഇപ്പോൾ ചിത്രീകരണത്തില്‍ നിന്നും ഷെയ്ന്‍ ഒഴിഞ്ഞുമാറുന്നുവെന്നും ജോബി ജോർജ് പറഞ്ഞു. "30 ലക്ഷം രൂപയോളം പ്രതിഫലമായി ഷെയ്നു നൽകിയതാണ്, എന്നാൽ ഇപ്പോൾ പ്രതിഫലം കൂട്ടിചോദിക്കുന്നു. 40 ലക്ഷം പ്രതിഫലം വേണമെന്നാണ് ഷെയ്ൻ ആവശ്യപ്പെടുന്നത്," ജോബി ജോർജ് പറയുന്നു. ഈ പ്രശ്നവുമായി ബന്ധപ്പെട്ട് നിര്‍മ്മാതാക്കളുടെ സംഘടനയ്ക്ക് പരാതി നല്‍കിയതായി ജോബി ജോര്‍ജ് പറഞ്ഞു. ഏഷ്യാനെറ്റിനോട് പ്രതികരിക്കുകയായിരുന്നു ജോബി ജോർജ്.
ബുധനാഴ്ച രാത്രിയാണ് ഷെയ്ൻ നിർമാതാവിൽ നിന്നും വധഭീഷണി നേരിടുന്നു എന്ന ആരോപണവുമായി രംഗത്തെത്തിയത്. ഒന്നാം ഷെഡ്യൂൾ പൂർത്തിയായതിനു ശേഷം മറ്റൊരു സിനിമയ്ക്ക് വേണ്ടി ഗെറ്റ് അപ് ചേഞ്ച് ചെയ്തപ്പോൾ നിർമാതാവ് തനിക്കെതിരെ വധഭീഷണി മുഴക്കിയെന്നാണ് ഷെയ്നിന്റെ ആരോപണം.
ജോബി ജോര്‍ജിന്റെ ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ് നിര്‍മ്മിക്കുന്ന ചിത്രമാണ് ‘വെയില്‍’. ഷെയ്ന്‍ നായകനാവുന്ന ചിത്രത്തിന്റെ ഒന്നാം ഷെഡ്യൂള്‍ 20 ദിവസമായിട്ടാണ് നിശ്ചയിച്ചത്. എന്നാല്‍ 16 ദിവസത്തിനകം തന്നെ ഷൂട്ടിങ് പൂര്‍ത്തിയായി. ഇതോടെ അടുത്ത ചിത്രമായ ‘കുര്‍ബാനി’യുടെ ലൊക്കേഷനിലേക്കായി ഷെയ്ന്‍ പോയി. ‘വെയിലി'ല്‍ ഷെയ്‌ന്റേത് മുടി നീട്ടി വളര്‍ത്തിയ ഗെറ്റപ്പായിരുന്നു.
എന്നാല്‍ ‘കുര്‍ബാനി’യിലെ ഗെറ്റപ്പിനായി പിന്‍വശത്തു നിന്നും മുടി അല്‍പ്പം വെട്ടി. ഇതോടെ താന്‍ ‘വെയിലി’ന്റെ ഷൂട്ടിങ് മുടക്കാനായി മുടി വെട്ടുകയായിരുന്നുവെന്ന് ആരോപിച്ച് തനിക്കെതിരെ ജോബി വധ ഭീഷണി മുഴക്കിയെന്നാണ് ഷെയ്ന്‍ പറയുന്നത്. ഫെയ്സ്ബുക്ക് ലൈവിലൂടെ ഇക്കാര്യം ആവർത്തിച്ചുകൊണ്ട് ഷെയ്ൻ രംഗത്തെത്തുകയും ചെയ്തിരുന്നു. വിഷയം ചൂണ്ടികാട്ടി താര സംഘടനയായ അമ്മയ്ക്കും ഷെയ്ൻ പരാതി നൽകിയിട്ടുണ്ട്.
Read more: നിര്‍മാതാവില്‍ നിന്നും വധ ഭീഷണിയെന്ന് ഷെയ്ന്‍ നിഗം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.