/indian-express-malayalam/media/media_files/uploads/2022/08/Mohanlal-Mammootty-Narasimham.jpg)
മോഹൻലാൽ - ഷാജി കൈലാസ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ആഘോഷചിത്രങ്ങളിൽ ഒന്നാണ് നരസിംഹം. ഈ സൂപ്പർ ഹിറ്റ് ചിത്രത്തിൽ ഒരു കിടിലൻ അതിഥിവേഷത്തിൽ മമ്മൂട്ടിയും അഭിനയിച്ചിരുന്നു. ചിത്രത്തിലെ നന്ദഗോപാൽ മാരാർ എന്ന മമ്മൂട്ടിയുടെ വക്കീൽ വേഷം ആരാധകർ നെഞ്ചിലേറ്റിയ ഒന്നാണ്. വാക്‌സാമർത്ഥ്യം കൊണ്ടും ശൗര്യം കൊണ്ടും കോടതി മുറിയിലെ വിസ്താരസീനുകളിൽ മമ്മൂട്ടി തിളങ്ങി നിന്നു.
"നാസിക്കിലെ റിസർവ് ബാങ്കിന്റെ നോട്ടടിക്കുന്ന പ്രസ്സുണ്ടല്ലോ, കമ്മട്ടം. അതെടുത്തോണ്ടു വന്ന് തുലാഭാരം തൂക്കിയാലും മാരാര് ഇരിക്കുന്ന തട്ട് താണു തന്നെ ഇരിക്കും. മക്കളേ, രാജസ്ഥാൻ മരുഭൂമിയിലേക്കു മണല് കേറ്റി വിടല്ലേ," തുടങ്ങിയ മമ്മൂട്ടി ഡയലോഗുകൾ ഹര്‍ഷാരവത്തോടെയാണ് തിയേറ്റർ വരവേറ്റത്.
ചിത്രം പുറത്തിറങ്ങി രണ്ടു പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ഇന്നും മലയാളികളുടെ സിനിമാചർച്ചകളിൽ പല രീതിയിൽ നരസിംഹം വിഷയമായി കടന്നു വരാറുണ്ട്. പുല്ലു പോലെ കോടതിയിൽ നിന്നും ഇറക്കികൊണ്ടുവരാൻ സാമർത്ഥ്യമുള്ള മാരാർ ഉണ്ടായിട്ടും ഇന്ദുചൂഢൻ 6 വർഷം ജയിലിൽ കിടന്നതെങ്ങനെയെന്ന ചോദ്യവും ട്രോളന്മാർ ആഘോഷമാക്കിയിരുന്നു. തീർത്തും ന്യായമായ പ്രേക്ഷകരുടെ ആ ചോദ്യത്തിന് സംവിധായകൻ ഷാജി കൈലാസ് പറഞ്ഞ ഉത്തരമാണ് ശ്രദ്ധ നേടുന്നത്.
‘ജയിലില്‍ കിടക്കുമ്പോള്‍ ഇന്ദുചൂഡന്‍ ആരെയും സ്വാധീനിക്കാന്‍ പോയില്ല. ചെയ്യാത്ത കുറ്റത്തിനാണ് അയാള്‍ ജയിലില്‍ കിടന്നത്. അച്ഛന്‍ കംപ്ലീറ്റ് ലോക്ക്ഡായി. അച്ഛന് പ്രശ്‌നമുണ്ടാകുമ്പോള്‍ അദ്ദേഹത്തെ ജയിലില്‍ കേറ്റാന്‍ പാടില്ല. തനിക്ക് ഒരു പ്രശ്‌നമുണ്ടായാല്‍ താന്‍ സഹിച്ചോളാം. പക്ഷേ അച്ഛന് പ്രശ്‌നമുണ്ടാവാന്‍ പാടില്ല. ആ രീതിയിലാണ് അയാൾ സുഹൃത്തായ നന്ദഗോപാല്‍ മാരാരെ സമീപിക്കുന്നത്," എന്നായിരുന്നു കുറച്ചു ദിവസങ്ങൾക്കു മുൻപ് ക്ലബ്ബ് എഫ്.എമ്മിനു നൽകിയ അഭിമുഖത്തിനിടെ ഷാജി കൈലാസിന്റെ മറുപടി.
"രണ്ടാം പകുതി എഴുതി കഴിഞ്ഞപ്പോഴാണ് നന്ദഗോപാല്‍ മാരാര്‍ എന്ന കരുത്തനായ കഥാപാത്രത്തെ ആര് അവതരിപ്പിക്കും എന്ന ചിന്ത വന്നത്. സുരേഷ് ഗോപിയെ അടക്കം പല താരങ്ങളെ ആ വേഷത്തില്‍ ചിന്തിച്ചെങ്കിലും ഒടുവില്‍ മമ്മൂട്ടിയില്‍ എത്തുകയായിരുന്നു," എന്ന് മറ്റൊരവസ്ഥയിൽ ചിത്രത്തിലെ കാസ്റ്റിംഗിനെ കുറിച്ച് ഷാജി കൈലാസ് പറഞ്ഞിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.