scorecardresearch

ഞാന്‍ കാരണമാണ് ആളുടെ കാമുകി ഇട്ടിട്ട് പോയത്, ഇതെന്നോട് പ്രതികാരം തീർത്തതാണ്: കുഞ്ചാക്കോ ബോബൻ

‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ തന്റെ മേക്കോവറിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തി ചാക്കോച്ചൻ

ഞാന്‍ കാരണമാണ് ആളുടെ കാമുകി ഇട്ടിട്ട് പോയത്, ഇതെന്നോട് പ്രതികാരം തീർത്തതാണ്: കുഞ്ചാക്കോ ബോബൻ

സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന ‘ന്നാ താൻ കേസ് കൊട്’. ആഗസ്റ്റ് 11നാണ് ചിത്രം തിയേറ്ററിലെത്തുന്നത്.

ചിത്രത്തിലെ ചാക്കോച്ചന്റെ ലുക്കും ദേവദൂതർ പാടിയെന്ന ഗാനവുമൊക്കെ ഇതിനകം തന്നെ വൈറലായി കഴിഞ്ഞു. 11 മില്യൺ വ്യൂസ് നേടി യൂട്യൂബ് ട്രെൻഡിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തികൊണ്ട് ജൈത്രയാത്ര തുടരുകയാണ് ഈ ഗാനം. ഇതുവരെ കാണാത്ത രൂപഭാവങ്ങളുമായാണ് ചിത്രത്തിൽ ചാക്കോച്ചൻ എത്തുന്നത്.

‘റൊമാന്റിക് ഹീറോയായ ഞങ്ങളുടെ ചാക്കോച്ചനെ ഇതുപോലെ രൂപം മാറ്റിയെടുത്തത് ആരാണ്?’ എന്നായിരുന്നു ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പുറത്തുവന്നപ്പോൾ കുഞ്ചാക്കോ ബോബൻ ആരാധകരുടെ പരാതി. അതേസമയം, വേറിട്ട പരീക്ഷണങ്ങൾക്ക് തയ്യാറാവുന്ന ചാക്കോച്ചനിലെ നടന് കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ.

ഇപ്പോഴിതാ, ചിത്രത്തിലെ തന്റെ മേക്കോവറിനു പിന്നിലെ ഒരു രഹസ്യത്തെ കുറിച്ചു പറയുകയാണ് ചാക്കോച്ചൻ. “രതീഷ് പൊതുവാളിന്റെ തോന്നിവാസങ്ങളാണ് ഇതൊക്കെ. മാനം മര്യാദയ്ക്ക് ചെറിയ സിനിമകളൊക്കെ ചെയ്ത് കൊണ്ടിരുന്ന എന്നെ ഈ കോലത്തിലാക്കണമെന്നുള്ള വാശി പുള്ളിയ്ക്ക് ഉണ്ടായിരുന്നു. എന്താണതെന്ന് ഞാനും ആലോചിച്ചു. ഇത്രയും വെറൈറ്റി കാര്യങ്ങളൊക്കെ പുള്ളി പിടിച്ചത് എന്തിനാണെന്ന ആകാംക്ഷ എനിക്കുണ്ടായിരുന്നു.”

ടീസര്‍ റിലീസായ ദിവസം ക്രൂവിൽ തന്നെയുള്ള ഒരാളെനിക്ക് ഒരാളെനിക്ക് മെസേജ് അയച്ചു, പുള്ളി രതീഷിന്റെ നാട്ടുകാരനാണ്. “ചാക്കോച്ചാ.. ടീസര്‍ കണ്ടു. നിങ്ങളുടെ ലുക്ക് അപാരം. പക്ഷേ, എനിക്കൊരു കാര്യം പറയാനുള്ളത് നിങ്ങളോടുള്ള ദേഷ്യം കാരണമാണ് രതീഷ് നിങ്ങളോട് ഇങ്ങനെ ചെയ്തത്, ഇയൊരു കോലത്തിലാക്കിയത്,” എന്നു പറഞ്ഞു.

“രതീഷും ഞാനുമായി പ്രശ്‌നമൊന്നുമില്ലല്ലോ, പിന്നെ എന്താണെന്ന് ഞാനും ആലോചിച്ചു. ആൻഡ്രോയിഡ് കുഞ്ഞപ്പന്റെ എന്റെ കഥ എന്നോട് പറഞ്ഞപ്പോൾ ഞാൻ നോ പറഞ്ഞിരുന്നു. പിന്നെ സിനിമ തിയേറ്ററിൽ കണ്ട ശേഷം പുള്ളിയോട് ഞാൻ, ‘കഥ പറയുമ്പോൾ മര്യാദയ്ക്ക് പറയേണ്ടേ മനുഷ്യാ, എനിക്ക് അന്ന് കഥ പിടികിട്ടിയില്ല,” എന്നു പറഞ്ഞിരുന്നു. ഇനി അതാണോ?”

“രതീഷിന്റെ നാട്ടുകാരനായ ആ സുഹൃത്ത് തന്നെ ഒടുവിൽ കാരണം പറഞ്ഞു, പണ്ട് രതീഷ് കോളേജില്‍ പഠിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കാമുകി എന്റെ പേര് പറഞ്ഞാണ് പുള്ളിയെ തേച്ചിട്ട് പോയത്. ആ വൈരാഗ്യം ഇത്രയും കാലം കൊണ്ട് നടന്നു, ആനപ്പകയെന്നൊക്കെ നമ്മള് കേട്ടിട്ടല്ലേയുള്ളൂ,” എന്നായിരുന്നു കുഞ്ചാക്കോ ബോബന്റെ ചിരിയോടെയുള്ള മറുപടി. പേളി മാണി ഷോയിൽ സംസാരിക്കുകയായിരുന്നു ചാക്കോച്ചൻ.

“കഥാപാത്രത്തിനെ ടാൻ ചെയ്യിക്കുക, പല്ലുവെപ്പിക്കുക, തലമുടി മൊത്തം​ എണ്ണ തേപ്പിച്ച് ഒട്ടിച്ചുവയ്ക്കുക തുടങ്ങിയതെല്ലാം രതീഷിന്റെ തന്നെ ഐഡിയയായിരുന്നു. ചിത്രത്തിനായി മേക്കപ്പ് ചെയ്യാത്ത​ ഒരിഞ്ചുഭൂമി പോലും എന്റെ ശരീരത്തിലില്ല,” ചാക്കോച്ചൻ കൂട്ടിച്ചേർത്തു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Kunchacko boban opens up about nna thaan case kodu director ratheesh pothuval s sweet revenge pearly maaney show