scorecardresearch

എന്റെ പിതാവ് ദരിദ്രനായിരുന്നു, പക്ഷേ ഏറ്റവും വിലപിടിച്ച 5 സമ്മാനങ്ങൾ തന്നത് അദ്ദേഹമാണ്: ഷാരൂഖ് ഖാൻ

"എന്റെ പിതാവ് തന്ന അവസാനത്തെ ഉപഹാരമായിരുന്നു ഏറ്റവും അമൂല്യമായത്. അതൊരു സമ്മാനമാണെന്ന് ഞാൻ തിരിച്ചറിഞ്ഞത് എന്റെ പതിനഞ്ചാം വയസ്സിൽ അദ്ദേഹം മരിച്ച ദിവസമാണ്"

"എന്റെ പിതാവ് തന്ന അവസാനത്തെ ഉപഹാരമായിരുന്നു ഏറ്റവും അമൂല്യമായത്. അതൊരു സമ്മാനമാണെന്ന് ഞാൻ തിരിച്ചറിഞ്ഞത് എന്റെ പതിനഞ്ചാം വയസ്സിൽ അദ്ദേഹം മരിച്ച ദിവസമാണ്"

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Shah Rukh Khan, Shah Rukh Khan father

സ്ഥിരോത്സാഹവും കഠിനപ്രയത്നവുമാണ് ബോളിവുഡിന്റെ സ്വന്തം കിംഗ് ഖാൻ എന്ന പദവിയിലേക്ക് ഷാരൂഖ് ഖാനെ ഉയർത്തിയത്. ബ്രിട്ടീഷ് ഇന്ത്യയിലെ (ഇന്നത്തെ പാകിസ്ഥാൻ) പെഷവാറിൽ നിന്നുള്ള സ്വാതന്ത്ര്യ സമര പ്രവർത്തകനായിരുന്നു ഷാരൂഖിന്റെ പിതാവായ മീർ താജ് മുഹമ്മദ് ഖാൻ.

Advertisment

ധാരാളം വായിക്കുകയും ചിന്തിക്കുകയുമൊക്കെ ചെയ്യുന്ന വിദ്യാസമ്പന്നനായ അദ്ദേഹം പേർഷ്യൻ, സംസ്‌കൃതം, പുഷ്‌തു, പഞ്ചാബി, ഹിന്ദി, ഇംഗ്ലീഷ് എന്നിങ്ങനെ ആറ് ഭാഷകൾ സ്വായത്തമാക്കിയിരുന്നു. എന്നാൽ, പിതാവിന്റെ സംരക്ഷണത്തിൽ അധികനാൾ കഴിയാനുള്ള ഭാഗ്യം ഷാരൂഖിന് ഉണ്ടായിരുന്നില്ല.

ക്യാൻസർ ബാധിച്ച് മീർ താജ് മുഹമ്മദ് ഖാൻ മരിക്കുമ്പോൾ ഷാരൂഖ് ഖാന് 15 വയസ്സ് മാത്രമാണ് പ്രായം. ഷാരൂഖിന് 25 വയസ്സായപ്പോഴേക്കും മാതാവ് ലതീഫ് ഫാത്തിമയും അന്തരിച്ചു. തുടർന്നങ്ങോട്ട് കഷ്ടപ്പാടുകൾ താണ്ടി, പ്രതിബന്ധങ്ങളെ അതിജീവിച്ച് സ്വപ്നസമാനമായൊരു ജീവിതം പടുത്തുയർത്തിയ കഥയാണ് ഷാരൂഖ് ഖാന് പറയാനുള്ളത്.

തന്റെ പിതാവിനെ കുറിച്ചും അദ്ദേഹം നൽകിയ വിലപ്പിടിച്ച അഞ്ച് സമ്മാനങ്ങളെ കുറിച്ചും ഷാരൂഖ് മനസ്സുതുറക്കുന്ന ഒരു ത്രോബാക്ക് വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. ഇന്നത്തെ ഷാരൂഖ് ഖാനെ വാർത്തെടുക്കുന്നതിൽ ആ സമ്മാനങ്ങൾക്ക് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് പറയുകയാണ് താരം. ബ്രൂട്ട് ഇന്ത്യയ്ക്ക് 2016ൽ നൽകിയ ഒരു അഭിമുഖത്തിൽ നിന്നുള്ളതാണ് ഈ വീഡിയോ.

ഷാരൂഖിന്റെ വാക്കുകളിങ്ങനെ:

Advertisment

എന്റെ പിതാവൊരു ദരിദ്രനായിരുന്നു, തൊഴിൽ രഹിതനും. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ അദ്ദേഹം കഷ്ടപ്പെടുന്നത് കുട്ടിക്കാലത്ത് ഞാൻ കണ്ടിട്ടുണ്ട്. എന്റെ പത്തു വയസ്സു മുതൽ 15 വയസ്സുവരെ വിലകൂടിയ സമ്മാനങ്ങൾ വാങ്ങിത്തരാൻ അദ്ദേഹത്തിന് ശേഷിയില്ലായിരുന്നു, അതിനാൽ കൈവശമുള്ള പഴയ വസ്തുക്കൾ പത്രക്കടലാസിൽ പൊതിഞ്ഞ് പിറന്നാൾ സമ്മാനമായി എനിക്കദ്ദേഹം നൽകുമായിരുന്നു. എന്റെ പിതാവ് തന്ന അഞ്ച് സമ്മാനങ്ങളുടേതാണ് ഈ കഥ, അവയെങ്ങനെയാണ് ഇന്നത്തെ എന്നെ രൂപപ്പെടുത്തിയതെന്നും.

പത്താം വയസ്സിലാണ് എനിക്കൊരു പഴയ ചെസ്സ് ബോർഡ് അദ്ദേഹം സമ്മാനമായി നൽകിയത്. ചെസ്സ് ജീവിതത്തിന്റെ പ്രതിഫലനമാണ്! പറഞ്ഞു പഴകിയതാണെങ്കിലും അത് സത്യമാണ്. അത് നിങ്ങളെ പഠിപ്പിക്കുന്ന ആദ്യ പാഠമെന്തെന്നാൽ ഓരോ നീക്കങ്ങൾക്കും അതിന്റേതായ അനന്തര ഫലമുണ്ട് എന്നാണ്. നിങ്ങളത് അറിഞ്ഞ് ചെയ്താലും ഇല്ലെങ്കിലും! ജീവിതത്തിലെ ഒരൊറ്റ നിമിഷവും ശൂന്യമായി കടന്നു പോകുന്നില്ല. അതിനാൽ കാര്യങ്ങൾ ആവർത്തിച്ചുറപ്പിക്കുക, എല്ലായ്പ്പോഴും കഴിഞ്ഞില്ലെന്നുവരും എങ്കിലും അതിനായി ശ്രമിക്കുക! അങ്ങനെ ചെയ്താൽ നിങ്ങളുടെ ജീവിതം ചെസ് ബോർഡിലെ കളങ്ങൾ പോലെ കറുപ്പും വെളുപ്പുമാകില്ല. ചില നേരം മുന്നോട്ട് കുതിക്കും മുമ്പ് ഏതാനും അടി പുറകോട്ട് വെക്കേണ്ടി വരും. കുറച്ചുകാലത്തേക്ക് നമുക്ക് ബുദ്ധിമുട്ടായി തോന്നുന്ന കാര്യങ്ങൾ ചെയ്യുന്നതിലും നഷ്ടമൊന്നുമില്ല, പക്ഷേ അതെല്ലാം മൂല്യവത്തായിരുന്നുവെന്ന് കാലം കൊണ്ട് തെളിയിക്കണം.

എന്റെ പിതാവ് സമ്മാനിച്ചതിൽ ഏറ്റവും അമൂല്യമായത് ഒരു ഇറ്റാലിയൻ ടൈപ്പ് റൈറ്ററാണ്. ഒരു ടൈപ്പ് റൈറ്റർ നന്നായി ഉപയോഗിക്കാൻ നിങ്ങൾക്ക് കൂർമ്മബുദ്ധി കൂടിയേ തീരൂ. തെറ്റിപ്പോവുന്ന ഒരു അക്ഷരം മതി മുഴുവൻ ജോലിയും ആദ്യം മുതൽ വീണ്ടും തുടങ്ങേണ്ടി വരും. ടൈപെക്സ് എന്നൊരു സംവിധാനമാണ് ഞങ്ങളന്ന് ഉപയോഗിച്ചിരുന്നത്. മനസ്സിലെ വാക്കുകൾ ടൈപ്പ് ചെയ്യാനായി വിരലുകളുടെ നിയന്ത്രണം സ്വായത്തമാക്കേണ്ടതുണ്ട്. കൂടുതൽ സൂക്ഷ്മതയോടെ ജോലി ചെയ്തുകൊണ്ടേയിരിക്കുക. മുതിർന്ന വ്യക്തിയായപ്പോൾ എനിക്ക് ബോധ്യമായൊരു കാര്യം നിങ്ങളുടെ സ്ഥിരോത്സാഹത്തേക്കാളും കഠിനാധ്വാനത്തേക്കാളും പ്രാധാന്യമുള്ള മറ്റൊന്നുമില്ല എന്നതാണ്. നിങ്ങൾ ചെയ്യുന്നതെല്ലാം കൂടുതൽ ശ്രദ്ധയോടെ വീണ്ടും ചെയ്യാൻ ശ്രമിക്കുക. പരിശീലനം എല്ലാത്തിനെയും എളുപ്പമാക്കും. ഏതൊരു ജോലി ചെയ്യുമ്പോഴും അത് നിങ്ങളുടെ ആദ്യ ജോലിയാണെന്ന് കരുതുക. എങ്കിൽ മാത്രമേ, അത് ശരിയായി ചെയ്യാനും മറ്റുള്ളവരിൽ മതിപ്പുണ്ടാക്കാനും നിങ്ങൾക്ക് സാധിക്കൂ. അതേസമയം നിങ്ങളുടെ അവസാനത്തെ ജോലിയാണെന്നും കരുതുക, ഇനിയൊരവസരം ലഭിക്കില്ലെന്നു കരുതി അർപ്പണഭാവത്തോടെ അതിനെ സമീപിക്കുക.

Also Read: അമാലിനൊപ്പം അവധിക്കാലം ആഘോഷിച്ച് ദുല്‍ഖര്‍; ചിത്രങ്ങള്‍

പിന്നീടെനിക്ക് പിതാവ് സമ്മാനിച്ചത് ഒരു ക്യാമറയാണ്. രസകരമായ കാര്യമെന്തെന്നാൽ, അത് പ്രവർത്തനക്ഷമമായിരുന്നില്ല. അതിനാൽ ഒരു ഫോട്ടോ പോലുമെടുത്തില്ല! സർഗാത്മകത ആത്മാവിലാണ് നടക്കുന്നത് എന്നതാണ് ഞാൻ പഠിച്ച പാഠം. അതിൽ നിന്നൊരു പ്രൊഡക്റ്റോ ലോകം അംഗീകരിക്കുന്ന നേട്ടമോ ഉണ്ടാകണമെന്നില്ല. അതു നമ്മുടെ ഉള്ളിൽ നിന്നാണ് വരിക. നിങ്ങളുടെ സർഗാത്മകതയെ ഭയപ്പെടാതെ ആദരവോടെ കാണുക.

എന്റെ പിതാവ് നല്ലൊരു തമാശക്കാരനായിരുന്നു. എത്ര ഗൗരവമുള്ള സംഭവത്തെയും ഹാസ്യാത്മകമായി സമീപിക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. തമാശകളില്ലെങ്കിൽ ലോകം വിരസമായൊരു ഇടമായി മാറിയേനെ. ഏതു അന്ധകാരവും ഹൃദയം തുറന്ന ഒരു ചിരിയ്ക്കു മുന്നിൽ നിഷ്‌പ്രഭമാവും. അത് നിങ്ങൾക്ക് എല്ലാം അഭിമുഖീകരിക്കാനുള്ള ധൈര്യം തരും. അത് നിങ്ങളുടെ കാഴ്ചപ്പാടിനെ മാറ്റുന്നുണ്ട്.

എന്റെ പിതാവ് തന്ന അവസാനത്തെ ഉപഹാരമായിരുന്നു ഏറ്റവും ചാരുതയാർന്നത്. അതൊരു സമ്മാനമാണെന്ന് ഞാൻ തിരിച്ചറിഞ്ഞത് എന്റെ പതിനഞ്ചാം വയസ്സിൽ അദ്ദേഹം മരിച്ച ദിവസമാണ്. നമ്മുടെ മാതാപിതാക്കൾ നൽകുന്ന ഏറ്റവും വലിയ സമ്മാനം, നമ്മുടെ ജീവിതം തന്നെയാണ്. ഒരു സത്രീയേയോ പുരുഷനെയോ അസാധാരണമാക്കുന്നത് ദയയാണ്. ജീവിതമെന്നത് നമ്മേക്കാൾ വലുതാണെന്ന തിരിച്ചറിവ് നൽകുന്നു. ലോകത്തോട് നന്ദിയുള്ളവരായിരിക്കാൻ അതു നമ്മെ പ്രേരിപ്പിക്കുന്നു. നമ്മോട് സ്നേഹത്തോടെയോ പരുക്കനായോ പെരുമാറുന്ന എല്ലാവരും നമ്മളെ പോലെ തന്നെയുള്ള മനുഷ്യരാണെന്ന മനസ്സിലാക്കലാണത്. അനുഭവങ്ങളാണ് മനുഷ്യനെ രൂപപ്പെടുത്തുന്നത്. നമ്മൾ ഏതെങ്കിലും മേഖലകളിൽ വിജയിയാണെന്നത് കൊണ്ട് മറ്റൊരു മനുഷ്യനേക്കാൾ മികച്ചവനാണ് എന്നർത്ഥമില്ല.

Shah Rukh Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: