/indian-express-malayalam/media/media_files/uploads/2021/10/Kajol-Shabana-Azmi.jpg)
ഷാരൂഖ് ഖാനും കാജോളും റാണി മുഖർജിയും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ 'കുച്ച് കുച്ച് ഹോതാ ഹേ' ബോളിവുഡ് സിനിമകളുടെ ചരിത്രത്തിലെ തന്നെ ഏറെ ശ്രദ്ധേയമായ പ്രണയചിത്രങ്ങളിൽ ഒന്നാണ്. 90 കളിൽ ഏറെ ആഘോഷിക്കപ്പെട്ട ചിത്രം യുവാക്കൾക്കിടയിൽ തരംഗമായി. എന്നാൽ ഇക്കാലയളവിനിടെ സ്വീകാര്യതയ്ക്ക് ഒപ്പം തന്നെ നിശിതമായ ചില വിമർശനങ്ങളും ചിത്രത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. ഒക്ടോബർ 16-ാം തീയതിയായിരുന്നു ചിത്രത്തിന്റെ 23-ാം വാർഷികം.
തിരിഞ്ഞു നോക്കുമ്പോൾ ഏറെ പ്രശ്നങ്ങളുള്ള, പൊളിറ്റിക്കലി കറക്റ്റ് അല്ലാത്ത ചിത്രമാണ് 'കുച്ച് കുച്ച് ഹോതാ ഹേ' എന്ന് സംവിധായകൻ കരൺ ജോഹർ തന്നെ അടുത്തിടെ തുറന്നു പറഞ്ഞിരുന്നു. ഒപ്പം 'കുച്ച് കുച്ച് ഹോതാ ഹേ' കണ്ട് ഷബാന ആസ്മി തന്നോട് കയർത്ത ഒരനുഭവവും കരൺ പങ്കുവച്ചു.
ചിത്രത്തിലെ കാജോളിന്റെ ഷോർട്ട് ഹെയർ സ്റ്റൈലിനെ ചൊല്ലിയായിരുന്നു ഷബാന ആസ്മി കരണിനോട് കയർത്തത്. "കുച്ച് കുച്ച് ഹോതാ ഹേ' ഒട്ടും പൊളിറ്റിക്കലി കറക്റ്റ് അല്ലാത്ത ചിത്രമാണ്. ഞാൻ ഓർക്കുന്നു, യുകെയിൽ എവിടെയോ വെച്ച് ചിത്രം കണ്ട നടി ഷബാന ആസ്മി എന്നെ വിളിച്ചു. അവർ ദേഷ്യത്തിലും നടുക്കത്തിലുമായിരുന്നു. നിങ്ങളെന്താണ് കാണിച്ചത്? ഷോർട്ട് ഹെയറുള്ള പെൺകുട്ടികൾ സുന്ദരികളല്ല എന്നാണോ, മുടി വളർത്തിയതോടെ അവൾ ഭംഗിയുള്ളവളായി മാറുമെന്നോ? ഇതുവഴി നിങ്ങൾ എന്താണ് പറയാൻ ഉദ്ദേശിക്കുന്നത്. ഞാൻ അവരോട് ക്ഷമ പറഞ്ഞു. എന്ത്? നിങ്ങൾക്ക് ഇത്രയേ പറയാനുള്ളോ? എന്നായി അവർ. അതെ, കാരണം നിങ്ങൾ പറഞ്ഞത് ശരിയാണെന്ന് എനിക്കറിയാം എന്നായിരുന്നു എന്റെ മറുപടി. ” 2019ൽ മെൽബണിൽ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കുമ്പോഴായിരുന്നു കരൺ ജോഹർ ഇക്കാര്യം തുറന്നു പറഞ്ഞത്. 'കുച്ച് കുച്ച് ഹോതാ ഹേ' അതിന്റെ 23-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ കരണിന്റെ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുകയാണ്.
സിനിമയുടെ ആദ്യപകുതിയിൽ ഷോർട്ട് ഹെയറായി ആൺകുട്ടികളെ പോലെ നടക്കുന്ന ഒരു ടോംബോയ് കഥാപാത്രത്തെയായിരുന്നു (അഞ്ജലി) ചിത്രത്തിൽ കാജോൾ അവതരിപ്പിച്ചത്. രഹസ്യമായി അവൾ അവളുടെ സുഹൃത്തിനെ (രാഹുൽ) പ്രണയിക്കുന്നു. ആ പ്രണയം കണ്ണീരിൽ ചെന്നവസാനിക്കുന്നതോടെ അഞ്ജലിനെ കോളേജും പഠനവും സൗഹൃദവുമെല്ലാം ഉപേക്ഷിച്ചുപോവുന്നു. എട്ടു വർഷങ്ങൾക്കു ശേഷം രാഹുൽ അഞ്ജലിയെ കണ്ടുമുട്ടുന്നതും ജീൻസും ഷോർട്ട് ഹെയറുമെല്ലാം ഉപേക്ഷിച്ച് മുടി നീട്ടി വളർത്തി സാരിയിൽ പ്രത്യക്ഷപ്പെടുന്ന അഞ്ജലിയുമായി പ്രണയത്തിലാവുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.
Read more: ഇതെന്ത് പൊട്ടക്കഥയെന്ന് ഷാരൂഖ് വിധിയെഴുതിയ ആ ‘സൂപ്പർഹിറ്റ്’ ചിത്രത്തിന് ഇന്ന് 23 വയസ്സ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.