മനുഷ്യരുടെ ജീവിതം പോലെയാണ് ചിലപ്പോൾ സിനിമകളുടെ കാര്യവും, അവയുടെ വിധിയെന്താവുമെന്ന് പ്രവചിക്കുക അസാധ്യം. ഓർക്കാപ്പുറത്താവാം ചിലപ്പോൾ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന് സിനിമ സൂപ്പർ ഹിറ്റായി മാറുക. അതേസമയം, വിജയിക്കുമെന്നുറപ്പുള്ള എല്ലാ ചേരുവകളോടെയും അണിയിച്ചൊരുക്കുന്ന ഒരു ചിത്രം ചിലപ്പോൾ ബോക്സ് ഓഫീസിൽ ദയനീയമായ പരാജയമാവും ഏറ്റുവാങ്ങുക. ഭാഗ്യനിർഭാഗ്യങ്ങളുടെ ഒരു കളിയരങ്ങാണ് വെള്ളിത്തിര.
21 വർഷങ്ങൾക്ക് അപ്പുറം കഥ കേട്ട്, ‘ഇതെന്തൊരു പൊട്ടക്കഥ’യെന്ന് ഷാരൂഖ് ഖാൻ വിധിയെഴുതിയൊരു സിനിമ. എന്നാൽ ഷാരൂഖും സംവിധായകനും തമ്മിലുള്ള സൗഹൃദവും സംവിധായകന് തന്റെ കഥയിലുള്ള ബോധ്യവും കൊണ്ടുമാത്രം ആ പ്രൊജക്റ്റ് മുന്നോട്ട് പോവുകയും വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു. ‘കുച്ച് കുച്ച് ഹോത്താ ഹെ’- ബോളിവുഡ് കണ്ട എക്കാലത്തെയും ജനപ്രിയ ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന്റെ 21-ാം വാർഷികമാണ് ഇന്ന്.
“കരൺ വന്ന് എന്നോട് തീർത്തും നോൺസെൻസായ ഒരു പൊട്ടക്കഥ പറഞ്ഞു, തീർച്ചയായും അത് നിങ്ങൾ തിയേറ്ററിൽ കണ്ട ഫൈനൽ കഥയല്ല. കരൺ വിചിത്രമായ രീതിയാൽ അയാളുടെ ആ കഥയിലേക്ക് എന്നെ ആകർഷിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. ഞാൻ യെസ് പറയുമ്പോൾ എന്താണ് സിനിമയുടെ കഥയെന്ന് എനിക്ക് മനസ്സിലായിരുന്നില്ല. അന്ന് കഥയിലേക്ക് കൂടുതൽ കടക്കാത്തതിൽ എനിക്ക് സന്തോഷമുണ്ട്. കരണിന്റെ ബോധ്യത്തിനു പുറത്ത് മുന്നോട്ട് പോവുകയായിരുന്നു, അല്ലായിരുന്നെങ്കിൽ ഈ സിനിമ സംഭവിക്കില്ലായിരുന്നു,” ‘കുച്ച് കുച്ച് ഹോത്താ ഹെ’യെ സംഭവിച്ചതിനെ കുറിച്ച് ഷാരൂഖ് ഖാൻ പറഞ്ഞതിങ്ങനെ.
‘ദിൽവാലേ ദുൽഹനിയ ലേ ജായേഗേ (1995)’ എന്ന ചിത്രത്തിൽ ആദിത്യ ചോപ്രയുടെ അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിൽ അരങ്ങേറ്റം കുറിച്ച കാലം മുതലുള്ള സൗഹൃദമാണ് കരൺ ജോഹറും ഷാരൂഖ് ഖാനും തമ്മിൽ. തന്റെ ആദ്യ സംവിധാനസംരംഭമായ ‘കുച്ച് കുച്ച് ഹോത്താ ഹേ’യിലേക്ക് നായകനായി കരൺ ക്ഷണിച്ചതും ഷാരൂഖ് ഖാനെ ആയിരുന്നു.
‘പ്യാർ ദോസ്തി ഹെ’ എന്ന പഞ്ച് ഡയലോഗുമായി പ്രണയത്തിനും സൗഹൃദത്തിനുമിടയിൽ ഒരു നേർത്ത അതിർവരമ്പു മാത്രമേയുള്ളൂ എന്ന് പറഞ്ഞുകൊണ്ട് ഇന്ത്യൻ യുവത്വത്തിന്റെ മനസ്സ് കീഴടക്കിയ കഥാപാത്രങ്ങളാണ് ‘കുച്ച് കുച്ച് ഹോത്താ ഹേ’യിലെ രാഹുല്‍, അഞ്ജലി, ടീന ജോഡികൾ. ത്രികോണ പ്രണയത്തിന്റെ വേദനയും വിങ്ങലുമെല്ലാം ഏറ്റവും മനോഹരമായി ചിത്രീകരിച്ചൊരു ചിത്രം കൂടിയായിരുന്നു ‘കുച്ച് കുച്ച് ഹോത്താ ഹേ’. 1998 ഒക്ടോബർ 16 നാണ് ചിത്രം റിലീസായത്.
ബോളിവുഡിന് ഏറ്റവും മികച്ച ഓൺ സ്ക്രീൻ പ്രണയജോഡികളായ ഷാരൂഖ് ഖാനെയും കാജോളിനെയും നൽകിയതിനൊപ്പം തന്നെ റാണിമുഖർജി എന്ന നടിയുടെ കരിയറിലും ബ്രേക്ക് നൽകിയ ചിത്രമായിരുന്നു ‘കുച്ച് കുച്ച് ഹോത്താ ഹേ’. സൽമാൻ ഖാൻ, ഫരീദ ജലാൽ, അനുപംഖേർ, റീമ ലഗൂ എന്നിവരെല്ലാം ചിത്രത്തിൽ മികവേറിയ പ്രകടനമാണ് കാഴ്ച വച്ചത്. ഷാരൂഖിന്റെ മകളായെത്തിയ സന സെയ്ദും ചിത്രത്തിൽ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു. രണ്ട് നാഷണൽ ഫിലിം അവാർഡും 8 ഫിലിം ഫെയർ അവാർഡുമടക്കം 35-ലേറെ അവാർഡുകളാണ് ചിത്രം സ്വന്തമാക്കിയത്. ബോളിവുഡിലെ All Time Blockbuster ചിത്രങ്ങളുടെ കൂട്ടത്തിൽ ഇടം നേടിയ ഈ ചിത്രത്തോടെയാണ് ഇരുപത്തിയഞ്ചുകാരനായ കരൺ ബോളിവുഡിലെ ഒരു ബ്രാൻഡ് നെയിം ആയി മാറിയത്. 10 കോടി ബജറ്റിൽ നിർമ്മിച്ച ചിത്രം 106 കോടി രൂപയാണ് ബോക്സ് ഓഫീസിൽ നിന്നും കളക്റ്റ് ചെയ്തത്.
അന്നത്തെ പ്രണയസങ്കൽപ്പങ്ങളിൽ നിന്നും യുവത്വം ഒരുപാട് അകലം യാത്ര ചെയ്ത് എത്തിയിരിക്കുന്ന ഇക്കാലത്തും ചിത്രത്തിലെ പാട്ടുകൾ എവർഗ്രീനായി തന്നെ നിലനിൽക്കുന്നു. കുച്ച് കുച്ച് ഹോത്താ ഹേ, കോയി മിൽഗയാ, സാജൻജി ഗർ ആയേ, യേ ലഡ്കാ ഹെ ദീവാനാ, തുജെ യാത് നെ മേരീ ആയ്, ലഡ്കി ബഡീ അൻജാനീ ഹെ, രഘുപതി രാഘവ് എന്നു തുടങ്ങിയ പാട്ടുകളെല്ലാം സൂപ്പർ ഹിറ്റായിരുന്നു.
Read more: ഷാരൂഖ് ഒളിപ്പിച്ചുവച്ച ചെറിയ രഹസ്യം വേദിയിൽ പരസ്യമാക്കി ഭാര്യ ഗൗരി