/indian-express-malayalam/media/media_files/uploads/2020/05/mohanlal-12.jpg)
മോഹൻലാലിന്റെ ജന്മദിനമായിരുന്നു മേയ് 21. മോഹൻലാലിന് അറുപത് വയസ്സ് തികഞ്ഞ വേളയില്‍ സിനിമാലോകവും ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്റെ ആരാധകരും ആശംസകളുമായി എത്തി. ദിവസങ്ങൾ പിന്നിടുമ്പോൾ യോദ്ധ സിനിമയുടെ സെറ്റിൽവച്ച് മോഹൻലാലിന്റെ ജന്മദിനം ആഘോഷിച്ചതിനെക്കുറിച്ച് ഓർക്കുകയാണ് സംവിധായകൻ സംഗീത് ശിവൻ. ഷൂട്ടിങ് സമയത്ത് എടുത്ത അപൂർവ്വം ചില ചിത്രങ്ങളും അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.
''മേയ് 21, നമ്മുടെയെല്ലാം പ്രിയങ്കരനായ ലാൽ സാറിന്റെ ജന്മദിനമായിരുന്നു. അന്ന് രാവിലെ വാട്സാപ്പ് ഓപ്പൺ ആക്കിയപ്പോൾ പരിചയമില്ലാത്ത നമ്പറിൽ നിന്ന് ഒരു മെസ്സേജ് വന്നു. ഓപ്പൺ ആക്കിയപ്പോൾ 28 വർഷങ്ങൾ പിന്നിലേക്ക് പോയി. യോദ്ധ ഷൂട്ടിങ് സമയത്ത് എടുത്ത അപൂർവ്വം ചില ചിത്രങ്ങൾ, സെറ്റിൽവച്ച് ലാൽ സാറിന്റെ ബർത്ത് ഡേ ആഘോഷിച്ച നിമിഷങ്ങൾ. ഒരിക്കലും മറക്കാനാവാത്ത ചില നിമിഷങ്ങൾ...
ജന്മദിനം ലാൽസാറിനെ ആയിരുന്നെങ്കിലും ഗിഫ്റ്റ് കിട്ടിയത് എനിക്കായിരുന്നു . ഞങ്ങൾക്കെല്ലാം സർപ്രൈസ് ഒരുക്കിയ യോദ്ധാ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടർ ഗോപിനാഥിന് ഒരായിരം നന്ദി,'' സംഗീത് ശിവൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
മലയാളത്തിന്റെ അതിർത്തികൾക്ക് അപ്പുറത്തേക്ക് വളർന്ന് ഇന്ത്യൻ സിനിമയ്ക്ക് തന്നെ സുപരിചിതനായി മാറിയ നടനാണ് മോഹൻലാൽ. രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ മോഹൻലാൽ മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുഗു, കന്നഡ തുടങ്ങിയ ഭാഷാചിത്രങ്ങളിലും തന്റെ പ്രതിഭ രേഖപ്പെടുത്തിയ നടനാണ്.
Read Also: ക്വാറന്റൈനിലെ ജന്മദിനം ഇതുപോലെയിരിക്കും: ചിത്രങ്ങൾ പങ്കുവച്ച് ഫർഹാൻ ഫാസിൽ
സുഹൃത്തുക്കൾ ചേർന്ന് ആരംഭിച്ച ഭാരത് സിനി ഗ്രൂപ്പ് എന്ന നിർമ്മാണകമ്പനിയുടെ ‘തിരനോട്ടം’ എന്ന ചിത്രത്തിലാണ് മോഹൻലാൽ ആദ്യമായി അഭിനയിച്ചത്. 1978ൽ നിർമ്മിച്ച ഈ ചിത്രത്തിൽ ഒരു ഹാസ്യവേഷമായിരുന്നു മോഹൻലാൽ കൈകാര്യം ചെയ്തത്. എന്നാൽ ചില സാങ്കേതിക പ്രശ്നങ്ങളാൽ ചിത്രം റിലീസ് ചെയ്തില്ല. ഫാസിലാണ് പിന്നീട് മോഹൻലാൽ എന്ന നടനെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തുന്നത്. 1980ൽ പുറത്തിറങ്ങി ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ എന്ന ചിത്രത്തിൽ വില്ലനായി എത്തുമ്പോൾ മോഹൻലാലിന് വയസ് 20. തുടർന്നങ്ങോട്ട് മോഹൻലാലിന്റെ ജൈത്രയാത്ര തുടരുകയായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

 Follow Us